നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത്

ക്രിസ്തുവിലുള്ള സമൂഹം

''വീടിനെയും ഭാര്യയെയും മകനെയും മകളെയും മറക്കുക എന്നതാണ് വിജയിക്കാനുള്ള ഏക മാർഗ്ഗമെന്ന് എനിക്കറിയാമായിരുന്നു,'' ജോർഡൻ പറഞ്ഞു. ''എനിക്ക് അത് ചെയ്യാൻ കഴിയില്ലെന്ന് ഞാൻ മനസ്സിലാക്കി. അവരെ എന്റെ ഹൃദയത്തിലും ആത്മാവിലും ഇഴചേർത്തു നെയ്തിരിക്കുന്നു.'' ഒരു വിദൂര പ്രദേശത്ത് ഒറ്റയ്ക്ക്, ഒരു റിയാലിറ്റി ഷോയിൽ പങ്കെടുക്കുകയായിരുന്നു ജോർഡൻ. വെളിമ്പ്രദേശത്ത് കുറഞ്ഞ സാധനങ്ങളുമായി മത്സരാർത്ഥികൾ കഴിയുന്നിടത്തോളം കാലം ജീവിക്കുന്നതാണ് റിയാലിറ്റി ഷോയുടെ പ്രമേയം. എന്നാൽ റിയാലിറ്റി ഷോയിൽ നിന്ന് ഇടയ്ക്കു നിർത്തി പോകാൻ ജോർഡാനെ നിർബന്ധിതനാക്കിയത് ഗ്രിസ്‌ലി കരടികളോ തണുത്തുറഞ്ഞ അന്തരീക്ഷമോ പരിക്കോ പട്ടിണിയോ അല്ല, മറിച്ച് തന്റെ കുടുംബത്തോടൊപ്പം കഴിയാനുള്ള അമിതമായ ആഗ്രഹമായിരുന്നു.

വനത്തിലെ ഏകാന്തതയിൽ ജീവിക്കുന്നതിനാവശ്യമായ എല്ലാ അതിജീവന കഴിവുകളും നമുക്കുണ്ടായേക്കാം, എന്നാൽ സമൂഹത്തിൽ നിന്ന് സ്വയം വേർപെടുത്തുന്നത് പരാജയപ്പെടാനുള്ള ഒരു ഉറപ്പായ മാർഗ്ഗമാണ്. സഭാപ്രസംഗിയുടെ ജ്ഞാനിയായ എഴുത്തുകാരൻ പറഞ്ഞു, ''ഒരുവനെക്കാൾ ഇരുവർ ഏറെ നല്ലതു; ... വീണാൽ ഒരുവൻ മറ്റേവനെ എഴുന്നേല്പിക്കും'' (4:9-10). ക്രിസ്തുവിനെ ബഹുമാനിക്കുന്ന സമൂഹം - അതിന്റെ എല്ലാ മോശം അവസ്ഥകളോടും കൂടി - നമ്മുടെ പുരോഗതിക്ക് അത്യന്താപേക്ഷിതമാണ്. ഈ ലോകത്തിലെ പരിശോധനകളെ നാം സ്വന്തമായി നേരിടാൻ ശ്രമിച്ചാൽ അതിനെതിരെ നമുക്ക് വിജയിക്കാനാവില്ല. ഒറ്റയ്ക്ക് അദ്ധ്വാനിക്കുന്നവൻ വ്യർത്ഥമായി അധ്വാനിക്കുന്നവനാണ് (വാക്യം 8). സമൂഹം ഇല്ലെങ്കിൽ, നമ്മൾ കൂടുതൽ അപകടസാധ്യതയുള്ളവരാണ് (വാ. 11-12). ഒരൊറ്റ നൂലിൽ നിന്ന് വ്യത്യസ്തമായി, “മുപ്പിരിച്ചരടു വേഗത്തിൽ അറ്റുപോകയില്ല’’ (വാക്യം 12). സ്‌നേഹമുള്ള, ക്രിസ്തുവിൽ കേന്ദ്രീകൃതമായ, ഒരു സമൂഹത്തിന്റെ സമ്മാനം പ്രോത്സാഹനം മാത്രമല്ല, വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങൾക്കിടയിലും അഭിവൃദ്ധി പ്രാപിക്കാനുള്ള ശക്തിയും അതു നൽകുന്നു. നമുക്ക് പരസ്പരം ആവശ്യമാണ്.

ക്രിസ്തുവിനെ ധരിക്കുക

ആദ്യമായി എന്റെ പുതിയ കണ്ണട ധരിച്ചപ്പോൾ ഞാൻ ആഹ്ലാദഭരിതനായിരുന്നു, എന്നാൽ ചില മണിക്കൂറുകൾ കഴിഞ്ഞപ്പോൾ അത് വലിച്ചെറിയണമെന്നു തോന്നി. എന്റെ കണ്ണു വേദനിക്കുകയും തല വിങ്ങുകയും ചെയ്തു. പരിചിതമല്ലാത്ത ഫ്രെയിം എന്റെ ചെവിയിൽ വേദനയുളവാക്കി. പിറ്റേ ദിവസം, കണ്ണട ധരിക്കണമെന്ന് ഓർത്തപ്പോൾ തന്നേ എനിക്കു കരച്ചിൽവന്നു. എന്റെ ശരീരം അതിനോടു പൊരുത്തപ്പെടുന്നതിനായി എനിക്ക് ദിവസവും ആവർത്തിച്ച് കണ്ണട ധരിക്കേണ്ടിവന്നു. അതിന് ആഴ്ചകൾ വേണ്ടിവന്നു, ഒടുവിൽ എനിക്കു പ്രയാസം കൂടാതെ അവ ധരിക്കാമെന്നു ഞാൻ മനസ്സിലാക്കി.

പുതുതായി ഒന്നു ധരിക്കുന്നതിന് മാറ്റം വരുത്തൽ ആവശ്യമാണ്, ക്രമേണ അതു നമുക്കു ശീലമാകുകയും നമുക്കതു നന്നായി ഇണങ്ങുകയും ചെയ്യും. മുമ്പു നാം കാണാത്ത കാര്യങ്ങൾ കാണാനും നമുക്കു കഴിയും. റോമർ 13 ൽ, “വെളിച്ചത്തിന്റെ ആയുധവർഗ്ഗം ധരിക്കുവാനും” (വാ. 12) ശരിയായ ജീവിതം നയിക്കുവാനും ക്രിസ്തുവിന്റെ അനുയായികളോട് പൗലൊസ് നിർദ്ദേശിക്കുന്നു. അവർ നേരത്തെ തന്നേ യേശുവിൽ വിശ്വസിച്ചവരാണ്. എന്നാൽ അവർ “ഉറക്കത്തിലേക്കു’’ വീഴുകയും അലംഭാവമുള്ളവരായിത്തീരുകയും ചെയ്തു; അവർ “ഉണർന്ന്’’ പ്രവർത്തിക്കുകയും മര്യാദയായി നടക്കുകയും പാപത്തെ ഉപേക്ഷിക്കുകയും വേണം (വാ. 11-12). ക്രിസ്തുവിനെ ധരിക്കുവാനുംഅവരുടെ ചിന്തയിലും പ്രവൃത്തികളിലും കൂടുതൽ അവനെപ്പോലെ ആയിത്തീരുവാനും പൗലൊസ് അവരെ ഉത്സാഹിപ്പിക്കുന്നു (വാ. 14).

യേശുവിന്റെ സ്‌നേഹമസൃണവും സൗമ്യവും മനസ്സലിവുള്ളതും കൃപാപൂർവ്വവും വിശ്വസ്തവുമായ വഴികളെ ഒറ്റ രാത്രികൊണ്ടു ജീവിതത്തിൽ പ്രതിഫലിപ്പിച്ചു തുടങ്ങുവാൻ നമുക്കു കഴിയുകയില്ല. അതു സുഖകരമല്ലാത്തതിനാൽ അതു ധരിക്കാൻ നമുക്കിഷ്ടമല്ലെങ്കിൽപ്പോലും ഓരോ ദിവസവും “വെളിച്ചത്തിന്റെ ആയുധവർഗ്ഗം ധരിക്കുന്നതു’’ തിരഞ്ഞെടുക്കുന്ന നീണ്ട പ്രക്രിയയാണത്. ക്രമേണ അതിഷ്ടപ്പെടത്തക്കവിധം അവൻ നമ്മെ രൂപാന്തരപ്പെടുത്തും.

സ്വർഗ്ഗത്തിലെ യജമാനൻ

സിംഗപ്പൂരിലെ മനുഷ്യവിഭവശേഷി മന്ത്രാലയം 2022 ൽ ഒരു പ്രഖ്യാപനം നടത്തി: വീട്ട് ജോലിക്കായി കുടിയേറി വന്നവർക്കെല്ലാം ആഴ്ചയിൽ ഒരു ദിവസം അവധിനല്കണം; അധിക വേതനം നല്കിയും അവധി അനുവദിക്കാതിരിക്കരുത്. ആ ദിവസം തങ്ങളുടെ പ്രിയപ്പെട്ടവരെ ആര് ശുശ്രൂഷിക്കും എന്നത് തൊഴിൽ ദാതാക്കളെ ആകുലപ്പെടുത്തി. പകരം സംവിധാനം കണ്ടെത്തി പ്രശ്നം പരിഹരിച്ചെങ്കിലും ആഴ്ചയിൽ ഒരു ദിവസം വിശ്രമം അനുവദിക്കണം എന്ന കാര്യത്തോട് പൊരുത്തപ്പെടാൻ അവർ ഇനിയും സമയമെടുക്കും.

മറ്റുള്ളവരോട് മര്യാദയോടെ പെരുമാറുക എന്നത് ഒരു പുതിയ കാര്യമല്ല. വേലക്കാർ യജമാനന്റെ സ്വത്താണ് എന്ന് കണക്കാക്കിയിരുന്ന കാലത്താണ് പൗലോസ് അപ്പൊസ്തലൻ ജീവിച്ചത്. എങ്കിലും ക്രിസ്തീയ കുടുംബം എങ്ങനെ പെരുമാറണം എന്ന് സഭയോടുള്ള പ്രബോധനത്തിന്റെ അവസാന വരിയായി പറയുമ്പോൾ, യജമാനന്മാർ ദാസന്മാരോട് നീതിപൂർവ്വം പെരുമാറണം (കൊലൊ. 4:1) എന്ന് ആഹ്വാനം ചെയ്യുന്നു. അവരോട് അന്യായം ചെയ്യാതെ പെരുമാറണം എന്നും തർജ്ജ്മ ചെയ്യാവുന്നതാണ്. 

ദാസന്മാർ "മനുഷ്യർക്കെന്നല്ല, കർത്താവിന് എന്ന പോലെ"(3:23) വേല ചെയ്യണം എന്നു പറയുന്ന പൗലോസ് യജമാനന്മാരെ അവർ യേശുവിന്റെ അധികാരത്തിൽ കീഴിലാണെന്നും ഓർമ്മിപ്പിക്കുന്നു: 

"നിങ്ങൾക്കും സ്വർഗ്ഗത്തിൽ യജമാനൻ ഉണ്ട്" (4:1). കൊലൊസ്യയിലുള്ള വിശ്വാസികൾ ക്രിസ്തുവിന്റെ ആത്യന്തിക അധികാരത്തെ അംഗീകരിച്ച് ജീവിക്കണം എന്ന് പ്രബോധിപ്പിക്കുകയാണ് പൗലോസ് ചെയ്യുന്നത്. നമുക്കും മറ്റുള്ളവരോടുള്ള നമ്മുടെ ഇടപാടുകളിൽ, തൊഴിൽ ദായകൻ എന്ന നിലയിലോ തൊഴിലാളി എന്ന നിലയിലോ, വീട്ടിലോ പുറമെയോ ആകട്ടെ, "നീതിയും ന്യായവും ആചരിച്ച്" (വാ.1 ) പെരുമാറുവാൻ ദൈവത്തോട് സഹായം യാചിക്കാം.

തീവ്രദുഃഖത്തിന്റെ വിലാപം

ഭൂകമ്പത്തിൽ തകർന്ന കെട്ടിടത്തിന്റെ അടിയിൽ അകപ്പെട്ട സിറിയൻ പെൺകുട്ടി, അഞ്ച് വയസ്സുകാരി ജിനാൻ,  തന്റെ കുഞ്ഞനുജനെ പരിക്കു പറ്റാതെ പൊതിഞ്ഞ് പിടിച്ച് കൊണ്ട്, രക്ഷാപ്രവർത്തകരുടെ ശ്രദ്ധ കിട്ടാൻ കരഞ്ഞ് നിലവിളിക്കുകയായിരുന്നു. "എന്നെ ഇവിടുന്ന് ഒന്ന് രക്ഷിക്കൂ. ഞാൻ നിങ്ങൾക്ക് എന്തു വേണേലും ചെയ്യാം. നിങ്ങളുടെ വേലക്കാരി ആയിരുന്നോളാം", ഹൃദയം നുറുങ്ങി അവൾ കരഞ്ഞു പറഞ്ഞു.

തീവ്ര ദുഃഖത്തിന്റെ നിലവിളികൾ സങ്കീർത്തനത്തിൽ എവിടെയും കാണാം: "ഞെരുക്കത്തിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു, യഹോവ ഉത്തരമരുളി."(സങ്കീ.118:5). ചിലപ്പോൾ ഒരു ഭൂകമ്പം തകർത്ത കെട്ടിടത്തിന്റെ അടിയിൽ നാം അമർന്ന് പോയെന്ന് വരില്ല, എന്നാൽ ഒരു രോഗത്തിന്റെ സ്ഥിരീകരണമോ സാമ്പത്തിക തകർച്ചയോ, ഭാവിയെക്കുറിച്ചുള്ള ആശങ്കയോ, തകർന്ന ബന്ധമോ ഒക്കെ നമ്മെ ശ്വാസം മുട്ടിക്കുന്ന ഭയത്തിന് ഇടയാക്കിയേക്കാം.

ഈ സന്ദർഭങ്ങളിൽ, ദൈവം വിടുവിക്കുകയാണെങ്കിൽ ഇന്നതൊക്കെ ചെയ്യാം എന്ന് നാം വിലപേശൽ നടത്തിയേക്കാം. സഹായിക്കുന്നതിന് സ്വാധീനമൊന്നും ദൈവത്തിന് ആവശ്യമില്ല. അവൻ ഉത്തരമരുളാം എന്ന് വാഗ്ദത്തം ചെയ്തിട്ടുണ്ട്. ചിലപ്പോൾ നമ്മുടെ ദുരിതത്തിൽ നിന്ന് വിടുതൽ അല്ലായിരിക്കാം. പകരം അവിടുന്ന് നമ്മുടെ കൂടെയിരിക്കുക മാത്രമാകും. നാം ഒരു ദുരന്തവും ഭയക്കേണ്ടതില്ല - മരണം പോലും. സങ്കീർത്തനക്കാരനൊപ്പം നമുക്കും പറയാം: "എന്നെ സഹായിക്കുന്നവരോടു കൂടെ യഹോവ എന്റെ പക്ഷത്തുണ്ട്; ഞാൻ എന്നെ പകക്കുന്നവരെ കണ്ട് രസിക്കും"(വാ.7). 

ജിനാനും സഹോദരനും രക്ഷപെട്ടതുപോലെ നാടകീയവിടുതൽ ഒന്നും ദൈവം എപ്പോഴും വാഗ്ദാനം ചെയ്തിട്ടില്ല എങ്കിലും ദൈവത്തിന്റെ വിശ്വസ്തതയിൽ നമുക്ക് ശരണപ്പെടാം; അവൻ നമ്മെയും 

"വിശാലസ്ഥലത്താക്കും" (വാ.5). അവൻ നമ്മുടെ സാഹചര്യം അറിയുന്നു, ഒരിക്കലും കൈവിടില്ല, മരണത്തിൽപ്പോലും.

സ്നേഹത്താൽ പ്രചോദിപ്പിക്കപ്പെട്ടവർ

ജിം, ലനീദ എന്നിവർ കോളേജ് പ്രണയികളായിരുന്നു. അവർ വിവാഹിതരായി, വർഷങ്ങളോളം ജീവിതം സന്തോഷകരമായിരുന്നു. പെട്ടെന്ന് ലനീഡ അസാധാരണമായി പെരുമാറാൻ തുടങ്ങി, അവൾ  തന്റെ ഉത്തരവാദിത്തങ്ങൾ മറക്കുകയും സ്ഥലകാലബോധമില്ലാതെ പെരുമാറുകയും ചെയ്തു. നാൽപ്പത്തിയേഴാം വയസ്സിൽ ആദ്യമായി അവൾക്ക്  അൽഷിമേഴ്സ് രോഗമുണ്ടെന്ന്  കണ്ടെത്തി. പത്ത് വർഷം അവളെ പരിചരിച്ചതിന് ശേഷം ജിം ഇങ്ങനെ പറഞ്ഞു, "എനിക്ക് എന്റെ ഭാര്യയെ സ്നേഹിക്കാനും സേവിക്കാനുമുള്ള അവസരം അൽഷിമേഴ്‌സ് എനിക്ക് തന്നു, വിവാഹ പ്രതിജ്‌ഞ പറഞ്ഞപ്പോൾ എനിക്ക് സങ്കൽപ്പിക്കാൻ കഴിയാത്ത വിധത്തിൽ."

പരിശുദ്ധാത്മാവിന്റെ ദാനങ്ങളെക്കുറിച്ച് വിശദീകരിക്കുമ്പോൾ അപ്പൊസ്തലനായ പൌലോസ് സ്നേഹത്തിന്റെ ശ്രേഷ്ഠതയെക്കുറിച്ച് വിശദമായി എഴുതി. (1 കൊരിന്ത്യർ 13). സ്‌നേഹനിർഭരമായ ഹൃദയത്തിൽ നിന്ന് കവിഞ്ഞൊഴുകുന്ന സൽപ്രവൃത്തികളും, സ്നേഹമില്ലാതെ യാന്ത്രികമായി ചെയ്യുന്നവയും തമ്മിലുള്ള വ്യത്യാസം അദ്ദേഹം വിവരിക്കുന്നു. ശക്തമായ സംസാരം നല്ലതാണ്, എന്നാൽ സ്നേഹമില്ലെങ്കിൽ അത് അർത്ഥശൂന്യമായ ശബ്ദം പോലെയാണ് (വാക്യം 1). "എനിക്കുള്ളതെല്ലാം അന്നദാനം ചെയ്താലും ... സ്നേഹം ഇല്ല എങ്കിൽ എനിക്കു ഒരു പ്രയോജനവും ഇല്ല." ഒടുവിൽ പൌലോസ് പറഞ്ഞു, "ഇവയിൽ വലിയതോ സ്നേഹംതന്നെ." (വാ. 13).

ഭാര്യയെ പരിചരിച്ചപ്പോൾ ജിമ്മിന് സ്നേഹത്തെയും സേവനത്തെയും കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ കഴിഞ്ഞു. ആഴമേറിയതും സ്ഥിരതയുള്ളതുമായ ഒരു സ്നേഹത്തിന് മാത്രമേ അവന് എല്ലാ ദിവസവും അവളെ പിന്തുണയ്ക്കാനുള്ള ശക്തി നൽകാൻ കഴിയുമായിരുന്നുള്ളൂ. ആത്യന്തികമായി, ഈ ത്യാഗപരമായ സ്നേഹത്തിന്റെ പൂർണ്ണത നാം കാണുന്ന ഒരേയൊരു ഇടം ദൈവത്തിന് നമ്മോടുള്ള സ്നേഹത്തിലാണ്. അത് നമ്മുടെ പാപങ്ങൾക്കുവേണ്ടി മരിക്കാൻ യേശുവിനെ അയയ്‌ക്കാൻ കാരണമായി (യോഹന്നാൻ 3:16). സ്നേഹത്താൽ പ്രചോദിതമായ ആ ത്യാഗം നമ്മുടെ ലോകത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ചു.

പൂർണ്ണമായും ക്രിസ്തുവിന് സമർപ്പിതം

1920-ൽ, ഒരു ചൈനീസ് പാസ്റ്ററുടെ ആറാമത്തെ കുട്ടിയായ ജോൺ സുങ്ങിന് അമേരിക്കയിലെ ഒരു സർവകലാശാലയിൽ പഠിക്കാൻ സ്കോളർഷിപ്പ് ലഭിച്ചു. അദ്ദേഹം ഏറ്റവും ഉയർന്ന ബഹുമതികളോടെ ബിരുദം നേടി, മാസ്റ്റേഴ്സ് പ്രോഗ്രാം പൂർത്തിയാക്കി, പിഎച്ച്ഡി നേടി. എന്നാൽ പഠനത്തിനിടയിൽ അവൻ ദൈവത്തിൽ നിന്ന് അകന്നുപോയിരുന്നു. പിന്നീട്, 1927-ലെ ഒരു രാത്രിയിൽ, തന്റെ ജീവിതം ക്രിസ്തുവിന് സമർപ്പിക്കുകയും ഒരു പ്രാസംഗികനാകാൻ വിളിക്കപ്പെടുകയും ചെയ്തു.

ഉയർന്ന പ്രതിഫലം ലഭിക്കുന്ന നിരവധി അവസരങ്ങൾ ചൈനയിൽ അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ടായിരുന്നു, എന്നാൽ കപ്പലിൽ വീട്ടിലേക്ക് പോകുമ്പോൾ തന്റെ അഭിലാഷങ്ങൾ മാറ്റിവയ്ക്കാൻ പരിശുദ്ധാത്മാവ്‌ അദ്ദേഹത്തെ ബോധ്യപ്പെടുത്തി. തന്റെ പ്രതിബദ്ധതയുടെ പ്രതീകമായി, മാതാപിതാക്കളോടുള്ള ബഹുമാനാർത്ഥം തന്റെ പിഎച്ച്ഡി സർട്ടിഫിക്കറ്റ് മാത്രം സൂക്ഷിച്ച്, തന്റെ എല്ലാ അവാർഡുകളും അദ്ദേഹം കടലിലെറിഞ്ഞു.

തന്റെ ശിഷ്യനാകുന്നത് സംബന്ധിച്ച് യേശു പറഞ്ഞത് ജോൺ സുങ്ങിനു മനസ്സിലായി: "ഒരു മനുഷ്യൻ സർവ്വലോകവും നേടുകയും തന്റെ ജീവനെ കളകയും ചെയ്താൽ അവന്നു എന്തു പ്രയോജനം?" (മർക്കോസ് 8:36). നാം നമ്മെത്തന്നെ ത്യജിക്കുകയും ക്രിസ്തുവിനെയും അവന്റെ നേതൃത്വത്തെയും അനുഗമിക്കുന്നതിനായി നമ്മുടെ പഴയ ജീവിതം ഉപേക്ഷിക്കുകയും ചെയ്യുമ്പോൾ (വാ. 34-35), അവനെ അനുഗമിക്കുന്നതിൽ നിന്ന് നമ്മെ വ്യതിചലിപ്പിക്കുന്ന വ്യക്തിപരമായ ആഗ്രഹങ്ങളും ഭൗതിക നേട്ടങ്ങളും നാം ത്യജിക്കണം.

തുടർന്നുള്ള പന്ത്രണ്ട് വർഷക്കാലം, ചൈനയിലും, തെക്കുകിഴക്കൻ ഏഷ്യയിലും ഉള്ള  ആയിരക്കണക്കിന് ആളുകളോട് സുവിശേഷം പ്രസംഗിച്ചുകൊണ്ട് ജോൺ തനിക്ക് ദൈവം നൽകിയ ദൗത്യം പൂർണ്ണഹൃദയത്തോടെ നിർവഹിച്ചു. നമ്മുടെ കാര്യം എങ്ങനെയാണ്? പ്രാസംഗികരോ മിഷനറിമാരോ ആകാൻ നാം വിളിക്കപ്പെടണമെന്നില്ല, എന്നാൽ ദൈവം നമ്മെ എവിടെ വേല ചെയ്യാൻ വിളിക്കുന്നുവോ, അവന്റെ ആത്മാവ് നമ്മിൽ പ്രവർത്തിക്കുന്നതിനാൽ, നമ്മെ പൂർണ്ണമായും അവനു സമർപ്പിക്കാം.

നമ്മുടെ രാജാവായ യേശു

ലോകത്തിലെ ഏറ്റവും സൂര്യപ്രകാശമുള്ളതും വരണ്ടതുമായ രാജ്യങ്ങളിലൊന്നിൽ എണ്ണയ്ക്കായി കുഴിക്കുന്ന സമയത്ത്, ഒരു വലിയ ഭൂഗർഭ ജലശേഖരം കണ്ടെത്തിയത് ടീമുകളെ ഞെട്ടിച്ചു. അതിനാൽ, 1983-ൽ "മനുഷ്യനിർമ്മിത മഹാനദി" പദ്ധതി ആരംഭിക്കുകയും, ഉയർന്ന നിലവാരമുള്ള ശുദ്ധജലം വളരെ ആവശ്യമുള്ള നഗരങ്ങളിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഒരു പൈപ്പ് സംവിധാനം സ്ഥാപിച്ചു. പദ്ധതിയുടെ തുടക്കത്തിനടുത്തുള്ള ഒരു ഫലകത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു: "ഇവിടെ നിന്ന് ജീവന്റെ ധമനികൾ ഒഴുകുന്നു."

ഭാവിയിലെ നീതിമാനായ രാജാവിനെ വിവരിക്കാൻ യെശയ്യാ പ്രവാചകൻ മരുഭൂമിയിലെ വെള്ളത്തിന്റെ പ്രതീകം ഉപയോഗിച്ചു (യെശയ്യാവ് 32). രാജാക്കന്മാരും ഭരണാധികാരികളും നീതിയോടും ന്യായത്തോടും കൂടി വാഴുമ്പോൾ, അവർ "വരണ്ട നിലത്തു നീർത്തോടുകൾപോലെയും ക്ഷീണമുള്ള ദേശത്തു ഒരു വമ്പാറയുടെ തണൽപോലെയും ഇരിക്കും." (വാക്യം 2). ചില ഭരണാധികാരികൾ, കൊടുക്കുന്നതിനു പകരം വാങ്ങാൻ ആഗ്രഹിക്കുന്നു. എന്നിരുന്നാലും, ദൈവത്തെ ബഹുമാനിക്കുന്ന ഒരു നേതാവ്, അഭയസ്ഥാനവും, രക്ഷാസ്ഥാനവും, നവോന്മേഷവും, സംരക്ഷണവും നൽകുന്ന ഒരാളായിരിക്കും. “[ദൈവത്തിന്റെ] നീതിയുടെ പ്രവൃത്തി സമാധാനവും നീതിയുടെ ഫലം ശാശ്വതവിശ്രാമവും നിർഭയതയും ആയിരിക്കും” (വാക്യം 17) എന്നും യെശയ്യാവ് പറഞ്ഞു.

പിൽക്കാലത്ത് യേശുവിൽ പൂർത്തീകരിക്കേണ്ട പ്രത്യാശയുടെ വാക്കുകളാണ് യെശയ്യാവ് പറഞ്ഞത്. യേശു “സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങിവരും . . . അങ്ങനെ നാം എന്നേക്കും കർത്താവിനോടുകൂടെ ഇരിക്കും” (1 തെസ്സലൊനീക്യർ 4:16-17). മനുഷ്യകരങ്ങളാൽ നിർമ്മിച്ച മഹാനദി എന്നെങ്കിലും വറ്റിപ്പോകും. എന്നാൽ നമ്മുടെ നീതിമാനായ രാജാവ് ഒരിക്കലും വറ്റിപ്പോകാത്ത നവോന്മേഷവും ജീവജലവും നൽകുന്നു.

ഒരു ലളിതമായ അഭ്യർത്ഥന

"കിടക്കാൻ പോകുന്നതിന് മുമ്പ് മുൻവശത്തെ മുറി ഒന്ന് വൃത്തിയാക്ക്," ഞാൻ എന്റെ മകളോട് പറഞ്ഞു. ഉടനെ മറുപടി വന്നു, "എന്തുകൊണ്ടാണ് അവൾ അത് ചെയ്യാത്തത്?"

ഞങ്ങളുടെ പെൺകുട്ടികൾ ചെറുപ്പമായിരുന്നപ്പോൾ ഞങ്ങളുടെ വീട്ടിൽ ഇത്തരം നേരിയ എതിർപ്പുകൾ പതിവായിരുന്നു. എന്റെ പ്രതികരണം എപ്പോഴും ഒന്നുതന്നെയായിരുന്നു: “അവരുടെ കാര്യം പറയേണ്ട; ഞാൻ നിന്നോടാണ് പറഞ്ഞത്."

യോഹന്നാൻ 21-ൽ, ശിഷ്യന്മാരുടെ ഇടയിലും ഈ മാനുഷിക പ്രവണത ഉള്ളതായി നാം കാണുന്നു. മൂന്നു പ്രാവശ്യം യേശുവിനെ തള്ളിപ്പറഞ്ഞതിന് ശേഷം യേശു പത്രോസിനെ യഥാസ്ഥാനപ്പെടുത്തി. (യോഹന്നാൻ 18:15-18, 25-27 കാണുക). ഇപ്പോൾ യേശു പത്രോസിനോടു പറയുന്നു, “എന്നെ അനുഗമിക്കുക!” (21:19)—ലളിതവും എന്നാൽ വേദനാജനകവുമായ ഒരു കൽപ്പന. പത്രോസ് മരണം വരെ തന്നെ അനുഗമിക്കുമെന്ന് യേശു വിശദീകരിച്ചു (വാ. 18-19).

യേശു പറഞ്ഞ കാര്യം ശരിയായിട്ട് മനസ്സിലാക്കുന്നതിന് മുമ്പുതന്നെ പത്രോസ് ചോദിച്ചു, "ഇവന്നു എന്തു ഭവിക്കും?" (വാ. 21). യേശു മറുപടി പറഞ്ഞു, "ഞാൻ വരുവോളം ഇവൻ ഇരിക്കേണമെന്നു എനിക്കു ഇഷ്ടം ഉണ്ടെങ്കിൽ അതു നിനക്കു എന്തു? നീ എന്നെ അനുഗമിക്ക." (വാ. 22).

നാം പലപ്പോഴും പത്രോസിനെപ്പോലെ പെരുമാറുന്നവരല്ലേ! മറ്റുള്ളവരുടെ ആത്മീയ ജീവിതത്തെക്കുറിച്ചാണ് നാം ആശ്ചര്യപ്പെടുന്നത്, അല്ലാതെ ദൈവം നമ്മിലൂടെ ചെയ്യുന്ന  കാര്യങ്ങളെക്കുറിച്ചല്ല. യോഹന്നാൻ 21-ൽ യേശു പത്രോസിനെക്കുറിച്ച് പ്രവചിച്ച മരണം വളരെ അടുത്തെത്തിയപ്പോൾ, അവൻ ക്രിസ്തുവിന്റെ ലളിതമായ കൽപ്പനയെക്കുറിച്ച് വിശദീകരിച്ചു: “പണ്ടു നിങ്ങളുടെ അജ്ഞാനകാലത്തു ഉണ്ടായിരുന്ന മോഹങ്ങളെ മാതൃകയാക്കാതെ നിങ്ങളെ വിളിച്ച വിശുദ്ധന്നു ഒത്തവണ്ണം അനുസരണമുള്ള മക്കളായി എല്ലാനടപ്പിലും വിശുദ്ധരാകുവിൻ." (1 പത്രോസ് 1:14-15). നാമെല്ലാവരും ചുറ്റുമുള്ളവരിലല്ല, യേശുവിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇത് മതിയാകും.

നീതി നഗരം

2000-ലെ പുതുവത്സരത്തലേന്ന് ഡിട്രോയിറ്റിലെ ഉദ്യോഗസ്ഥർ നൂറു വർഷം പഴക്കമുള്ള ഒരു ടൈം ക്യാപ്‌സ്യൂൾ ശ്രദ്ധാപൂർവ്വം തുറന്നു. സമൃദ്ധിയുടെ ദർശനങ്ങൾ പ്രകടിപ്പിക്കുന്ന ചില നഗര നേതാക്കളുടെ പ്രതീക്ഷാജനകമായ പ്രവചനങ്ങളായിരുന്നു ചെമ്പ് പെട്ടിക്കുള്ളിൽ ഉണ്ടായിരുന്നത്. എന്നിരുന്നാലും, മേയറുടെ സന്ദേശം മറ്റൊരു സമീപനം വാഗ്ദാനം ചെയ്തു. അദ്ദേഹം എഴുതി, ''മറ്റെല്ലാറ്റിനെക്കാളും ശ്രേഷ്ഠമായ ഒരു പ്രത്യാശ ഞങ്ങൾ പ്രകടിപ്പിക്കട്ടെ . . . ഒരു രാജ്യമായും ജനമായും നഗരമായും നിങ്ങൾ നീതിയിൽ വളർന്നിരിക്കുന്നുവെന്ന് നിങ്ങൾ മനസ്സിലാക്കും, കാരണം ഇതാണ് ഒരു ജനതയെ ഉയർത്തുന്നത്.''

വിജയം, സന്തോഷം, സമാധാനം എന്നിവയെക്കാളും, ഭാവിയിലെ പൗരന്മാർ യഥാർത്ഥത്തിൽ നീതിയും നേരും ഉള്ളവരായിരിക്കുക എന്നതിൽ വളരണമെന്ന് മേയർ ആശംസിച്ചു. തന്റെ നീതിക്കായി കാംക്ഷിക്കുന്നവരെ അനുഗ്രഹിച്ച യേശുവിൽ നിന്നായിരിക്കാം അദ്ദേഹം തന്റെ ആശയം സ്വീകരിച്ചത് (മത്തായി 5:6). എന്നാൽ ദൈവത്തിന്റെ പൂർണ്ണതയുള്ള നിലവാരം പരിഗണിക്കുമ്പോൾ നിരുത്സാഹപ്പെടാൻ എളുപ്പമാണ്.

വളരാൻ നമ്മുടെ സ്വന്തം പ്രയത്‌നത്തിൽ ആശ്രയിക്കേണ്ടതില്ല എന്നതിന് ദൈവത്തെ സ്തുതിക്കുക. എബ്രായലേഖന കർത്താവ് ഇപ്രകാരം പറഞ്ഞു: ''സമാധാനത്തിന്റെ ദൈവം  നിങ്ങളെ അവന്റെ ഇഷ്ടം ചെയ്വാൻ തക്കവണ്ണം എല്ലാനന്മയിലും യഥാസ്ഥാനപ്പെടുത്തി തനിക്കു പ്രസാദമുള്ളതു യേശുക്രിസ്തുമുഖാന്തരം നമ്മിൽ നിവർത്തിക്കുമാറാകട്ടെ’’ (എബ്രായർ 13:20-21). ക്രിസ്തുവിലുള്ള നാം അവനിൽ വിശ്വസിക്കുന്ന നിമിഷം അവന്റെ രക്തത്താൽ വിശുദ്ധീകരിക്കപ്പെടുന്നു (വാ. 12), എന്നാൽ ജീവിതകാലം മുഴുവൻ അവൻ നമ്മുടെ ഹൃദയങ്ങളിൽ നീതിയുടെ ഫലം സജീവമായി വളർത്തുന്നു. യാത്രയിൽ നാം പലപ്പോഴും ഇടറിപ്പോകാമെങ്കിലും ദൈവത്തിന്റെ നീതി വാഴുന്ന “വരുവാനുള്ള നഗര’’ത്തിനായി നാം കാത്തിരിക്കുന്നു (വാ. 14).

 

ദൈവത്തിൽ ചാരുക

ചില സുഹൃത്തുക്കളോടൊപ്പം ഒരു വാട്ടർ പാർക്കിൽ ആയിരിക്കുമ്പോൾ, ഞങ്ങൾ ഊതിവീർപ്പിക്കാവുന്ന പ്ലാറ്റ്‌ഫോമുകളിൽ ഫ്‌ളോട്ടിംഗ് ഒബ്സ്റ്റക്കിൾ കോഴ്‌സ് ചെയ്യാൻ ശ്രമിച്ചു. തെറിക്കുന്നതും വഴുവഴുപ്പുള്ളതുമായ പ്ലാറ്റ്‌ഫോമുകൾ നേരെയുള്ള നടത്തം മിക്കവാറും അസാധ്യമാക്കി. വളവുകൾ, പാറക്കെട്ടുകൾ, പാലങ്ങൾ എന്നിവയിലൂടെ ഞങ്ങൾ ആടിയുലഞ്ഞു നടക്കുമ്പോൾ, അപ്രതീക്ഷിതമായി വെള്ളത്തിലേക്ക് വീണു. ഒരു കോഴ്‌സ് പൂർത്തിയാക്കിയ ശേഷം, പൂർണ്ണമായും തളർന്നുപോയ എന്റെ സുഹൃത്ത് അവളുടെ ശ്വാസം പിടിക്കാൻ ''ടവറുകളിൽ'' ഒന്നിലേക്ക് ചാഞ്ഞു. നിമിഷത്തിനുള്ളിൽ അത് അവളുടെ ഭാരം നിമിത്തം വെള്ളത്തിലേക്കു മറിഞ്ഞു.

വാട്ടർ പാർക്കിലെ ദുർബലമായ ഗോപുരങ്ങളിൽനിന്നു വ്യത്യസ്തമായി, ബൈബിൾ കാലങ്ങളിൽ ഒരു ഗോപുരം പ്രതിരോധത്തിനും സംരക്ഷണത്തിനുമുള്ള ഒരു കോട്ടയായിരുന്നു. നഗരത്തിന് നേരെയുള്ള അബിമേലെക്കിന്റെ ആക്രമണത്തിൽ നിന്ന് ഒളിച്ചോടാൻ തേബെസിലെ ജനങ്ങൾ എങ്ങനെയാണ് “ഉറപ്പുള്ള ഒരു ഗോപുര’’ത്തിലേക്ക് ഓടിപ്പോയതെന്ന് ന്യായാധിപന്മാർ 9:50-51 വിവരിക്കുന്നു. സദൃശവാക്യങ്ങൾ 18:10-ൽ, ദൈവം ആരാണെന്ന് വിശദീകരിക്കാൻ എഴുത്തുകാരൻ ശക്തമായ ഒരു ഗോപുരത്തിന്റെ ചിത്രം ഉപയോഗിച്ചു-അവനിൽ അഭയം പ്രാപിക്കുന്നവരെ രക്ഷിക്കുന്നവൻ.

എന്നിരുന്നാലും, ചിലപ്പോൾ, തളർന്നിരിക്കുമ്പോഴോ അടിക്കടി വീഴുമ്പോഴോ ദൈവത്തിന്റെ ശക്തമായ ഗോപുരത്തിൽ ചാരിനിൽക്കുന്നതിനുപകരം, സുരക്ഷിതത്വത്തിനും പിന്തുണയ്ക്കുമായി നാം മറ്റ് കാര്യങ്ങൾ തേടുന്നു - ഒരു തൊഴിൽ, ബന്ധങ്ങൾ അല്ലെങ്കിൽ ശാരീരിക സുഖങ്ങൾ. തന്റെ സമ്പത്തിൽ ശക്തി തേടുന്ന ധനികനിൽ നിന്ന് നാം വ്യത്യസ്തരല്ല (വാ. 11). പക്ഷേ, ഊതിവീർപ്പിക്കുന്ന ടവറിന് എന്റെ സുഹൃത്തിനെ താങ്ങാൻ കഴിയാത്തതുപോലെ, നമുക്ക് ശരിക്കും ആവശ്യമുള്ളത് നൽകാൻ ഈ കാര്യങ്ങൾക്ക് കഴിയില്ല. ദൈവം-സർവ്വശക്തനും എല്ലാ സാഹചര്യങ്ങളെയും നിയന്ത്രിക്കുന്നവനും-യഥാർത്ഥ ആശ്വാസവും സുരക്ഷിതത്വവും പ്രദാനം ചെയ്യുന്നു.