ഭാരം ലഘൂകരിക്കുക
ആ ദിവസം ഹോസ്പിറ്റലിൽ തിരക്കുപിടിച്ചതായിരുന്നു. പത്തൊൻപതു വയസ്സുകാരനായ സമർത്ഥനായ ഒരു ചെറുപ്പക്കാരനെ ബാധിച്ച അസുഖത്തെക്കുറിച്ച് അപ്പോഴും ഉത്തരം ലഭിച്ചില്ല. ഭവനത്തിലെത്തിയ കുടുംബത്തിനു നിരാശ തോന്നി. അവരെ അത്ഭുതപ്പെടുത്തിക്കൊണ്ട്, മുൻവശത്ത് യെശയ്യാവ് 43:2 എന്നു അച്ചടിച്ച, മനോഹരമായി അലങ്കരിച്ച ഒരു പെട്ടി അവരുടെ വാതിൽപ്പടിയിൽ ഇരുപ്പുണ്ടായിരുന്നു. സുഹൃത്തുക്കൾ കൈകൊണ്ട് എഴുതിയ ധൈര്യം പകരുന്ന വിവിധങ്ങളായ വേദപുസ്തക വാക്യങ്ങളായിരുന്നു അതിനുള്ളിൽ ഉണ്ടായിരുന്നത്. തിരുവെഴുത്തുകളാലും കുടുംബാംഗങ്ങളുടെ സുഹൃത്തുക്കളുടെ കരുതലുള്ള പ്രവർത്തിയാലും ധൈര്യപ്പെട്ടുകൊണ്ടു അടുത്ത കുറച്ചു മണിക്കൂറുകൾ അവർ ചിലവഴിച്ചു.
കഠിനമായ സമയങ്ങളിലൂടെയോ കുടുംബപരമായ വെല്ലുവിളികളിലൂടെയോ കടന്നുപോകുന്ന വ്യക്തികളെ സംബന്ധിച്ചു ഹൃദയംഗമമായ ഒരു ഉത്തേജനം എല്ലായ്പ്പോഴും ആവശ്യമാണ്. തിരുവെഴുത്തുകൾക്ക്—ഒരു വലിയ ഭാഗത്തിനോ അല്ലെങ്കിൽ ഒരു വാക്യത്തിനോ—നിങ്ങൾക്കോ ഒരു സുഹൃത്തിനോ കുടുംബാംഗത്തിനോ ധൈര്യം പകരാൻ കഴിയും. വ്യക്തിഗതമായോ സമൂഹമായോ സ്വീകരിക്കാവുന്ന ചെറിയ ചെറിയ ധൈര്യപ്പെടുത്തലുകൾ നിറഞ്ഞതാണ് യെശയ്യാവു 43. തിരഞ്ഞെടുക്കപ്പെട്ട ചില ആലോചനകൾ പരിഗണിക്കാം: ദൈവം “നിങ്ങളെ സൃഷ്ടിച്ചു,” “നിങ്ങളെ നിർമ്മിച്ചു,” “നിങ്ങളെ വീണ്ടെടുത്തു”, നിങ്ങളെ “പേർ ചൊല്ലി” വിളിച്ചു (വാ. 1). ദൈവം “നിന്നോടുകൂടി ഇരിക്കും” (വാ. 2), അവൻ “യിസ്രായേലിന്റെ പരിശുദ്ധനും” നമ്മുടെ “രക്ഷകനും” (വാ. 3) ആകുന്നു.
ദൈവത്തിന്റെ വാഗ്ദത്തങ്ങൾ നിങ്ങൾ പരിഗണിക്കുന്ന വേളയിൽ, അവ നിങ്ങൾക്കു ധൈര്യം പകരുമാറാക്കട്ടെ. നിങ്ങൾക്ക് ആവശ്യമുള്ളത് അവൻ നൽകുന്നതിനാൽ മറ്റൊരാൾക്കു ധൈര്യം പകരാൻ നിങ്ങൾക്കു കഴിയും. വാക്യങ്ങൾ നിറച്ച പെട്ടി അധികം ചിലവുള്ള ഒന്നല്ലെങ്കിലും അതിന്റെ സ്വാധീനം വിലമതിക്കാൻ കഴിയാത്തതായിരുന്നു. അഞ്ചു വർഷത്തിനു ശേഷവും, ആ വേദവാക്യ കാർഡുകളിൽ ചിലത് ഇപ്പോഴും കുടുംബത്തിന്റെ പ്രിയപ്പെട്ടതാണ്.
ഫാസ്റ്റ്-ഫുഡ് പ്രോത്സാഹനം
മധ്യേഷ്യയിൽ ഒരുമിച്ച് വളർന്ന ബഹീറും മെദറ്റും ഉറ്റസുഹൃത്തുക്കളായിരുന്നു. എന്നാൽ ബഹീർ യേശുവിൽ വിശ്വസിക്കാൻ ആരംഭിച്ചതോടെ എല്ലാം മാറിമറിഞ്ഞു. ഇതേപ്പറ്റി ഗവൺമെന്റ് അധികാരികളെ മെദറ്റ് അറിയിച്ചതോട, ബഹീർ കഠിനമായ പീഡനം സഹിക്കേണ്ടിവന്നു. “ഈ വായ് ഇനി ഒരിക്കലും യേശുവിന്റെ നാമം പറയില്ല” എന്ന് കാവൽക്കാരൻ അലറി. ക്രിസ്തുവിനെക്കുറിച്ച് സംസാരിക്കുന്നതു നിങ്ങൾക്കു തടയാൻ കഴിഞ്ഞെക്കാം. പക്ഷേ, “അവൻ എന്റെ ഹൃദയത്തിൽ ചെയ്തതിനെ മാറ്റാൻ” അവർക്ക് ഒരിക്കലും കഴിയില്ല എന്നു ഒരുപാടു രക്തം ചൊരിയേണ്ടിവന്നെങ്കിലും ബഹീറിന് പറയാൻ കഴിഞ്ഞു.
ആ വാക്കുകൾ മെദറ്റിന്റെ മനസ്സിൽ കിടന്നു. ഏതാനും മാസങ്ങൾക്കുശേഷം, അസുഖവും നഷ്ടവും അനുഭവിച്ച മെദറ്റ്, ജയിൽ മോചിതനായ ബഹീറിനെ തേടി യാത്രയായി. തന്റെ അഹന്തയിൽ നിന്നു തിരിഞ്ഞ്, തനിക്കും യേശുവിനെ പരിചയപ്പെടുത്തി തരാൻ അവൻ തന്റെ സുഹൃത്തിനോട് അപേക്ഷിച്ചു.
പെന്തെക്കൊസ്തു പെരുന്നാളിൽ പത്രൊസിനു ചുറ്റും കൂടിയിരുന്നവർ ദൈവകൃപ ചൊരിയുന്നതു കാണുകയും ക്രിസ്തുവിനെക്കുറിച്ചുള്ള പത്രൊസിന്റെ സാക്ഷ്യം കേൾക്കുകയും ചെയ്തതു മൂലം “ഹൃദയത്തിൽ കുത്തുകൊണ്ടു” (പ്രവൃത്തികൾ 2:37) പ്രവർത്തിച്ചതുപോലെ പരിശുദ്ധാത്മ പ്രേരണയിൽ മെദറ്റും പ്രവർത്തിച്ചു. മാനസാന്തരപ്പെട്ടു യേശുവിന്റെ നാമത്തിൽ സ്നാനം ഏൽക്കാൻ പത്രൊസ് ജനത്തെ ആഹ്വാനം ചെയ്തു. മൂവായിരത്തോളം പേർ അന്നു സ്നാനം ഏറ്റു. അവർ തങ്ങളുടെ പഴയ ജീവിതരീതികൾ ഉപേക്ഷിച്ചതുപോലെ, മെദറ്റും അനുതപിച്ചു രക്ഷകനെ അനുഗമിച്ചു.
അവനിൽ വിശ്വസിക്കുന്ന ഏവർക്കും യേശുവിലുള്ള പുതുജീവന്റെ ദാനം ലഭ്യമാണ്. എന്തുതന്നെ നാം ചെയ്തിരുന്നാലും, അവനിൽ ആശ്രയിക്കുമ്പോൾ പാപമോചനം നമുക്ക് ആസ്വദിക്കാനാകും.
ദൈവത്തിന്റെ ഉറപ്പായ പിന്തുടരൽ
ഒരു സ്വകാര്യ വാഹന ഡ്രൈവർ എന്ന നിലയിൽ തന്റെ ജോലി നൽകുന്ന സ്വാതന്ത്ര്യവും വഴക്കവും സ്റ്റാൻലിക്ക് ഇഷ്ടമായിരുന്നു. അതിന്റെ പല ഗുണങ്ങളിലൊന്നായിരുന്നു, തനിക്കു എപ്പോൾ വേണമെങ്കിലും ജോലി ആരംഭിക്കാനും നിർത്താനും കഴിയും എന്നതു. കൂടാതെ, തന്റെ സമയത്തിനും പോക്കുവരവുകൾക്കും ആരോടും കണക്കു പറയേണ്ടതുമില്ലായിരുന്നു. എന്നിട്ടും, വിരോധാഭാസമായി, അതായിരുന്നു ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഗമെന്ന് അദ്ദേഹം പറയുന്നു.
“ഈ ജോലിയിൽ, വിവാഹേതര ബന്ധം ആരംഭിക്കുക വളരെ എളുപ്പമാണ്,” അദ്ദേഹം തുറന്നു സമ്മതിച്ചു. “എല്ലാത്തരം യാത്രക്കാരെയും ഞാൻ എടുക്കാറുണ്ട്, എന്നിട്ടും ഓരോ ദിവസവും ഞാൻ എവിടെയാണെന്ന് എന്റെ ഭാര്യ ഉൾപ്പെടെ ആർക്കും അറിയില്ല.” ചെറുത്തുനിൽക്കാൻ എളുപ്പമുള്ള ഒരു പ്രലോഭനമല്ല അത്. തന്റെ സഹപ്രവർത്തകരിൽ പലരും അതിൽ അകപ്പെട്ടുപ്പോയി, അദ്ദേഹം വിശദീകരിച്ചു. “ദൈവം എന്തു വിചാരിക്കും, എന്റെ ഭാര്യയ്ക്ക് എന്തു തോന്നും എന്നതിനെക്കുറിച്ചുള്ള ആലോചനയാണ് എന്നെ അതിൽനിന്നു തടയുന്നത്,” അദ്ദേഹം പറഞ്ഞു.
നമ്മെ ഓരോരുത്തരെയും സൃഷ്ടിച്ച നമ്മുടെ ദൈവത്തിനു നമ്മുടെ ബലഹീനതകളും ആഗ്രഹങ്ങളും നാം എത്ര എളുപ്പത്തിൽ പരീക്ഷിക്കപ്പെടുന്നുവെന്നും അറിയാം. എന്നാൽ 1 കൊരിന്ത്യർ 10:11-13 നമ്മെ ഓർമ്മപ്പെടുത്തുന്നതുപോലെ, നമുക്ക് അവനോടു സഹായം അപേക്ഷിക്കാം. “മനുഷ്യർക്കു നടപ്പല്ലാത്ത പരീക്ഷ നിങ്ങൾക്കു നേരിട്ടിട്ടില്ല; ദൈവം വിശ്വസ്തൻ,” പൗലൊസ് പറയുന്നു. “നിങ്ങൾക്കു സഹിപ്പാൻ കഴിയേണ്ടതിന്നു പരീക്ഷയോടുകൂടെ അവൻ പോക്കുവഴിയും ഉണ്ടാക്കും” (വാ. 13). അനന്തരഫലങ്ങളെക്കുറിച്ചുള്ള ആരോഗ്യകരമായ ഭയം, കുറ്റബോധമുള്ള മനസ്സാക്ഷി, തിരുവെഴുത്തിനെക്കുറിച്ചുള്ള ഓർമ്മ, സമയോചിതമായ ശ്രദ്ധ തിരിയൽ അങ്ങനെ മറ്റെന്തെങ്കിലും ആകാം ആ “പോക്കുവഴി”. നാം ബലത്തിനായി ദൈവത്തോട് അപേക്ഷിക്കുമ്പോൾ, നമ്മെ പരീക്ഷിക്കുന്ന കാര്യങ്ങളിൽ നിന്ന് പരിശുദ്ധാത്മാവു നമ്മുടെ കണ്ണുകളെ തിരിച്ചുകളഞ്ഞ്, നമുക്കു നൽകിയിരിക്കുന്ന പോക്കുവഴിയിലേക്കു നോക്കാൻ അവൻ നമ്മെ സഹായിക്കുന്നു.
വലിയ പ്രതീക്ഷകൾ
അന്താരാഷ്ട്ര അതിഥികളുടെ സംസ്കാരങ്ങൾ ആഘോഷിക്കുന്നതിന്റെ ഭാഗമായി ഞങ്ങളുടെ സഭയിൽ ഒരു ക്രിസ്തുമസ് വിരുന്നു നടക്കുകയായിരുന്നു. പരമ്പരാഗത പശ്ചിമേഷ്യ കരോൾ ഗാനമായ “ലൈലത്ത് അൽ-മിലാദ്” ഒരു സംഗീത സംഘം ആലപിച്ചപ്പോൾ, ഞാൻ ദർബുകയുടെയും (ഒരു തരം വാദ്യോപകരണം) ഔദിന്റെയും (ഗിറ്റാർ പോലുള്ള ഉപകരണം) മേളത്തിനൊപ്പം സന്തോഷത്തോടെ കൈകൊട്ടി. ആ ഗാനത്തിന്റെ അർത്ഥം “ക്രിസ്തുവിന്റെ ജനന രാത്രി” എന്നാണെന്നു സംഘത്തിലെ ഗായകൻ വിശദീകരിച്ചു. ദാഹിക്കുന്ന ഒരാൾക്കു വെള്ളം നൽകുകയോ കരയുന്ന ഒരാളെ ആശ്വസിപ്പിക്കുകയോ പോലെയുള്ള മാർഗ്ഗങ്ങളിലുടെ മറ്റുള്ളവരെ ശുശ്രൂഷിക്കുന്നതിലാണ് ക്രിസ്തുമസിന്റെ ആത്മാവു കാണപ്പെടുന്നതെന്നു ആ വരികൾ ശ്രോതാക്കളെ ഓർമ്മിപ്പിക്കുന്നു.
തന്നെ അനുഗമിക്കുന്നവർ തനിക്കുവേണ്ടി ചെയ്ത പ്രവൃത്തികൾക്കു യേശു അവരെ പ്രശംസിക്കുന്ന ഒരു ഉപമയിൽ നിന്നായിരിക്കാം ഈ കരോൾ ഗാനം ആശയമെടുത്തിരിക്കുന്നത്: അവനു വിശന്നപ്പോൾ ഭക്ഷണം നൽകി, ദാഹിച്ചപ്പോൾ കുടിപ്പാൻ കൊടുത്തു, രോഗിയും തനിച്ചും ആയിരുന്നപ്പോൾ സഹവാസവും പരിചരണവും നൽകി (മത്തായി 25:34-36). യേശുവിന്റെ പ്രശംസാവചനം സ്വീകരിക്കുന്നതിനുപകരം, തങ്ങൾ യഥാർത്ഥത്തിൽ ക്രിസ്തുവിനുവേണ്ടി ഇപ്പറഞ്ഞ കാര്യങ്ങൾ ചെയ്തിട്ടില്ലെന്നു ചിന്തിച്ചുകൊണ്ട്, ഉപമയിൽ പറഞ്ഞിരിക്കുന്ന വ്യക്തികൾ ആശ്ചര്യപ്പെടുന്നു. “എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തന്നു നിങ്ങൾ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു…” (വാ. 40) എന്നു അവൻ പ്രത്യുത്തരം നൽകി.
അവധിക്കാലത്ത്, ക്രിസ്തുമസിന്റെ ആത്മാവിനെ ഏറ്റെടുക്കാനുള്ള പ്രോത്സാഹനം പലപ്പോഴും ഒരു ഉത്സവ മനോഭാവം പ്രകടിപ്പിക്കാനുള്ള പ്രേരണയാണ്. മറ്റുള്ളവരെ പരിപാലിക്കുന്നതിലൂടെ യഥാർത്ഥ ക്രിസ്തുമസ് ചൈതന്യം നമുക്ക് പ്രായോഗത്തിൽ വരുത്താൻ കഴിയുമെന്നാണ് “ലൈലത്ത് അൽ-മിലാദ്” നമ്മെ ഓർമ്മിപ്പിക്കുന്നത്. അപ്രകാരം നാം ചെയ്യുമ്പോൾ, നാം മറ്റുള്ളവരെ മാത്രമല്ല, അതിശയകരമായി, യേശുവിനെയും ശുശ്രൂഷിക്കുന്നു.
പ്രതിദിന ആശ്രിതത്വം
യേശുവിലുള്ള ഒരു യുവ വിശ്വാസി എന്ന നിലയിൽ, ഞാൻ എന്റെ പുതിയ വേദപുസ്തകമെടുത്തു പരിചിതമായ ഒരു തിരുവെഴുത്ത് വായിച്ചു: “യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും…” (മത്തായി 7:7). നാം യഥാർത്ഥത്തിൽ ദൈവത്തോടു യാചിക്കേണ്ടത് അവന്റെ ഹിതത്തോടു നമ്മുടെ ഇഷ്ടം പൊരുത്തപ്പെടുന്നുണ്ടോ എന്നറിഞ്ഞിട്ടായിരിക്കണമെന്നു വ്യാഖ്യാനം വിശദീകരിക്കുന്നു. അവന്റെ ഹിതം നടക്കാനായി ആഗ്രഹിക്കുന്നതിലൂടെ, നാം യാചിക്കുന്നതു ലഭിക്കുമെന്നുള്ള ഉറപ്പു നമുക്കു നേടിയെടുക്കാം സാധിക്കും. അത് എന്നെ സംബന്ധിച്ച് ഒരു പുതിയ ആശയമായിരുന്നു. എന്റെ ജീവിതത്തിൽ ദൈവഹിതം നടക്കാൻ ഞാൻ പ്രാർത്ഥിച്ചു.
അതേ ദിവസം തന്നെ, ഞാൻ ഇതിനകം എന്റെ മനസ്സിൽ നിരസിച്ച ഒരു ജോലിക്കുള്ള അവസരത്തെക്കുറിച്ച് ഞാൻ അതിശയകരമാംവിധം ആവേശഭരിതനായി. എന്റെ പ്രാർത്ഥനയെക്കുറിച്ചു ഞാൻ ഓർമ്മിച്ചു. ഒരുപക്ഷെ, ഞാൻ ആഗ്രഹിക്കാഞ്ഞത് യഥാർത്ഥത്തിൽ എന്റെ ജീവിതത്തോടുള്ള ബന്ധത്തിൽ ദൈവഹിതത്തിന്റെ ഭാഗമായിരുന്നു. ഞാൻ പ്രാർത്ഥന തുടർന്നു. ഒടുവിൽ ആ ജോലി ഞാൻ സ്വീകരിച്ചു.
കൂടുതൽ ഗഹനവും ശാശ്വത പ്രാധാന്യമുള്ളതുമായ ഒരു നിമിഷത്തിൽ, യേശു നമുക്കായി ഇതു മാതൃകയാക്കി. തന്റെ ക്രൂശീകരണത്തിലേക്കു നയിച്ച ഒറ്റിക്കൊടുക്കലിനും പിടിക്കപ്പെടലിനും മുമ്പ്, അവൻ ഇപ്രകാരം പ്രാർത്ഥിച്ചു: “പിതാവേ, നിനക്കു മനസ്സുണ്ടെങ്കിൽ ഈ പാനപാത്രം എങ്കൽ നിന്നു നീക്കേണമേ; എങ്കിലും എന്റെ ഇഷ്ടമല്ല നിന്റെ ഇഷ്ടം തന്നെ ആകട്ടെ…” (ലൂക്കൊസ് 22:42). ശാരീരികവും വൈകാരികവുമായ വേദനയെ അഭിമുഖീകരിച്ച ആ വേളയിൽ ക്രിസ്തുവിന്റെ പ്രാർത്ഥനയിൽ മനഃപീഡയും കഠിനദുഃഖവും നിറഞ്ഞിരുന്നു (വാ. 44). എന്നിട്ടും ദൈവഹിതം നിറവേറാൻ “ആത്മാർത്ഥമായി” പ്രാർത്ഥിക്കാൻ അവനു കഴിഞ്ഞു.
എന്റെ ജീവിതത്തെ സംബന്ധിച്ചുള്ള ദൈവഹിതം എന്റെ ആത്യന്തിക പ്രാർത്ഥനയായി മാറി. എനിക്ക് ആഗ്രഹമുണ്ടെന്നോ ആവശ്യമുണ്ടോ എന്നുപോലും എനിക്ക് അറിയാത്ത അറിയാത്ത കാര്യങ്ങൾ ഞാൻ ആഗ്രഹിച്ചേക്കാം എന്നാണ് ഇതിനർത്ഥം. ഞാൻ ആദ്യം ആഗ്രഹിക്കാതിരുന്ന ജോലി ക്രൈസ്തവ പ്രസിദ്ധീകരണ രംഗത്തെ എന്റെ യാത്രയുടെ തുടക്കമായി മാറി. തിരിഞ്ഞു നോക്കുമ്പോൾ, ദൈവഹിതം നിറവേറ്റപ്പെട്ടുവെന്നു ഞാൻ വിശ്വസിക്കുന്നു.