‘പ്രാര്‍ത്ഥനകള്‍ക്കു മരണമില്ല.’ ഇ. എം. ബൗണ്ട്‌സിന്റെ (1835-1915) ശ്രദ്ധേയമായ വാക്കുകളാണിവ. പ്രാര്‍ത്ഥനയെ സംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ ക്ലാസ്സിക് കൃതികള്‍ തലമുറകളായി ആളുകളെ ഉത്തേജിപ്പിക്കുന്നു. പ്രാര്‍ത്ഥനയുടെ ശക്തിയും സ്ഥിരതയുള്ള സ്വഭാവവും സംബന്ധിച്ച അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ ഈ വാക്കുകളില്‍ തുടരുന്നു: ‘അവ ഉച്ചരിക്കുന്ന അധരങ്ങള്‍ മരണത്താല്‍ അടഞ്ഞേക്കാം, അവ അനുഭവിച്ച ഹൃദയങ്ങളുടെ മിടിപ്പുകള്‍ അവസാനിച്ചേക്കാം, എങ്കിലും പ്രാര്‍ത്ഥനകള്‍ ദൈവസന്നിധിയില്‍ ജീവിക്കും, ദൈവത്തിന്റെ ഹൃദയം അവയില്‍ ഉറച്ചിരിക്കുകയും അവ ഉച്ചരിച്ച ആളുകള്‍ മരിച്ചാലും അവ ജീവിച്ചിരിക്കുകയും ചെയ്യും; അവ ഒരു തലമുറയ്ക്കപ്പുറം, ഒരു കാലഘട്ടത്തിനപ്പുറം, ഒരു ലോകത്തിനപ്പുറം ജീവിച്ചിരിക്കും.’

നിങ്ങളുടെ പ്രാര്‍ത്ഥന – പ്രത്യേകിച്ചു പ്രതിസന്ധികളിലും വേദനയിലും കഷ്ടതയിലും ഉടലെടുത്തവ – ദൈവസന്നിധിയില്‍ എത്തിയിട്ടുണ്ടോ എന്ന് എപ്പോഴെങ്കിലും നിങ്ങള്‍ അത്ഭുതപ്പെട്ടിട്ടുണ്ടോ? ബൗണ്ട്‌സിന്റെ ഉള്‍ക്കാഴ്ച നല്‍കുന്ന വാക്കുകള്‍പോലെ വെളിപ്പാട് 8:1-5 വാക്യങ്ങളും നമ്മുടെ പ്രാര്‍ത്ഥനയുടെ പ്രാധാന്യത്തെ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. സ്വര്‍ഗ്ഗത്തിലെ രംഗം (വാ. 1) ദൈവത്തിന്റെ സിംഹാസന മുറിയും പ്രപഞ്ചത്തിന്റെ നിയന്ത്രണ കേന്ദ്രവുമാണ്. ദൂതന്മാരായ സേവകര്‍ ദൈവസന്നിധിയില്‍ ശുശ്രൂഷിച്ചു നില്‍ക്കുന്നു (വാ. 2). പഴയ നിയമ പുരോഹിതനെപ്പോലെ ഒരു ദൂതന്‍ ‘സകല വിശുദ്ധന്മാരുടെയും’ (വാ. 3) പ്രാര്‍ത്ഥനയോടുകൂടെ ധൂപവര്‍ഗ്ഗം അവനു കൊടുത്തു. ഭൂമിയില്‍ കഴിക്കുന്ന പ്രാര്‍ത്ഥന സ്വര്‍ഗ്ഗത്തിലെ ദൈവത്തിന്റെ സന്നിധിയില്‍ എത്തുന്നു എന്നതിന്റെ ഈ ചിത്രം എത്രമാത്രം കണ്ണു തുറപ്പിക്കുന്നതും ധൈര്യപ്പെടുത്തുന്നതുമാണ് (വാ. 4). നമ്മുടെ പ്രാര്‍ത്ഥന കൈമാറപ്പെടുന്ന സമയത്തു തന്നെ നഷ്ടപ്പെടുമെന്നോ വിസ്മരിക്കപ്പെടുമെന്നോ നാം ചിന്തിക്കുമ്പോള്‍, ഇവിടെ നാം കാണുന്ന കാര്യം നമ്മെ ആശ്വസിപ്പിക്കുകയും പ്രാര്‍ത്ഥനയില്‍ തുടരുവാന്‍ നമ്മെ നിര്‍ബന്ധിക്കുകയും ചെയ്യും, കാരണം നമ്മുടെ പ്രാര്‍ത്ഥനകള്‍ ദൈവത്തിനു വിലപ്പെട്ടവയാണ്!