ഒരു ആഗോള വൈറസ് ആയിരക്കണക്കിനാളുകളെ കൊന്നുകൊണ്ടിരിക്കുന്നു. 40 ദിവസത്തെ ലോക്ക്ഡൗണിലാണ് ഇന്ത്യ ഇപ്പോള്‍. ഞാന്‍ കാണുമെന്ന് എനിക്ക് ഒരിക്കലും സങ്കല്‍പ്പിക്കാന്‍പോലും കഴിയാത്ത കാര്യങ്ങള്‍, ജീവിക്കാന്‍ മറന്നുപോകുന്നു. എന്റെ വാട്ട്സ്ആപ്പും ഫെയ്സ്ബുക്കും ഇന്‍സ്റ്റാഗ്രാമും എല്ലാം കോവിഡ്-19 നെക്കുറിച്ചുള്ള സന്ദേശങ്ങളാല്‍ നിറഞ്ഞിരിക്കുന്നു, മറ്റൊന്നുമില്ല. ക്വാറന്റീന്‍ അനുസരിക്കാതിരുന്നാല്‍, കണ്ടാലുടന്‍ വെടിവയ്ക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കേണ്ടിവരുമെന്ന് എന്റെ സംസ്ഥാന മുഖ്യമന്ത്രി പ്രഖ്യാപിച്ചുകഴിഞ്ഞു. ഇത് ഭയപ്പെടുത്തുന്നതും യാഥാര്‍ത്ഥ്യമല്ലാത്തതുമായി അനുഭവപ്പെടുന്നു.

ഇന്ത്യയില്‍ താമസിക്കുന്ന ഞാന്‍ ഒരു പരിധിവരെ അപകടസാധ്യതയും അസ്ഥിരതയും പരിചയിച്ചുകഴിഞ്ഞു. ഞങ്ങളുടെ ട്രാഫിക്കിലൂടെ വാഹനമോടിക്കുമ്പോള്‍ ഭയന്ന് നടുങ്ങുന്ന വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സുഹൃത്തുക്കളെ നോക്കി ഞാന്‍ ചിരിക്കാറുണ്ടായിരുന്നു. റോഡ് വക്കത്തെ തട്ടുകടകളില്‍ നിന്ന് ഭക്ഷണം കഴിക്കാത്ത സുഹൃത്തുക്കളെ നോക്കി ഞാന്‍ ചിരിക്കാറുണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ സംഭവിക്കുന്നത് തികച്ചും വ്യത്യസ്തമായ തലത്തില്‍ എല്ലാവരിലും ഭയം ജനിപ്പിക്കുന്നു.

നമ്മെ പൂര്‍ണ്ണമായി കീഴടക്കുന്ന ഒരു വികാരമാകാന്‍ ഭയത്തിനു കഴിയും. ചില സമയങ്ങളില്‍, ഭയത്തിന്റെ ഒരു തണുത്ത തരംഗം നമുക്കു മുകളിലൂടെ കടന്നുപോകുകയും ചില നിമിഷങ്ങളിലേക്ക് നമ്മെ തളര്‍ത്തുകയും യുക്തിസഹമായ എല്ലാ ചിന്തകളെയും തടയുകയും ചെയ്യുന്നു. അഞ്ചാം നിലയുടെ മുകളിലെ ടെറസ് മതിലിന്റെ അരികില്‍ എന്റെ കൗമാരക്കാരനായ സഹോദരന്‍ ഇരിക്കുന്നതു കാണുമ്പോള്‍ എന്നിലുണ്ടാകുന്നതുപോലെ. ജീവിതത്തിനും മരണത്തിനും ഇടയില്‍ ഒരു ഇഞ്ചും കുറച്ച് നിമിഷങ്ങളും മാത്രം. ഏതാനും നിമിഷത്തേക്കു ഞാന്‍ നിശ്ചലയായിപ്പോകുന്നു, പിന്നീടാണ് എന്റെ വിവേകം തിരികെവന്ന് ശ്രദ്ധാപൂര്‍വ്വം ഇറങ്ങാന്‍ അവനോടു വിളിച്ചു പറയുന്നത്. ചില സമയങ്ങളില്‍, ഇത് നമ്മുടെ ഹൃദയത്തിന്റെ ആഴത്തില്‍ അടിഞ്ഞുകിടക്കുന്ന ഒരു വികാരമാണ്, അത് നമ്മുടെ തീരുമാനങ്ങളെയും വാക്കുകളെയും പ്രവൃത്തികളെയും ദിവസങ്ങളോളമോ മാസങ്ങളോളമോ നിയന്ത്രിക്കുന്നു. ഞാന്‍ മൂന്നു മാസം ഗര്‍ഭിണിയായിരുന്ന കാലത്തെന്നതുപോലെയാണത്. എന്റെ ഗര്‍ഭപാത്രത്തില്‍ രക്തം കട്ടപിടിച്ചതു കാരണം ഞാന്‍ കിടക്കയില്‍ തന്നെ തുടരാന്‍ ഡോക്ടര്‍ എന്നെ ഉപദേശിച്ചു, കാരണം ശാസ്ത്രത്തിന് അതു സംബന്ധിച്ച് ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല. എന്റെ കുഞ്ഞ് സുരക്ഷിതമായി ജനിക്കേണ്ടതുണ്ടെങ്കില്‍ അത് ദൈവത്താല്‍ മാത്രം സാധ്യമാകുന്ന കാര്യമായിരുന്നു. എല്ലാ രാത്രികളിലും എന്റെ പിഞ്ചു കുഞ്ഞിനെക്കുറിച്ചുള്ള ഭയം ഞാന്‍ അനുഭവിച്ചു. എന്റെ ഉള്ളില്‍ അവന്റെ ചലനം എനിക്ക് അനുഭവപ്പെടുന്നുണ്ടോ എന്ന് പലപ്പോഴും ഞാന്‍ സ്വയം പരിശോധിക്കുമായിരുന്നു, ഒടുവില്‍ മാസങ്ങള്‍ക്ക് ശേഷം, എന്റെ സുന്ദരനായ മകന്‍ ജനിക്കുന്നതുവരെ അതു തുടര്‍ന്നു. ആ മാസങ്ങളിലെ ഭയത്തിലൂടെ എന്നെ മുന്നോട്ട് നയിച്ച ഒരു കാര്യം, ദൈവം നല്ലവനാണ്, അവന്‍ എന്നെ സ്‌നേഹിക്കുന്നു, സകലവും അവന്റെ നിയന്ത്രണത്തിലാണ് എന്ന എന്റെ വിശ്വാസമായിരുന്നു. ഭയം വളരെയധികം വര്‍ദ്ധിച്ചപ്പോള്‍, ‘ഭയപ്പെടേണ്ട, വിശ്വസിക്ക മാത്രം ചെയ്ക’ എന്ന മര്‍ക്കൊസ് 5:36 ലെ വാക്യം ഞാന്‍ ആവര്‍ത്തിക്കുമായിരുന്നു. യായീറൊസിനോട് ഈ വാക്കുകള്‍ പറഞ്ഞ ദൈവം ഞാന്‍ വിശ്വസിച്ച അതേ ദൈവമാണ്.

ഭയത്തിന്റെ ആ കാലഘട്ടത്തിലൂടെ ജീവിച്ച എനിക്ക്, ദൈവത്തിലുള്ള ആശ്രയം മാത്രം ഉണ്ടായിരുന്ന എനിക്ക്, ഇപ്പോള്‍ കാര്യങ്ങള്‍ വളരെ നന്നായി കൈകാര്യം ചെയ്യാന്‍ കഴിയും. എല്ലാം മാറുന്ന ഈ ലോകത്ത്, അവന്‍ മാത്രമാണ് മാറ്റമില്ലാത്ത ദൈവമെന്ന് എനിക്ക് ബോധ്യമുണ്ട്. അവന്‍ ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യനാണ്. അവന്‍ ഇപ്പോഴും നല്ലവനാണ്; അവന്‍ ഇപ്പോഴും എന്നെ സ്‌നേഹിക്കുന്നു; അവന്‍ ഇപ്പോഴും നിയന്ത്രിക്കുന്നവനാണ്. അവിടുന്ന് തന്റെ വചനത്തില്‍ നിരവധി തവണ വാഗ്ദത്തം ചെയ്തിരിക്കുന്നതുപോലെ, അവന്‍ നമ്മോടൊപ്പമുണ്ട്, അവന്‍ ഒരിക്കലും നമ്മെ കൈവിടുകയില്ല, ഉപേക്ഷിക്കുകയുമില്ല.

അതിനാല്‍, ദൈവം നമ്മെ പരിപാലിക്കുമെന്നും ഈ അവസ്ഥയെ നാം മറികടക്കുമെന്നും നമുക്കു വിശ്വസിക്കാം. ഇതിനുമുമ്പ് നാം അതിജീവിച്ച വസൂരിയും മറ്റു പല ബാധകളും പോലെ കൊറോണയും കഴിഞ്ഞ കാലത്തെ ഒരു കാര്യമായിത്തീരും.

ദൈവം നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കുകയും സാഹചര്യത്തെ നിയന്ത്രിക്കാന്‍ സര്‍ക്കാരിനു ജ്ഞാനം നല്‍കുകയും ചെയ്യുമെന്ന് നമുക്ക് വിശ്വസിക്കാം. നാം സര്‍ക്കാരിനെ അനുസരിക്കുകയും നമ്മോട് ആവശ്യപ്പെട്ടിട്ടുള്ളതെല്ലാം ചെയ്യുകയും ചെയ്യുമ്പോള്‍, ജീവഹാനി കുറയുകയും നമ്മള്‍ സുരക്ഷിതരായിരിക്കുകയും ചെയ്യും.

നാം സംഭരിച്ചിട്ടുള്ള സാധനങ്ങള്‍ നോക്കുമ്പോള്‍ ദൈവമാണ് കാര്യങ്ങളെ നിയന്ത്രിക്കുന്നതെന്ന് നമുക്ക് വിശ്വസിക്കാം. നമ്മുടെ ഭക്ഷണം പാഴായിപ്പോകാതിരിക്കേണ്ടതിന് വിവേകത്തോടെ ആസൂത്രണം ചെയ്യുകയും അപ്പോള്‍തന്നേ, അഞ്ചപ്പവും ഏതാനും മീനും കൊണ്ട് അയ്യായിരം പേരെ പോഷിപ്പിച്ച ദൈവത്തിന് നമ്മെയും പോറ്റുവാന്‍ കഴിയും എന്ന വിശ്വാസത്തോടെ അതു ചെയ്യുകയും ചെയ്യുക.

നാം നമ്മുടെ ജോലി ചെയ്യുകയും കുട്ടികളെ പരിപാലിക്കുകയും ജോലിക്കാരുടെ സഹായമോ പിന്തുണയോ ഇല്ലാതെ നമ്മുടെ വീട്ടുജോലികള്‍ പൂര്‍ത്തിയാക്കുകയും ചെയ്യുമ്പോള്‍ ദൈവം നമ്മെ ശക്തിപ്പെടുത്തുകയും പുതുക്കുകയും ചെയ്യുമെന്ന് നമുക്ക് വിശ്വസിക്കാം.

എല്ലാ പ്രഭാതത്തിലും, അവന്‍ തന്റെ മനസ്സലിവും വലിയ വിശ്വസ്തതയും നമുക്ക് വെളിപ്പെടുത്തുമെന്ന് നമുക്കു വിശ്വസിക്കാം. നാമെല്ലാം വീട്ടില്‍ കഴിയുന്ന ഈ സമയം നമ്മുടെ കുടുംബങ്ങള്‍ക്ക് ഒത്തുചേരാനും ബന്ധം സ്ഥാപിക്കാനും ബന്ധങ്ങള്‍ സുഖപ്പെടുത്താനും തഴച്ചുവളരാനുമുള്ള ഒരു മികച്ച അവസരമായിരിക്കും.

ഭയത്തിന്റെയും അസ്ഥിരതയുടെയും ഈ സമയം യഥാര്‍ത്ഥത്തില്‍ നമ്മുടെ സ്രഷ്ടാവിലേക്ക് നമ്മെ അടുപ്പിക്കുമെന്നും അവന്റെ നന്മയും വിശ്വസ്തതയും നമ്മോട് വെളിപ്പെടുത്തുമെന്നും വിശ്വസിക്കാം.

‘ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക്, നിര്‍ണ്ണയപ്രകാരം വിളിക്കപ്പെട്ടവര്‍ക്കു തന്നേ, സകലവും നന്മയ്ക്കായി കൂടിവ്യാപരിക്കുന്നു’ എന്ന് എഴുതിയിരിക്കുന്നതുപോലെ നമുക്ക് വിശ്വസിക്കാം (റോമര്‍ 8:28).

നാം ഭയപ്പെടേണ്ട, വിശ്വസിക്കുക മാത്രം ചെയ്യുക.

-ജാസ്മിൻ ഡേവിഡ്