ഫ്രെഡ്രിക് ബ്രൗണിന്റെ ചെറുകഥാ ത്രില്ലറായ “മുട്ട്” (knock)-ൽ അദ്ദേഹം എഴുതി, “ഭൂമിയിലെ അവസാനത്തെ മനുഷ്യൻ ഒരു മുറിയിൽ ഒറ്റയ്ക്ക് ഇരുന്നു. വാതിലിൽ ഒരു മുട്ട് കേട്ടു.” – അയ്യോ! അത് ആരായിരിക്കാം, അവർക്കെന്താണ് വേണ്ടത്? ഏത് നിഗൂഢ ജീവിയാണ് അയാളെ തേടി വന്നത്? ആ മനുഷ്യൻ തനിച്ചായിരുന്നില്ല.

നാമും തനിച്ചല്ല.

ലവൊദിക്യയിലെ സഭ അവരുടെ വാതിലിൽ ഒരു മുട്ട് കേട്ടു (വെളി. 3:20). ഏത് അമാനുഷിക വ്യക്തിയാണ് അവർക്കായി വന്നത്? അവന്റെ നാമം യേശു എന്നായിരുന്നു. അവൻ “ആദ്യനും അന്ത്യനും ജീവനുള്ളവനും” (1:17-18) ആയിരുന്നു. അവന്റെ കണ്ണുകൾ അഗ്നിപോലെ ജ്വലിച്ചു, “അവന്റെ മുഖം സൂര്യൻ ശക്തിയോടെ പ്രകാശിക്കുന്നതു പോലെ ആയിരുന്നു” (വാ.16). ഉറ്റസ്നേഹിതനായ യോഹന്നാൻ ക്രിസ്തുവിന്റെ മഹത്വത്തിന്റെ ഒരു നേർക്കാഴ്ച്ച കണ്ടപ്പോൾ, “മരിച്ചവനെപ്പോലെ അവന്റെ കാല്ക്കൽ വീണു” (വാ.17). ക്രിസ്തുവിലുള്ള വിശ്വാസം ദൈവഭയത്തോടുകൂടി ആരംഭിക്കുന്നു.

നാം ഒറ്റയ്ക്കല്ല, എന്നത് ആശ്വാസകരമാണ്. യേശു “[ദൈവത്തിന്റെ] തേജസ്സിന്റെ പ്രഭയും തത്ത്വത്തിന്റെ മുദ്രയും സകലത്തെയും തന്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നവനും” ആണ് (എബ്രാ. 1:3). എങ്കിലും ക്രിസ്തു തന്റെ ശക്തി ഉപയോഗിക്കുന്നത് നമ്മെ നശിപ്പിക്കാനല്ല, മറിച്ച് നമ്മെ സ്നേഹിക്കാനാണ്. അവന്റെ ക്ഷണം കേൾക്കൂ, “ഞാൻ വാതിൽക്കൽനിന്നു മുട്ടുന്നു; ആരെങ്കിലും എന്റെ ശബ്ദം കേട്ടു വാതിൽ തുറന്നാൽ ഞാൻ അവന്റെ അടുക്കൽ ചെന്ന് അവനോടും അവൻ എന്നോടുംകൂടെ അത്താഴം കഴിക്കും” (വെളി. 3:20). നമ്മുടെ വിശ്വാസം ഭയത്തോടെ ആരംഭിക്കുന്നു – ആരാണ് വാതിൽക്കൽ മുട്ടുന്നത്? – എന്നാൽ അത് ഒരു ഊഷ്മളമായ സ്വാഗതത്തിലും ശക്തമായ ആലിംഗനത്തിലും അവസാനിക്കുന്നു. ഭൂമിയിലെ അവസാനത്തെ വ്യക്തിയാണെങ്കിൽ പോലും നമ്മോടു കൂടെ എപ്പോഴും ഉണ്ടാകുമെന്ന് യേശു വാഗ്ദാനം ചെയ്യുന്നു. ദൈവത്തിനു നന്ദി, നാം തനിച്ചല്ല.