ആയിരക്കണക്കിനാളുകളെ യേശുവിലുള്ള വിശ്വാസത്തിലേക്കു നയിച്ച, ചരിത്രത്തിലെ ഏറ്റവും മികച്ച പ്രസംഗകരിലൊരുവനായിരുന്നു ജോര്‍ജ്ജ് വൈറ്റ്ഫീല്‍ഡ് (1714-1770). പക്ഷേ, അദ്ദേഹത്തിന്റെ ജീവിതം വിവാദരഹിതമായിരുന്നില്ല. അദ്ദേഹത്തിന്റെ പരസ്യസ്ഥലത്തെ പ്രസംഗരീതിയെ (വലിയ ജനക്കൂട്ടത്തെ ഉള്‍ക്കൊള്ളുന്നതിനായി), ചിലപ്പോള്‍ അദ്ദേഹത്തിന്റെ ഉദ്ദേശ്യങ്ങളെ ചോദ്യം ചെയ്യുന്നവരും ഒരു സഭാകെട്ടിടത്തിന്റെ നാലു മതിലുകള്‍ക്കുള്ളില്‍ മാത്രമേ പ്രസംഗിക്കാവൂ എന്നു കരുതുന്നവരും വിമര്‍ശിച്ചിരുന്നു. മറ്റുള്ളവരുടെ കഠിനമായ വാക്കുകളോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം എന്തായിരുന്നു എന്നതിലേക്കു വൈറ്റ്ഫീല്‍ഡിന്റെ ശവകുടീരത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന വാക്കുകള്‍ വ്യക്തമാക്കുന്നു: ‘എന്റെ സ്വഭാവത്തെ ന്യായീകരിക്കുന്നതിനു ന്യായവിധി ദിവസം വരെ കാത്തിരിക്കുന്നതില്‍ ഞാന്‍ സംതൃപ്തനാണ്; ഞാന്‍ മരിച്ചതിനുശേഷം, ഇതൊഴികെ മറ്റൊരു സ്മാരകക്കുറിപ്പ് ഞാന്‍ ആഗ്രഹിക്കുന്നില്ല: “ഇവിടെ ജോര്‍ജ്ജ് വൈറ്റ്ഫീല്‍ഡ് കിടക്കുന്നു – അവന്‍ എങ്ങനെയുള്ള മനുഷ്യനായിരുന്നുവെന്ന് മഹത്തായ ദിനത്തില്‍ വെളിപ്പെടും.”
പഴയനിയമത്തില്‍, മറ്റുള്ളവരില്‍നിന്നു കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ടപ്പോള്‍, ദാവീദ് തന്നെത്തന്നെ ദൈവകരങ്ങളില്‍ ഏല്പിച്ചു. ദാവീദ് രാജാവിനോടു മത്സരിക്കുന്നുവെന്നു വ്യാജ ആരോപണം ഉന്നയിച്ച് അവനെ പിടിക്കാന്‍ സൈന്യത്തെ ശൗല്‍ അയച്ചു. തന്റെ നേരെ വരുന്ന ശൗലിന്റെ സൈന്യത്തില്‍നിന്നു രക്ഷപ്പെടാന്‍ നിര്‍ബ്ബന്ധിതനായി ദാവീദ് ഒരു ഗുഹയില്‍ ഒളിച്ചു. “പല്ലുകള്‍ കുന്തങ്ങളും അസ്ത്രങ്ങളും നാവു മൂര്‍ച്ചയുള്ള വാളും ആയിരിക്കുന്ന’’ മനുഷ്യരായ ‘സിംഹങ്ങളുടെ ഇടയില്‍” താന്‍ ഇരിക്കുന്നതായി ദാവീദ് പറയുന്നു (സങ്കീര്‍ത്തനം 57:4). എന്നാല്‍ പ്രയാസകരമായ ആ സ്ഥലത്തുപോലും അവന്‍ ദൈവത്തിലേക്കു തിരിഞ്ഞു ദൈവത്തില്‍ ആശ്വാസം കണ്ടെത്തി: ‘നിന്റെ ദയ ആകാശത്തോളവും നിന്റെ വിശ്വസ്തത മേഘങ്ങളോളവും വലിയതല്ലോ” (വാ. 10).

മറ്റുള്ളവര്‍ നമ്മെ തെറ്റിദ്ധരിക്കുകയോ തള്ളുകയോ ചെയ്യുമ്പോള്‍, ദൈവം നമ്മുടെ ‘ശരണം’ (വാ. 1) ആകുന്നു. അവിടുത്തെ മാറ്റമില്ലാത്തതും കരുണാമയവുമായ സ്‌നേഹം നിമിത്തം അവിടുന്ന് എന്നേക്കും സ്തുതിക്കപ്പെടട്ടെ!