പണ്ടു പണ്ട്. ഈ രണ്ടു വാക്കുകള്‍ ലോകത്തിലെ ഏറ്റവും ശക്തമായ ഒന്നായിരിക്കാം. ഒരു ബാലനെന്ന നിലയില്‍ എന്റെ ആദ്യകാല ഓര്‍മ്മകളില്‍ ചിലതില്‍ ആ ശക്തമായ വാക്കുകളുടെ ഒരു വ്യതിയാനം ഉള്‍പ്പെട്ടിരിന്നു. എന്റെ അമ്മ ഒരു ദിവസം വീട്ടില്‍ വന്നത് കട്ടിബയന്റിട്ട ഒരു വലിയ ബൈബിള്‍ കഥാപ്പുസ്തകവുമായിട്ടാണ് – മൈ ഗുഡ്‌ഷെപ്പേര്‍ഡ് ബൈബിള്‍ സ്റ്റോറിബുക്ക്. എല്ലാ ദിവസവും രാത്രി ഉറങ്ങുന്നതിനു മുമ്പായി ഞാനും എന്റെ സഹോദരനും അമ്മ വായിച്ചുതരുന്ന ആ രസകരമായ കഥകള്‍ കേട്ടിരിക്കുമായിരുന്നു – രസകരമായ ആളുകളും അവരെ സ്‌നേഹിച്ച ദൈവവും നിറഞ്ഞ പണ്ടു പണ്ടുള്ള ഒരു കാലത്തെക്കുറിച്ചുള്ള കഥകള്‍. വളരെ വലിയ ലോകത്തെ ഞങ്ങള്‍ എങ്ങനെ നോക്കിക്കാണുന്നു എന്നതിന്റെ കണ്ണാടിയായി ആ കഥകള്‍ മാറി.

തര്‍ക്കമില്ലാത്ത ഏറ്റവും മികച്ച കഥാകാരന്‍? നസറെത്തിലെ യേശു. കഥകള്‍ കേള്‍ക്കാനുള്ള സഹജമായ ഒരു സ്‌നേഹം നമ്മുടെ ഉള്ളിലുണ്ടെന്ന് അവനറിയാമായിരുന്നു അതിനാലാണ് തന്റെ സുവാര്‍ത്ത ആശയവിനിമയം ചെയ്യാനായി അവന്‍ നിരന്തരമായി കഥകള്‍ ഉപയോഗിച്ചത് – പണ്ടു പണ്ട് ‘മണ്ണില്‍ വിത്തു വിതച്ച’ ഒരു മനുഷ്യനുണ്ടായിരുന്നു (മര്‍ക്കൊസ് 4:26). പണ്ടു പണ്ട് ‘ഒരു കടുകുമണി’ ഉണ്ടായിരുന്നു (വാ. 31). അങ്ങനെ… യേശു ദൈനംദിന ആളുകളുമായുള്ള ആശയവിനിമയത്തില്‍ കഥകള്‍ ഉപയോഗിച്ചുവെന്ന് മര്‍ക്കോസിന്റെ സുവിശേഷം വ്യക്തമായി സൂചിപ്പിക്കുന്നു (വാ. 34). ലോകത്തെ കൂടുതല്‍ വ്യക്തമായി മനസ്സിലാക്കുന്നതിനും അവരെ സ്‌നേഹിക്കുന്ന ദൈവത്തെ അതിലും കൂടുതലായി ഗ്രഹിക്കുന്നതിനും അവരെ സഹായിക്കുന്നതിനുള്ള മാര്‍ഗ്ഗമായിരുന്നു അത്.

കരുണയുടെയും കൃപയുടെയുമായ ദൈവിക സുവാര്‍ത്ത മറ്റുള്ളവരുമായി പങ്കുവെക്കാന്‍ നാം ആഗ്രഹിക്കുമ്പോള്‍ അത് ഓര്‍മ്മിക്കേണ്ടതാണ്. കഥ ഉപയോഗിച്ചുള്ള ആശയമിനിമയത്തെ പ്രതിരോധിക്കുക മിക്കവാറും അസാധ്യമാണ്.