കൊറോണ മഹാമാരി ഇത്തരത്തിലുള്ള ആദ്യത്തേതല്ല. ചരിത്രത്തിലുടനീളം ഇരുപതിലധികം മഹാമാരികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഗൂഗിള്‍ എന്നോട് പറയുന്നു. മഹാമാരിയുടെ രേഖപ്പെടുത്തിയ ചരിത്രം ആരംഭിക്കുന്നത് എ. ഡി. 165-180 കാലഘട്ടത്തിലെ 50 ലക്ഷം പേരുടെ ജീവന്‍ കവര്‍ന്നെടുത്ത ‘അന്റോണൈന്‍ പ്ലേഗ്’ മുതലാണ്. ‘ബ്ലാക്ക് ഡെത്ത്’ യൂറോപ്പിലുടനീളം 20 കോടി ജനങ്ങളുടെ ജീവനപഹരിച്ചു, ‘സ്പാനിഷ് ഇന്‍ഫ്‌ളുവന്‍സ’ 3.5 കോടി ജീവനുകളും. എച്ച്‌ഐവി / എയ്ഡ്‌സ് ഇപ്പോഴും നിലവിലുള്ള ഒരു പകര്‍ച്ചവ്യാധിയാണ്. ഞാന്‍ ഇത് വായിച്ചപ്പോള്‍, ഇപ്പോള്‍ പൊട്ടിപ്പുറപ്പെട്ട ‘നോവല്‍ കൊറോണ വൈറസ്’ ഇതുവരെ അപഹരിച്ച ജീവനുകളുടെ എണ്ണം താരതമ്യേന കുറവാണെങ്കിലും, ഈ മാരകമായ രോഗം പകരുന്ന രീതിയും നമ്മുടെ രാജ്യത്തും ലോകമെമ്പാടും നിലനില്ക്കുന്ന ലോക്ക്ഡൗണിന്റെ അവസ്ഥയും വലിയ ഭയത്തിന് കാരണമായിട്ടുണ്ട് – അജ്ഞാതമായതിനെക്കുറിച്ചുള്ള ഭയം – എന്നെനിക്കു തോന്നി.

അടുത്ത കാലത്തൊന്നും നമ്മുടെ തലമുറ ഇത്രയും പ്രക്ഷുബ്ധമായ ഒരു അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ടെന്നു ഞാന്‍ കരുതുന്നില്ല. ലോകത്തെ മറ്റ് പല രാജ്യങ്ങളായ ഇറ്റലി, ഇറാന്‍, ചൈന എന്നിവ പോലെ ഇന്ത്യയെ അത് ഇതുവരെ ബാധിച്ചിട്ടില്ലെങ്കിലും വലിയ അസ്വസ്ഥതകളും ഉല്‍ക്കണ്ഠയും ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. സ്വമേധയാ സ്വീകരിച്ച ‘ജനതാ കര്‍ഫ്യൂ’ ഇപ്പോള്‍ വിപുലീകരിച്ചു. ഇത് എനിക്ക് ഓര്‍മ്മിക്കാന്‍ കഴിയുന്ന ആദ്യത്തേതാണ്. യുദ്ധസമയത്ത് ഇത്തരം കര്‍ഫ്യൂകള്‍ സാധാരണമായിരുന്നുവെന്ന് എന്റെ അമ്മ എന്നോട് പറയുന്നു, എന്നാല്‍ ഞാനൊരിക്കലും അതിന് സാക്ഷ്യം വഹിച്ചിട്ടില്ല, അതിനാല്‍ ഇത് എന്നെ സംബന്ധിച്ച് അവിശ്വസനീയമാംവിധം അമിതമാണ്. നിങ്ങളുടെ സുരക്ഷിത ഇടമായ നിങ്ങളുടെ സ്വന്തം വീട്ടില്‍ നിങ്ങള്‍ക്ക് എത്രമാത്രം അന്യഗ്രഹ ജീവിയെപ്പോലെ തോന്നുന്നു എന്നത് അതിശയകരമാണ്. കുറഞ്ഞപക്ഷം നിങ്ങള്‍ക്ക് ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, കുടുംബം എന്നിങ്ങനെ ആവശ്യമുള്ളതെല്ലാം ഉണ്ട്; എന്നിട്ടും പരിഭ്രാന്തി, അജ്ഞാതമായ ഒരു ഭയം.

അത്തരം അനിശ്ചിത സമയങ്ങളില്‍, എന്റെ കുട്ടിക്കാലത്തിന്റെ ഒരു വലിയ ഭാഗമായ ഒരു പ്രത്യേക ഗാനത്തില്‍ എനിക്ക് ആശ്വാസം ലഭിക്കുന്നു. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഹൊറേഷ്യോ സ്പാഫോര്‍ഡ് എഴുതിയ ഈ വരികള്‍ ഇപ്രകാരമാണ്:

“നല്‍ നദിപോല്‍ സമാധാനമോ,

അലമാലപോല്‍ ദുഃഖമോ

എന്തെന്തു വന്നാലും എന്‍ ജീവിതത്തില്‍

ചൊല്ലും ഞാന്‍ എല്ലാമെന്‍ നന്മയ്ക്കായി.’

വ്യക്തിപരമായി വളരെ പ്രക്ഷുബ്ധമായ ഒരു സമയമാണ് ഈ ഉറപ്പിന്റെ ഗാനം എഴുതാന്‍ സ്പാഫോര്‍ഡ് തിരഞ്ഞെടുത്തത്. ‘ചിക്കാഗോ അഗ്നിബാധ’യുടെ സമയത്ത് സമ്പത്തു നഷ്ടപ്പെട്ട അദ്ദേഹത്തിന് പിന്നീട് ഒരു കപ്പല്‍ അപകടത്തില്‍ മക്കളെയും നഷ്ടപ്പെട്ടു. ഈ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട ഭാര്യ, ‘ഒറ്റയ്ക്കു രക്ഷപെട്ടു’ എന്ന പ്രസിദ്ധമായ ടെലിഗ്രാം അദ്ദേഹത്തിന് അയച്ചു. ‘അജ്ഞാതമായ ഭയം’ നേരിടേണ്ടിവരിക എന്നാല്‍ എന്താണെന്ന് സ്പാഫോര്‍ഡ് അറിഞ്ഞു. ഭാവിയില്‍ എന്തുണ്ടാകുമെന്ന് അദ്ദേഹത്തിനറിയില്ല, എന്നിരുന്നാലും, തന്റെ മക്കളെ ഇനി ഒരിക്കലും കാണില്ലെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. ജീവിതത്തെ മാറ്റിമറിച്ച ഈ ദുരന്തത്തിനുശേഷം ഭാര്യയെ കാണാനായി മക്കളുടെ കല്ലറയായിത്തീര്‍ന്ന അറ്റ്‌ലാന്റിക് സമുദ്രത്തിലൂടെ യാത്ര ചെയ്യുമ്പോള്‍ തന്റെ തകര്‍ന്ന ആത്മാവില്‍ നിന്ന് ഒഴുകിയ ഈ അമര്‍ത്യമായ വാക്കുകള്‍ അദ്ദേഹം കടലാസില്‍ കുറിച്ചു.

സ്പാഫോര്‍ഡ് സുരക്ഷിതത്വത്തിന്റെയും വിശ്രമത്തിന്റെയും ഒരിടം കണ്ടെത്തി, ജീവിതത്തിന്റെ കലുഷിതവും നിരന്തരം മാറിക്കൊണ്ടിരിക്കുന്നതുമായ സാഹചര്യങ്ങള്‍ക്കിടയിലും ഹൃദയത്തിന്റെ അടിത്തട്ടില്‍ അദ്ദേഹം ശാന്തത അനുഭവിച്ചു. ജീവിതത്തിന്റെ ഒരിക്കലും മാറ്റമില്ലാത്ത ഒരു യാഥാര്‍ത്ഥ്യത്തിലേക്ക് അദ്ദേഹം എത്തിച്ചേര്‍ന്നു – എല്ലാം അറിയുന്ന, എപ്പോഴും സ്‌നേഹിക്കുന്ന ഒരു ദൈവത്തിന്റെ നിത്യമായ നന്മയാണത്.

മത്തായി 10:29-ല്‍ ബൈബിള്‍ പറയുന്നു ”കാശിന് രണ്ടു കുരികില്‍ വില്ക്കുന്നില്ലയോ? അവയില്‍ ഒന്നുപോലും നിങ്ങളുടെ പിതാവു സമ്മതിക്കാതെ നിലത്തു വീഴുകയില്ല.’ കുരുവികളെ ദൈവം ഇത്രമാത്രം കരുതുന്നുവെങ്കില്‍, അവന്‍ നിങ്ങളെയും പരിപാലിക്കുകയില്ലേ?

ഈ ലോക്ക്ഡൗണ്‍ കാലത്ത് ചിലപ്പോള്‍ വിരസമായും മറ്റ് സമയങ്ങളില്‍ ഭയപ്പെട്ടും നാം ആയിരിക്കുമ്പോള്‍, നമ്മുടെ ജാലകത്തിന് പുറത്ത് ചിലച്ചുകൊണ്ടു പറന്നുനടക്കുന്ന പക്ഷികളില്‍ നാം ആശ്വാസം കണ്ടെത്തുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു. എല്ലാ സാഹചര്യങ്ങളിലും, നാം ക്രിസ്തുവില്‍ മറഞ്ഞിരിക്കുമ്പോള്‍, അത് നല്ലതാണെന്നും അതു നമ്മുടെ ആത്മാവിനു നന്മയാണെന്നും അവ നമ്മെ ഓര്‍മ്മിപ്പിക്കട്ടെ.

-റെബേക്കാഹ്‌ വിജയൻ