‘ആഹ്, ഓരോ കടല്‍പ്പാലവും വാഞ്ഛയുടെ ശിലാസ്മാരകമാണ്.” ഫെര്‍ണാന്‍ഡോ പെസ്സോവായുടെ ‘ഓഡ് മാരിറ്റിമാ” എന്ന കവിതയിലെ ഒരു വരി പറയുന്നു. ഒരു കപ്പല്‍ സാവധാനം നമ്മില്‍ നിന്നകലുമ്പോള്‍ നാമനുഭവിക്കുന്ന വികാരങ്ങളെ പ്രതിനിധീകരിക്കുന്നതാണ് പെസ്സോവായുടെ കടല്‍പ്പാലം. കപ്പല്‍ വിടവാങ്ങി പക്ഷേ കടല്‍പ്പാലം അവശേഷിക്കുന്നു – പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും, വിടവാങ്ങലുകളുടെയും നെടുവീര്‍പ്പുകളുടെയും നിലനില്‍ക്കുന്ന സ്മാരകമായി. നഷ്ടപ്പെട്ടതിനെച്ചൊല്ലിയും നമുക്ക് എത്തിപ്പെടാന്‍ കഴിയാത്തതിനെ ചൊല്ലിയും നാം വേദനിക്കുന്നു.

‘വാഞ്ഛ” എന്നു തര്‍ജ്ജമ ചെയ്തിരിക്കുന്ന പോര്‍ച്ചുഗീസ് പദം (സൗദാദേ) അര്‍ത്ഥമാക്കുന്നത് നമുക്ക് അനുഭവപ്പെടുന്ന ഒരു ഗൃഹാതുരത്വ വാഞ്ഛയെയാണ്. നിര്‍വചിക്കാന്‍ കഴിയാത്ത ഒരു ആഴമായ വേദന. വിവരിക്കാനാവാത്തതിനെയാണ് കവി വിവരിക്കുന്നത്.

നെബോ പര്‍വ്വതം മോശയുടെ ‘കല്ലില്‍ തീര്‍ത്ത വാഞ്ഛയാണ്” എന്നു നമുക്ക് പറയാനാവും. നെബോയില്‍ നിന്നുകൊണ്ട് വാഗ്ദത്ത നാട്ടിലേക്ക് അവന്‍ നോക്കി – അവന് ഒരിക്കലും എത്തിച്ചേരാനാവാത്ത നാട്. മോശയോടുള്ള ദൈവത്തിന്റെ വാക്കുകള്‍ കര്‍ക്കശമായി തോന്നും: ‘ഞാന്‍ അത് നിന്റെ കണ്ണിനു കാണിച്ചു തന്നു; എന്നാല്‍ നീ അവിടേക്കു കടന്നുപോകയില്ല” (ആവര്‍ത്തനം 34:4). അതുമാത്രമാണ് നാം കാണുന്നതെങ്കില്‍ എന്താണ് സംഭവിച്ചതെന്ന യാഥാര്‍ത്ഥ്യം നാം കാണാതെ പോകും. വലിയ ആശ്വാസമാണ് ദൈവം മോശയോട് പറഞ്ഞത്: ‘അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും: ഞാന്‍ നിന്റെ സന്തതിക്ക് കൊടുക്കുമെന്നു സത്യംചെയ്ത ദേശം ഇതു തന്നേ” (വാ.4). വളരെ വേഗം മോശ നെബോ വിട്ട് കനാനെക്കാള്‍ ഏറെ മെച്ചമായ ഒരു നാട്ടിലേക്കു പോകും (വാ. 5).

ജീവിതത്തില്‍ നാം പലപ്പോഴും കടല്‍പ്പാലത്തില്‍ നോക്കിനില്‍ക്കുന്നവരാണ്. പ്രിയപ്പെട്ടവര്‍ വിട്ടുപോകും; പ്രതീക്ഷ മങ്ങും; സ്വപ്‌നങ്ങള്‍ മരിക്കും. അതിന്റെയെല്ലാം നടുവില്‍ നാം ഏദെന്റെ പ്രതിധ്വനിയും സ്വര്‍ഗ്ഗത്തിന്റെ സൂചനയും കേള്‍ക്കും. നമ്മുടെ വാഞ്ഛ ദൈവത്തിങ്കലേക്കു നമ്മെ ചൂണ്ടിക്കാട്ടുന്നു. നാം വാഞ്ഛിക്കുന്ന സാക്ഷാത്കാരം അവനാണ്.