1914 ല്‍ ഒന്നാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ബ്രിട്ടീഷ് രാഷ്ട്രതന്ത്രജ്ഞന്‍ സര്‍ എഡ്വേര്‍ഡ് ഗ്രേ ഇങ്ങനെ പ്രഖ്യാപിച്ചു, ”യൂറോപ്പിലുടനീളം വിളക്കുകള്‍ അണയുന്നു; നമ്മുടെ ജീവിതകാലത്ത് അവ വീണ്ടും കത്തിക്കുന്നത് നാം കണ്ടെന്നുവരില്ല” ഗ്രേ പറഞ്ഞത് ശരിയായിരുന്നു. ”എല്ലാ യുദ്ധങ്ങളും അവസാനിപ്പിക്കാനുള്ള യുദ്ധം” അവസാനിച്ചപ്പോള്‍ ഏകദേശം 20 ദശലക്ഷം പേര്‍ കൊല്ലപ്പെട്ടു (അവരില്‍ 10 ദശലക്ഷം പേര്‍ സാധാരണക്കാരായിരുന്നു). മറ്റൊരു 21 ദശലക്ഷം പേര്‍ക്ക് പരിക്കേറ്റു.

ഇതേ അളവിലോ വലുപ്പത്തിലോ അല്ലെങ്കിലും, നമ്മുടെ വ്യക്തിപരമായ ജീവിതത്തിലും നാശം സംഭവിക്കാം. നമ്മുടെ വീട്, ജോലിസ്ഥലം, സഭ അല്ലെങ്കില്‍ അയല്‍പക്കം എന്നിവയെയും സംഘര്‍ഷത്തിന്റെ ഇരുണ്ട ഭൂതം മറച്ചേക്കാം. ലോകത്തിന് വ്യത്യാസമുണ്ടാക്കുന്നവരാകാന്‍ ദൈവം നമ്മെ വിളിക്കുന്നതിന്റെ ഒരു കാരണം ഇതാണ്. എന്നാല്‍ അങ്ങനെ ചെയ്യാന്‍ നാം അവന്റെ ജ്ഞാനത്തില്‍ ആശ്രയിക്കണം. അപ്പൊസ്തലനായ യാക്കോബ് എഴുതി, ”ഉയരത്തില്‍നിന്നുള്ള ജ്ഞാനമോ ഒന്നാമതു നിര്‍മ്മലവും പിന്നെ സമാധാനവും ശാന്തതയും അനുസരണവുമുള്ളതും കരുണയും സല്‍ഫലവും നിറഞ്ഞതും പക്ഷപാതവും കപടവും
ഇല്ലാത്തതുമാകുന്നു. എന്നാല്‍ സമാധാനം ഉണ്ടാക്കുന്നവര്‍ സമാധാനത്തില്‍ വിതച്ചു നീതി എന്ന ഫലം കൊയ്യും’ (യാക്കോബ് 3:17-18).

സമാധാന നിര്‍മ്മാതാവിന്റെ പങ്ക് പ്രധാനമായിരിക്കുന്നത് അതിന്റെ കൊയ്ത്തു കാരണമാണ്. നീതി എന്ന വാക്കിന്റെ അര്‍ത്ഥം ”ശരിയായ നില” അല്ലെങ്കില്‍ ”ശരിയായ ബന്ധം” എന്നാണ്. ബന്ധങ്ങള്‍ പുനഃസ്ഥാപിക്കാന്‍ സമാധാനം ഉണ്ടാക്കുന്നവര്‍ക്ക് കഴിയും . ”സമാധാനം ഉണ്ടാക്കുന്നവര്‍ ഭാഗ്യവാന്മാര്‍; അവര്‍ ദൈവത്തിന്റെ പുത്രന്മാര്‍ എന്നു വിളിക്കപ്പെടും” (മത്തായി 5:9) എന്ന് യേശു പറഞ്ഞതില്‍ അതിശയിക്കാനില്ല. അവന്റെ മക്കള്‍, അവന്റെ ജ്ഞാനത്തില്‍ ആശ്രയിച്ച്, സമാധാനം ഏറ്റവും ആവശ്യമായിരിക്കുന്നിടത്ത് അതു നിര്‍മ്മിക്കുന്ന ഉപകരണങ്ങളായി മാറുന്നു.