”മനസ്സലിവുള്ള പിതാവും സര്‍വ്വാശ്വാസവും നല്കുന്ന ദൈവവുമായി നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവം വാഴ്ത്തപ്പെട്ടവന്‍. ദൈവം ഞങ്ങളെ ആശ്വസിപ്പിക്കുന്ന ആശ്വാസംകൊണ്ടു ഞങ്ങള്‍ യാതൊരു കഷ്ടത്തിലുമുള്ളവരെ ആശ്വസിപ്പിപ്പാന്‍ ശക്തരാകേണ്ടതിന്നു ഞങ്ങള്‍ക്കുള്ള കഷ്ടത്തില്‍ ഒക്കെയും അവന്‍ ഞങ്ങളെ ആശ്വസിപ്പിക്കുന്നു” (2 കൊരിന്ത്യര്‍ 1:3-4)

ഞാന്‍ എന്റെ ഫെസ്ബുക്കില്‍ വന്ന വാര്‍ത്തകളില്‍ കണ്ണോടിക്കുകയായിരുന്നു. അതില്‍ കണ്ട വാര്‍ത്തകള്‍ എന്നെ വല്ലാതെ ഉലച്ചു. കോവിഡ് മുഖാന്തരം മരിച്ചവുടെ ശവസംസ്‌കാര ശുശ്രൂഷകളുടെയും അനുസ്മരണങ്ങളുടെയും വാര്‍ത്തകള്‍കൊണ്ട് പേജ് നിറഞ്ഞിരിക്കുന്നു. ഒരു അകന്ന ബന്ധു, ഒരു സുഹൃത്തിന്റെ അമ്മ, സഭയിലെ ഒരു കൂട്ടു വിശ്വാസി എന്നിങ്ങനെ പലരും ഈ മഹാമാരിക്കിരയായി. അവരുടെ ചിത്രങ്ങള്‍, രാജ്യത്തിന്റെ പല ഭാഗങ്ങളില്‍നിന്നും വരുന്ന ഭയാനകമായ വാര്‍ത്തകളുടെ ഇടയില്‍ ചിതറിക്കിടക്കുന്നു. ഉത്തര്‍പ്രദേശിലെ തെരുവുകളില്‍ മറവുചെയ്യുവാനായി നിരത്തിയിട്ടിരിക്കുന്ന മൃതദേഹങ്ങള്‍, ഗുജറാത്തിലെ ആശുപത്രികളില്‍ ഓക്‌സിജന്‍ ലഭ്യമാകാതെ നിരാശയോടെ നിലവിളിക്കുന്ന കോവിഡ് ബാധിതര്‍, ദിവസവും കൂടിവരുന്ന മരണസംഖ്യ. ഞാന്‍ നിരാശനായി ഇരിക്കുമ്പോള്‍, ഏറ്റവും ദുഃഖകരമായ വാര്‍ത്ത വന്നു. ഞങ്ങളെ പിരിഞ്ഞുപോയ എന്റെ പിതാവും മരിച്ചു, പക്ഷെ എങ്ങനെയാണു മരിച്ചതെന്ന് ആര്‍ക്കും അറിവില്ലായിരുന്നു. ഞാന്‍ കുഞ്ഞായിരുന്നപ്പോള്‍ എന്റെ പിതാവ് ഞങ്ങളെ ഉപേക്ഷിച്ചുപോയെങ്കിലും വേര്‍പാട് എന്നില്‍ ദുഃഖമുളവാക്കി. എല്ലായിടത്തും ഭയവും മരണവും, പെട്ടെന്നു കോവിഡ് തികച്ചും വ്യക്തിപരമായി അനുഭവപ്പെട്ടു.

വ്യക്തിപരമായ നഷ്ടത്തിന്റെ വേദന യേശു മനസ്സിലാക്കിയിട്ടുണ്ട്. ലാസറും അവന്റെ സഹോദരിമാരായ മറിയയും മാര്‍ത്തയും വെറും പരിചയക്കാര്‍ എന്നതിലുപരി യേശുവിന്റെ ഉറ്റ സുഹൃത്തുക്കള്‍ ആയിരുന്നു (യോഹന്നാന്‍ 11:11). ബെഥാന്യയില്‍ വരുമ്പോള്‍ യേശുവിന്റെ വിശ്രമകേന്ദ്രമായിരുന്നു അവരുടെ ഭവനം. ലാസറിനോടുള്ള യേശുവിന്റെ സ്‌നേഹം, ”കര്‍ത്താവേ, നിനക്കു പ്രിയനായവന്‍ ദീനമായ്ക്കിടക്കുന്നു” എന്ന് അവന്റെ രോഗവാര്‍ത്ത അവര്‍ യേശുവിനെ അറിയിച്ചതില്‍ നിന്നും മനസ്സിലാക്കാം (യോഹന്നാന്‍ 11:3). യേശു വരുന്നതും പ്രതീക്ഷിച്ചു മറിയയും മാര്‍ത്തയും വീട്ടുവാതില്‍ക്കല്‍ നിന്നിരിക്കും എന്നു ഞാന്‍ ചിന്തിച്ചുപോകയാണ്. അതിനു ചില ദിവസങ്ങള്‍ എടുക്കും, എന്നാലും അവന്‍ തീര്‍ച്ചയായും വരും. കര്‍ത്താവിനെ സംബന്ധിച്ചിടത്തോളം സുഖപ്പെടുത്താവുന്ന ലഘുവായ രോഗമാണിത്. അന്ധനെയും മുടന്തനെയും തന്റെ സ്പര്‍ശനംകൊണ്ടു സൗഖ്യമാക്കിയവനല്ലേ യേശു? പക്ഷേ മണിക്കൂറുകള്‍ ദിവസങ്ങള്‍ ആയി മാറി, കര്‍ത്താവു വന്നില്ല.

നാം കഷ്ടതയില്‍ ആകുമ്പോള്‍, യേശു വരുമെന്ന പ്രതീക്ഷയില്‍ നാമും ആകാംക്ഷയോടെ കാത്തിരിക്കും. എന്നാല്‍ ദിവസങ്ങള്‍ കഴിയുന്തോറും നമ്മുടെ ഉത്സാഹം നമ്മെ ഉത്കണ്ഠയിലേക്കും നമ്മുടെ ഉത്കണ്ഠ നമ്മെ നിരാശയിലേക്കും നയിക്കും. ”എവിടെ അവന്‍?” കാര്യങ്ങള്‍ കൈവിട്ടുപോകുമ്പോള്‍ നാം ഉത്കണ്ഠപ്പെടും. യേശു തീര്‍ച്ചയായും എന്നെ കരുതുന്നുണ്ടോ എന്ന ചിന്ത നമ്മെ ഭരിച്ചുതുടങ്ങും. എന്നാല്‍ ഉറപ്പിച്ചു പറയട്ടെ, ഇന്നു നിങ്ങള്‍ ഒരു പ്രതിസന്ധിയില്‍ ആണെങ്കില്‍, ഓര്‍ക്കുക അവന്‍ കരുതുന്നവനാണ്!

അവിടുന്നു നിങ്ങളുടെ ശൂന്യതയെക്കുറിച്ചു കരുതലുള്ളവനാണ്

ലാസര്‍ മരിച്ചിട്ട് ഇപ്പോള്‍ നാലു ദിവസമായി, മറിയയും മാര്‍ത്തയും ശൂന്യമായ ഹൃദയത്തോടെ ഒഴിഞ്ഞ വീട്ടില്‍ ഇരുന്നു. പെട്ടെന്ന് ശൂന്യതയെ ഭേദിച്ചുകൊണ്ട് നിരവധി ശബ്ദം അവിടെ മുഴങ്ങി – യേശു വന്നിരിക്കുന്നു! ”വരാതിരിക്കുന്നതിലും നല്ലത് താമസിച്ചാണെങ്കിലും വരുന്നതാണ്” എന്ന ചൊല്ല് നിങ്ങള്‍ കേട്ടിരിക്കും. എന്നാല്‍ ഇവിടെ, അവര്‍ക്കു നേരെ വിപരീതമായാണു തോന്നിയത് എന്നെനിക്കുറപ്പുണ്ട്. മാര്‍ത്ത അതു പറയുകയുമുണ്ടായി, ”കര്‍ത്താവേ, നീ ഇവിടെ ഉണ്ടായിരുന്നു എങ്കില്‍ എന്റെ സഹോദരന്‍ മരിക്കയില്ലായിരുന്നു.” അതിനു മറുപടിയായി കര്‍ത്താവ് അവളെ ശാസിച്ചില്ല, പകരം അവളെ ഉറപ്പിക്കുകയാണു ചെയ്തത്, ”ഞാന്‍ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു.” തന്നില്‍ വിശ്വസിക്കുവാന്‍ കര്‍ത്താവ് അവളെ പ്രേരിപ്പിക്കുകയും പ്രത്യാശാനിര്‍ഭരമായ വാക്കുകള്‍ പറഞ്ഞ് അവളുടെ ഹൃദയത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഒരുപക്ഷെ നിങ്ങളില്‍ ആര്‍ക്കും നിങ്ങളുടെ പ്രിയപ്പെട്ടവരെ ശാരീരികമായി നഷ്ടപ്പെട്ടിട്ടില്ലായിരിക്കാം, എന്നിരുന്നാലും ഏതെങ്കിലും വിധത്തില്‍ മഹാമാരി നിങ്ങള്‍ക്കു നഷ്ടവും ശൂന്യതയും വരുത്തിയിട്ടുണ്ടായിരിക്കും. മാര്‍ത്തയ്ക്കു തന്റെ ജീവദായക സാമീപ്യം ഉറപ്പുവരുത്തിയ അതേ ദൈവം തന്നെയാണ് ഇന്നു നമ്മോടുകൂടെയുള്ളത്, അവിടുന്നു നിങ്ങള്‍ക്കു വേണ്ടി കരുതുന്നു.

അവിടുന്നു നിങ്ങളുടെ വികാരങ്ങളെക്കുറിച്ചു കരുതലുള്ളവനാണ്

ലാസറിന്റെ കല്ലറയ്ക്കല്‍, എഴുതപ്പെട്ടതിലേക്കും ഹ്രസ്വവും വികാരനിര്‍ഭരവുമായ ഒരു വാക്യം നമുക്കു കാണാം, ”യേശു കണ്ണുനീര്‍ വാര്‍ത്തു” (യോഹന്നാന്‍ 11:35). ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ താന്‍ ലാസറിനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിക്കുമെന്ന് യേശുവിന് അറിയാമായിരുന്നിട്ടും, ചുറ്റുമുള്ളവരുടെ വികാരങ്ങളില്‍ പങ്കുചേരുവാന്‍ കര്‍ത്താവിനു കഴിഞ്ഞു. മനുഷ്യന്റെ കഷ്ടപ്പാടിന്റെ വേദന യേശുവിന്റെ ആത്മാവിനെ തുളച്ചു, അവിടുന്നു കരഞ്ഞു! മനുഷ്യന്റെ വീഴ്ചയെ ഓര്‍ത്ത് അവിടുന്നു കരഞ്ഞു, നഷ്ടത്തിന്റെ വേദനയില്‍ അവിടുന്നു കരഞ്ഞു, മരണത്തിന്റെ ക്രൂരതയില്‍ അവിടുന്നു കരഞ്ഞു, മനുഷ്യരാശിയെ അവിടുന്നു കരുതുന്നതിനാല്‍ യേശു കരഞ്ഞു. നമ്മുടെ വികാരങ്ങളെ നാം മറച്ചുവയ്ക്കുവാന്‍ അവിടുന്ന് ആഗ്രഹിക്കുന്നില്ല, മറിച്ച് അതിന്റെ ഭാഗമാകുവാന്‍ അവിടുന്ന് ആഗ്രഹിക്കുന്നു.

അവിടുന്നു നിങ്ങളുടെ നിത്യതയെക്കുറിച്ചു കരുതലുള്ളവനാണ്

ലാസറിനെ യേശു ഉയിര്‍പ്പിച്ച ഈ അത്ഭുതത്തിന്റെ പിന്നിലെ ഉദ്ദേശ്യം യോഹന്നാന്‍ 11:4 ല്‍ നമുക്കു കാണാം, ”യേശു അതു കേട്ടിട്ടു: ഈ ദീനം മരണത്തിന്നായിട്ടല്ല, ദൈവപുത്രന്‍ മഹത്വപ്പെടേണ്ടതിന്നു ദൈവത്തിന്റെ മഹത്വത്തിന്നായിട്ടത്രേ എന്നു പറഞ്ഞു.” ഒരു ചെറിയ അത്ഭുതം പ്രവര്‍ത്തിച്ച് യേശുവിനു ലാസറിനെ നേരത്തെ സുഖപ്പെടുത്തുവാന്‍ തീര്‍ച്ചയായും കഴിയുമായിരുന്നു. എന്നാല്‍ അവനെ ഉയിര്‍പ്പിച്ചതിലൂടെ (അത് ഉന്നതമായ ഒരു പ്രവൃത്തിയായിരുന്നു) താന്‍ ”ജീവന്റെ നാഥനാണെന്ന്” കര്‍ത്താവ് തെളിയിക്കുകയായിരുന്നു. തന്റെ ജീവിതാന്ത്യത്തില്‍ അപ്പൊസ്തലനായ പൗലൊസ് ഇതിനെക്കുറിച്ച് ഇപ്രകാരം പറയുകയുണ്ടായി, ”അങ്ങനെ ഞാന്‍ ഒന്നിലും ലജ്ജിച്ചുപോകാതെ പൂര്‍ണ്ണധൈര്യം പൂണ്ടു ക്രിസ്തു എന്റെ ശരീരത്തിങ്കല്‍ ജീവനാല്‍ ആകട്ടെ മരണത്താല്‍ ആകട്ടെ എപ്പോഴും എന്നപോലെ ഇപ്പോഴും മഹിമപ്പെടുകേയുള്ളു എന്നു പ്രതീക്ഷിക്കയും പ്രത്യാശിക്കയും ചെയ്യുന്നു” (ഫിലിപ്പിയര്‍ 1:20). ഈ ഭൗമീക ജീവിതത്തിന് അപ്പുറമുള്ള ഒരു ഉന്നതമായ ഉദ്ദേശ്യത്തിലുള്ള പൗലൊസിന്റെ പ്രത്യാശതന്നെയാണ്, നിത്യതയ്ക്കുവേണ്ടിയുള്ള നമ്മുടെ പ്രത്യാശയും. ഒരുപക്ഷെ നിങ്ങളുടെ ജീവിതത്തില്‍ സംഭവിച്ച വ്യക്തിപരമായ ഒരു നഷ്ടം, ദൈവത്തിന്റെ വഴികളെ സംബന്ധിച്ചു നിങ്ങളെ ചിന്താക്കുഴപ്പത്തിലും പരിഭ്രാന്തിയിലും ആക്കിയിരിക്കാം. നിങ്ങള്‍ അന്വേഷിക്കുന്ന ഉത്തരങ്ങള്‍ ഒരുപക്ഷെ നിത്യതയുടെ ഈ വശത്ത് ഒരിക്കലും വെളിപ്പെട്ടു കിട്ടി എന്നു വരില്ല, എന്നാല്‍ നിത്യതയ്ക്കു മറ്റൊരു വശംകൂടെ ഉള്ളതിനാല്‍ നമുക്ക് ദൈവത്തെ സ്തുതിക്കാം.

ഈ പകര്‍ച്ചവ്യാധിയുടെ താണ്ഡവത്തില്‍ നാം ഞെരിഞ്ഞമരുമ്പോള്‍, വിവിധ ആകൃതിയിലും രൂപത്തിലുമുള്ള നഷ്ടങ്ങള്‍ നാം അനുഭവിക്കുകയും സാക്ഷ്യം വഹിക്കുകയും ചെയ്യുമ്പോള്‍, ദൈവത്തിന്റെ മാറ്റമില്ലാത്ത സ്വഭാവത്തില്‍ നമുക്കു വിശ്വാസം അര്‍പ്പിക്കാം. സര്‍വ്വാശ്വാസങ്ങളുടെയും ദൈവം നമ്മോടു കൂടെയുണ്ടെന്നും അവിടുന്നു നമ്മെക്കുറിച്ച് കരുതല്‍ ഉള്ളവനാണെന്നും ഉള്ള അറിവില്‍ നമുക്ക് മുറുകെപ്പിടിക്കാം. നമ്മുടെ ശൂന്യതയെ തന്റെ സാന്നിദ്ധ്യംകൊണ്ടു നിറയ്ക്കുവാന്‍ തക്കവണ്ണം അവിടുന്നു കരുതലുള്ളവനാണ്. നമ്മുടെ വേദന മനസ്സിലാക്കുവാന്‍ തക്കവണ്ണം നമ്മുടെ വികാരങ്ങളെക്കുറിച്ച് അവിടുന്നു കരുതലുള്ളവനാണ്. എല്ലാറ്റിലുമുപരി, നമ്മുടെ ആത്മാവിനെ നിത്യതയ്ക്കായി അവിടുന്നു ശ്രദ്ധാപൂര്‍വ്വം ഒരുക്കുന്നു. അങ്ങനെ ആശ്വാസം പ്രാപിച്ച നാം, നമുക്കു ലഭിച്ച ആശ്വാസത്തെ ഉപയോഗിച്ച്, കഷ്ടതയില്‍ ആയിരിക്കുന്നവരെ ആശ്വസിപ്പിക്കേണ്ടതിനായി ദൈവത്തിന്റെ കരമായും ഹൃദയമായും ശബ്ദമായും പ്രവര്‍ത്തിക്കാം.