1986 ജനുവരി 28 ന്, യുഎസ് ബഹിരാകാശവാഹനായ ചലഞ്ചര്‍ കുതിച്ചുയര്‍ന്ന് എഴുപത്തിമൂന്നു സെക്കന്‍ഡിനു ശേഷം തകര്‍ന്നുവീണു. രാജ്യത്തെ ആശ്വസിപ്പിച്ചുകൊണ്ടു പ്രസിഡന്റ് റീഗന്‍ നടത്തിയ പ്രസംഗത്തില്‍, രണ്ടാം ലോകമഹായുദ്ധ പൈലറ്റായ ജോണ്‍ ഗില്ലസ്പി മാഗി രചിച്ച ‘ഹൈ ഫ്‌ളൈറ്റ്’ എന്ന കവിതയില്‍നിന്ന് ഉദ്ധരിക്കുകയുണ്ടായി. അതില്‍ ‘ആരും അതിക്രമിച്ചു കടന്നിട്ടില്ലാത്ത ബഹിരാകാശത്തിന്റെ ഉന്നതമായ പവിത്രത’ യെക്കുറിച്ചും ‘ദൈവത്തിന്റെ മുഖത്തെ’ സ്പര്‍ശിക്കുന്നതിനായി കൈ പുറത്തേക്കു നീട്ടുന്നതിന്റെ അനുഭവത്തെക്കുറിച്ചും അദ്ദേഹം രേഖപ്പെടുത്തി.

നമുക്ക് അക്ഷരാര്‍ത്ഥത്തില്‍ ദൈവത്തിന്റെ മുഖത്തെ സ്പര്‍ശിക്കാന്‍ കഴിയില്ലെങ്കിലും, അവിടുന്ന് അടുത്തുണ്ടെന്ന ആഴമായ ബോധ്യം നമ്മില്‍ സൃഷ്ടിക്കുന്ന അതിശയകരമായ ഒരു സൂര്യാസ്തമയമോ, പ്രകൃതിയില്‍ ഇരുന്നുള്ള ഒരു ധ്യാനമോ നാം അനുഭവിക്കാറുണ്ട്. ചില ആളുകള്‍ ഈ നിമിഷങ്ങളെ ‘നേര്‍ത്ത സ്ഥലങ്ങള്‍’ എന്നു വിളിക്കുന്നു. ആകാശത്തെയും ഭൂമിയെയും വേര്‍തിരിക്കുന്ന തടസ്സം അല്പം കനംകുറഞ്ഞതായി തോന്നുന്നു. ദൈവം കുറെക്കൂടെ അടുത്തു വന്നതായി തോന്നുന്നു.

മരുഭൂമിയിലെ വിജനതയില്‍ ദൈവത്തിന്റെ സാമീപ്യം തിരിച്ചറിഞ്ഞ യിസ്രായേല്യര്‍ക്ക് ‘നേര്‍ത്ത സ്ഥലം’ അനുഭവപ്പെട്ടിരിക്കാം. മരുഭൂമിയിലൂടെ അവരെ നയിക്കാന്‍ ദൈവം പകല്‍ മേഘസ്തംഭവും രാത്രിയില്‍ അഗ്‌നിസ്തംഭവും നല്‍കി (പുറപ്പാട് 40:34-38). അവര്‍ പാളയത്തില്‍ താമസിക്കുമ്പോള്‍, “യഹോവയുടെ തേജസ്സ് തിരുനിവാസത്തെ നിറച്ചു’’ (വാ. 35). അവരുടെ യാത്രയിലുടനീളം, ദൈവം തങ്ങളോടൊപ്പമുണ്ടെന്ന് അവര്‍ക്ക് അറിയാമായിരുന്നു.

ദൈവത്തിന്റെ സൃഷ്ടിയുടെ അവിശ്വസനീയമായ സൗന്ദര്യം നാം ആസ്വദിക്കുമ്പോള്‍, അവിടുന്ന് എല്ലായിടത്തും ഉണ്ടെന്ന ബോധ്യം നമ്മില്‍ വര്‍ദ്ധിക്കുന്നു. നാം അവിടുത്തോടു പ്രാര്‍ത്ഥനയില്‍ സംസാരിക്കുകയും അവിടുത്തെ ശ്രദ്ധിക്കുകയും തിരുവെഴുത്തുകള്‍ വായിക്കുകയും ചെയ്യുമ്പോള്‍, എപ്പോള്‍ വേണമെങ്കിലും എവിടെയും നമുക്ക് അവിടുത്തോടുള്ള കൂട്ടായ്മ ആസ്വദിക്കാന്‍ കഴിയും.