ചലച്ചിത്ര നിര്‍മ്മാതാവ് വൈലി ഓവര്‍സ്ട്രീറ്റ് അപരിചിതര്‍ക്ക് തന്റെ ശക്തമായ ദൂരദര്‍ശിനിയിലൂടെ ചന്ദ്രന്റെ ഒരു തത്സമയ ചിത്രം കാണിച്ചുകൊടുത്തപ്പോള്‍, അവര്‍ അടുത്തുകണ്ട കാഴ്ചയില്‍ അമ്പരന്നുപോയി; അവര്‍ പരസ്പരം മന്ത്രിക്കുകയും വിസ്മയം പ്രകടിപ്പിക്കുകയും ചെയ്തു. ‘അത്തരം മഹത്തായ ഒരു കാഴ്ച കാണുമ്പോള്‍’ അദ്ദേഹം വിശദീകരിച്ചു, ”നമ്മെക്കാള്‍ വലുതായി എന്തെങ്കിലുമുണ്ടെന്ന ഒരു അത്ഭുതബോധം നമ്മില്‍ നിറയുന്നു.”

സങ്കീര്‍ത്തനക്കാരനായ ദാവീദ് ദൈവത്തിന്റെ സ്വര്‍ഗ്ഗീയ വെളിച്ചത്തില്‍ അത്ഭുതപ്പെട്ടു. ”നിന്റെ വിരലുകളുടെ പണിയായ ആകാശത്തെയും നീ ഉണ്ടാക്കിയ ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കുമ്പോള്‍ മര്‍ത്യനെ നീ ഓര്‍ക്കേണ്ടതിന് അവന്‍ എന്ത്? മനുഷ്യപുത്രനെ സന്ദര്‍ശിക്കേണ്ടതിന് അവന്‍ എന്തുമാത്രം?” (സങ്കീര്‍ത്തനം 8:3-4).

ദൈവം പുതിയ ആകാശത്തെയും ഭൂമിയെയും സൃഷ്ടിച്ചുകഴിയുമ്പോള്‍ നമുക്ക് ഇനി ചന്ദ്രനോ സൂര്യനോ ആവശ്യമില്ലെന്ന് മനസ്സിലാക്കുമ്പോഴാണ് ദാവീദിന്റെ വിനീതമായ ചോദ്യം നമ്മുടെ വിസ്മയത്തെ ശരിയായ വീക്ഷണകോണിലാക്കുന്നത്. അതിനു പകരം, ദൈവതേജസ്സ് നഗരത്തെ പ്രകാശിപ്പിക്കുമെന്ന് അപ്പൊസ്തലനായ യോഹന്നാന്‍ പറയുന്നു. ‘നഗരത്തില്‍ പ്രകാശിക്കുവാന്‍ സൂര്യനും ചന്ദ്രനും ആവശ്യമില്ല; ദൈവതേജസ്സ് അതിനെ പ്രകാശിപ്പിച്ചു; കുഞ്ഞാട് അതിന്റെ വിളക്ക് ആകുന്നു. … രാത്രി അവിടെ ഇല്ലല്ലോ. (വെളിപ്പാട് 21:23-25).

എന്തൊരു അത്ഭുതകരമായ ചിന്ത! എന്നിരുന്നാലും ലോകത്തിന്റെ വെളിച്ചമായ ക്രിസ്തുവിനെ അന്വേഷിക്കുന്നതിലൂടെ നമുക്ക് ഇപ്പോള്‍ അവന്റെ സ്വര്‍ഗ്ഗീയ വെളിച്ചം അനുഭവിക്കാന്‍ കഴിയും. ഓവര്‍സ്ട്രീറ്റിന്റെ വീക്ഷണത്തില്‍, ”നാം കൂടുതല്‍ തവണ നോക്കണം.” അപ്രകാരം ചെയ്യുമ്പോള്‍ നാം ദൈവത്തെ കാണാന്‍ ഇടയാകട്ടെ.