ക്ഷീണിതരും കരിപുരണ്ടവരുമായ രണ്ട് അഗ്‌നിശമനസേനാംഗങ്ങള്‍ പ്രഭാതഭക്ഷണത്തിനായി ഒരു റെസ്‌റ്റോറന്റില്‍ കയറിയപ്പോള്‍, അവര്‍ ഒരു വെയര്‍ഹൗസിലെ തീയണക്കാന്‍ രാത്രി മുഴുവനും അധ്വാനിച്ചവരാണെന്ന് റ്റിവി വാര്‍ത്ത കണ്ടിരുന്ന വെയ്റ്റര്‍ അവരെ തിരിച്ചറിഞ്ഞു. തന്റെ അഭിനന്ദനങ്ങള്‍ അറിയിക്കാന്‍ വെയ്റ്റര്‍ അവരുടെ ബില്ലില്‍ ഇങ്ങനെ കുറിച്ചു, “നിങ്ങളുടെ പ്രഭാതഭക്ഷണം ഇന്ന് എന്റെ വക. മറ്റുള്ളവരെ സേവിക്കുന്നതിനും മറ്റെല്ലാവരും ഓടിപ്പോകുന്ന സ്ഥലങ്ങളിലേക്ക് ഓടിച്ചെല്ലുന്നതിനും. . . . അഗ്നിയാല്‍ ഇന്ധനം പകര്‍ന്ന് ധൈര്യസമേതം മുന്നോട്ടു പോകുന്നതിനും നന്ദി! എന്തു നല്ല മാതൃകയാണ് നിങ്ങള്‍!’’ 

പഴയനിയമത്തില്‍, മൂന്നു ചെറുപ്പക്കാരുടെ പ്രവര്‍ത്തനങ്ങളില്‍ ധൈര്യത്തിന്റെ ഒരു ഉദാഹരണം കാണാം: ശദ്രക്ക്, മേശക്, അബെദ്‌നെഗോ (ദാനീയേല്‍ 3). ബാബേല്‍ രാജാവു നിര്‍ത്തിയ ബിംബത്തെ വണങ്ങണമെന്നുള്ള ഉത്തരവ് അനുസരിക്കുന്നതിനുപകരം, ഈ ചെറുപ്പക്കാര്‍, തങ്ങളുടെ വിസമ്മതത്തിലൂടെ ദൈവത്തോടുള്ള സ്‌നേഹം ധൈര്യത്തോടെ കാണിച്ചു. എരിയുന്ന ചൂളയിലേക്ക് എറിയുന്ന ശിക്ഷയായിരുന്നു അവരുടേത്. എന്നിട്ടും ആ പുരുഷന്മാര്‍ പിന്നോട്ട് പോയില്ല: “ഞങ്ങള്‍ സേവിക്കുന്ന ദൈവത്തിനു ഞങ്ങളെ വിടുവിക്കുവാന്‍ കഴിയുമെങ്കില്‍, അവന്‍ ഞങ്ങളെ എരിയുന്ന തീച്ചൂളയില്‍നിന്നും രാജാവിന്റെ കൈയില്‍ നിന്നും വിടുവിക്കും. അല്ലെങ്കിലും ഞങ്ങള്‍ രാജാവിന്റെ ദേവന്മാരെ സേവിക്കുകയില്ല. രാജാവു നിറുത്തിയ സ്വര്‍ണ്ണബിംബത്തെ നമസ്‌കരിക്കുകയുമില്ല എന്നറിഞ്ഞാലും എന്ന് ഉത്തരം പറഞ്ഞു” (വാ. 17-18).     

ദൈവം അവരെ രക്ഷിക്കുക മാത്രമല്ല, അവരോടൊപ്പം തീയില്‍ നടക്കുകപോലും ചെയ്തു (വാ. 25-27). ഇന്നത്തെ നമ്മുടെ കഠിനമായ പരിശോധനകളിലും കഷ്ടങ്ങളിലും ദൈവം നമ്മോടൊപ്പമുണ്ടെന്ന ഉറപ്പു നമുക്കും നേടാന്‍ കഴിയും. അവിടുന്നു മതിയായവനാണ്.