കർത്താവേ, അവിടുന്നു ഞങ്ങളെ കാണുന്നുവോ?

അങ്ങയോടു ഞങ്ങൾ നിലവിളിക്കുന്നത് അങ്ങ് കേൾക്കുന്നുവോ?

മരണത്താലും രോഗത്താലും ഞങ്ങളുടെ ദേശം നശിക്കുന്നത് അങ്ങ് കാണുന്നുവോ? ഞങ്ങളുടെ രാത്രി ആകാശം എണ്ണമറ്റ ചിതകളിൽ നിന്നുള്ള അഗ്നിയാൽ പ്രകാശപൂരിതമാകുന്നത് അങ്ങ് കാണുന്നുവോ? ആശുപത്രികളുടെ വാതിൽക്കൽ കാത്തുകിടക്കുന്ന രോഗികളുടെ നീണ്ട നിര അങ്ങ് കാണുന്നുവോ?

ആളുകൾ തങ്ങളുടെ പ്രിയപ്പെട്ടവരെ സഹായിക്കുന്നതിനായി മരുന്നിനും ഇതര ആശുപത്രി ഉപകരണങ്ങൾക്കായും നെട്ടോട്ടം ഓടുന്നത് അങ്ങ് കാണുന്നുവോ? ദൈവഭക്തരായിരുന്നവരുടെ ശവസംസ്‌കാരങ്ങൾ അവിടുന്ന് കാണുന്നുവോ? അനേക വർഷങ്ങൾ വിശ്വസ്തതയോടെ അങ്ങയെ സേവിച്ച, നല്ലവരായ ഈ സ്ത്രീപുരുഷന്മാരുടെ കുടുംബങ്ങൾ തങ്ങളുടെ ദുഃഖത്തിലും അങ്ങയിലേക്കു നോക്കുന്നത് അവിടുന്ന് കാണുന്നുവോ?

ദൈവമേ അവിടുന്നു ഞങ്ങളെ കാണുന്നുവോ?

ഈ ചോദ്യങ്ങളെല്ലാം എന്റെ ഹൃദയത്തിൽ ഉയർന്നപ്പോൾപോലും, അതേ ഹൃദയമിടിപ്പിൽ അതിനുള്ള ഉത്തരവും എനിക്കനുഭവപ്പെട്ടു. അവിടുന്നു കാണുന്നു! അവിടുന്നു നമ്മെ കാണുന്നുണ്ട്. എൽ-രോയീ, കാണുന്ന ദൈവം എന്ന സ്തുതിഗീതം പാടിയ സമയങ്ങൾ ഞാൻ ഓർത്തു.

അന്നും ഇന്നും അവിടുന്നു മാറ്റമില്ലാത്തവനാണ്. ഹാഗാറിനെ കാണുകയും താൻ അവളെ കാണുന്നു എന്ന് അവളോടു പറയുകയും ചെയ്ത അതേ ദൈവം. ഹാഗാർ രണ്ടു പ്രാവശ്യം മരുഭൂമിയിൽ അലഞ്ഞുനടന്നു. ആദ്യത്തെ പ്രാവശ്യം അവൾ സ്വന്ത തീരുമാനപ്രകാരം ഓടിപ്പോകുകയായിരുന്നു (ഉല്പത്തി 16), രണ്ടാം പ്രാവശ്യം സാറയുടെ ഇഷ്ടപ്രകാരം അബ്രഹാം അവളെ പറഞ്ഞയയ്ക്കുകയായിരുന്നു (ഉല്പത്തി 21). രണ്ട് പ്രാവശ്യവും അവൾ മരുഭൂമിയിൽ നിസ്സഹായയും നിരാശിതയുമായി കഴിയുന്ന നേരത്ത് ദൈവം കരം നീട്ടി അവളെ ആശ്വസിപ്പിച്ചു.

ദൈവം നമ്മെ ഒരു നാളും കൈവിടുകയില്ല ഉപേക്ഷിക്കയുമില്ല എന്ന സത്യം വേദപുസ്തകം ആവർത്തിച്ചു പറയുന്നു. ”കൂരിരുൾ താഴ്‌വരയിലൂടെ നാം നടന്നാലും, അവിടുന്ന് നമ്മോടു കൂടെയുണ്ട്” എന്ന് ഉറപ്പു നൽകിയിട്ടുണ്ട്. നമ്മോടു കൂടെ നടക്കുന്ന ദൈവം, നമ്മെ ഒരുനാളും കൈവിടാത്ത ദൈവം, നമുക്കുചുറ്റും നടക്കുന്നതെല്ലാം നിശ്ചയമായും കാണുന്നു. നാം കാണുന്നതുപോലെതന്നെ അവിടുന്ന് അവയെ കാണുന്നു, നാം കേൾക്കുന്നതുപോലെതന്നെ അവിടുന്നും വാർത്തകൾ കേൾക്കുന്നു.

 

എന്നിട്ടും എന്റെ ഹൃദയം വീണ്ടും നിലവിളിച്ചു ….. എന്തുകൊണ്ടാണ് ദൈവമേ ഒരു പ്രതിവിധിയും ഉണ്ടാകാത്തത്? പിന്നെ എന്തുകൊണ്ടാണ് ഈ  മഹാമാരി ഞങ്ങളുടെ ദേശത്തെയും ജനത്തെയും നശിപ്പിച്ചുകൊണ്ടേയിരിക്കുന്നത്? പിന്നെ എന്തുകൊണ്ടാണ് വൃദ്ധരും യൗവ്വനക്കാരും കഷ്ടപ്പെടേണ്ടിവരുന്നത്? ഞങ്ങൾക്ക് ഇതിലധികം എന്തു ചെയ്യാൻ കഴിയും? ഞങ്ങൾ പ്രാർത്ഥിച്ചു, ഇപ്പോഴും പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നു, ഞങ്ങൾ കോവിഡിനെ ശാസിച്ചു, ഞങ്ങൾ അവിടത്തെ ഹിതം ഭൂമിയിൽ പ്രഖ്യാപിക്കുകയും ക്രൂശിലെ നിവൃത്തിയായ ദൈവപ്രവൃത്തിയിൽ ഞങ്ങളുടെ വിശ്വാസം ഉറപ്പിക്കുകയും ചെയ്യുന്നു. ഞങ്ങളാലാവുംവിധം മറ്റുള്ളവരെ സഹായിക്കുന്നു, ഇനി എന്താണ് ചെയ്യേണ്ടത്? ഒരു മാറ്റം എന്ന് സംഭവിക്കും? ഈ വളഞ്ഞത് നേരെയാകാൻ ഇനി എത്രകാലം എടുക്കും? ഞങ്ങൾക്ക് സ്വാതന്ത്ര്യത്തോടെ, മാസ്‌കില്ലാതെ ശ്വസിക്കാൻ ഇനി എത്രകാലം എടുക്കും?

 

ഉത്തരമില്ലാത്ത അനേക ചോദ്യങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു. എങ്കിലും, എന്റെ ഹൃദയത്തിന്റെ ആഴത്തിൽ ഞാൻ അറിയുന്നു, ദൈവം നമ്മെ കാണുന്നു എന്നു ഞാൻ അറിയുന്നു. എൽ രോയി എന്നെ കാണുന്നു. അവിടുന്ന് ഇപ്പോഴും ദൈവമാണ്, അവിടുന്ന് ഇപ്പോഴും നല്ലവനാണ്. അവിടുന്ന് ഓരോ പ്രാർത്ഥനയും, ഓരോ നിലവിളിയും കേൾക്കുന്നു, ഹൃദയത്തിന്റെ ഞരക്കം പോലും അവിടുന്നു കേൾക്കുന്നു. എഫെസ്യർ 6-ൽ  എഴുതിയിരിക്കുന്നതുപോലെ, ”സകലവും സമാപിച്ചിട്ടു ഉറച്ചു നില്ക്കുക.”

നിങ്ങളുടെ അരയ്ക്കു സത്യം കെട്ടിയും – യേശു നമ്മുടെ രോഗങ്ങളും വേദനകളും ക്രൂശിൽ വഹിച്ചു എന്നും, അവിടുത്തെ അടിപ്പിണരുകളാൽ നമുക്ക് സൗഖ്യം വന്നിരിക്കുന്നു എന്നുമുള്ള സത്യം. നമുക്ക് ചുറ്റുപാടുമുള്ളവരെ സഹായിക്കാനുള്ള ഒരുക്കത്തോടെ, ആവശ്യത്തിലിരിക്കുന്നവരുടെ നേരെ മുഖം മറയ്ക്കാതെ, നല്ല ശമര്യക്കാരനെപ്പോലെ പ്രതീക്ഷയ്ക്കപ്പുറമായി സഹായിക്കാനുള്ള മനസ്സോടെ, സമാധാനസുവിശേഷത്തിനായുള്ള ഒരുക്കം കാലിന്നു ചെരിപ്പാക്കുക. നമുക്കു ചുറ്റുമുള്ളതെല്ലാം പ്രതികൂലമാകുന്ന സാഹചര്യത്തിൽ ദൈവത്തിന്റെ ശക്തിയും നന്മകളും പ്രഖ്യാപിക്കുന്നതിലൂടെ, എല്ലാറ്റിന്നും മീതെ ദുഷ്ടന്റെ തീയമ്പുകളെ ഒക്കെയും കെടുക്കുവാന്തക്കതായ വിശ്വാസം എന്ന പരിച എടുത്തുകൊണ്ടും നില്പിൻ. ദൈവവചനത്തിൽ ഉറച്ചു വിശ്വസിച്ചുകൊണ്ട് രക്ഷ എന്ന ശിരസ്ത്രവും ദൈവവചനം എന്ന ആത്മാവിന്റെ വാളും കൈക്കൊൾവിൻ.  സകലപ്രാർത്ഥനയാലും യാചനയാലും ഏതു നേരത്തും ആത്മാവിൽ പ്രാർത്ഥിച്ചും അതിന്നായി ജാഗരിച്ചും കൊണ്ടു ദൈവം നമ്മെ കാണുകയും കേൾക്കുകയും ചെയ്യുന്നു എന്ന ഉറപ്പോടെ ജീവിക്കുക.

ഒടുവിൽ, മർക്കൊസ് 11:24-25 ൽ യേശു പറഞ്ഞിരിക്കുന്നതുപോലെ, നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ യാചിക്കുന്നതൊക്കെയും ലഭിച്ചു എന്നു വിശ്വസിപ്പിൻ. ഭയം കൂടാതെയും മാസ്‌ക് ധരിക്കാതെയും വീട്ടിൽ നിന്നും സ്വതന്ത്രമായി പുറത്തിറങ്ങുന്നത് ദർശിക്കുക. കോവിഡ് വിമുക്തമായ ലോകത്ത് നമ്മുടെ വീട്ടുകാരും സുഹൃത്തുക്കളുമൊരുമിച്ച് ജീവിതം വീണ്ടും ആഘോഷപൂർണ്ണമാക്കുന്നത് ദർശിക്കുക. ജീവനുള്ളവരുടെ ദേശത്ത് നമ്മുടെ ജീവിതത്തിൽ ദൈവം ചെയ്ത നന്മകൾക്ക്, അവിടുന്നു നമ്മെ കാണുന്നു എന്ന അവിടുത്തെ നാമത്തിനൊത്തവണ്ണം, നാം സാക്ഷ്യം വഹിക്കുന്നത് ദർശിക്കുക.

ജാസ്മിൻ