ഞാൻ ഭാര്യയും കൂടെ ഒരിക്കൽ കടൽത്തീരത്തുള്ള, കട്ടിയുള്ള ഭിത്തിയും വലിയ ജനലുകളും ഉള്ള, മനോഹരമായ ഒരു പഴയ ഹോട്ടലിൽ താമസിച്ചു. ഒരു സായാഹ്നത്തിൽ ആ ദേശത്തു ഒരു കൊടുങ്കാറ്റ് ഉണ്ടായി, തിരകൾ ഉയർന്നു, കാറ്റ് ജനൽപ്പാളികളെ ഉലച്ചു. എങ്കിലും ഞങ്ങൾക്ക് ഭയം തോന്നിയില്ല. കാരണം അതിന്റെ ഭിത്തികൾ അത്ര ബലമുള്ളതും ഹോട്ടലിന്റെ അടിത്തറ അതിശക്തവുമായിരുന്നു. പുറത്ത് കൊടുങ്കാറ്റ് അലയടിച്ചപ്പോഴും ഞങ്ങളുടെ മുറി ഒരു അഭയസ്ഥാനം ആയിരുന്നു.

സങ്കേതം എന്നത് ദൈവത്തിൽ തന്നെ ആരംഭിക്കുന്ന ബൈബിളിലെ ഒരു പ്രധാന ആശയമാണ്. “നീ എളിയവന് ഒരു ദുർഗവും ദരിദ്രന് അവന്റെ കഷ്ടത്തിൽ ഒരു കോട്ടയും കൊടുങ്കാറ്റിൽ ഒരു ശരണവും ഉഷ്ണത്തിൽ ഒരു തണലും” എന്നാണ് യെശയ്യാവ് ദൈവത്തെപ്പറ്റി പറയുന്നത് (25:24). അതുപോലെ തന്നെ അഭയം എന്നത് ദൈവജനം ആയിത്തീരേണ്ടതും നല്കേണ്ടതുമാണ്, അത് ഇസ്രായേലിന്റെ സങ്കേതനഗരങ്ങളിലൂടെയോ (സംഖ്യ. 35:6), ആവശ്യത്തിലിരിക്കുന്ന പരദേശികളോട് ആതിഥ്യം കാണിക്കുന്നതിലൂടെയോ ആകാം (ആവർത്തനം 10:19). മാനവികത പ്രതിസന്ധിയിലാകുന്ന ഇന്നത്തെ സാഹചര്യങ്ങളിലും ഈ തത്വങ്ങൾക്ക് നമ്മെ നയിക്കുവാൻ കഴിയും. അങ്ങനെയുള്ള സന്ദർഭങ്ങളിൽ പ്രതിസന്ധിയിലുള്ളവർക്ക് സുരക്ഷിതത്വത്തിനായി നമ്മുടെ സങ്കേതമായ ദൈവം നമ്മെയും മറ്റു ദൈവജനത്തെയും ഉപയോഗിക്കേണ്ടതിനായി പ്രാർത്ഥിക്കാം.

ഞങ്ങളുടെ ഹോട്ടലിൽ ആഞ്ഞടിച്ച കൊടുങ്കാറ്റ് രാവിലെ ഇല്ലായിരുന്നു; കടൽശാന്തമായി, പ്രഭാത സൂര്യൻ ചൂടുപകർന്നു, കടൽക്കാക്കകൾ വെയിലിൽ തിളങ്ങി. ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാകുമ്പോഴും പലായനം സംഭവിക്കുമ്പോഴും ഒക്കെ മനസ്സിൽ സൂക്ഷിക്കാവുന്ന പ്രതീകമായി ഞാൻ ഈ കാര്യം ഓർക്കാറുണ്ട്. (യെശയ്യാവ് 25:4) നമ്മുടെ ദുർഗമായ ദൈവം സുരക്ഷിതത്വവും ഒരു നല്ല നാളെയും പ്രദാനം ചെയ്യും.