സ്വിസ്സ് ഡോക്ടറും ഉന്നതനിലയില്‍ ആദരിക്കപ്പെടുന്ന പാസ്റ്ററല്‍ കൗണ്‍സിലറുമായ പോള്‍ ടോര്‍ണിയറിന്റെ പ്രഭാഷണം കേള്‍ക്കുവാന്‍ പാസ്റ്ററും എഴുത്തുകാരനുമായ യൂജിന്‍ പീറ്റേഴ്‌സണ് അവസരം ലഭിച്ചു. പീറ്റേഴ്‌സണ്‍, ഡോക്ടറുടെ പുസ്തകങ്ങള്‍ വായിക്കുകയും, സൗഖ്യത്തെ സംബന്ധിച്ച അദ്ദേഹത്തിന്റെ സമീപനത്തെ ബഹുമാനിക്കുകയും ചെയ്തിരുന്നു. പ്രഭാഷണം പീറ്റേഴ്‌സണിന്റെ മേല്‍ വലിയ സ്വാധീനം ചെലുത്തി. ശ്രദ്ധിച്ചുകൊണ്ടിരുന്നപ്പോള്‍, ടോര്‍ണിയര്‍ പ്രസംഗിക്കുന്നതനുസരിച്ച് ജീവിക്കുന്നവനും ജീവിക്കുന്നതനുസരിച്ച് പ്രസംഗിക്കുന്നവനുമാണെന്ന തോന്നല്‍ പീറ്റേഴ്‌സണുണ്ടായി. തന്റെ അനുഭവത്തെ വിവരിക്കാന്‍ ഈ വാക്കുകളാണ് പീറ്റേഴ്‌സണ്‍ തിരഞ്ഞെടുത്തത്: ‘ഒത്തിണക്കം, എനിക്ക് കണ്ടെത്താന്‍ കഴിഞ്ഞ ഏറ്റവും നല്ല വാക്ക് അതാണ്.’

ഒത്തിണക്കം – ‘നിങ്ങള്‍ പ്രസംഗിക്കുന്നത് പ്രാവര്‍ത്തികമാക്കുക’ അല്ലെങ്കില്‍ ‘നിങ്ങളുടെ സംസാരമനുസരിച്ച് നടക്കുക’ എന്നതിന് ചിലര്‍ ഉപയോഗിക്കുന്ന പദമാണത്. അപ്പൊസ്തലനായ യോഹന്നാന്‍ ഊന്നിപ്പറയുന്നത് ‘നാം വെളിച്ചത്തില്‍ നടക്കുന്നു എന്നു പറയുകയും സഹോദരനെ പകയ്ക്കുകയും’ ചെയ്താല്‍ നാം ഇപ്പോഴും ‘ഇരുട്ടില്‍ ഇരിക്കുന്നു’ എന്നാണ് (1 യോഹന്നാന്‍ 2:9). ചുരുക്കത്തില്‍, നമ്മുടെ ജീവിതവും പ്രവൃത്തികളും തമ്മില്‍ പൊരുത്തപ്പെടുന്നില്ല. അങ്ങനെയുള്ളവര്‍ ‘എവിടേക്കു പോകുന്നു എന്ന് അവന്‍ അറിയുന്നില്ല’ (വാ. 11) എന്ന് യോഹന്നാന്‍ വീണ്ടും പറയുന്നു. ഒത്തിണക്കമില്ലായ്മ നമ്മെ എവിടെ എത്തിക്കുന്നുവെന്ന് വിവരിക്കാന്‍ അവന്‍ തിരഞ്ഞെടുത്ത പദമാണ് – കുരുടന്‍.

നമ്മുടെ പാതകളെ പ്രകാശിപ്പിക്കാന്‍ അവന്റെ വചനത്തെ അനുവദിച്ചുകൊണ്ട് ദൈവത്തോട് ചേര്‍ന്ന് ജീവിക്കുന്നത് അന്ധരായി ജീവിക്കുന്നതില്‍ നിന്ന് നമ്മെ തടയും. അതിന്റെ ഫലം, നമ്മുടെ ദിനങ്ങളെക്കുറിച്ചു വ്യക്തതയും ശ്രദ്ധ കേന്ദ്രീകരിക്കലും നല്‍കുന്ന ദൈവിക കാഴ്ച ശക്തിയാണ്. അഥവാ നമ്മുടെ വാക്കുകളും പ്രവൃത്തികളും പൊരുത്തപ്പെടുന്നു. മറ്റുള്ളവര്‍ ഇത് നിരീക്ഷിക്കുമ്പോള്‍, തങ്ങള്‍ സഞ്ചരിക്കുന്ന എല്ലായിടത്തെക്കുറിച്ചും അറിവുള്ള ഒരാള്‍ എന്ന ധാരണയായിരിക്കണമെന്നില്ല അവര്‍ക്ക് ലഭിക്കുന്നത്, മറിച്ച് ആരെ അനുഗമിക്കുന്നു എന്നു വ്യക്തമായി അറിയാവുന്ന ഒരാള്‍ എന്ന ധാരണയാണ്.