“കർത്താവേ, എന്നെ അവിടെയൊഴിച്ച് മറ്റെവിടെ വേണമെങ്കിലും അയയ്ക്കൂ.” വിദേശ കൈമാറ്റ വിദ്യാർഥിയായുള്ള ഒരു വർഷം ആരംഭിക്കുന്നതിനുമുമ്പ് കൗമാരക്കാരനായ എന്റെ പ്രാർഥന അതായിരുന്നു. ഞാൻ എങ്ങോട്ടാണ് പോകുന്നതെന്ന് എനിക്കറിയില്ലായിരുന്നു, പക്ഷേ ഞാൻ അവിടെ പോകാൻ ആഗ്രഹിക്കുന്നില്ലെന്ന് എനിക്കറിയാമായിരുന്നു. ഞാൻ ആ രാജ്യത്തിന്റെ ഭാഷ സംസാരിച്ചില്ല, എന്റെ മനസ്സ് അവിടുത്തെ ആചാരങ്ങൾക്കും ജനങ്ങൾക്കും എതിരായ മുൻവിധികളാൽ നിറഞ്ഞിരുന്നു. അതുകൊണ്ട് എന്നെ മറ്റൊരിടത്തേക്ക് അയയ്ക്കാൻ ഞാൻ ദൈവത്തോട് ആവശ്യപ്പെട്ടു.

എന്നാൽ ദൈവം തന്റെ അനന്തമായ ജ്ഞാനത്താൽ ഞാൻ പോകരുതെന്ന് ആഗ്രഹിച്ചിടത്തേക്ക് കൃത്യമായി എന്നെ അയച്ചു. അവിടുന്നു അന്ന് അതു ചെയ്തതിൽ എനിക്കിന്നു വളരെ സന്തോഷമുണ്ട്! നാൽപതു വർഷങ്ങൾക്കു ശേഷവും ആ നാട്ടിൽ എനിക്ക് പ്രിയപ്പെട്ട സുഹൃത്തുക്കളുണ്ട്. ഞാൻ വിവാഹിതനായപ്പോൾ, എന്റെ ”ബെസ്റ്റ്മാൻ” സ്റ്റെഫാൻ അവിടെ നിന്നാണ് വന്നത്. അവൻ വിവാഹിതനായപ്പോൾ പ്രത്യുപകാരം ചെയ്യാൻ ഞാൻ അങ്ങോട്ട് പറന്നു. ഞങ്ങൾ ഉടൻ മറ്റൊരു സന്ദർശനം കൂടി പ്ലാൻ ചെയ്യുന്നു.

ദൈവം ഹൃദയങ്ങളെ മാറ്റുമ്പോൾ മനോഹരമായ കാര്യങ്ങൾ സംഭവിക്കുന്നു! അത്തരം ഒരു പരിവർത്തനം വെറും രണ്ട് വാക്കുകളിൽ ചിത്രീകരിച്ചിരിക്കുന്നു: ”ശൗലേ, സഹോദരാ” (അപ്പൊ. പ്രവൃത്തി. 9:17).

ശൗലിന്റെ പരിവർത്തനത്തിനു ശേഷം അവന്റെ കാഴ്ച്ചയെ സൗഖ്യമാക്കുവാൻ ദൈവം വിളിച്ച അനന്യാസ് എന്ന വിശ്വാസിയിൽ നിന്നുള്ളതായിരുന്നു ആ വാക്കുകൾ (വാ.10-12). ശൗലിന്റെ അക്രമാസക്തമായ ഭൂതകാലം നിമിത്തം അനന്യാസ് ആദ്യം എതിർത്തു പ്രാർഥിച്ചു: “ആ മനുഷ്യൻ… നിന്റെ വിശുദ്ധന്മാർക്ക് എത്ര ദോഷം ചെയ്തു എന്ന് പലരും പറഞ്ഞു ഞാൻ കേട്ടിരിക്കുന്നു” (വാ.13).

എന്നാൽ അനന്യാസ് അനുസരണയോടെ പോയി. അവന്റെ ഹൃദയം മാറിയതിനാൽ, അനന്യാസ് വിശ്വാസത്തിൽ ഒരു പുതിയ സഹോദരനെ സമ്പാദിച്ചു. ശൗൽ പൗലൊസ് എന്നറിയപ്പെട്ടു, യേശുവിന്റെ സുവാർത്ത ശക്തിയോടെ പരന്നു. യഥാർത്ഥ മാറ്റം അവനിലൂടെ എല്ലായ്പോഴും സാധ്യമാണ്!