ക്രൂരമായ ഒരു കാറപകടം മേരി ആന്‍ ഫ്രാങ്കോയെ തകര്‍ത്തു കളഞ്ഞു. ജീവന്‍ തിരിച്ചുകിട്ടിയെങ്കിലും അപകടം അവളെ പൂര്‍ണ്ണമായി അന്ധയാക്കി. ”എനിക്കാകെ കാണാന്‍ കഴിയുന്നത് ഇരുട്ട് മാത്രം” ഫ്രാങ്കോ വിദശീകരിച്ചു. ഇരുപത്തിയൊന്നു വര്‍ഷത്തിനു ശേഷമുണ്ടായ ഒരു വീഴ്ചയില്‍ അവളുടെ പുറത്തു ക്ഷതമേറ്റു. ശസ്ത്രക്രിയ കഴിഞ്ഞു (അതിന് അവളുടെ കണ്ണുമായി യാതൊരു ബന്ധവുമില്ലായിരുന്നു) ബോധം തെളിഞ്ഞപ്പോള്‍ അവള്‍ക്ക് അതിശയകരമായി കാഴ്ച തിരിച്ചു കിട്ടി. രണ്ടു ദശാബ്ദത്തിനു ശേഷം ആദ്യമായി ഫ്രാങ്കോ തന്റെ മകളുടെ മുഖം കണ്ടു. അവളുടെ കാഴ്ച തിരിച്ചുകിട്ടിയതിന് ഒരു വിശദീകരണവുമില്ലെന്ന് ന്യൂറോ സര്‍ജന്‍ ഉറപ്പിച്ചു പറഞ്ഞു. അന്ധകാരമാണ് അന്തിമ വാക്ക് എന്നു പറഞ്ഞയിടത്ത് സൗന്ദര്യവും പ്രകാശവും കൈവന്നു.

അജ്ഞതയുടെയും തിന്മയുടെ മൂടുപടം ലോകത്തെ മൂടിയിരിക്കുന്നു എന്നും ദൈവത്തിന്റെ സ്‌നേഹത്തിനു നേരെ നമ്മെ അന്ധരാക്കി മാറ്റുന്നു എന്നും തിരുവചനം – നമ്മുടെ അനുഭവവും – നമ്മോട് പറയുന്നു (യെശയ്യാവ് 25:7). സ്വാര്‍ത്ഥതയും അത്യാഗ്രഹവും, നമ്മുടെ സ്വയം പര്യാപ്തതയും, അധികാരത്തിനും പ്രതിച്ഛായയ്ക്കും വേണ്ടിയുള്ള നമ്മുടെ മോഹവും എല്ലാം നമ്മുടെ കാഴ്ചയെ അവ്യക്തമാക്കുകയും ‘പണ്ടേയുള്ള ആലോചനകള്‍ വിശ്വസ്തതയോടും സത്യത്തോടും കൂടെ അനുഷ്ഠിച്ചിരിക്കുന്നു’ (വാ. 1) ദൈവത്തെ വ്യക്തമായി കാണുന്നതില്‍ നിന്നും നമ്മെ തടയുകയും ചെയ്യുന്നു.

ഒരു പരിഭാഷ, ഈ അന്ധമാക്കുന്ന മൂടുപടത്തെ ‘മ്ലാനതയുടെ മേഘം’ എന്നാണ് വിളിച്ചിരിക്കുന്നത് (NLT). സഹായമില്ലാതെ നാം കൈവിടപ്പെട്ടാല്‍, അന്ധകാരവും ആശയക്കുഴപ്പവും ഇച്ഛാഭംഗവും മാത്രമേ നാം അനുഭവിക്കയുള്ളു. നാം തപ്പിത്തടയുകയും ഇടറിവീഴുകയും മുമ്പോട്ടുള്ള വഴി കാണാതെ പ്രയാസപ്പെടുകയും ചെയ്യും. എങ്കിലും ‘സകല വംശങ്ങള്‍ക്കും ഉള്ള മൂടുപടം’ ദൈവം ആത്യന്തികമായി നശിപ്പിച്ചുകളയും എന്നു യെശയ്യാവ് വാഗ്ദത്തം ചെയ്തതില്‍ നമുക്ക് നന്ദി പറയാം (വാ. 7).

ദൈവം നമ്മെ പ്രതീക്ഷയറ്റവരായി വിടുകയില്ല. അവന്റെ പ്രകാശമാനമായ സ്‌നേഹം നമ്മെ അന്ധരാക്കുന്ന എല്ലാറ്റെയും മാറ്റുകയും നല്ല ജീവിതത്തിന്റെയും സമൃദ്ധിയായ കൃപയുടെയും മനോഹരമായ ദര്‍ശനം കൊണ്ട് നമ്മെ വിസ്മയിപ്പിക്കുകയും ചെയ്യും.