ജോണിന്റെ ജലദോഷം ന്യൂമോണിയ ആയി മാറിയപ്പോൾ ഹോസ്പിറ്റലിൽ പോയി കിടക്കേണ്ടി വന്നു.ആ സമയത്തു തന്നെ അവന്റെ അമ്മ കാൻസറിനുള്ള ചികിത്സയുടെ ഭാഗമായി കുറച്ച് മുകളിലെ നിലയിലെ മുറിയിൽ ഉണ്ടായിരുന്നു. അമ്മയുടേയും, തന്റേയും ആരോഗ്യത്തെക്കുറിച്ച് വിഷമിച്ച് അവൻ വളരെ പരവശനായിരുന്നു. ക്രിസ്തുമസ്സിന്റെ തലേ ദിവസം വൈകുന്നേരം, റേഡിയോയിൽ “ഓ ഹോളി നൈറ്റ്” എന്ന കരോൾ ഗാനം കേട്ടപ്പോൾ ജോണിന് ദൈവ സമാധാനത്തിന്റെ ആഴമുള്ള അനുഭവം കൊണ്ട് മനസ്സ് നിറഞ്ഞു. അവൻ അതിലെ വാക്കുകൾ ശ്രദ്ധിച്ചപ്പോൾ പ്രിയപ്പെട്ട രക്ഷകൻ ജനിച്ച രാത്രിയെ കുറിച്ചുള്ളതായിരുന്നു അത്:“പ്രത്യാശയുടെ ഒരു ആവേശവും, ക്ഷീണിച്ച ആത്മാവ് സന്തോഷിക്കുന്നതും, അങ്ങ് അകലെ പുതിയതും മഹത്വമുള്ളതുമായ പ്രഭാതവും!”  ആ നിമിഷത്തിൽ തന്നെ അവന്റെ അമ്മയേയും  തന്നേയും കുറിച്ചുള്ള ആകുലതകൾ മാറിപ്പോയി.

 യെശയ്യാവ് പ്രവചിച്ചതുപോലെ ഈ “പ്രിയ രക്ഷകൻ” നമുക്കായി ജനിച്ചു, യേശു എന്ന “സമാധാന പ്രഭു” (യെശയ്യാവ് 9:6). യേശു ഒരു  ശിശു ആയി ഭൂമിയിലേക്ക് വന്ന് “മരണ നിഴലിന്റെ ദേശത്ത് വസിക്കുന്നവർക്ക്” (മത്തായി 4-16; യെശയ്യാവ് 9-2 നോക്കുക)പ്രകാശവും രക്ഷയും നൽകി ആ പ്രവചനം നിവൃത്തിയാക്കി.  താൻ സ്നേഹിക്കുന്നവർക്ക്, ബുദ്ധിമുട്ടുകളും മരണവും നേരിടേണ്ടി വന്നാലും, അവൻ അവർക്ക് സമാധാനം ആയിത്തീരുന്നു ; സമാധാനം നൽകുന്നു. 

 സകല ബുദ്ധിയേയും കവിയുന്ന ദൈവസമാധാനം (ഫിലിപ്പിയർ 4:7), ആശുപത്രിയിൽ വെച്ച് യേശുവിന്റെ ജനനത്തെക്കുറിച്ച് ധ്യാനിച്ചപ്പോൾ ജോൺ അനുഭവിച്ചറിഞ്ഞു. ക്രിസ്തുമസ്സിന്, വീട്ടുകാരിൽ നിന്ന് അകന്ന് ,              അണുവിമുക്തമാക്കിയ ആ മുറിയിൽ കിടക്കുമ്പോൾ ദൈവവുമായുണ്ടായ ഈ കൂടിക്കാഴ്ച വിശ്വാസവും കൃതജ്ഞതാബോധവും ശക്തിപ്പെടുത്തി. നമുക്കും ദൈവത്തിന്റെ ദാനമായ സമാധാനവും പ്രത്യാശയും സ്വീകരിക്കാം.