1980-കളുടെ തുടക്കത്തിൽ, ദൈവത്തിൽ വിശ്വസിക്കാത്ത ഒരു പ്രമുഖ ജ്യോതിശാസ്ത്രജ്ഞൻ എഴുതി, “ഒരു അതുല്യ ബുദ്ധിശക്തി, ഭൗതികശാസ്ത്രത്തിലും അതുപോലെ രസതന്ത്രത്തിലും ജീവശാസ്ത്രത്തിലും “കളിച്ചതു ” പോലെയാണ്, വസ്തുതകളെ സാമാന്യ ബുദ്ധികൊണ്ട് വ്യാഖ്യാനിച്ചാൽ മനസ്സിലാകുന്നത്. . .” ഈ ശാസ്ത്രജ്ഞന്റെ കണ്ണിൽ, പ്രപഞ്ചത്തിൽ നമ്മൾ കാണുന്നതെല്ലാം ആരോ രൂപകൽപ്പന ചെയ്തിട്ടുണ്ടെന്നുള്ളതിന്റെ തെളിവുകൾ ദൃശ്യമാണ്. “എന്നാൽ, പ്രകൃതിയിൽ എടുത്തു പറയത്തക്ക അജ്ഞാത ശക്തികളൊന്നുമില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു. “മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നമ്മൾ കാണുന്നതെല്ലാം ആരെങ്കിലും ആസൂത്രണം ചെയ്തതായി തോന്നുന്നു, ” എന്നിട്ടും, ആ ജ്യോതിശാസ്ത്രജ്ഞൻ ഒരു നിരീശ്വരവാദിയായി തുടർന്നു !
മൂവായിരം വർഷങ്ങൾക്ക് മുമ്പ്, മറ്റൊരു ബുദ്ധിമാനായ മനുഷ്യൻ ആകാശത്തേക്ക് നോക്കി വ്യത്യസ്തമായ ഒരു നിഗമനത്തിലെത്തി. “നിന്റെ വിരലുകളുടെ പണിയായ ആകാശത്തെയും നീ ഉണ്ടാക്കിയ ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കുമ്പോൾ, മർത്യനെ നീ ഓർക്കേണ്ടതിന് അവൻ എന്ത്? മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന് അവൻ എന്തുമാത്രം?” ദാവീദ് ആശ്ചര്യപ്പെട്ടു (സങ്കീ. 8: 3-4).
എങ്കിലും ദൈവം നമ്മെ ഓർക്കുന്നു. നാം കാണുന്ന പ്രപഞ്ചം, അതിനെ രൂപകൽപ്പന ചെയ്ത അതുല്യ ബുദ്ധിശക്തിയുള്ള ഒരു നിർമാതാവിന്റെ കഥ പറയുന്നു. അവൻ നമ്മുടെ മനസ്സുകളും സൃഷ്ടിച്ച്, തന്റെ പ്രവർത്തികളെ ധ്യാനിക്കുവാൻ നമ്മെ ഇവിടെ ആക്കി. യേശുവിലൂടെയും അവന്റെ സൃഷ്ടികളിലൂടെയും, നമുക്ക് ദൈവത്തെ അറിയാൻ സാധിക്കുന്നു. പൗലോസ് എഴുതി, “സ്വർഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും സിംഹാസനങ്ങൾ ആകട്ടെ കർത്തൃത്വങ്ങൾ ആകട്ടെ വാഴ്ചകൾ ആകട്ടെ അധികാരങ്ങൾ ആകട്ടെ സകലവും അവൻ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു; അവൻ മുഖാന്തരവും അവനായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.” (കൊലൊ. 1: 16).
പ്രപഞ്ചത്തിന്റെ പിന്നിൽ ” ആരോ കളിച്ചിട്ടുണ്ട്. ” അതെ, അതിന്റെ പുറകിൽ പ്രവർത്തിച്ച ബുദ്ധിമാനായ സ്രഷ്ടാവിനെ, അന്വേഷിക്കുന്ന ഏവനും കണ്ടെത്തും.