ഏതാണ്ട് 2900 വര്‍ഷങ്ങള്‍ക്കുമുമ്പ്, യെഹോശാഫാത്ത് രാജാവും യിസ്രായേല്‍ ജനങ്ങളും, ഇന്നു നാം നമ്മുടെ രാജ്യത്ത് അഭിമുഖീകരിക്കുന്ന സാഹചര്യത്തിനു സമാനമായ ഒരു സാഹചര്യത്തെ അഭിമുഖീകരിച്ചു. ഒരു വലിയ സൈന്യം, അവര്‍ക്ക് എതിര്‍ത്തുനില്‍ക്കുവാന്‍ കഴിയാത്തത്ര വലിയ ഒരു സൈന്യം, അവരെ ആക്രമിക്കുവാന്‍ വന്നു. അവരോട് യുദ്ധം ചെയ്യുവാനോ അവര്‍ക്കെതിരെ നില്‍ക്കുവാനോ യിസ്രായേലിന് അക്ഷരാര്‍ത്ഥത്തില്‍ ത്രാണി ഇല്ലായിരുന്നു. അമിത ഭയം യിസ്രായേലിനെ സ്തംഭിപ്പിച്ചു. നമുക്കു ചുറ്റും, നമ്മുടെ കുടുംബങ്ങളിലും ഭവനത്തിലും നാശവും മരണവും നമ്മള്‍ കാണുമ്പോള്‍ ഇന്നു നമുക്കെന്താണോ അനുഭവപ്പെടുന്നത് അതേ അനുഭവമാണ് അവര്‍ക്കുണ്ടായത്. നാം എന്തു ചെയ്യും? ഈ സാഹചര്യത്തെ നാം എങ്ങനെ അഭിമുഖീകരിക്കും? ഈ വൈറസിനെതിരെ നമുക്കെങ്ങനെ നില്‍ക്കുവാന്‍ കഴിയും? ആശുപത്രികളില്‍ കിടക്കകള്‍ ഇല്ല, മരുന്നിന്റെയും ഓക്‌സിജന്റെയും ദൗര്‍ലഭ്യം നേരിടുന്നു, എവിടെ നോക്കിയാലും തകര്‍ച്ചയും ഭീതിജനകമായ അന്തരീക്ഷവും മാത്രം.

വരൂ, യെഹോശാഫാത്തും യിസ്രായേലും അവര്‍ അകപ്പെട്ട ആ സാഹചര്യത്തില്‍ എന്തു ചെയ്തു എന്നും, ഇപ്പോള്‍ നാം ആയിരിക്കുന്ന ഈ സാഹചര്യത്തില്‍ എന്തുചെയ്യണമെന്നതു സംബന്ധിച്ച് അവരില്‍നിന്ന് എന്താണു നമുക്കു പഠിക്കുവാന്‍ കഴിയുന്നതെന്നും അതെങ്ങനെ പ്രാവര്‍ത്തികമാക്കാമെന്നും നമുക്കു ചിന്തിക്കാം.

2 ദിനവൃത്താന്തം 20-ല്‍ നാം ഇങ്ങനെ വായിക്കുന്നു:

”അതിന്റെ ശേഷം മോവാബ്യരും അമ്മോന്യരും അവരോടുകൂടെ മെയൂന്യരില്‍ ചിലരും യെഹോശാഫാത്തിന്റെ നേരെ യുദ്ധത്തിന്നു വന്നു. ചിലര്‍ വന്നു യെഹോശാഫാത്തിനോടു: വലിയോരു ജനസമൂഹം കടലിന്നക്കരെ നിന്നു, അരാമില്‍നിന്നു നിന്റെ നേരെ വരുന്നു;

ഇതാ അവര്‍ ഏന്‍ഗെദിയെന്ന ഹസസോന്‍താമാരില്‍ ഉണ്ടു എന്നു അറിയിച്ചു. യെഹോശാഫാത്ത് ഭയപ്പെട്ടു യഹോവയെ അന്വേഷിപ്പാന്‍ താല്പര്യപ്പെട്ടു, യെഹൂദയില്‍ ഒക്കെയും ഒരു ഉപവാസം പ്രസിദ്ധംചെയ്തു. യഹോവയോടു സഹായം ചോദിപ്പാന്‍ യെഹൂദ്യര്‍ ഒന്നിച്ചുകൂടി; സകല യെഹൂദാനഗരങ്ങളിലും നിന്നു അവര്‍ യഹോവയെ അന്വേഷിപ്പാന്‍ വന്നു.

യെഹോശാഫാത്ത് യഹോവയുടെ ആലയത്തില്‍ പുതിയ പ്രാകാരത്തിന്റെ മുമ്പില്‍ യെഹൂദയുടെയും യെരൂശലേമിന്റെയും സഭാമദ്ധ്യേ നിന്നുകൊണ്ടു പറഞ്ഞതെന്തെന്നാല്‍:

ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവേ, നീ സ്വര്‍ഗ്ഗസ്ഥനായ ദൈവമല്ലോ; നീ ജാതികളുടെ സകലരാജ്യങ്ങളെയും ഭരിക്കുന്നുവല്ലോ; ആര്‍ക്കും എതിര്‍പ്പാന്‍ കഴിയാത്ത ശക്തിയും പരാക്രമവും നിനക്കുണ്ടല്ലോ. ഞങ്ങളുടെ ദൈവമേ, നീ നിന്റെ ജനമായ യിസ്രായേലിന്റെ മുമ്പില്‍നിന്നു ഈ ദേശത്തിലെ നിവാസികളെ നീക്കിക്കളഞ്ഞു, അതു നിന്റെ സ്‌നേഹിതനായ അബ്രാഹാമിന്റെ സന്തതിക്കു ശാശ്വതമായി കൊടുത്തുവല്ലോ. അവര്‍ അതില്‍ പാര്‍ത്തു; ന്യായവിധിയുടെ വാള്‍, മഹാമാരി, ക്ഷാമം എന്നിങ്ങനെയുള്ള വല്ല അനര്‍ത്ഥവും ഞങ്ങള്‍ക്കു വരുമ്പോള്‍, ഞങ്ങള്‍ ഈ ആലയത്തിന്റെ മുമ്പിലും നിന്റെ സന്നിധിയിലും നിന്നു – നിന്റെ നാമം ഈ ആലയത്തില്‍ ഉണ്ടല്ലോ – ഞങ്ങളുടെ സങ്കടത്തില്‍ നിന്നോടു നിലവിളിക്കയും നീ കേട്ടു രക്ഷവരുത്തുകയും ചെയ്യും എന്നു പറഞ്ഞു. അതില്‍ തിരുനാമത്തിനു വേണ്ടി നിനക്കു ഒരു വിശുദ്ധമന്ദിരം പണിതു. യിസ്രായേല്‍ മിസ്രയീംദേശത്തുനിന്നു വരുമ്പോള്‍ അവര്‍ അമ്മോന്യരേയും മോവാബ്യരേയും സേയീര്‍ പര്‍വ്വതക്കാരെയും ആക്രമിപ്പാന്‍ നീ അനുവാദം കൊടുത്തില്ലല്ലോ; അവര്‍ അവരെ നശിപ്പിക്കാതെ വിട്ടുമാറി. ഇപ്പോള്‍ ഇതാ, നീ ഞങ്ങള്‍ക്കു കൈവശമാക്കിത്തന്ന നിന്റെ അവകാശത്തില്‍നിന്നു ഞങ്ങളെ നീക്കിക്കളവാന്‍ അവര്‍ വന്നു ഞങ്ങള്‍ക്കു ഇങ്ങനെ പ്രതിഫലം തരുന്നു. ഞങ്ങളുടെ ദൈവമേ, നീ അവരെ ന്യായം വിധിക്കയില്ലയോ? ഞങ്ങളുടെ നേരെ വരുന്ന ഈ വലിയ സമൂഹത്തോടെതിര്‍പ്പാന്‍ ഞങ്ങള്‍ക്കു ശക്തിയില്ല; എന്തു ചെയ്യേണ്ടു എന്നു അറിയുന്നതുമില്ല; എങ്കിലും ഞങ്ങളുടെ കണ്ണുകള്‍ നിങ്കലേക്കു തിരിഞ്ഞിരിക്കുന്നു.

അങ്ങനെ യെഹൂദ്യര്‍ ഒക്കെയും അവരുടെ കുഞ്ഞുങ്ങളോടും ഭാര്യമാരോടും മക്കളോടും കൂടെ യഹോവയുടെ സന്നിധിയില്‍ നിന്നു.

അപ്പോള്‍ സഭാമദ്ധ്യേവെച്ചു യഹോവയുടെ ആത്മാവു ആസാഫിന്റെ പുത്രന്മാരില്‍ മത്ഥന്യാവിന്റെ മകനായ യെയീയേലിന്റെ മകനായ ബെനായാവിന്റെ മകനായ സെഖര്യാവിന്റെ മകന്‍ യഹസീയേല്‍ എന്ന ഒരു ലേവ്യന്റെ മേല്‍ വന്നു. അവന്‍ പറഞ്ഞതു എന്തെന്നാല്‍:

 

യെഹൂദ്യര്‍ ഒക്കെയും യെരൂശലേംനിവാസികളും യെഹോശാഫാത്ത് രാജാവും ആയുള്ളോരേ, കേട്ടുകൊള്‍വിന്‍; യഹോവ ഇപ്രകാരം നിങ്ങളോടു അരുളിച്ചെയ്യുന്നു: ഈ വലിയ സമൂഹം നിമിത്തം ഭയപ്പെടരുത്, ഭ്രമിക്കയും അരുത്; യുദ്ധം നിങ്ങളുടേതല്ല, ദൈവത്തിന്റെതത്രേ. നാളെ അവരുടെ നേരെ ചെല്ലുവിന്‍; ഇതാ, അവര്‍ സീസ് കയറ്റത്തില്‍കൂടി കയറി വരുന്നു; നിങ്ങള്‍ അവരെ യെരൂവേല്‍മരുഭൂമിക്കെതിരെ തോട്ടിന്റെ അറ്റത്തുവെച്ചു കാണും. ഈ പടയില്‍ പൊരുതുവാന്‍ നിങ്ങള്‍ക്കു ആവശ്യം ഇല്ല; യെഹൂദയും യെരൂശലേമും ആയുള്ളോരേ, നിങ്ങള്‍ സ്ഥിരമായി നിന്നു യഹോവ നിങ്ങള്‍ക്കു വരുത്തുന്ന രക്ഷ കണ്ടുകൊള്‍വിന്‍; ഭയപ്പെടരുതു, ഭ്രമിക്കയും അരുത്; നാളെ അവരുടെ നേരെ ചെല്ലുവിന്‍; യഹോവ നിങ്ങളോടുകൂടെ ഉണ്ടു.

അപ്പോള്‍ യെഹോശാഫാത്ത് സാഷ്ടാംഗം വണങ്ങി; യെഹൂദ്യര്‍ ഒക്കെയും യെരൂശലേം നിവാസികളും യഹോവയുടെ മുമ്പാകെ വീണു നമസ്‌കരിച്ചു. കെഹാത്യരും കോരഹ്യരുമായ ലേവ്യര്‍ യിസ്രായേലിന്റെ ദൈവമായ യഹോവയെ അത്യുച്ചത്തില്‍ സ്തുതിപ്പാന്‍ എഴുന്നേറ്റു.

പിന്നെ അവര്‍ അതികാലത്തു എഴുന്നേറ്റു തെക്കോവമരുഭൂമിയിലേക്കു പുറപ്പെട്ടു; അവര്‍ പുറപ്പെട്ടപ്പോള്‍ യഹോശാഫാത്ത് നിന്നുകൊണ്ടു:

യെഹൂദ്യരും യെരൂശലേംനിവാസികളും ആയുള്ളോരേ, എന്റെ വാക്കു കേള്‍പ്പിന്‍; നിങ്ങളുടെ ദൈവമായ യഹോവയില്‍ വിശ്വസിപ്പിന്‍; എന്നാല്‍ നിങ്ങള്‍ ഉറെച്ചുനില്ക്കും; അവന്റെ പ്രവാചകന്മാരേയും വിശ്വസിപ്പിന്‍; എന്നാല്‍ നിങ്ങള്‍ കൃതാര്‍ത്ഥരാകും എന്നു പറഞ്ഞു.

 

പിന്നെ അവന്‍ ജനത്തോടു ആലോചിച്ചിട്ടു, വിശുദ്ധാലങ്കാരം ധരിച്ചു സൈന്യത്തിന്നു മുമ്പില്‍ നടന്നുകൊണ്ടു വാഴ്ത്തുവാനും:

യഹോവയെ സ്തുതിപ്പിന്‍, അവന്റെ ദയ എന്നേക്കും ഉള്ളതല്ലോ എന്നു ചൊല്ലുവാനും യഹോവെക്കു

സംഗീതക്കാരെ നിയമിച്ചു.

അവര്‍ പാടി സ്തുതിച്ചു തുടങ്ങിയപ്പോള്‍: യഹോവ യെഹൂദെക്കു വിരോധമായി വന്ന അമ്മോന്യരുടെയും മോവാബ്യരുടെയും സേയീര്‍പര്‍വ്വതക്കാരുടെയും നേരെ പതിയിരിപ്പുകാരെ വരുത്തി; അങ്ങനെ അവര്‍ തോറ്റുപോയി. അമ്മോന്യരും മോവാബ്യരും സേയീര്‍പര്‍വ്വതനിവാസികളോടു എതിര്‍ത്തു അവരെ നിര്‍മ്മൂലമാക്കി നശിപ്പിച്ചു; സേയീര്‍നിവാസികളെ സംഹരിച്ചശേഷം അവര്‍ അന്യോന്യം നശിപ്പിച്ചു.
യെഹൂദ്യര്‍ മരുഭൂമിയിലെ കാവല്‍ ഗോപുരത്തിന്നരികെ എത്തിയപ്പോള്‍ അവര്‍ പുരുഷാരത്തെ നോക്കി, അവര്‍ നിലത്തു ശവങ്ങളായി കിടക്കുന്നതു കണ്ടു; ഒരുത്തനും ചാടിപ്പോയിരുന്നില്ല.
യെഹോശാഫാത്തും അവന്റെ പടജ്ജനവും അവരെ കൊള്ളയിടുവാന്‍ വന്നപ്പോള്‍ അവരുടെ ഇടയില്‍ അനവധി സമ്പത്തും വസ്ത്രവും വിശേഷവസ്തുക്കളും കണ്ടെത്തി; തങ്ങള്‍ക്കു ചുമപ്പാന്‍ കഴിയുന്നതിലധികം ഊരി എടുത്തു; കൊള്ള അധികമുണ്ടായിരുന്നതുകൊണ്ടു അവര്‍ മൂന്നു ദിവസം കൊള്ളയിട്ടുകൊണ്ടിരുന്നു. നാലാം ദിവസം അവര്‍ ബെരാഖാതാഴ്‌വരയില്‍ ഒന്നിച്ചുകൂടി; അവര്‍ അവിടെ യഹോവെക്കു സ്‌തോത്രം ചെയ്തതുകൊണ്ടു ആ സ്ഥലത്തിന്നു ഇന്നുവരെ ബെരാഖാതാഴ്‌വര എന്നു പേര്‍ പറഞ്ഞുവരുന്നു. യഹോവ അവര്‍ക്കു ശത്രുക്കളുടെമേല്‍ ജയസന്തോഷം നില്കിയതുകൊണ്ടു യെഹൂദ്യരും യെരൂശലേമ്യരും എല്ലാം മുമ്പില്‍ യെഹോശാഫാത്തുമായി സന്തോഷത്തോടെ യെരൂശലേമിലേക്കു മടങ്ങിപ്പോന്നു; അവര്‍ വീണകളോടും കിന്നരങ്ങളോടും കാഹളങ്ങളോടുംകൂടെ യെരൂശലേമില്‍ യഹോവയുടെ ആലയത്തിലേക്കു ചെന്നു. യഹോവ യിസ്രായേലിന്റെ ശത്രുക്കളോടു യുദ്ധംചെയ്തു എന്നു കേട്ടപ്പോള്‍ ദൈവത്തിന്റെ ഭീതി ആ ദേശങ്ങളിലെ സകലരാജ്യങ്ങളിന്മേലും വന്നു. ഇങ്ങനെ അവന്റെ ദൈവം ചുറ്റും വിശ്രമം നല്കിയതുകൊണ്ടു യെഹോശാഫാത്തിന്റെ രാജ്യം സ്വസ്ഥമായിരുന്നു.”

തീര്‍ച്ചയായും, ദൈവം ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യനാണ്. ദൈവം യഥാവാനാണ്, അവിടുത്തെ വാഗ്ദത്തങ്ങളും സത്യമാണ്. കര്‍ത്താവിലും കര്‍ത്താവ് ക്രൂശില്‍ പൂര്‍ത്തീകരിച്ച പ്രവൃത്തിയിലും നമുക്ക് വിശ്വസിക്കാം. 91-ാം സങ്കീര്‍ത്തനത്തില്‍ പറഞ്ഞിരിക്കുന്ന കര്‍ത്താവിന്റെ വാഗ്ദത്തത്തെ
നമുക്ക് മുറുകെപ്പിടിക്കാം, ”അവന്‍ എന്നോടു പറ്റിയിരിക്കയാല്‍ ഞാന്‍ അവനെ വിടുവിക്കും; അവന്‍ എന്റെ നാമത്തെ അറികയാല്‍ ഞാന്‍ അവനെ ഉയര്‍ത്തും. അവന്‍ എന്നെ വിളിച്ചപേക്ഷിക്കും; ഞാന്‍ അവന്നു ഉത്തരമരുളും; കഷ്ടകാലത്തു ഞാന്‍ അവനോടുകൂടെ ഇരിക്കും; ഞാന്‍ അവനെ വിടുവിച്ചു മഹത്വപ്പെടുത്തും. ദീര്‍ഘായുസ്സുകൊണ്ടു ഞാന്‍ അവന്നു തൃപ്തിവരുത്തും; എന്റെ രക്ഷയെ അവന്നു കാണിച്ചുകൊടുക്കും!”