വേനല്‍ക്കാലത്തിന്റെ ആദ്യകാല കാലാവസ്ഥ നവോന്മേഷപ്രദമായിരുന്നു, ഒപ്പം എന്റെ സഹയാത്രികയായ എന്റെ ഭാര്യയും മികച്ച അവസ്ഥയിലായിരുന്നു. എന്നാല്‍ ഞങ്ങള്‍ തെറ്റായ ദിശയിലേക്കാണു നീങ്ങുന്നതെന്ന് ചുവപ്പും വെള്ളയും നിറത്തിലുള്ള ഒരു ബോര്‍ഡ് മുന്നറിയിപ്പു നല്‍കിയിരുന്നില്ലെങ്കില്‍ ഒന്നിച്ചുള്ള ആ നിമിഷങ്ങളുടെ മനോഹാരിത അതിവേഗം ദുരന്തത്തില്‍ കലാശിക്കുമായിരുന്നു. ഞാന്‍ വേണ്ടത്ര തിരിയാതിരുന്നതിനാല്‍, ”പ്രവേശിക്കരുത്” എന്ന അടയാളമാണ് പെട്ടെന്നു എന്റെ മുമ്പില്‍ ഞാന്‍ കണ്ടത്. ഞാന്‍ പെട്ടെന്നു വാഹനം തിരിച്ചു, ക്രമീകരിച്ചു, പക്ഷേ ഞാന്‍ തെറ്റായ വഴിയിലൂടെയാണ് പോകുന്നതെന്ന് എന്നെ ഓര്‍മ്മിപ്പിക്കുന്ന അടയാളം ഞാന്‍ അവഗണിച്ചിരുന്നെങ്കില്‍ എന്റെ ഭാര്യയ്ക്കും എനിക്കും മറ്റുള്ളവര്‍ക്കും ഞാന്‍ വരുത്തിവച്ചേക്കാമായിരുന്ന ദോഷത്തെക്കുറിച്ച് ചിന്തിച്ചപ്പോള്‍ ഞാന്‍ വിറച്ചുപോയി.

യാക്കോബിന്റെ അവസാന വാക്കുകള്‍ തിരുത്തലിന്റെ പ്രാധാന്യത്തെ ഊന്നിപ്പറയുന്നു. തെറ്റായ പാതകളില്‍ നിന്നോ പ്രവൃത്തികളില്‍ നിന്നോ തീരുമാനങ്ങളില്‍ നിന്നോ ഉപദ്രവകരമായേക്കാവുന്ന മോഹങ്ങളില്‍ നിന്നോ നമ്മെ സ്‌നേഹിക്കുന്നവരാല്‍ ”തിരികെ കൊണ്ടുവരാന്‍” ആവശ്യമില്ലാത്ത ആരാണ് നമ്മുടെയിടയില്‍ ഇല്ലാത്തത്? ചിലര്‍ തക്കസമയത്ത് ധൈര്യത്തോടെ ഇടപെട്ടിരുന്നില്ലെങ്കില്‍ നമുക്കോ മറ്റുള്ളവര്‍ക്കോ എന്ത് ദോഷമാണ് സംഭവിക്കുമായിരുന്നതെന്ന് ആര്‍ക്കറിയാം.

ഈ വാക്യങ്ങളിലൂടെ ദയാപൂര്‍വ്വമായ തിരുത്തലിന്റെ മൂല്യം യാക്കോബ് ഊന്നിപ്പറയുന്നു, ”പാപിയെ നേര്‍വ്വഴിക്ക് ആക്കുന്നവന്‍ അവന്റെ പ്രാണനെ മരണത്തില്‍നിന്നു രക്ഷിക്കുകയും പാപങ്ങളുടെ ബഹുത്വം മറയ്ക്കുകയും ചെയ്യും” (5:20). ദൈവത്തിന്റെ കരുണയുടെ പ്രകടനമാണ് തിരുത്തല്‍. മറ്റുള്ളവരുടെ ക്ഷേമത്തിനുവേണ്ടിയുള്ള നമ്മുടെ സ്‌നേഹവും കരുതലും ദൈവത്തിന് ”ആ വ്യക്തിയെ തിരികെ കൊണ്ടുവരാന്‍” ഉപയോഗിക്കാവുന്ന വിധത്തില്‍ സംസാരിക്കാനും പ്രവര്‍ത്തിക്കാനും നമ്മെ പ്രേരിപ്പിക്കട്ടെ (വാ. 19).