ലോകമെമ്പാടും സൂര്യകാന്തിപ്പൂക്കള്‍ അലസമായി വിടര്‍ന്നു നില്‍ക്കുന്നു. തേനീച്ചകളാല്‍ പരാഗണം നടത്തപ്പെട്ട് ഇവ ഹൈവേകളുടെ വശങ്ങളിലും പക്ഷിക്കൂടുകളുടെ കീഴെയും വയലുകളിലും മേച്ചല്‍പ്പുറങ്ങളിലും പുല്‍പ്രദേശങ്ങളിലും ഇവ തഴച്ചു വളരുന്നു. എന്നിരുന്നാലും വിളവെടുക്കണമെങ്കില്‍ സൂര്യകാന്തിക്ക് നല്ല മണ്ണു വേണം. നല്ല നീര്‍വാര്‍ച്ചയുള്ളതും അമ്ലത കുറഞ്ഞതും, കര്‍ഷക പഞ്ചാംഗം പറയുന്നതുപോലെ ‘ജൈവ വളമോ കമ്പോസ്റ്റോ’ കൊണ്ട് ജൈവസമ്പുഷ്ടവുമായ മണ്ണാണ് രുചികരമായ സൂര്യകാന്തി വിത്തുകളും ശുദ്ധമായ എണ്ണയും കഠിനാധ്വാനികളായ സൂര്യകാന്തി കര്‍ഷകര്‍ക്ക് മികച്ച വരുമാനവും നേടിത്തരികയുള്ളു.

നമുക്കും ആത്മീയ വളര്‍ച്ചയ്ക്ക് ‘നല്ല മണ്ണ്’ വേണം (ലൂക്കൊസ് 8:15). വിത്തു വിതയ്ക്കുന്ന കൃഷിക്കാരന്റെ ഉപമയില്‍ യേശു പഠിപ്പിച്ചതുപോലെ, ദൈവത്തിന്റെ വചനത്തിന് പാറപ്രദേശത്തും മുള്ളു നിറഞ്ഞ മണ്ണിലും മുളയ്ക്കുവാന്‍ കഴിയും (വാ. 6-7 കാണുക). എങ്കിലും ‘വചനം കേട്ടു ഗുണമുള്ള നല്ല ഹൃദയത്തില്‍ സംഗ്രഹിച്ചു ക്ഷമയോടെ ഫലം കൊടുക്കുന്നവര്‍ക്കു’ (വാ. 15) മാത്രമേ അനുഗ്രഹിക്കപ്പെടുവാന്‍ കഴിയുകയുള്ളു.

സൂര്യകാന്തി തൈകള്‍ വളര്‍ച്ചയില്‍ ക്ഷമകാട്ടുന്നവയാണ്. ദിവസം മുഴുവനും സൂര്യന്റെ ചലനത്തെ അനുഗമിച്ച് ഹീലിയോട്രോപ്പിസം എന്നു വിളിക്കപ്പെടുന്ന പ്രക്രിയയില്‍ ദിവസം മുഴുവനും സൂര്യാഭിമുഖമായി അവ നില്‍ക്കുന്നു. വളര്‍ച്ച പ്രാപിച്ച സൂര്യകാന്തിച്ചെടി മനപ്പൂര്‍വ്വമായി ഇതു ചെയ്യുന്നു. അവ സ്ഥിരമായി കിഴക്കിന് അഭിമുഖമായി നിന്നുകൊണ്ട് പൂവിന്റെ മുഖം ചൂടുപിടിപ്പിക്കുകയും പരാഗണ തേനീച്ചകളുടെ സന്ദര്‍ശനത്തെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. ഇത് വലിയ വിളവിന് വഴിയൊരുക്കുന്നു.

സൂര്യകാന്തിപ്പൂക്കളെ സംരക്ഷിക്കുന്നവരെപ്പോലെ, നമുക്കും ദൈവത്തിന്റെ വചനത്തോടു പറ്റിച്ചേരുന്നതിലൂടെയും അവന്റെ പുത്രനെ അനുഗമിക്കുന്നതിലൂടെയും ദൈവവചനത്തിന് ഒരു സമ്പന്നമായ ഒരു മാധ്യമം നല്‍കാനും അങ്ങനെ നമ്മില്‍ ദൈവവചനത്തിനു വളരാന്‍ തക്കവിധം സത്യസന്ധതയും നല്ല ഹൃദയവും വളര്‍ത്തിയെടുക്കാന്‍ കഴിയും. അതൊരു ദൈനംദിന പ്രക്രിയയാണ്. നമുക്കു പുത്രനെ അനുഗമിച്ചു വളരാം.