ഹിമാലയത്തിലെ മലഞ്ചരിവില്‍, ജനാലകളില്ലാത്ത കുറെ വീടുകള്‍ ഒരു സന്ദര്‍ശകന്റെ ശ്രദ്ധയില്‍പ്പെട്ടു. അവര്‍ രാത്രി ഉറങ്ങുമ്പോള്‍, പിശാചുക്കള്‍ തങ്ങളുടെ വീടുകളിലേക്കു കടന്നുകയറുമെന്ന് ഗ്രാമവാസികള്‍ ഭയപ്പെടുന്നതിനാലാണ് അവര്‍ വീടുകള്‍ക്കു ജനാലകള്‍ വയ്ക്കാത്തതെന്നു ഗൈഡ് വിശദീകരിച്ചു. എന്നാല്‍ ഒരു വീട്ടുടമ യേശുവിനെ അനുഗമിക്കാന്‍ തുടങ്ങുമ്പോള്‍, വീട്ടിനുള്ളില്‍ വെളിച്ചം പ്രവേശിക്കുന്നതിനായി അയാള്‍ വീടിനു ജനാല സ്ഥാപിക്കുമെന്നു നമുക്കു പറയാനാവും.

സമാനമായ ഒരു പരിവര്‍ത്തനം നമ്മില്‍ സംഭവിക്കാം. പക്ഷേ നാമത് ആ രീതിയിലായിരിക്കുകയില്ല കാണുന്നത്. നമ്മെ ഭയപ്പെടുത്തുന്നതും ധ്രുവീകരിക്കുന്നതുമായ ഒരു കാലത്താണു നാം ജീവിക്കുന്നത്. കുടുംബങ്ങളെയും സുഹൃത്തുക്കളെയും ഭിന്നിപ്പിക്കുന്ന കോപാക്രാന്തമായ ഭിന്നതകള്‍ സാത്താനും ദുരാത്മാക്കളും നമ്മിലുളവാക്കുന്നു. എന്റെ മതിലുകള്‍ക്കു പിന്നില്‍ ആരോ ഒളിച്ചിരിക്കുന്നതായി എനിക്കു പലപ്പോഴും തോന്നും. എന്നാല്‍ ഞാന്‍ ഒരു ജനാല ഉണ്ടാക്കണമെന്നാണ് യേശു ആഗ്രഹിക്കുന്നത്.

യിസ്രായേല്‍ ഉയര്‍ന്ന മതിലുകളില്‍ അഭയം തേടി, എന്നാല്‍ അവരുടെ സുരക്ഷ തന്നിലാണെന്നു ദൈവം അവരോടു പറഞ്ഞു. അവിടുന്നു സ്വര്‍ഗ്ഗത്തില്‍നിന്നു വാഴുന്നു, അവിടുത്തെ വചനം എല്ലാവരെയും ഭരിക്കുന്നു (യെശയ്യാവ് 55:10-11). യിസ്രായേല്‍ തന്നിലേക്കു മടങ്ങിവന്നാല്‍, ദൈവം അവരോടു ‘കരുണ കാണിക്കുകയും” (വാ. 7), ലോകത്തെ അനുഗ്രഹിക്കാനായി അവരെ തന്റെ ജനമായി പുനഃസ്ഥാപിക്കുകയും ചെയ്യും (ഉല്പത്തി 12:1-3). അവിടുന്ന് അവരെ ഉയര്‍ത്തി, ആത്യന്തികമായി ഒരു ജയഘോഷയാത്രയില്‍ അവരെ നയിക്കും. അവരുടെ ആഘോഷം ‘യഹോവയ്ക്ക് ഒരു കീര്‍ത്തിയായും ഛേദിക്കപ്പെടാത്ത ശാശ്വതമായൊരു അടയാളമായും ഇരിക്കും” (യെശയ്യാവ് 55:13).

ചിലപ്പോള്‍ മതിലുകള്‍ ആവശ്യമാണ്. ജനാലകളുള്ള മതിലുകള്‍ മികച്ചതാണ്. ഭാവിയെ സംബന്ധിച്ചു നാം ദൈവത്തെ വിശ്വസിക്കുന്നുവെന്ന് അവ ലോകത്തെ കാണിക്കുന്നു. നമ്മുടെ ഭയം യഥാര്‍ത്ഥമാണ്. നമ്മുടെ ദൈവം അതിലും വലിയവനാണ്. ജനാലകള്‍ നമ്മെ ലോകത്തിന്റെ വെളിച്ചമായ യേശുവിലേക്കും (യോഹന്നാന്‍ 8:12) അവിടുത്തെ ആവശ്യമുള്ള മറ്റുള്ളവരിലേക്കും തുറക്കുന്നു.