ആയുഷിനു മുപ്പതു വയസ്സു തികഞ്ഞപ്പോൾ, താൻ ഒരിക്കലും ഇഷ്ടപ്പെടാത്ത സെയിൽ‌സ് ജോലിയിൽ തന്നെ ഇപ്പോഴും ആയിരിക്കുന്നതിനാൽ അവൻ സങ്കടപ്പെട്ടു. നീട്ടിവയ്‌ക്കുന്നത് മതിയാക്കി പുതിയൊരു ജോലി കണ്ടെത്തുവാൻ അവൻ തീരുമാനിച്ചു. രേണു പുതുവത്സരരാവിൽ കണ്ണാടിയിൽ നോക്കി, ഇത് തന്റെ ശരീരഭാരം കുറച്ച വർഷമായിരിക്കുമെന്ന് പ്രതിജ്ഞ ചെയ്തു. തന്റെ ദേഷ്യത്തിലുള്ള പൊട്ടിത്തെറികൾ കുറയാത്ത ഒരു മാസം കൂടെ കടന്നു പോകുന്നതു കാണുകയായിരുന്നു അശോക്. അടുത്ത മാസം കൂടുതൽ കഠിനമായി പരിശ്രമിക്കുമെന്ന് അവൻ ശപഥം ചെയ്തു.

ഒരു പുതിയ മാസത്തിന്റെയോ പുതിയ വർഷത്തിന്റെയോ ആരംഭത്തിലോ, ഒരു പ്രധാന ജന്മദിനത്തിലോ മാറുമെന്ന് നിങ്ങൾ എപ്പോഴെങ്കിലും പ്രതിജ്ഞ ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങൾ ഒറ്റയ്ക്കല്ല. ഗവേഷകർക്ക് ഇതിനൊരു പേരുണ്ട്: പുതിയ തുടക്ക പ്രഭാവം. ഇതുപോലെയുള്ള കലണ്ടർ പോയിന്റുകളിൽ നാം നമ്മുടെ ജീവിതത്തെ വിലയിരുത്തുവാനും നമ്മുടെ പരാജയങ്ങളെ പിന്നിലാക്കി പുനരാരംഭിക്കുവാനുമുള്ള സാധ്യത കൂടുതലാണെന്ന് അവർ സൂചിപ്പിക്കുന്നു. മെച്ചപ്പെട്ട ആളുകളാകുവാനായി പുതിയൊരു തുടക്കത്തിനായി നാം വാഞ്‌ഛിക്കുന്നു. 

യേശുവിലുള്ള വിശ്വാസം ഈ വാഞ്ഛയോട് ശക്തമായി സംസാരിക്കുന്നു, പഴയ മനുഷ്യനെ ഉരിഞ്ഞുകളയുന്നതോടൊപ്പം (വാ 5-9), നമ്മുടെ മികച്ച സത്ത എന്താകാം എന്ന ഒരു ദർശനം വാഗ്ദാനം ചെയ്യുകയും (കൊലൊസ്സ്യർ 3:12–14) ചെയ്യുന്നു. ഈ മാറ്റം വാഗ്ദാനം ചെയ്യുന്നത്, തീ‍രുമാനങ്ങളും പ്രതിജ്ഞകളും കൊണ്ട് മാത്രമല്ല, പക്ഷേ ദൈവീക ശക്തിയാലാണ്. യേശുവിൽ നാം വിശ്വസിക്കുമ്പോൾ നാം പുതു മനുഷ്യരായിത്തീരുന്നു, നമ്മെ പൂർണ്ണരാക്കുവാൻ ദൈവത്തിന്റെ ആത്മാവ് നമ്മിൽ പ്രവർത്തിക്കുന്നു (വാ.10; തീത്തോസ് 3:5). 

യേശുവിലുള്ള രക്ഷ പ്രാപിക്കുന്നതാണ് ആത്യന്തികമായുള്ള പുതിയ തുടക്കം. അതിനായി ഒരു പ്രത്യേക കലണ്ടർ ദിവസത്തിനായി കാത്തിരിക്കേണ്ട കാര്യമില്ല. നിങ്ങളുടെ പുതിയ ജീവിതം ഇപ്പോൾ തന്നെ തുടങ്ങാം.