പത്തുവയസ്സുള്ള ലിൻ-ലിൻ ഒടുവിൽ ദത്തെടുക്കപ്പെട്ടു, പക്ഷേ അവൾ ഭയചകിതയായിരുന്നു. അവൾ വളർന്ന അനാഥാലയത്തിൽ, ചെറിയ തെറ്റിന് അവൾ ശിക്ഷിക്കപ്പെട്ടു. എന്റെ സുഹൃത്തായിരുന്ന അവളുടെ വളർത്തമ്മയോട് ലിൻ-ലിൻ ചോദിച്ചു: “അമ്മേ, നിങ്ങളെന്നെ സ്‌നേഹിക്കുന്നോ?” സ്‌നേഹിക്കുന്നു എന്ന് എന്റെ സുഹൃത്ത് മറുപടി നൽകിയപ്പോൾ, ലിൻലിൻ ചോദിച്ചു, “ഞാൻ ഒരു തെറ്റ് ചെയ്താൽ, നിങ്ങൾ അപ്പോഴും എന്നെ സ്‌നേഹിക്കുമോ?”

പറയാതെയാണെങ്കിലും, ദൈവത്തെ നിരാശപ്പെടുത്തിയെന്ന് തോന്നുമ്പോൾ നമ്മിൽ ചിലർ ഇതേ ചോദ്യം ചോദിച്ചേക്കാം: “നീ എന്നെ ഇനിയും സ്‌നേഹിക്കുമോ?” നാം ഈ ലോകത്തിൽ ജീവിക്കുന്നിടത്തോളം കാലം നാം പരാജയപ്പെടുകയും ചിലപ്പോൾ പാപം ചെയ്യുകയും ചെയ്യുമെന്ന് നമുക്കറിയാം. എന്റെ തെറ്റുകൾ എന്നോടുള്ള ദൈവത്തിന്റെ സ്‌നേഹത്തെ ബാധിക്കുമോ? എന്നു നാം ആശ്ചര്യപ്പെടുന്നു. 

ദൈവസ്‌നേഹത്തെക്കുറിച്ച് യോഹന്നാൻ 3:16 നമുക്ക് ഉറപ്പുനൽകുന്നു. അവൻ തന്റെ പുത്രനായ യേശുവിനെ നമുക്കുവേണ്ടി മരിക്കാൻ നൽകി, അങ്ങനെ നാം അവനിൽ വിശ്വസിക്കുന്നുവെങ്കിൽ നമുക്ക് നിത്യജീവൻ ലഭിക്കും. എന്നാൽ അവനിൽ വിശ്വാസം അർപ്പിച്ചതിനു ശേഷവും നാം അവനെ പരാജയപ്പെടുത്തിയാലോ? അപ്പോഴാണ് നാം പാപികളായിരിക്കുമ്പോൾ തന്നേ “ക്രിസ്തു നമുക്കുവേണ്ടി മരിച്ചു” എന്നു നാം ഓർക്കേണ്ടത് (റോമർ 5:8). നമ്മുടെ ഏറ്റവും മോശമായ അവസ്ഥയിൽ അവനു നമ്മെ സ്‌നേഹിക്കാൻ കഴിയുമെങ്കിൽ, ഇന്ന് നാം അവന്റെ മക്കളായിരിക്കുമ്പോൾ അവന്റെ സ്‌നേഹത്തെ എങ്ങനെ സംശയിക്കും?

നാം പാപം ചെയ്യുമ്പോൾ, നമ്മുടെ പിതാവ് നമ്മെ സ്‌നേഹപൂർവം തിരുത്തുകയും ശിക്ഷിക്കുകയും ചെയ്യുന്നു. അത് നിരസിക്കലല്ല (8:1); അതാണ് സ്‌നേഹം (എബ്രായർ 12:6). നമ്മോടുള്ള അവന്റെ സ്‌നേഹം സ്ഥിരവും ശാശ്വതവുമാണെന്ന അനുഗൃഹീതമായ ഉറപ്പിൽ വിശ്രമിച്ചുകൊണ്ട് നമുക്ക് ദൈവത്തിന്റെ പ്രിയപ്പെട്ട മക്കളായി ജീവിക്കാം.