ഞാൻ വീട്ടിൽ നിന്ന് കോളേജിലേക്കും പിന്നീട് വീട്ടിലേക്കും ഡ്രൈവ് ചെയ്തിരുന്ന കാലത്ത്, വളരെ ദൂരം വളവും തിരിവും ഇല്ലാത്ത ഞങ്ങളുടെ വീട്ടിലേക്കുള്ള വഴി വളരെ വിരസമായിരുന്നു. ആ വഴിയിൽ ഒന്നിലധികം  തവണ, അനുവദിച്ചത്തിലും വേഗത്തിൽ വാഹനം ഓടിച്ചതായി ഞാൻ മനസ്സിലാക്കി. ആദ്യം, ഹൈവേ പട്രോൾ പോലീസ് എനിക്ക് മുന്നറിയിപ്പ് നൽകി. പിന്നെ ടിക്കറ്റ് കിട്ടി. പിന്നീട് അതേ സ്ഥലത്തു വച്ച് രണ്ടാമത് അവർ എന്നെ പിടിച്ചു.

അനുസരിക്കുവാൻ വിസമ്മതിക്കുന്നത് ദൗർഭാഗ്യകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാം. ഇതിന്റെ ദാരുണമായ ഒരു ദൃഷ്ടാന്തം നല്ലവനും വിശ്വസ്തനുമായ രാജാവായിരുന്ന യോശീയാവിന്റെ ജീവിതത്തിൽ നിന്നുള്ളതാണ്. ബാബേലിനെതിരായ യുദ്ധത്തിൽ അശ്ശൂരിനെ സഹായിക്കുവാൻ  മിസ്രയീംരാജാവായ നെഖോ യെഹൂദപ്രദേശത്തുകൂടി നീങ്ങിയപ്പോൾ, യോശീയാവ് അവനെ നേരിടാൻ പുറപ്പെട്ടു. നെഖോ യോശീയാവിന്റെ അടുക്കൽ ദൂതൻമാരെ അയച്ചു, “ദൈവം എന്നോടു ബദ്ധപ്പെടുവാൻ കല്പിച്ചിരിക്കുന്നു: എന്റെ പക്ഷത്തിലുള്ള ദൈവം നിന്നെ നശിപ്പിക്കാതിരിക്കേണ്ടതിന് അവനോട് ഇടപെടരുത്” (2 ദിനവൃ. 35:21) എന്ന് പറയിച്ചു. ദൈവം ശരിക്കും നെഖോയെ അയച്ചു, എന്നാൽ “നെഖോ പറഞ്ഞ വചനങ്ങളെ കേൾക്കാതെ യോശീയാവ് മെഗിദ്ദോ താഴ്വരയിൽ യുദ്ധം ചെയ്‍വാൻ ചെന്നു” (വാ.22). ആ യുദ്ധത്തിൽ യോശീയാവ് മാരകമായി പരിക്കേറ്റു മരിക്കുവാനിടയായി. “എല്ലാ യെഹൂദായും യെരുശലേമും അവനെകുറിച്ച് വിലപിച്ചു” (വാ.24).

ദൈവത്തെ സ്നേഹിച്ചിരുന്ന യോശീയാവ്, ദൈവത്തെ കേൾക്കാനോ മറ്റുള്ളവരിലൂടെ അവിടുത്തെ ജ്ഞാനം കേൾക്കാനോ സമയമെടുക്കാതെ സ്വന്തം വഴിയിൽ ഉറച്ചുനിന്നത് ഒരിക്കലും നല്ല രീതിയിൽ അവസാനിക്കില്ലെന്ന് ഒടുവിൽ കണ്ടെത്തി. എല്ലായ്പോഴും നമ്മെത്തന്നെ പരിശോധിക്കാനും അവിടുത്തെ ജ്ഞാനം ഹൃദയത്തിൽ എടുക്കാനും ആവശ്യമായ താഴ്മ ദൈവം നമുക്ക്‌ നൽകട്ടെ.