അടുത്ത കാലത്ത്, ഒരു ഫോട്ടോഗ്രാഫര്‍ ഒരു കൃഷിക്കാരന്‍ നിരാശനായി തനിച്ച് തന്റെ ഉണങ്ങി വരണ്ട കൃഷിസ്ഥലത്ത് ഇരിക്കുന്നതിന്റെ ഹൃദയസ്പര്‍ശിയായ ഒരു ചിത്രം പകര്‍ത്തി. വരള്‍ച്ചയുടെയും വിളനാശത്തിന്റെയും പശ്ചാത്തലത്തില്‍ കര്‍ഷകരുടെയും അവരുടെ കുടുംബങ്ങളുടെയും ദുരവസ്ഥയെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനായി നിരവധി പത്രങ്ങളുടെ മുന്‍ പേജുകളില്‍ ഈ ഫോട്ടോ അച്ചടിച്ചു വന്നു.

യെരുശലേമിന്റെ നാശത്തിന്റെ പശ്ചാത്തലത്തില്‍ യഹൂദയുടെ നിരാശയുടെ മറ്റൊരു ചിത്രം വിലാപങ്ങളുടെ പുസ്തകത്തില്‍ അവതരിപ്പിക്കുന്നു. നഗരം നശിപ്പിക്കാന്‍ നെബൂഖദ്നേസറിന്റെ സൈന്യം എത്തുന്നതിനുമുമ്പ്, ഉപരോധത്തിന്റെ ഫലമായി ജനങ്ങള്‍ പട്ടിണി അനുഭവിച്ചിരുന്നു (2 രാജാക്കന്മാര്‍ 24:10-11). വര്‍ഷങ്ങളോളം ദൈവത്തോടുള്ള അനുസരണക്കേടിന്റെ ഫലമായിരുന്നു അവരുടെ തകര്‍ച്ച എങ്കിലും, വിലാപങ്ങളുടെ എഴുത്തുകാരന്‍ തന്റെ ജനത്തിനുവേണ്ടി ദൈവത്തോട് നിലവിളിച്ചു (വിലാപങ്ങള്‍ 2:11-12).

107-ാം സങ്കീര്‍ത്തനത്തിന്റെ രചയിതാവും യിസ്രായേലിന്റെ ചരിത്രത്തിലെ ഒരു നിരാശാജനകമായ സമയത്തെക്കുറിച്ച് വിവരിക്കുന്നു (യിസ്രായേല്‍ മരുഭൂമിയിലെ അലച്ചിലിനെക്കുറിച്ച്, വാ. 4-5). അവരുടെ പ്രയാസകരമായ സമയങ്ങളില്‍ അവര്‍ ചെയ്ത കാര്യത്തിലേക്ക് പിന്നീട് ശ്രദ്ധ തിരിക്കുന്നു: ”അവര്‍ തങ്ങളുടെ കഷ്ടതയില്‍ യഹോവയോടു നിലവിളിച്ചു’ (വാ. 6). എന്തൊരു അത്ഭുതകരമായ ഫലമാണുണ്ടായത്: ”അവന്‍ അവരെ അവരുടെ ഞെരുക്കങ്ങളില്‍നിന്നു വിടുവിച്ചു.”

നിരാശയിലാണോ? മിണ്ടാതിരിക്കരുത്. ദൈവത്തോട് നിലവിളിക്കുക. അവന്‍ കേള്‍ക്കുകയും നിങ്ങളുടെ പ്രത്യാശ പുനഃസ്ഥാപിക്കാന്‍ കാത്തിരിക്കുകയും ചെയ്യുന്നു. അവന്‍ എല്ലായ്‌പ്പോഴും നമ്മെ വിഷമകരമായ സാഹചര്യങ്ങളില്‍ നിന്ന് പുറത്തെടുക്കുന്നില്ലെങ്കിലും, അവന്‍ എപ്പോഴും നമ്മോടൊപ്പമുണ്ടാകുമെന്ന് വാഗ്ദാനം ചെയ്യുന്നു.