1999 ജനുവരി 23 ന് ഗ്രഹാം സ്‌റ്റെയ്ന്‍സും അദ്ദേഹത്തിന്റെ രണ്ടു പുത്രന്മാരായ ഫിലിപ്പും തിമോത്തിയും അവരുടെ ജീപ്പില്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ജീവനോടെ ചുട്ടെരിക്കപ്പെട്ടു. ഒഡീഷയിലെ കുഷ്ഠരോഗികളായ ദരിദ്രര്‍ക്കിടയില്‍ അവരുടെ സമര്‍പ്പിത സേവനത്തെക്കുറിച്ച് അതുവരെ ഇന്ത്യയ്ക്ക് പുറത്തുള്ള ലോകത്തിന് അത്രയൊന്നും അറിയില്ലായിരുന്നു. അത്തരം ദുരന്തങ്ങള്‍ക്കിടയില്‍, ഭാര്യ ഗ്ലാഡിസും മകള്‍ എസ്ഥേറും എല്ലാവരെയും അത്ഭുതപ്പെടുത്തി. അവര്‍ വെറുപ്പോടെയല്ല, ക്ഷമയോടെ പ്രതികരിക്കാനാണ് തിരഞ്ഞെടുത്തത്.

കേസിന്റെ വിചാരണ അവസാനിച്ച പന്ത്രണ്ടു വര്‍ഷത്തിനുശേഷം, ഗ്ലാഡിസ് ഒരു പ്രസ്താവന ഇറക്കി, ‘ഞാന്‍ കൊലയാളികളോട് ക്ഷമിച്ചു, എനിക്കവരോട് ഒരു കൈപ്പും ഇല്ല… ക്രിസ്തുവിലൂടെ ദൈവം എന്നോട് ക്ഷമിച്ചു, തന്റെ അനുയായികളും അത് ചെയ്യുമെന്ന് അവന്‍ പ്രതീക്ഷിക്കുന്നു.” മറ്റുള്ളവര്‍ നമ്മോട് ചെയ്ത കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് അവസാനിപ്പിച്ച് യേശു നമുക്കുവേണ്ടി ചെയ്ത കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് തെറ്റുകള്‍ ക്ഷമിക്കുന്നതിന്റെ താക്കോല്‍ എന്ന് ദൈവം ഗ്ലാഡിസിനെ കാണിച്ചു. ത്‌ന്നെ ക്രൂശിച്ചവരെക്കുറിച്ച് ക്രൂശില്‍ വെച്ച് യേശു പറഞ്ഞ വാക്കുകള്‍ ‘പിതാവേ, ഇവര്‍ ചെയ്യുന്നത് ഇന്നത് എന്ന് അറിയായ്കകൊണ്ട് ഇവരോട് ക്ഷമിക്കണമേ’ (ലൂക്കൊസ് 23:34) എന്നതായിരുന്നു. അങ്ങനെ യേശുവിന്റെ പാപമോചനത്തെക്കുറിച്ചുള്ള സെഖര്യാപുരോഹിതന്റെ പ്രവചനം നിറവേറുന്നു (1:77).

ഒഡീഷയില്‍ നടന്നതുപോലെയുള്ള സങ്കല്‍പ്പിക്കാനാവാത്ത ഒരു ദുരന്തം നമ്മില്‍ മിക്കവര്‍ക്കും സംഭവിക്കില്ലെങ്കിലും, നമ്മില്‍ ഓരോരുത്തര്‍ക്കും ഏതെങ്കിലും വിധത്തില്‍ അന്യായം സംഭവിച്ചിട്ടുണ്ട്. ഒരു പങ്കാളി ഒറ്റിക്കൊടുക്കുന്നു. ഒരു കുട്ടി മറുതലിക്കുന്നു. ഒരു തൊഴിലുടമ നമ്മെ ദുരുപയോഗം ചെയ്യുന്നു. നാം എങ്ങനെ മുന്നോട്ട് പോകും? ഒരുപക്ഷേ നാം നമ്മുടെ രക്ഷകന്റെ മാതൃകയിലേക്ക് നോക്കുന്നു. തിരസ്‌കരണത്തിന്റെയും ക്രൂരതയുടെയും മുമ്പില്‍ അവന്‍ ക്ഷമിച്ചു. യേശു നമ്മുടെ പാപങ്ങള്‍ ക്ഷമിച്ചതിലൂടെയാണ് നാം മറ്റുള്ളവരെ ക്ഷമിക്കാനുള്ള കഴിവ് ഉള്‍ക്കൊള്ളുന്ന രക്ഷ കണ്ടെത്തുന്നത്. ഗ്ലാഡിസ് സ്റ്റെയിന്‍സിനെപ്പോലെ, ക്ഷമിക്കുന്നതിനായി നമ്മുടെ ഹൃദയം തുറക്കുന്നതിനായി നമ്മുടെ കൈപ്പ് ഒഴിവാക്കുന്നതു നമുക്കു തിരഞ്ഞെടുക്കാം.