രണ്ട് കുഞ്ഞുങ്ങളെ തനിയെ വളർത്തേണ്ടിവന്ന, അമ്മയായ എന്റെ സുഹൃത്ത് അൽമക്ക് ഓരോ പ്രഭാതവും വേദന നിറഞ്ഞതാണ്. അവൾ പറയുന്നു: “എല്ലാം ശാന്തമാകുമ്പോൾ ആകുലത പൊങ്ങിവരും. വീട്ടിലെ ജോലിത്തിരക്കിനിടയിൽ സാമ്പത്തിക പ്രതിസന്ധികളും കുഞ്ഞുങ്ങളുടെ പഠനവും ആരോഗ്യപ്രശ്നങ്ങളും ഒക്കെ ചിന്തയിലേക്ക് വരും.”

ഭർത്താവ് അവളെ ഉപേക്ഷിച്ചപ്പോൾ കുഞ്ഞുങ്ങളെ വളർത്താനുള്ള ഉത്തരവാദിത്വം അവൾ സ്വയം ഏറ്റെടുത്തു. അവൾ പറഞ്ഞു: “ഇത് വലിയ ശ്രമകരമാണ്. എന്നാൽ ദൈവം എന്നെയും കുടുംബത്തെയും കാണുന്നുണ്ട് എന്നെനിക്കറിയാം. രണ്ട് ജോലികൾ ചെയ്യുവാൻ അവിടുന്ന് ശക്തി നല്കുന്നു, ആവശ്യങ്ങൾ നിറവേറ്റിത്തരുന്നു, കുട്ടികൾക്ക് ഓരോ ദിവസവും അവിടുത്തെ പരിപാലനം അനുഭവിക്കാനാകുന്നു.”

ദൈവം എന്നെ കാണുന്നു എന്നത് ഒരു മിസ്രയീമ്യ ദാസിയായിരുന്ന ഹാഗാറിന് വ്യക്തമായി മനസ്സിലായിട്ടുണ്ട്. അബ്രാമിൽ നിന്ന് ഗർഭം ധരിച്ചശേഷം അവൾ സാറായിയെ നിന്ദിച്ചു (ഉല്പത്തി 16:4), തത്ഫലമായി സാറായി അവളോട് കഠിനമായി പെരുമാറി, അവൾക്ക് മരുഭൂമിയിലേക്ക് ഓടിപ്പോകേണ്ടി വന്നു. ഹാഗാർ ഏകാന്തതയിലായി, അവൾക്കും ജനിക്കാനിരിക്കുന്ന കുഞ്ഞിനും മുമ്പിൽ ഭാവി ഇരുളടഞ്ഞതും പ്രത്യാശയില്ലാത്തതുമായി.

എന്നാൽ മരുഭൂമിയിൽ “യഹോവയുടെ ദൂതൻ ” (വാ. 7) അവളെ കണ്ട് പറഞ്ഞു: “യഹോവ നിന്റെ സങ്കടം കേട്ടു” (വാ.11).  എന്താണ് ചെയ്യേണ്ടത് എന്നും ഭാവിയിൽ സംഭവിക്കുന്നത് എന്താണെന്നും ദൂതൻ അവളോട് പറഞ്ഞു. ഹാഗാറിൽ നിന്നാണ് ദൈവത്തിന്റെ ഒരു പേര് നമ്മൾ പഠിക്കുന്നത് – ഏൽ റോയി, “എന്നെ കാണുന്ന ദൈവം” (വാ.13).

ഹാഗാറിനെപ്പോലെ നിങ്ങളും ഒരു പ്രയാസമുള്ള യാത്രയിലാകാം – തകർച്ചയിലും ഏകാന്തതയിലും. എന്നാൽ ശൂന്യദേശത്തും ദൈവം നിങ്ങളെ കാണുന്നു എന്ന് ഓർക്കണം. അവങ്കലേക്ക് ചെല്ലുക; മുന്നോട്ട് നയിക്കാനായി അവനിൽ ആശ്രയിക്കുക.