സേവ്യര്‍ മക്കുറി, തന്റെ പത്താം ജന്മദിനത്തില്‍ സെലീന ആന്റി സമ്മാനിച്ച കണ്ണട അണിഞ്ഞപ്പോള്‍ പൊട്ടിക്കരഞ്ഞു. വര്‍ണ്ണാന്ധതയുള്ള സേവ്യറിന് ലോകത്തെ ചാര, വെള്ള, കറുപ്പ് നിറങ്ങളില്‍ മാത്രമേ കാണാന്‍ കഴിയൂ. എങ്കിലും തന്റെ പുതിയ എന്‍ക്രോമ കണ്ണാടിയിലൂടെ സേവ്യര്‍ ആദ്യമായി നിറങ്ങള്‍ കണ്ടു. തന്റെ ചുറ്റുമുള്ള സൗന്ദര്യത്തിനു സാക്ഷ്യം വഹിച്ചപ്പോള്‍ അവനുണ്ടായ ആനന്ദം, ഒരു അത്ഭുതം കണ്ടതുപോലെ അവന്റെ കുടുംബത്തിനനുഭവപ്പെട്ടു.

ദൈവത്തിന്റെ വര്‍ണ്ണാഭവും പ്രഭാപൂരിതവുമായ തേജസ്സ് കണ്ടപ്പോള്‍ അപ്പൊസ്തലനായ യോഹന്നാനില്‍ ശക്തമായ പ്രതികരണം ഉളവാക്കി (വെളിപ്പാട് 1:17). ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്റെ സമ്പൂര്‍ണ്ണ തേജസ്സ് ദര്‍ശിച്ചപ്പോള്‍ യോഹന്നാന്‍ കണ്ടത്, ‘ഒരു സിംഹാസനം വച്ചിരിക്കുന്നതും സിംഹാസനത്തില്‍ ഒരുവന്‍ ഇരിക്കുന്നതും കണ്ടു. ഇരിക്കുന്നവന്‍ കാഴ്ചയ്ക്കു സൂര്യകാന്തത്തോടും പത്മരാഗത്തോടും സദൃശന്‍; സിംഹാസനത്തിന്റെ ചുറ്റും കാഴ്ചയ്ക്കു മരതകത്തോടു സദൃശമായൊരു പച്ചവില്ല്; … സിംഹാസനത്തില്‍നിന്നും മിന്നലും നാദവും ഇടിമുഴക്കവും പുറപ്പെടുന്നു’ (വെളിപ്പാട് 4:2-5).

മറ്റൊരവസരത്തില്‍, യെഹെസ്‌കേലിനു സമാനമായൊരു ദര്‍ശനമുണ്ടായി, ‘നീലക്കല്ലിന്റെ കാഴ്ചപോലെ സിംഹാസനത്തിന്റെ രൂപവും … മനുഷ്യസാദൃശ്യത്തില്‍
ഒരു രൂപവും ഉണ്ടായിരുന്നു. അവന്റെ അരമുതല്‍ മേലോട്ട് അതിനകത്തു ചുറ്റും തീക്കൊത്ത ശുക്ലസ്വര്‍ണ്ണംപോലെ ഞാന്‍ കണ്ടു’ (യെഹെസ്‌കേല്‍ 1:26-27). ഈ ഗംഭീര രൂപം മഴവില്ലിനു സമാനമായ പ്രഭയാല്‍ വലയം ചെയ്യപ്പെട്ടിരുന്നു (വാ. 28).

ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിനെ നാം ഒരുനാള്‍ മുഖാമുഖം കാണും. ഈ ദര്‍ശനങ്ങളെല്ലാം, നമ്മെ കാത്തിരിക്കുന്ന ഉജ്ജ്വല തേജസ്സിന്റെ ഒരു ചെറിയ സൂചന മാത്രമാണ്. ഇവിടെ ഇപ്പോള്‍ നാം ദൈവ സൃഷ്ടിയുടെ മനോഹാരിത ആഘോഷിക്കുമ്പോള്‍, ഇനിയും വെളിപ്പെടാനിരിക്കുന്ന തേജസ്സിന്റെ പ്രത്യാശയില്‍ നമുക്ക് ജീവിക്കാം.