നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് ഷെരിദാന്‍ വോയ്‌സി

സ്മാർട്ട്‌ഫോൺ മനസ്സലിവ്

ഡ്രൈവർ ഭക്ഷണം കൊണ്ടുവരാൻ വൈകിയോ? അദ്ദേഹത്തിന് വൺ-സ്റ്റാർ റേറ്റിംഗ് നൽകാൻ നിങ്ങളുടെ ഫോൺ ഉപയോഗിക്കാം. കടയുടമ നിങ്ങളോട് പരുഷമായി പെരുമാറിയോ? നിങ്ങൾക്ക് അവളെക്കുറിച്ച് ഒരു വിമർശനാത്മക അവലോകനം എഴുതാം. സ്മാർട്ട്‌ഫോണുകൾ നമ്മളെ സാധനങ്ങൾ വാങ്ങാനും സുഹൃത്തുക്കളുമായി സമ്പർക്കം പുലർത്താനും മറ്റും പ്രാപ്തമാക്കുമ്പോൾ, പരസ്പരം പരസ്യമായി വിലയിടുവാനുള്ള അധികാരവും അവ നമുക്ക് നൽകിയിട്ടുണ്ട്. ഇത് ഒരു പ്രശ്‌നമാകാം.

ഈ രീതിയിൽ പരസ്പരം വിലയിരുത്തുന്നത് പ്രശ്‌നമാണ്, കാരണം സാഹചര്യം വിലയിരുത്താതെ വിധിനിർണ്ണയങ്ങൾ നടത്താം. ഡ്രൈവർ, തന്റെ നിയന്ത്രണത്തിലല്ലാത്ത സാഹചര്യങ്ങൾ കാരണമാകാം ഡെലിവറി താമസിപ്പിച്ചത്. രോഗിയായ ഒരു കുട്ടിയെ രാത്രി മുഴുവനും പരിചരിച്ചതിന്റെ ക്ഷീണത്താലാകാം കടയുടമ പരുക്കനായതും നെഗറ്റീവ് റിവ്യൂ ലഭിച്ചതും. മറ്റുള്ളവരെ ഇങ്ങനെ അന്യായമായി വിലയിരുത്തുന്നത് എങ്ങനെ ഒഴിവാക്കാൻ കഴിയും?

ദൈവത്തിന്റെ സ്വഭാവം അനുകരിച്ചുകൊണ്ട്. പുറപ്പാട് 34:6-7-ൽ, ദൈവം തന്നെത്തന്നെ “കരുണയും കൃപയുമുള്ളവൻ” എന്ന് വിശേഷിപ്പിക്കുന്നു-അർത്ഥം സന്ദർഭം പരിഗണിക്കാതെ നമ്മുടെ പരാജയങ്ങളെ അവൻ വിലയിരുത്തുകയില്ല; “ദീർഘമായി ക്ഷമിക്കുന്നവൻ”-അർത്ഥം ഒരു മോശം അനുഭവത്തിന് ശേഷം അവൻ ഒരു നെഗറ്റീവ് അവലോകനം പോസ്റ്റ് ചെയ്യില്ല; “മഹാദയാലു”-അർത്ഥം അവന്റെ തിരുത്തലുകൾ നമ്മുടെ നന്മയ്ക്കാണ്, പ്രതികാരം ചെയ്യാനല്ല; കൂടാതെ “പാപം ക്ഷമിക്കുന്നവൻ”-നമ്മുടെ ജീവിതത്തെ നമ്മുടെ വൺ സ്റ്റാർ റേറ്റിംഗിനാൽ നിർവചിക്കേണ്ടതില്ല. ദൈവത്തിന്റെ സ്വഭാവം നമ്മുടെ സ്വഭാവത്തിന് അടിസ്ഥാനമായിരിക്കുന്നതിനാൽ (മത്തായി 6:33), നമ്മുടെ സ്വഭാവത്തെ അവന്റെ സ്വഭാവം പോലെ ഉപയോഗിച്ചുകൊണ്ട് നമുക്ക് സ്മാർട്ട്‌ഫോണുകളിലൂടെ മോശമായി വിലയിരുത്തന്നത് ഒഴിവാക്കാം.

ഓൺലൈൻ യുഗത്തിൽ, നമുക്കെല്ലാവർക്കും മറ്റുള്ളവരെ കഠിനമായി വിലയിരുത്താനാവും. ഇന്ന് ഒരു ചെറിയ മനസ്സലിവ് കാണിക്കാൻ പരിശുദ്ധാത്മാവ് നമ്മെ ശക്തിപ്പെടുത്തട്ടെ.

പരദേശിയെ സ്വാഗതം ചെയ്യുക

യുദ്ധഭൂമിയിൽനിന്ന് പലായനം ചെയ്ത ആയിരക്കണക്കിന് ഉക്രേനിയൻ സ്ത്രീകളും കുട്ടികളും ബെർലിനിലെ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ, അവരെ എതിരേറ്റത് ഒരു അത്ഭുതമായിരുന്നു - ജർമ്മൻ കുടുംബങ്ങൾ അവരുടെ വീടുകളിൽ അഭയം വാഗ്ദാനം ചെയ്യുന്ന കൈകൊണ്ടെഴുതി പ്ലാക്കാർഡികൾ ഏന്തി നില്ക്കുന്നു. “രണ്ട് പേരെ പാർപ്പിക്കാം!’’ ഒരു പ്ലാക്കാർഡിൽ എഴുതിയിരിക്കുന്നു. “വലിയ മുറി [ലഭ്യം],'' മറ്റൊന്ന് പറഞ്ഞു. എന്തുകൊണ്ടാണ് അപരിചിതർക്ക് അത്തരം ആതിഥ്യം വാഗ്ദാനം ചെയ്യുന്നതെന്ന് ചോദിച്ചപ്പോൾ, നാസികളിൽ നിന്ന് പലായനം ചെയ്യുമ്പോൾ തന്റെ അമ്മയ്ക്ക് അഭയം ആവശ്യമായിരുന്നുവെന്നും അത്തരം ആവശ്യമുള്ള മറ്റുള്ളവരെ സഹായിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും ഒരു സ്ത്രീ പറഞ്ഞു.

ആവർത്തനപുസ്തകത്തിൽ, തങ്ങളുടെ മാതൃരാജ്യത്തിൽ ഉൾപ്പെടാത്തവരെ പരിപാലിക്കാൻ ദൈവം യിസ്രായേല്യരെ ആഹ്വാനം ചെയ്തു. എന്തുകൊണ്ട്? കാരണം, അവൻ അനാഥരുടെയും വിധവയുടെയും പരദേശിയുടെയും സംരക്ഷകനാണ് (10:18), അത്തരം ദുർബലത എങ്ങനെ അനുഭവപ്പെടുമെന്ന് യിസ്രായേല്യർക്ക് അറിയാമായിരുന്നു: “നിങ്ങളും മിസ്രയീംദേശത്തു പരദേശികളായിരുന്നുവല്ലോ” (വാ. 19). സഹാനുഭൂതി അവരുടെ കരുതലിനെ പ്രചോദിപ്പിക്കണമായിരുന്നു.

എന്നാൽ ഇതിനും ഒരു മറുവശമുണ്ട്. സാരെഫാത്തിലെ വിധവ അപരിചിതനായ ഏലീയാവിനെ തന്റെ വീട്ടിലേക്ക് സ്വാഗതം ചെയ്തപ്പോൾ, അബ്രഹാം തന്റെ മൂന്ന് അപരിചിത സന്ദർശകരാൽ അനുഗ്രഹിക്കപ്പെട്ടതുപോലെ (1 രാജാക്കന്മാർ 17:9-24) അവൾ അനുഗ്രഹിക്കപ്പെട്ടവളായിത്തീർന്നു (ഉല്പത്തി 18:1-15). അതിഥിയെ മാത്രമല്ല, ആതിഥേയനെ അനുഗ്രഹിക്കാൻ ദൈവം പലപ്പോഴും ആതിഥ്യം ഉപയോഗിക്കുന്നു.

നിങ്ങളുടെ വീട്ടിലേക്ക് അപരിചിതരെ സ്വാഗതം ചെയ്യുന്നത് ബുദ്ധിമുട്ടാണ്, എന്നാൽ ആ ജർമ്മൻ കുടുംബങ്ങൾ ആയിരിക്കാം യഥാർത്ഥ ഗുണഭോക്താക്കൾ. ദൈവത്തിന്റെ സഹാനുഭൂതിയോടെ ദുർബലരായവരോട് നാമും പ്രതികരിക്കുമ്പോൾ, അവരിലൂടെ അവൻ നമുക്ക് നൽകുന്ന സമ്മാനങ്ങളിൽ നാം ഒരുപക്ഷേ ആശ്ചര്യപ്പെട്ടേക്കാം.

ഏത് ജ്ഞാനം?

2018 ലെ ഈസ്റ്ററിന് തൊട്ടുമുമ്പ്, ഒരു തീവ്രവാദി മാർക്കറ്റിൽ പ്രവേശിച്ചു രണ്ടു പേരെ കൊല്ലുകയും മൂന്നാമതൊരു സ്ത്രീയെ ബന്ദിയാക്കുകയും ചെയ്തു. സ്ത്രീയെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടപ്പോൾ, ഒരു പോലീസുകാരൻ തീവ്രവാദിക്ക് ഒരു വാഗ്ദാനം നൽകി: സ്ത്രീയെ വിട്ടയച്ചിട്ട് പകരം തന്നെ കൊണ്ടുപോകുക.

ഓഫർ ഞെട്ടിക്കുന്നതായിരുന്നു, കാരണം അത് ജനകീയ ജ്ഞാനത്തിന് എതിരായിരുന്നു. സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്യുന്ന ആഘോഷകരമായ ഉദ്ധരണികൾ പോലെ, ആഘോഷിക്കുന്ന വാക്കുകളിലൂടെ നിങ്ങൾക്ക് എല്ലായ്‌പ്പോഴും ഒരു സംസ്‌കാരത്തിന്റെ ''ജ്ഞാനം'' എന്താണെന്നു പറയാൻ കഴിയും. ''നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ സാഹസികത നിങ്ങളുടെ സ്വപ്‌നങ്ങളുടെ ജീവിതം നയിക്കുക എന്നതാണ്,'' ഒരു ജനപ്രിയ ഉദ്ധരണി പറയുന്നു. “ആദ്യം നിങ്ങളെത്തന്നെ സ്‌നേഹിക്കുക, മറ്റെല്ലാം ക്രമത്തിൽ വരുന്നു,” മറ്റൊരാൾ പറയുന്നു. ''നിങ്ങൾ ചെയ്യേണ്ടത് നിങ്ങൾക്കായി ചെയ്യുക,'' മൂന്നാമൻ പറയുന്നു. പോലീസുദ്യോഗസ്ഥൻ അത്തരം ഉപദേശം പാലിച്ചിരുന്നെങ്കിൽ, അവൻ ആദ്യം ഓടി രക്ഷപെടുമായിരുന്നു.

ലോകത്തിൽ രണ്ടുതരം ജ്ഞാനമുണ്ടെന്ന് അപ്പൊസ്തലനായ യാക്കോബ് പറയുന്നു: ഒന്ന് “ഭൗമികം,” മറ്റൊന്ന് “സ്വർഗ്ഗീയം.” ആദ്യത്തേത് സ്വാർത്ഥ അഭിലാഷവും ക്രമക്കേടും കൊണ്ട് അടയാളപ്പെടുത്തുന്നു (യാക്കോബ് 3:14-16); രണ്ടാമത്തേത് “നിർമ്മലവും പിന്നെ സമാധാനവും ശാന്തതയും അനുസരണവുമുള്ളതും കരുണയും സൽഫലവും നിറഞ്ഞതും പക്ഷപാതവും കപടവും ഇല്ലാത്തതുമാകുന്നു” (വാ. 13, 17-18). ഭൗമിക ജ്ഞാനം സ്വയം പ്രഥമസ്ഥാനം നൽകുന്നു. സ്വർഗ്ഗീയ ജ്ഞാനം മറ്റുള്ളവരെ പ്രസാദിപ്പിക്കുന്നു, എളിമയുള്ള ഒരു ജീവിതത്തിലേക്ക് നയിക്കുന്നു (വാ. 13).

പോലീസ് ഉദ്യോഗസ്ഥന്റെ വാഗ്ദാനം തീവ്രവാദി സ്വീകരിച്ചു. ബന്ദിയെ മോചിപ്പിച്ചു, പോലീസുകാരൻ വെടിയേറ്റു മരിച്ചു. മറ്റൊരാൾക്കുവേണ്ടി നിരപരാധിയായ ഒരു മനുഷ്യൻ മരിക്കുന്നത് ഈസ്റ്റർ ദിനത്തിൽ ലോകം കണ്ടു.

സ്വർഗ്ഗീയ ജ്ഞാനം എളിമയുള്ള പ്രവൃത്തികളിലേക്ക് നയിക്കുന്നു, കാരണം അത് സ്വയത്തെക്കാൾ ദൈവത്തെ ഉയർത്തുന്നു (സദൃശവാക്യങ്ങൾ 9:10). ഏത് ജ്ഞാനമാണ് നിങ്ങൾ ഇന്ന് പിന്തുടരുന്നത്?

താഴത്തെ ഡെക്കിലെ ആളുകൾ

എന്റെ ഒരു സുഹൃത്ത്, വികസ്വര രാജ്യങ്ങളിലേക്ക് സൗജന്യ ആരോഗ്യ സംരക്ഷണം നൽകുന്ന ആഫ്രിക്ക മേഴ്‌സി എന്ന ആശുപത്രിക്കപ്പലിലാണ് ജോലി ചെയ്യുന്നത്. മറ്റു നിലകളിൽ ചികിത്സ കിട്ടാതെ പോകുന്ന നൂറുകണക്കിന് രോഗികളെയാണ് ജീവനക്കാർ ദിവസവും ശുശ്രൂഷിക്കുന്നത്.

ഇടയ്ക്കിടെ കപ്പലിൽ കയറുന്ന ടിവി പ്രവർത്തകർ, അതിലെ അത്ഭുതകരമായ മെഡിക്കൽ സ്റ്റാഫിലേക്ക് ക്യാമറകൾ തിരിക്കുന്നു. ചിലപ്പോൾ അവർ മറ്റ് ക്രൂ അംഗങ്ങളുമായി അഭിമുഖം നടത്താൻ ഡെക്കിന് താഴെക്കു പോകുന്നു, എങ്കിലും മൈക്ക് ചെയ്യുന്ന ജോലി സാധാരണയായി ശ്രദ്ധിക്കപ്പെടാതെ പോകുന്നു.

ഒരു എൻജിനീയറായ മൈക്ക്, കപ്പലിലെ മലിനജല പ്ലാന്റിലാണ് തന്നെ ജോലിക്ക് നിയോഗിച്ചത് എന്നതിൽ സ്വയം അത്ഭുതപ്പെടാറുണ്ട്. ഓരോ ദിവസവും നാൽപതിനായിരം ലിറ്റർ മലിനജലം ഉത്പാദിപ്പിക്കപ്പെടുന്നതിനാൽ, ഈ വിഷ പദാർത്ഥം കൈകാര്യം ചെയ്യുന്നത് ഗുരുതരമായ പ്രവൃത്തിയാണ്. മൈക്ക് അതിന്റെ പൈപ്പുകളും പമ്പുകളും പരിപാലിക്കുന്നില്ലെങ്കിൽ, ആഫ്രിക്ക മേഴ്‌സിയുടെ ജീവദായക പ്രവർത്തനങ്ങൾ നിലയ്ക്കും.

ക്രിസ്തീയ ശുശ്രൂഷയുടെ “മുകളിലത്തെ ഡെക്കിൽ” ഇരിക്കുന്നവരെ അഭിനന്ദിക്കുന്നതും അതേസമയം താഴെയുള്ള ഇടുങ്ങിയ ഇടനാഴികളിൽ ഉള്ളവരെ കാണാതിരിക്കുന്നതും എളുപ്പമാണ്. കൊരിന്ത്യ സഭ അസാധാരണമായ വരങ്ങളുള്ളവരെ മറ്റുള്ളവരെക്കാൾ ഉയർത്തിയപ്പോൾ, ക്രിസ്തുവിന്റെ വേലയിൽ ഓരോ വിശ്വാസിക്കും പങ്കുണ്ട് (1 കൊരിന്ത്യർ 12:7-20) എന്നു പൗലൊസ് വ്യക്തമാക്കുന്നു, അത്ഭുതകരമായ സൗഖ്യമാക്കലായാലും മറ്റുള്ളവരെ സഹായിക്കുന്നതായാലും ഓരോ വരവും പ്രധാനമാണ് (വാ. 27-31). വാസ്തവത്തിൽ, ഒരു ജോലിക്ക് പ്രാധാന്യം കുറയുമ്പോറും അത് കൂടുതൽ മാനം അർഹിക്കുന്നു (വാ. 22-24).

നിങ്ങൾ ഒരു “ലോവർ ഡെക്ക്” വ്യക്തിയാണോ? എങ്കിൽ നിങ്ങളുടെ തല ഉയർത്തുക. നിങ്ങളുടെ പ്രവൃത്തി ദൈവത്താൽ ബഹുമാനിക്കപ്പെടുന്നതും നമുക്കെല്ലാം ഒഴിച്ചുകൂടാനാവാത്തതുമാണ്.

ദൂരത്തേക്ക് എറിയപ്പെട്ട വിശ്വാസം

1965 ജൂണിൽ, ആറ് ടോംഗൻ കൗമാരക്കാർ സാഹസികത തേടി തങ്ങളുടെ ദ്വീപ് നാട്ടിൽ നിന്ന് യാത്ര തിരിച്ചു. എന്നാൽ ആദ്യരാത്രിയിൽ ഒരു കൊടുങ്കാറ്റ് അവരുടെ പായ്മരവും ചുക്കാനും തകർത്തപ്പോൾ, അവർ ദിവസങ്ങളോളം ഭക്ഷണമോ വെള്ളമോ ഇല്ലാതെ ഒഴുകി തെക്കൻ പസഫിക് സമുദ്രത്തിലെ ആറ്റ എന്ന ജനവാസമില്ലാത്ത ദ്വീപിലെത്തി. പതിനഞ്ച് മാസങ്ങൾ കഴിഞ്ഞാണ് അവരെ കണ്ടെത്തിയത്.

അറ്റയിൽ അകപ്പെട്ട കുട്ടികൾ അതിജീവനത്തിനായി ഒരുമിച്ച് പ്രവർത്തിച്ചു, ഒരു ചെറിയ കൃഷിത്തോട്ടം സ്ഥാപിക്കുകയും, മഴവെള്ളം സംഭരിക്കുന്നതിന് തടി തുരന്നു പാത്രം ഉണ്ടാക്കുകയും, ഒരു താൽക്കാലിക ജിം പോലും നിർമ്മിക്കുകയും ചെയ്തു. ഒരു കുട്ടി മലഞ്ചരിവിൽനിന്നു വീണു കാലൊടിഞ്ഞപ്പോൾ, മറ്റുള്ളവർ വടികളും ഇലകളും ഉപയോഗിച്ച് അത് വെച്ചുകെട്ടി സുഖപ്പെടുത്തി. നിർബന്ധിത അനുരഞ്ജനത്തോടെ തർക്കങ്ങൾ കൈകാര്യം ചെയ്തു, ഓരോ ദിവസവും പാട്ടും പ്രാർത്ഥനയുമായി ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്തു. കുട്ടികൾ അവരുടെ കഠിനാധ്വാനത്തിലൂടെ ആരോഗ്യവാന്മാരായപ്പോൾ, അവരുടെ കുടുംബം ആശ്ചര്യപ്പെട്ടു - അവരുടെ ശവസംസ്‌കാര ചടങ്ങുകൾ ഇതിനകം നടന്നിരുന്നു.

ഒന്നാം നൂറ്റാണ്ടിൽ യേശുവിൽ വിശ്വസിക്കുന്നത് ഒരു ഒറ്റപ്പെട്ട അനുഭവമായിരിക്കും. നിങ്ങളുടെ വിശ്വാസത്തിനുവേണ്ടി പീഡിപ്പിക്കപ്പെടുകയും പലപ്പോഴും കുടുംബത്തിൽ നിന്ന് അകന്നുപോവുകയും ചെയ്താൽ ഒരാൾക്ക് അകല്ച അനുഭവപ്പെടാം. അച്ചടക്കത്തോടെയും പ്രാർത്ഥനയോടെയും നിലകൊള്ളുക (1 പത്രൊസ് 4:7), പരസ്പരം കരുതുക (വാ. 8), ജോലി പൂർത്തിയാക്കാൻ അവരവരുടെ കഴിവുകൾ ഉപയോഗിക്കുക (വാ. 10-11) എന്നിങ്ങനെയായിരുന്നു അപ്പൊസ്തലനായ പത്രൊസ് അവരെ പ്രോത്സാഹിപ്പിച്ചത്. കാലക്രമേണ അവരുടെ പരിശോധനകളിലൂടെ ദൈവം അവരെ “ശക്തരും വിശ്വാസത്തിൽ സ്ഥിരതയുള്ളവരും” (5:10) ആയി പുറത്തുകൊണ്ടുവരും.

പരിശോധനാ വേളകളിൽ, “ദൂരത്തേക്ക് എറിയപ്പെട്ട വിശ്വാസം” ആവശ്യമാണ്. നാം ഐക്യദാർഢ്യത്തോടെ പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നു, അതിജീവിക്കാൻ ദൈവം നമ്മെ സഹായിക്കുന്നു.

ഗോ-കാർട്ടുകൾ നന്നാക്കുക

എന്റെ കുട്ടിക്കാലത്തെ വീടിന്റെ ഗാരേജ് ഒരുപാട് ഓർമ്മകൾ സൂക്ഷിക്കുന്നതാണ്. ശനിയാഴ്ച രാവിലെ, ഡാഡി ഞങ്ങളുടെ കാർ പുറത്തിറക്കിയിടും, ജോലി ചെയ്യാൻ ഗൈരേജിനുള്ളിൽ ഇടമുണ്ടാക്കാനായിരുന്നു അത്. ഞങ്ങൾ കണ്ടെത്തിയ ഒരു തകർന്ന ഗോ-കാർട്ട് (ഒരു ചെറിയ റേസിംഗ് കാർ) ആയിരുന്നു എന്റെ പ്രിയപ്പെട്ട പ്രോജക്റ്റ്. ആ ഗാരേജിന്റെ തറയിൽ, ഞങ്ങൾ അതിന് പുതിയ ചക്രങ്ങൾ പിടിപ്പിച്ചു, ഒരു സ്‌പോർടി, പ്ലാസ്റ്റിക് വിൻഡ്ഷീൽഡ് ഘടിപ്പിച്ചു. പിന്നീട് ഡാഡി റോഡിലിറങ്ങി വാഹനങ്ങൾ വരുന്നുണ്ടോ എന്നു നോക്കുമ്പോൾ ഞാൻ വളരെ ആവേശത്തോടെ റോഡിലേക്ക് ഗോൃകാർട്ട് ഓടിക്കും! തിരിഞ്ഞുനോക്കുമ്പോൾ, ഗോ-കാർട്ടുകൾ ശരിയാക്കുന്നതിലും കൂടുതൽ കാര്യങ്ങൾ ആ ഗാരേജിൽ നടക്കുന്നുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു. ഒരു കൊച്ചുകുട്ടിയെ അവന്റെ പിതാവ് രൂപപ്പെടുത്തുകയായിരുന്നു-ആ പ്രക്രിയയിൽ അവൻ ദൈവത്തെ കാണുകയും ചെയ്തു.

മനുഷ്യർ ദൈവത്തിന്റെ സ്വന്തം പ്രകൃതിക്കനുസരിച്ചാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് (ഉല്പത്തി 1:27-28). മനുഷ്യ രക്ഷാകർതൃത്വത്തിന്റെ ഉത്ഭവം ദൈവത്തിൽ നിന്നാണ്, കാരണം അവൻ “സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകല കുടുംബത്തിന്നും പേർ വരുവാൻ കാരണമായ'' പിതാവാണ് (എഫെസ്യർ 3:14-15). കുട്ടികളെ ലോകത്തിലേക്ക് കൊണ്ടുവന്നതിലൂടെ മാതാപിതാക്കൾ ദൈവത്തിന്റെ ജീവദായകമായ കഴിവുകൾ അനുകരിക്കുന്നതുപോലെ, അവർ തങ്ങളുടെ കുഞ്ഞുങ്ങളെ പോഷിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുമ്പോൾ, അവർ തങ്ങളിൽ നിന്നല്ല, പിതാവായ ദൈവത്തിൽ നിന്നുള്ള ഗുണങ്ങൾ പ്രകടിപ്പിക്കുകയാണു ചെയ്യുന്നത്. എല്ലാ രക്ഷാകർത്തൃത്വത്തിന്റെയും അടിസ്ഥാനമായ മാതൃകയാണ് അവൻ.

എന്റെ പിതാവ് തികഞ്ഞവനായിരുന്നില്ല. എല്ലാ മാതാപിതാക്കളെയും പോലെ, എന്റെ മാതാപിതാക്കളും ചിലപ്പോൾ സ്വർഗ്ഗത്തെ അനുകരിക്കുന്നതിൽ പരാജയപ്പെട്ടു. എന്നാൽ, അത് പലപ്പോഴും ദൈവത്തെ അനുകരിച്ചപ്പോൾ, അത് ദൈവത്തിന്റെ സ്വന്തം പോഷിപ്പിക്കലിന്റെയും സംരക്ഷണത്തിന്റെയും ഒരു ദർശനം എനിക്ക് നൽകി - ഞങ്ങൾ ഗാരേജിന്റെ തറയിൽ ഗോ-കാർട്ടുകൾ ഉറപ്പിക്കുന്ന ആ നിമിഷം തന്നേ.

ഋതുക്കൾ

ഈയിടെ ഞാൻ സഹായകരമായ ഒരു വാക്ക് കണ്ടു: ശിശിരനിദ്ര. പ്രകൃതിയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ശീതകാലം മന്ദഗതിയിലായിരിക്കുന്നതുപോലെ, ജീവിതത്തിന്റെ ''തണുത്ത'' സീസണുകളിൽ വിശ്രമിക്കാനും സുഖം പ്രാപിക്കാനുമുള്ള നമ്മുടെ ആവശ്യത്തെ വിവരിക്കാൻ എഴുത്തുകാരനായ കാതറിൻ മേ ഈ വാക്ക് ഉപയോഗിക്കുന്നു. ക്യാൻസർ ബാധിച്ച് എന്റെ പിതാവ് കടന്നുപോയതിനുശേഷം - മാസങ്ങളോളം അദ്ദഹത്തെ ശുശ്രൂഷിച്ചതിലൂടെ എന്നിലെ ഊർജം നഷ്ടപ്പെട്ടിരുന്നു - ഈ സാദൃശ്യം സഹായകരമായി. ഈ നിർബന്ധിത വേഗത കുറയ്ക്കുന്നതിൽ നീരസപ്പെട്ടുകൊണ്ടും, വേനൽക്കാല ജീവിതം വേഗത്തിൽ തിരികെ വരട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ടും ഞാൻ എന്റെ ശിശിരകാലത്തിനെതിരെ പോരാടി. പക്ഷേ എനിക്ക് ഒരുപാട് പഠിക്കാനുണ്ടായിരുന്നു.

''ആകാശത്തിൻ കീഴുള്ള സകലകാര്യത്തിന്നും ഒരു കാലം ഉണ്ട്'' എന്ന് സഭാപ്രസംഗിയുടെ പ്രസിദ്ധമായ വാക്കുകൾ പറയുന്നു - നടാനും കൊയ്യാനും കരയാനും ചിരിക്കാനും വിലപിക്കാനും നൃത്തം ചെയ്യാനും ഒരു സമയം ഉണ്ട് (3:1-4). വർഷങ്ങളായി ഞാൻ ഈ വാക്കുകൾ വായിച്ചിരുന്നു, പക്ഷേ എന്റെ ശൈത്യകാലത്ത് മാത്രമാണ് ഞാൻ അവ മനസ്സിലാക്കാൻ തുടങ്ങിയത്. നമുക്ക് അവയുടെ മേൽ നിയന്ത്രണമില്ലെങ്കിലും, ഓരോ സീസണും പരിധിയുള്ളതാണ്, അതിന്റെ ജോലി പൂർത്തിയാകുമ്പോൾ അത് കടന്നുപോകും. അവ എന്താണെന്ന് നമുക്ക് എല്ലായ്‌പ്പോഴും മനസ്സിലാക്കാൻ കഴിയില്ലെങ്കിലും, അവയിലൂടെ ദൈവം നമ്മിൽ പ്രധാനപ്പെട്ട എന്തെങ്കിലും ചെയ്യുന്നുണ്ട് (വാ. 11). എന്റെ വിലാപകാലം അവസാനിച്ചിട്ടില്ല. അത് കഴിയുമ്പോൾ നൃത്തം തിരിച്ചുവരും. സസ്യങ്ങളും മൃഗങ്ങളും ശൈത്യകാലത്തോട് പോരാടാത്തതുപോലെ, ഞാനും സ്വസ്ഥമായിരിക്കുകയും അത് അതിന്റെ നവീകരണ പ്രവർത്തനങ്ങൾ ചെയ്യാൻ അനുവദിക്കുകയും വേണം.

''കർത്താവേ,'' ഒരു സുഹൃത്ത് പ്രാർത്ഥിച്ചു, “ഈ ദുഷ്‌കരമായ സമയത്ത് അങ്ങ് ഷെരിദാനിൽ അങ്ങയുടെ നല്ല പ്രവൃത്തി ചെയ്യുമോ?'' എന്റേതിനേക്കാൾ നല്ല പ്രാർത്ഥനയായിരുന്നു അത്. കാരണം, ദൈവത്തിന്റെ കൈകളിൽ ഋതുക്കൾ ലക്ഷ്യബോധമുള്ള കാര്യങ്ങളാണ്. ഓരോന്നിലും അവന്റെ നവീകരണ പ്രവർത്തനത്തിന് നമുക്കു കീഴടങ്ങാം.

സത്യാന്വേഷികൾ

തന്റെ സഭയെ തകർക്കുന്ന ഒരു അഭിപ്രായവ്യത്യാസത്തെക്കുറിച്ച് ഒരിക്കൽ ഒരു സ്ത്രീ എന്നോട് പറഞ്ഞു. 'എന്തിനെക്കുറിച്ചാണ് വിയോജിപ്പ്?' ഞാൻ ചോദിച്ചു. 'ഭൂമി പരന്നതാണോ എന്നതിനെക്കുറിച്ച്,' അവൾ പറഞ്ഞു. ഏതാനും മാസങ്ങൾക്കുശേഷം, ഒരു റസ്റ്റോറന്റിന്റെ പിൻമുറിയിൽ കുട്ടികളെ പീഡിപ്പിക്കുന്നതായി സംശയിച്ച് കുട്ടികളെ രക്ഷിക്കാൻ ആയുധധാരിയായി അതിക്രമിച്ചുകയറിയ ഒരു ക്രിസ്ത്യാനിയെക്കുറിച്ചുള്ള വാർത്ത പുറത്തുവന്നു. അവിടെ അങ്ങനെ ഒരു മുറിയുണ്ടായിരുന്നില്ല, അയാളെ അറസ്റ്റ് ചെയ്തു. രണ്ട് സാഹചര്യങ്ങളിലും, ഉൾപ്പെട്ട ആളുകൾ ഇന്റർനെറ്റിൽ വായിച്ച ഗൂഢാലോചന സിദ്ധാന്തങ്ങൾക്കനുസരിച്ചു പ്രവർത്തിക്കുകയായിരുന്നു.

യേശുവിൽ വിശ്വസിക്കുന്നവർ നല്ല പൗരന്മാരാകാൻ വിളിക്കപ്പെട്ടിരിക്കുന്നു (റോമർ 13:1-7), നല്ല പൗരന്മാർ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നില്ല. ലൂക്കൊസിന്റെ കാലത്ത്, യേശുവിനെക്കുറിച്ച് ധാരാളം കഥകൾ പ്രചരിച്ചിരുന്നു (ലൂക്കൊസ് 1:1), അവയിൽ ചിലത് കൃത്യമല്ല. താൻ കേട്ടതെല്ലാം കൈമാറുന്നതിനുപകരം, ലൂക്കെസ് അടിസ്ഥാനപരമായി ഒരു അന്വേഷണാത്മക പത്രപ്രവർത്തകനായി മാറി, ദൃക്‌സാക്ഷികളോട് സംസാരിക്കുകയും (വാ. 2), 'ആദിമുതൽ സകലവും' (വാ. 3) ഗവേഷണം ചെയ്യുകയും തന്റെ കണ്ടെത്തലുകൾ പേരുകളും ഉദ്ധരണികളും അടങ്ങുന്ന ഒരു സുവിശേഷത്തിൽ എഴുതുകയും ചെയ്തു. സ്ഥിരീകരിക്കാത്ത അവകാശവാദങ്ങളല്ല, നേരിട്ട് അറിവുള്ള ആളുകളെ അടിസ്ഥാനമാക്കിയുള്ള ചരിത്രപരമായ വസ്തുതകളായിരുന്നു അവ.

നമുക്കും അങ്ങനെ ചെയ്യാം. തെറ്റായ വിവരങ്ങൾ സഭകളെ പിളർത്തുകയും ജീവൻ അപകടത്തിലാക്കുകയും ചെയ്യുന്നതിനാൽ, വസ്തുതകൾ പരിശോധിക്കുന്നത് നമ്മുടെ അയൽക്കാരനെ സ്‌നേഹിക്കുന്നതിനുള്ള ഒരു പ്രവൃത്തിയാണ് (10:27). വികാരമിളക്കുന്ന ഒരു കഥ നാം കേൾക്കുമ്പോൾ, തെറ്റ് പ്രചരിപ്പിക്കുന്നവരായിട്ടല്ല സത്യാന്വേഷികൾ എന്ന നിലയിൽ നമുക്ക് അതിന്റെ അവകാശവാദങ്ങൾ യോഗ്യതയുള്ള, ഉത്തരവാദിത്തമുള്ള വിദഗ്ധരെ ഉപയോഗിച്ച് പരിശോധിക്കാം. അത്തരമൊരു പ്രവൃത്തി സുവിശേഷത്തിന് വിശ്വാസ്യത കൊണ്ടുവരുന്നു. എല്ലാറ്റിനുമുപരി, നാം സത്യത്താൽ നിറഞ്ഞവനെയാണല്ലോ ആരാധിക്കുന്നത് (യോഹന്നാൻ 1:14).

ഒരു സുഹൃത്തിനെ വാടകയ്‌ക്കെടുക്കണോ?

ലോകമെമ്പാടുമുള്ള അനേകർക്ക് ജീവിതം കൂടുതൽ ഏകാന്തമായിക്കൊണ്ടിരിക്കുകയാണ്. സുഹൃത്തുക്കളില്ലാത്ത അമേരിക്കക്കാരുടെ എണ്ണം 1990 മുതൽ നാലിരട്ടിയായി. ചില യൂറോപ്യൻ രാജ്യങ്ങളിൽ അവരുടെ ജനസംഖ്യയുടെ 20 ശതമാനം വരെ ഏകാന്തത അനുഭവിക്കുന്നുണ്ട്, അതേസമയം ജപ്പാനിൽ, ചില പ്രായമായ ആളുകൾ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നു, അങ്ങനെ അവർക്ക് ജയിലിൽ എത്തി സഹതടവുകാരുമായി കൂട്ടുകൂടാൻ കഴിയും.

ഈ ഏകാന്തതാ പകർച്ചവ്യാധിക്ക് ഒരു 'പരിഹാരം' സംരംഭകർ കൊണ്ടുവന്നിരിക്കുന്നു: റെന്റ്-എ-ഫ്രണ്ട്. മണിക്കൂറുകൾക്കനുസരിച്ച് വാടകയ്‌ക്കെടുക്കുന്ന ഈ ആളുകൾ, ഒരു കഫേയിൽ വച്ച് നിങ്ങളോടു സംസാരിക്കുന്നതിനോ പാർട്ടിയിൽ നിങ്ങളെ അനുഗമിക്കുന്നതിനോ ലഭ്യമാണ്. അത്തരമൊരു 'സുഹൃത്തിനോട്' അവളുടെ ഇടപാടുകാർ ആരാണെന്ന് ചോദിച്ചു. 'ഏകാന്തതയനുഭവിക്കുന്ന, 30-നും 40-നും ഇടയിൽ പ്രായമുള്ള പ്രൊഫഷണലുകൾ,' അവർ പറഞ്ഞു, ' ദീർഘനേരം ജോലി ചെയ്യുന്നവരും ധാരാളം സുഹൃത്തുക്കളെ ഉണ്ടാക്കാൻ സമയമില്ലാത്തവരും. '

"മകനില്ല, സഹോദരനും ഇല്ലാതെ'' ഒറ്റയ്ക്കിരിക്കുന്ന ഒരു വ്യക്തിയെ സഭാപ്രസംഗി 4 വിവരിക്കുന്നു. ഈ തൊഴിലാളിയുടെ അധ്വാനത്തിന് 'അവസാനമില്ല,' എന്നിട്ടും അവന്റെ വിജയം പൂർണ്ണത കൈവരിക്കുന്നില്ല (വാ. 8). 'ഞാൻ ആർക്കുവേണ്ടിയാണ് അദ്ധ്വാനിക്കുന്നത് . . . ?' തന്റെ ദുരവസ്ഥയിൽ ഉണർന്നുകൊണ്ട് അവൻ ചോദിക്കുന്നു. ബന്ധങ്ങളിൽ നിക്ഷേപിക്കുന്നതാണ് കൂടുതൽ നല്ലത്, അത് അവന്റെ ജോലിഭാരം ലഘൂകരിക്കുകയും പ്രശ്‌നങ്ങളിൽ സഹായം നൽകുകയും ചെയ്യും (വാ. 9-12). കാരണം, ആത്യന്തികമായി, സൗഹൃദമില്ലാത്ത വിജയം 'അർത്ഥരഹിതമാണ്' (വാ. 8).

മൂന്ന് ഇഴകളുള്ള ഒരു ചരട് പെട്ടെന്ന് പൊട്ടിപ്പോകില്ലെന്ന് സഭാപ്രസംഗി പറയുന്നു (വാ. 12). എന്നാൽ അത് പെട്ടെന്ന് നെയ്‌തെടുക്കുന്നതല്ല. യഥാർത്ഥ സുഹൃത്തുക്കളെ വാടകയ്‌ക്കെടുക്കാൻ കഴിയാത്തതിനാൽ, അവരെ രൂപപ്പെടുത്തുന്നതിന് ആവശ്യമായ സമയം ചെലവഴിക്കാം. ദൈവത്തെ നമ്മുടെ മൂന്നാമത്തെ ഇഴയായി, നമ്മെ അവനുമായി ചേർത്ത് നെയ്‌തെടുക്കുക.

സംതൃപ്തരായിരിക്കുക

ഒരു സൈക്യാട്രിസ്റ്റിന്റെ ഉപദേശക കോളത്തിൽ, ബ്രെൻഡ എന്ന വായനക്കാരി അവളുടെ അഭിലാഷങ്ങൾ അവളെ അതൃപ്തിയിലാക്കിയെന്ന് വിലപിച്ചു. അദ്ദേഹം അവളോട് പ്രതികരിച്ച രീതി മൂർച്ചയുള്ളതായിരുന്നു. മനുഷ്യർ സന്തുഷ്ടരായിരിക്കാൻ രൂപകൽപ്പന ചെയ്തിട്ടില്ല, "അതിജീവിക്കാനും പുനരുൽപ്പാദിപ്പിക്കാനും മാത്രം" അദ്ദേഹം പറഞ്ഞു. സംതൃപ്തി എന്ന "നമ്മെ കളിപ്പിക്കുന്നതും പിടികിട്ടാത്തതുമായ ചിത്രശലഭത്തെ" പിന്തുടരാൻ നാം വിധിക്കപ്പെട്ടിരിക്കുന്നു, "എല്ലായ്പ്പോഴും അതിനെ പിടിച്ചെടുക്കാൻ സാധ്യമല്ല" അദ്ദേഹം കൂട്ടിച്ചേർത്തു.

മനോരോഗവിദഗ്ദന്റെ നിശിതമായ വാക്കുകൾ വായിച്ച് ബ്രെൻഡയ്ക്ക് എങ്ങനെ തോന്നിയെന്നും പകരം സങ്കീർത്തനം 131 വായിച്ചപ്പോൾ അവൾക്ക് എത്ര വ്യത്യസ്തമായി തോന്നിയിരിക്കാമെന്നും ഞാൻ ചിന്തിച്ചു. അതിൽ, സംതൃപ്തി എങ്ങനെ കണ്ടെത്താം എന്നതിനെക്കുറിച്ചുള്ള ഒരു മാർഗനിർദ്ദേശകമായ പ്രതിഫലനം ദാവീദ് നൽകുന്നു. അവൻ തന്റെ രാജകീയ അഭിലാഷങ്ങൾ മാറ്റിവച്ചു താഴ്മയുടെ ഭാവത്തിൽ ആരംഭിക്കുന്നു, ജീവിതത്തിന്റെ വലിയ ചോദ്യങ്ങളുമായി മല്ലിടുന്നത് പ്രധാനമാണെങ്കിലും, അവൻ അവയും മാറ്റി വയ്ക്കുന്നു (വാ.1). തുടർന്ന് അവൻ ദൈവ മുമ്പാകെ തന്റെ ഹൃദയത്തെ ശാന്തമാക്കുന്നു (വാ.2), ഭാവിയെ അവിടുത്തെ കൈകളിൽ ഏൽപിക്കുന്നു (വാ.3). ഫലം എത്ര മനോഹരമാണ്: "തന്റെ അമ്മയുടെ അടുക്കൽ മുലകുടി മാറിയ പൈതൽ എന്നപോലെ എന്റെ പ്രാണൻ എന്റെ അടുക്കൽ മുലകുടി മാറിയതുപോലെ ആകുന്നു," (വാ.2) അവൻ പറയുന്നു.

നമ്മുടേതുപോലുള്ള തകർന്ന ലോകത്ത്, സംതൃപ്തി ചില സമയങ്ങളിൽ വഴുതിപോകുന്നതായി അനുഭവപ്പെടും. ഫിലിപ്പിയർ 4:11-13 ൽ അപ്പൊസ്തലനായ പൗലൊസ് പറഞ്ഞു, സംതൃപ്തി പഠിക്കേണ്ട ഒന്നാണ് എന്ന്. എന്നാൽ നാം "അതിജീവിക്കാനും പുനരുൽപാദിപ്പിക്കാനും" മാത്രമായി രൂപകൽപന ചെയ്യപ്പെട്ടതാണെന്ന് വിശ്വസിക്കുന്നുവെങ്കിൽ, സംതൃപ്തി തീർച്ചയായും ഒരു പിടികിട്ടാത്ത ശലഭമായിരിക്കും. ദാവീദ് നമുക്ക് മറ്റൊരു വഴി കാണിച്ചു തരുന്നു: ദൈവസന്നിധിയിൽ നിശബ്ദമായി വിശ്രമിക്കുന്നതിലൂടെ സംതൃപ്തി നേടുക.