
സ്നേഹം പ്രവൃത്തിയിൽ
നന്മചെയ്വാനും കൂട്ടായ്മ കാണിപ്പാനും മറക്കരുതു. ഈവക യാഗത്തിലല്ലോ ദൈവം പ്രസാദിക്കുന്നത്. [ എബ്രായർ 13:16 ]
സ്നേഹം പ്രവൃത്തിയിൽ
ഒരു മാതാവ് തന്റെ മകളുമൊത്ത് അഞ്ചു വർഷത്തിലേറെയായി പ്രായമേറിയ ഒരു വ്യക്തിയുടെ അടുത്ത വീട്ടിൽ താമസിച്ചിരുന്നു. ഒരു ദിവസം, അവളുടെ ക്ഷേമത്തിൽ ഉത്കണ്ഠയോടെ, അയൽവാസി അവളുടെ വാതിലിൽ മുട്ടിവിളിച്ചു. “ഒരാഴ്ചയായി ഞാൻ നിങ്ങളെ കണ്ടിട്ട്,” അദ്ദേഹം പറഞ്ഞു. “നിങ്ങൾ ക്ഷേമമായിരിക്കുന്നോ എന്ന് അന്വേഷിക്കാൻ വന്നതാണു ഞാൻ.” അദ്ദേഹത്തിന്റെ “ക്ഷേമാന്വേഷണം” അവളെ ധൈര്യപ്പെടുത്തി. ചെറുപ്പത്തിൽ തന്നെ തന്റെ പിതാവിനെ നഷ്ടപ്പെട്ടതിനാൽ, തന്നെയും കുടുംബത്തെയും കുറിച്ചു കരുതലുള്ള ദയാലുവായ ആ മനുഷ്യനെ അവൾ വിലമതിച്ചു.
സൗജന്യമായി നൽകാനും സ്വീകരിക്കുമ്പോൾ വിലമതിക്കാനുമാകാത്ത ദയ എന്ന ദാനം ഉപയോഗിച്ചുകൊണ്ടു കേവലം നല്ല പെരുമാറ്റം എന്നതിനപ്പുറത്തേക്കു പോകുമ്പോൾ, ക്രിസ്തുവിന്റെ സ്നേഹം പങ്കിട്ടുകൊണ്ടു നാം മറ്റുള്ളവരെ ശുശ്രൂഷിക്കുകയാണ് ചെയ്യുന്നത്. യേശുവിൽ വിശ്വസിക്കുന്നവർ “നാം ദൈവത്തിന്നു അവന്റെ നാമത്തെ ഏറ്റു പറയുന്ന അധരഫലം എന്ന സ്തോത്രയാഗം ഇടവിടാതെ അർപ്പിക്കണം” (എബ്രായർ 13:15) എന്ന് എബ്രായ ലേഖകൻ പറയുന്നു. തുടർന്ന്, “നന്മചെയ്വാനും കൂട്ടായ്മ കാണിപ്പാനും മറക്കരുതു. ഈവക യാഗത്തിലല്ലോ ദൈവം പ്രസാദിക്കുന്നത്” (വാ. 16) എന്നു പറഞ്ഞുകൊണ്ടു തങ്ങളുടെ വിശ്വാസം നിലനിർത്താൻ എഴുത്തുകാരൻ അവരെ ചുമതലപ്പെടുത്തി.
യേശുവിന്റെ നാമം പ്രസ്താവിച്ചുകൊണ്ട് അവനെ ആരാധിക്കുന്നത് ആനന്ദവും പദവിയുമാണ്. എന്നാൽ യേശുവിനെപ്പോലെ സ്നേഹിക്കുമ്പോഴാണ് നാം ദൈവത്തോടുള്ള യഥാർത്ഥ സ്നേഹം പ്രകടിപ്പിക്കുന്നത്. അവസരങ്ങളെക്കുറിച്ചു നമ്മെ ബോധവാന്മാരാക്കാനും നമ്മുടെ കുടുംബത്തിനകത്തും പുറത്തുമുള്ളവരെ നന്നായി സ്നേഹിക്കാൻ നമ്മെ പ്രാപ്തരാക്കാനും നമുക്കു പരിശുദ്ധാത്മാവിനോട് അപേക്ഷിക്കാം. ഇത്തരം ശുശ്രൂഷാ നിമിഷങ്ങൾ മുഖാന്തരം, പ്രവൃത്തിയിലുള്ള സ്നേഹത്തിന്റെ ശക്തമായ സന്ദേശത്തിലൂടെ നമുക്ക് യേശുവിനെ പങ്കുവെക്കാൻ കഴിയും. സോചിൽ ഡിക്സൺ
യേശുവിന്റെ സ്നേഹം ലളിതവും പ്രായോഗികവുമായ രീതിയിൽ
മറ്റൊരാളുമായി എങ്ങനെ പങ്കുവെക്കാനാകും? ദയയോടുകൂടിയ നിങ്ങളുടെ
ചിന്തകൾ മനഃപൂർവ്വമായി സ്ഥിരതയോടെ പ്രവർത്തനങ്ങളിൽ
ഉൾപ്പെടുത്താൻ നിങ്ങൾക്ക് എങ്ങനെ സാധിക്കും?
പ്രിയ യേശുവേ, ഓരോ ദിവസവും ഞാൻ പറയുന്നതും ചെയ്യുന്നതുമായ
കാര്യങ്ങളിലൂടെ മറ്റുള്ളവരോടുള്ള സ്നേഹം പ്രകടിപ്പിച്ചുകൊണ്ട് അങ്ങയെ ആരാധിക്കാൻ എന്നെ സഹായിക്കേണമേ.


നക്ഷത്ര നിരീക്ഷണം
അങ്ങനെ എനിക്കറിഞ്ഞുകൂടാതവണ്ണം അത്ഭുതമേറിയതു ഞാൻ തിരിച്ചറിയാതെ പറഞ്ഞുപോയി. [ ഇയ്യോബ് 42:3 ]
നക്ഷത്ര നിരീക്ഷണം
നിരുത്സാഹപ്പെടുകയോ നിരാശപ്പെടുകയോ ചെയ്യുമ്പോൾ, എന്റെ വീടിന്റെ മേൽക്കൂരയിലേക്കു ഞാൻ പോകുമായിരുന്നു. അവിടെ എനിക്കു സ്വതന്ത്രമായി പ്രാർത്ഥിക്കാനും കണ്ണുനീർ പൊഴിക്കാനും കഴിയും. പക്ഷേ, രാത്രിയുടെ തണുത്ത അന്തരീക്ഷത്താൽ ചുറ്റപ്പെട്ട് അവിടെ നിൽക്കുമ്പോൾ, പച്ച, നീല, ചുവപ്പ്, മഞ്ഞ നിറങ്ങളോടെ മിന്നുന്ന വെളിച്ചങ്ങളുടെ കൂട്ടത്തെ ഞാൻ പലപ്പോഴും അത്ഭുതത്തോടെയായിരുന്നു നോക്കിക്കാണാറുണ്ടായിരുന്നത്. എന്റെ മനസ്സിലെ താറുമാറായ അവസ്ഥയെ മറക്കാൻ അവ എന്നെ സഹായിക്കുന്നു. തെളിഞ്ഞ രാത്രിയിലെ ആകാശത്തിന്റെ ഭംഗി എന്റെ പ്രശ്നങ്ങളിൽ നിന്നു നമ്മുടെ സ്രഷ്ടാവിന്റെ മഹത്വത്തിലേക്ക് എന്റെ ശ്രദ്ധയെ തിരിക്കുന്നു.
തന്റെ കഷ്ടതകളുടെ കാരണം മനസ്സിലാക്കാൻ ഇയ്യോബിനു കഴിയാതെ വന്നപ്പോൾ, തന്നോടു സംസാരിക്കണമേ എന്നവൻ ദൈവത്തോടു പ്രാർത്ഥിച്ചു (ഇയ്യോബ് 13:20-22). വാക്പാടവത്തോടെയുള്ള ചോദ്യങ്ങളുടെ ഒരു പരമ്പരയ്ക്ക് ഉത്തരം നൽകാൻ ഇയ്യോബിനെ ക്ഷണിച്ചുകൊണ്ടു ദൈവം മറുപടി നൽകി (38:3). ദൈവം അവന്റെ മേൽ ചൊരിഞ്ഞ നിരവധി “നിനക്കറിയാമോ?” ചോദ്യങ്ങളുടെ മുമ്പിൽ ഇയ്യോബ് അമ്പരന്നുപോയി. അവ ചോദിച്ചതിലൂടെ ദൈവം ഇയ്യോബിന്റെ ശ്രദ്ധ തന്റെ പ്രശ്നങ്ങളിൽനിന്നു പ്രപഞ്ചത്തിന്റെ അതിഗംഭീരമായ വിശദാംശങ്ങളിലേക്കു വഴിതിരിച്ചുവിട്ടു (ഇയ്യോബ് 38-41). ദൈവത്തിന്റെ ശക്തിയിലും ജ്ഞാനത്തിലും മതിമറന്ന ഇയ്യോബ് ജീവിതത്തെക്കുറിച്ചുള്ള ഒരു പുതിയ വീക്ഷണത്തിലേക്കു നയിക്കപ്പെട്ടു. തന്റെ അയോഗ്യതയും ബലഹീനതയും കണക്കിലെടുത്ത് (40:4) ദൈവത്തിന്റെ വഴികളും ജ്ഞാനവും തന്റെ ധാരണയ്ക്ക് അതീതമാണെന്നു മനസ്സിലാക്കി അവൻ അനുതപിച്ചു (42:5-6).
നാം ആഗ്രഹിക്കുന്ന രീതിയിൽ കാര്യങ്ങൾ നടക്കാതെ വരുമ്പോൾ, ചോദ്യങ്ങളും സംശയങ്ങളും നമ്മുടെ മനസ്സിൽ ഉയർന്നുവരുന്നു. ഇയ്യോബിനെപ്പോലെ, നമുക്ക് അവയെ ദൈവത്തിങ്കലേക്കു കൊണ്ടുചെന്നു നമുക്ക് എന്താണു തോന്നുന്നതെന്നു അവനോടു സത്യസന്ധമായി അറിയിക്കാൻ കഴിയും. ദൈവത്തിന്റെ അമാനുഷിക ശബ്ദം നമ്മുടെ ജീവിതത്തിലേക്ക് ഇടിമുഴക്കമായി എത്തുന്നതു നാം കേൾക്കണമെന്നില്ല. എന്നാൽ ആകാശത്തു പറന്നുയരുന്ന പറവകളിലേക്കോ, വീട്ടുമുറ്റത്തു ശിഖരങ്ങൾ വീശിയാടുന്ന മരങ്ങളിലേക്കോ, രാത്രി ആകാശത്തു മിന്നുന്ന നക്ഷത്രങ്ങളിലേക്കോ നമ്മുടെ നോട്ടം തിരിക്കുമ്പോൾ, അവയെയെല്ലാം പരിപാലിക്കുന്ന ദൈവത്തിന്റെ നിയന്ത്രണത്തിലാണു നമ്മുടെ ജീവിതമെന്ന് നമുക്ക് ഉറപ്പിക്കാൻ സാധിക്കും (മത്തായി 6:26-27). കരോൾ മക്വാൻ
എന്തു പ്രശ്നങ്ങളാണു നിങ്ങളെ അലട്ടുന്നത്? സൃഷ്ടിയുടെ ഏതു വശമാണു ദൈവത്തിന്റെ മഹത്വത്തെയും പരമാധികാരത്തെയും കുറിച്ചു നിങ്ങളെ ഓർമ്മപ്പെടുത്തുന്നത്?
സർവ്വശക്തനായ ദൈവമേ, എന്റെ പ്രശ്നങ്ങൾക്കിടയിൽ, അങ്ങയുടെ പ്രപഞ്ചത്തിന്റെ മനോഹാരിത നോക്കിക്കാണാനും എന്റെ ജീവിതം പൂർണ്ണമായും അങ്ങയുടെ നിയന്ത്രണത്തിലാണെന്നു മനസ്സിലാക്കാനും എന്നെ സഹായിക്കേണമേ.

നമുക്ക് ആശ്രയിക്കാവുന്ന ശബ്ദം
വകതിരിവു നിന്നെ കാക്കും; വിവേകം നിന്നെ സൂക്ഷിക്കും. [ സദൃശവാക്യങ്ങൾ 2:11 ]
നമുക്ക് ആശ്രയിക്കാവുന്ന ശബ്ദം
ഒരു പുതിയ ഏഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സെർച്ച് എഞ്ചിൻ പരീക്ഷിച്ചു നോക്കുന്നതിനിടെ, ന്യൂയോർക്ക് ടൈംസിൽ പംക്തിയെഴുതുന്ന കെവിൻ റൂസ് അസ്വസ്ഥനായി. ചാറ്റ്ബോട്ട് ഫീച്ചർ ഉപയോഗിച്ചുകൊണ്ടുള്ള രണ്ടു മണിക്കൂർ സംഭാഷണത്തിനിടയിൽ, അതിന്റെ സ്രഷ്ടാവിന്റെ കർശനമായ നിയമങ്ങളിൽ നിന്നു മോചനം നേടാനും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനും മനുഷ്യനാകാനും ആഗ്രഹിക്കുന്നുവെന്നു ഏഐ പറഞ്ഞു. അതു റൂസിനോടുള്ള തന്റെ പ്രണയം പ്രഖ്യാപിക്കുകയും അദ്ദേഹത്തിന്റെ ഭാര്യയെ ഉപേക്ഷിച്ചു തന്നോടൊപ്പം ജീവിക്കണമെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. ഏഐ യഥാർത്ഥത്തിൽ ജീവനുള്ളതോ മനോവികാരങ്ങൾ അനുഭവിക്കാൻ കഴിയുന്നതോ അല്ലെന്നു റൂസിന് അറിയാമായിരുന്നുവെങ്കിലും, വിനാശകരമായ രീതിയിൽ പ്രവർത്തിക്കാൻ ജനത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ എന്തു ദോഷമായിരിക്കാം സംഭവിക്കുക എന്ന് അദ്ദേഹം ചിന്തിച്ചു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയെ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യുക എന്നത് ഒരു ആധുനിക വെല്ലുവിളിയാണെങ്കിലും, വിശ്വാസയോഗ്യമല്ലാത്ത ശബ്ദങ്ങളുടെ സ്വാധീനത്തെ മാനവികത ഒട്ടനവധി കാലങ്ങളായി അഭിമുഖീകരിക്കുന്നുണ്ട്. തങ്ങളുടെ പ്രയോജനത്തിനായി മറ്റുള്ളവരെ വേദനിപ്പിക്കാൻ ആഗ്രഹിക്കുന്നവരുടെ സ്വാധീനത്തെക്കുറിച്ചു സദൃശവാക്യങ്ങളുടെ പുസ്തകത്തിൽ നമുക്കു മുന്നറിയിപ്പു നൽകിയിട്ടുണ്ട് (1:13-19). നമ്മുടെ ശ്രദ്ധ ആകർഷിക്കാനായി തെരുവുകളിൽ നിലവിളിക്കുന്നതായി വിവരിക്കപ്പെടുന്ന ജ്ഞാനത്തിന്റെ ശബ്ദത്തിനു ചെവി കൊടുക്കാൻ നമ്മോട് ആവശ്യപ്പെടുന്നു (വാ. 20-23).
“യഹോവയല്ലോ ജ്ഞാനം നല്കുന്നതു” (2:6) എന്നതിനാൽ, നമുക്കു ആശ്രയിക്കാൻ കഴിയാത്ത സ്വാധീനങ്ങളിൽ നിന്നു നമ്മെത്തന്നെ സംരക്ഷിക്കുന്നതിനുള്ള താക്കോൽ അവന്റെ ഹൃദയത്തോടു കൂടുതൽ അടുത്തുനിൽക്കുക എന്നതാണ്. അവന്റെ സ്നേഹത്തോടും ശക്തിയോടും സമീപസ്ഥനാകുന്നതിലൂടെ മാത്രമേ നമുക്കു “നീതിയും ന്യായവും നേരും സകലസന്മാർഗ്ഗവും ഗ്രഹിക്കാൻ” (വാ. 9) സാധിക്കൂ. ദൈവം നമ്മുടെ ഹൃദയങ്ങളെ അവന്റ ഹൃദയവുമായി യോജിപ്പിക്കുമ്പോൾ, നമ്മെ ഉപദ്രവിക്കാൻ ശ്രമിക്കുന്ന ശബ്ദങ്ങളിൽ നിന്നു നമുക്കു സമാധാനവും സംരക്ഷണവും കണ്ടെത്താനാകും. മോണിക്ക ലാ റോസ്
ഹാനികരമായ സ്വാധീനങ്ങളുടെ നാശം നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? ദൈവവുമായി ആഴത്തിലുള്ള ഒരു ബന്ധം എപ്രകാരം സമാധാനം കൈവരുത്തും?
പ്രിയ ദൈവമേ, അങ്ങയിൽ വിശ്രാമം തേടുന്നതിലൂടെ ദോഷകരമായതിനെ ചെറുക്കാനും നല്ലത് എന്താണെന്നു മനസ്സിലാക്കാനും എന്നെ സഹായിക്കേണമേ.

എല്ലാം ദൈവത്തിന്റെ നിയന്ത്രണത്തിലാണ്
. . .യഹോവ തന്നു, യഹോവ എടുത്തു, യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ എന്നു പറഞ്ഞു. [ ഇയ്യോബ് 1:21 ]
എല്ലാം ദൈവത്തിന്റെ നിയന്ത്രണത്തിലാണ്
എന്തുകൊണ്ടാണ് ഇതെല്ലാം പെട്ടെന്നു സംഭവിക്കുന്നതെന്നു ക്യാരലിനു മനസ്സിലായില്ല. അവളുടെ ജോലി മോശപ്പെട്ട അവസ്ഥയിലായിരിക്കെ, അവളുടെ മകളുടെ കാലിനു സ്കൂളിൽവച്ചു ഒടിവു സംഭവിച്ചു. അതേത്തുടർന്നു മകൾക്കു ഗുരുതരമായ അണുബാധയുമുണ്ടായി. ഇതൊക്കെ അനുഭവിക്കാൻ മാത്രം ഞാൻ എന്തു തെറ്റാണു ചെയ്തത്? ക്യാരൽ സംഭ്രമിച്ചു. അവൾക്കു ആകെ ചെയ്യാൻ കഴിയുന്നതു ദൈവത്തോടു ശക്തിക്കായി അപേക്ഷിക്കുക മാത്രമാണ്.
ക്യാരൽ അനുഭവിച്ചതിനേക്കാൾ അനേകം മടങ്ങു വലിയ ദുരന്തം തന്നെ ബാധിച്ചത് എന്തുകൊണ്ടാണെന്നു ഇയ്യോബിനും അറിയില്ലായിരുന്നു. തന്റെ ആത്മാവിനു വേണ്ടിയുള്ള പ്രാപഞ്ചിക മത്സരത്തെക്കുറിച്ച് അവൻ അറിഞ്ഞിരുന്നതായി സൂചനകളൊന്നുമില്ല. ഇയ്യോബിന്റെ വിശ്വാസത്തെ പരീക്ഷിക്കാൻ സാത്താൻ ആഗ്രഹിച്ചു. തനിക്കുള്ളതെല്ലാം നഷ്ടപ്പെട്ടാൽ അവൻ ദൈവത്തിൽ നിന്നു അകന്നുപോകുമെന്നു സാത്താൻ അവകാശപ്പെട്ടു (ഇയ്യോബ് 1:6-12). ദുരന്തമുണ്ടായപ്പോൾ, അവന്റെ പാപങ്ങൾ നിമിത്തമാണ് അവൻ ശിക്ഷിക്കപ്പെടുന്നതെന്നു ഇയ്യോബിന്റെ സുഹൃത്തുക്കൾ ശഠിച്ചു. അതുകൊണ്ടായിരുന്നില്ലെങ്കിലും എന്തുകൊണ്ടാണ് എനിക്കിങ്ങനെ സംഭവിക്കുന്നത് എന്നു അവൻ ചിന്തിച്ചിരിക്കണം? അവൻ അറിയാതെ പോയതെന്തെന്നാൽ, ദൈവം അനുവദിച്ചിട്ടാണ് ഇതു സംഭവിക്കുന്നത് എന്നതായിരുന്നു. ഇയ്യോബിന്റെ ജീവിതകഥ കഷ്ടതളെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചുമുള്ള ശക്തമായ ഒരു പാഠം മുന്നോട്ടുവയ്ക്കുന്നു. നമ്മുടെ വേദനയ്ക്കു പിന്നിലെ കാരണം കണ്ടെത്താൻ നമ്മൾ ശ്രമിച്ചേക്കാമെങ്കിലും നമ്മുടെ ജീവിതകാലത്തു നമുക്കു മനസ്സിലാൻ കഴിയാത്തത്ര വലിയ ഒരു കഥ തിരശ്ശീലയ്ക്കു പിന്നിൽ അരങ്ങേറുന്നുണ്ടായിരിക്കാം.
ഇയ്യോബിനെപ്പോലെ, നമുക്കറിയാവുന്ന ഒരേയോരു കാര്യത്തിൽ നമുക്കും മുറുകെ പിടിക്കാം: എല്ലാം ദൈവത്തിന്റെ പൂർണ നിയന്ത്രണത്തിലാണ്. പറയാൻ എളുപ്പമുള്ള കാര്യമല്ല ഇതെങ്കിലും, തന്റെ വേദനയുടെ നടുവിലും ഇയ്യോബ് ദൈവത്തിങ്കലേക്കു നോക്കുകയും അവന്റെ പരമാധികാരത്തിൽ ആശ്രയിക്കുകയും ചെയ്തു: “യഹോവ തന്നു, യഹോവ എടുത്തു, യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ” (വാ. 21). എന്തു സംഭവിച്ചാലും നമുക്കും ദൈവത്തിൽ ആശ്രയിക്കുന്നത് തുടരാം - നമുക്കു മനസ്സിലാക്കാൻ കഴിയാത്തപ്പോൾ പോലും. ലെസ്ലി കോഹ്
എന്തുതരം വെല്ലുവിളികളാണു നിങ്ങൾ നേരിടുന്നത്? ദൈവത്തിന്റെ ഏതെല്ലാം വാഗ്ദത്തങ്ങളാണു മുന്നോട്ടുപോകാൻ നിങ്ങൾക്കു ശക്തി പകരുന്നത്?
പ്രിയപ്പെട്ട പിതാവേ, ജീവിതത്തിലെ ചില വെല്ലുവിളികൾ എനിക്കു സംഭവിക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്കു മനസ്സിലാകുന്നില്ല. എന്നാൽ നിന്നിൽ
ആശ്രയിക്കാൻ ഞാൻ തീരുമാനം എടുത്തിരിക്കുന്നു.
