ഒടുവിൽ ആ ദിവസം വന്നെത്തി – എന്റെ പിതാവ് തകർക്കപ്പെടാത്തവനല്ലെന്നു ഞാൻ തിരിച്ചറിഞ്ഞ ദിവസം. ഒരു ആൺകുട്ടിയെന്ന നിലയിൽ, അദ്ദേഹത്തിന്റെ ശക്തിയും നിശ്ചയദാർഢ്യവും എനിക്കറിയാമായിരുന്നു. പക്ഷേ, പ്രായപൂർത്തിയായ എന്റെ ആദ്യകാലങ്ങളിൽ, പിതാവിന്റെ പുറത്തു പരിക്കേറ്റു, എന്റെ അച്ഛൻ മർത്യനാണെന്ന് ഞാൻ മനസ്സിലാക്കി. അച്ഛനെ സഹായിക്കാനായി ഞാൻ വീട്ടിൽ നിന്നു. അച്ഛനെ കുളിമുറിയിൽ കൊണ്ടുപോകാനും വസ്ത്രം ധരിപ്പിക്കാനും ഒരു ഗ്ലാസ് വെള്ളം വായിലേക്ക് അടുപ്പിക്കാനും പോലും എന്റെ സഹായം ആവശ്യമായിരുന്നു. അത് അദ്ദേഹത്തെ വിനയാന്വിതനാക്കി. ചെറിയ ജോലികൾ ചെയ്യാൻ അദ്ദേഹം ചില പ്രാരംഭ ശ്രമങ്ങൾ നടത്തി, പക്ഷേ “നിന്റെ സഹായമില്ലാതെ എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല’’ എന്നു സമ്മതിച്ചു. ഒടുവിൽ അദ്ദേഹം ക്രമേണ തന്റെ ദൃഢസ്വഭാവം വീണ്ടെടുത്തു, എന്നാൽ ആ അനുഭവം ഞങ്ങൾ രണ്ടുപേരെയും ഒരു പ്രധാന പാഠം പഠിപ്പിച്ചു – ഞങ്ങൾക്ക് പരസ്പരം വേണം.

നമുക്കു പരസ്പരം ആവശ്യമുള്ളപ്പോൾ, നമുക്ക് യേശുവിനെ കൂടുതൽ ആവശ്യമുണ്ട്. യോഹന്നാൻ 15 ൽ, മുന്തിരിവള്ളിയുടെയും കൊമ്പുകളുടെയും ചിത്രങ്ങൾ നാം മുറുകെ പിടിക്കുന്ന ഒന്നായി തുടരുന്നു. എങ്കിലും മറ്റൊരു പദപ്രയോഗം, ആശ്വസിപ്പിക്കുന്നതോടൊപ്പം, നമ്മുടെ സ്വാശ്രയത്വത്തിന്മേലുള്ള കനത്ത പ്രഹരവുമാണ്. നമ്മുടെ മനസ്സിലേക്ക് എളുപ്പത്തിൽ കടന്നുവരുന്ന ചിന്ത, എനിക്ക് സഹായം ആവശ്യമില്ല എന്നതാണ്. യേശു പറയുന്നതു വ്യക്തമാണ് “എന്നെ പിരിഞ്ഞു നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല’’ (വാ. 5). ഒരു ശിഷ്യന്റെ പ്രധാന സവിശേഷതകളായ “സ്‌നേഹം, സന്തോഷം, സമാധാനം’’ (ഗലാത്യർ 5:22) എന്നിങ്ങനെയുള്ള ഫലം കായ്ക്കുന്നതിനെക്കുറിച്ചാണ് ക്രിസ്തു സംസാരിക്കുന്നത്.  ഫലം കായ്ക്കുന്നതിനായിട്ടാണ് യേശു നമ്മെ വിളിക്കുന്നത്. അവനിലുള്ള നമ്മുടെ പൂർണ്ണമായ ആശ്രയം ഫലവത്തായ ഒരു ജീവിതം നൽകുന്നു, പിതാവിന്റെ മഹത്വത്തിനായി ജീവിക്കുന്ന ഒരു ജീവിതം! (യോഹന്നാൻ 15:8).