ഒരു സൈക്യാട്രിസ്റ്റിന്റെ ഉപദേശക കോളത്തിൽ, ബ്രെൻഡ എന്ന വായനക്കാരി അവളുടെ അഭിലാഷങ്ങൾ അവളെ അതൃപ്തിയിലാക്കിയെന്ന് വിലപിച്ചു. അദ്ദേഹം അവളോട് പ്രതികരിച്ച രീതി മൂർച്ചയുള്ളതായിരുന്നു. മനുഷ്യർ സന്തുഷ്ടരായിരിക്കാൻ രൂപകൽപ്പന ചെയ്തിട്ടില്ല, “അതിജീവിക്കാനും പുനരുൽപ്പാദിപ്പിക്കാനും മാത്രം” അദ്ദേഹം പറഞ്ഞു. സംതൃപ്തി എന്ന “നമ്മെ കളിപ്പിക്കുന്നതും പിടികിട്ടാത്തതുമായ ചിത്രശലഭത്തെ” പിന്തുടരാൻ നാം വിധിക്കപ്പെട്ടിരിക്കുന്നു, “എല്ലായ്പ്പോഴും അതിനെ പിടിച്ചെടുക്കാൻ സാധ്യമല്ല” അദ്ദേഹം കൂട്ടിച്ചേർത്തു.

മനോരോഗവിദഗ്ദന്റെ നിശിതമായ വാക്കുകൾ വായിച്ച് ബ്രെൻഡയ്ക്ക് എങ്ങനെ തോന്നിയെന്നും പകരം സങ്കീർത്തനം 131 വായിച്ചപ്പോൾ അവൾക്ക് എത്ര വ്യത്യസ്തമായി തോന്നിയിരിക്കാമെന്നും ഞാൻ ചിന്തിച്ചു. അതിൽ, സംതൃപ്തി എങ്ങനെ കണ്ടെത്താം എന്നതിനെക്കുറിച്ചുള്ള ഒരു മാർഗനിർദ്ദേശകമായ പ്രതിഫലനം ദാവീദ് നൽകുന്നു. അവൻ തന്റെ രാജകീയ അഭിലാഷങ്ങൾ മാറ്റിവച്ചു താഴ്മയുടെ ഭാവത്തിൽ ആരംഭിക്കുന്നു, ജീവിതത്തിന്റെ വലിയ ചോദ്യങ്ങളുമായി മല്ലിടുന്നത് പ്രധാനമാണെങ്കിലും, അവൻ അവയും മാറ്റി വയ്ക്കുന്നു (വാ.1). തുടർന്ന് അവൻ ദൈവ മുമ്പാകെ തന്റെ ഹൃദയത്തെ ശാന്തമാക്കുന്നു (വാ.2), ഭാവിയെ അവിടുത്തെ കൈകളിൽ ഏൽപിക്കുന്നു (വാ.3). ഫലം എത്ര മനോഹരമാണ്: “തന്റെ അമ്മയുടെ അടുക്കൽ മുലകുടി മാറിയ പൈതൽ എന്നപോലെ എന്റെ പ്രാണൻ എന്റെ അടുക്കൽ മുലകുടി മാറിയതുപോലെ ആകുന്നു,” (വാ.2) അവൻ പറയുന്നു.

നമ്മുടേതുപോലുള്ള തകർന്ന ലോകത്ത്, സംതൃപ്തി ചില സമയങ്ങളിൽ വഴുതിപോകുന്നതായി അനുഭവപ്പെടും. ഫിലിപ്പിയർ 4:11-13 ൽ അപ്പൊസ്തലനായ പൗലൊസ് പറഞ്ഞു, സംതൃപ്തി പഠിക്കേണ്ട ഒന്നാണ് എന്ന്. എന്നാൽ നാം “അതിജീവിക്കാനും പുനരുൽപാദിപ്പിക്കാനും” മാത്രമായി രൂപകൽപന ചെയ്യപ്പെട്ടതാണെന്ന് വിശ്വസിക്കുന്നുവെങ്കിൽ, സംതൃപ്തി തീർച്ചയായും ഒരു പിടികിട്ടാത്ത ശലഭമായിരിക്കും. ദാവീദ് നമുക്ക് മറ്റൊരു വഴി കാണിച്ചു തരുന്നു: ദൈവസന്നിധിയിൽ നിശബ്ദമായി വിശ്രമിക്കുന്നതിലൂടെ സംതൃപ്തി നേടുക.