Category  |  odb

മോഷ്ടിച്ച മിഠായിയുടെ കയ്പ്പ്

ഇരുപത് ടണ്ണിലധികം ചോക്ലേറ്റ് നിറച്ച, ട്രക്കിന്റെ ശീതീകരിച്ച ട്രെയിലർ ജർമ്മനിയിൽ മോഷ്ടാക്കൾ മോഷ്ടിച്ചു. ഏതാണ്ട് 66 ലക്ഷം രൂപയായിരുന്നു മോഷ്ടിച്ച മധുരത്തിന്റെ ഏകദേശ മൂല്യം. അംഗീകൃതമല്ലാത്ത മാർഗ്ഗങ്ങളിലൂടെ വൻതോതിൽ ചോക്ലേറ്റ് വാഗ്ദാനം ചെയ്താൽ ഉടൻ റിപ്പോർട്ട് ചെയ്യാൻ ലോക്കൽ പോലീസ് പൊതുജനത്തോട് ആവശ്യപ്പെട്ടു. വൻതോതിൽ മധുരപലഹാരങ്ങൾ മോഷ്ടിച്ചവർ പിടികൂടപ്പെട്ട് വിചാരണയ്ക്കു വിധേയരാകുകയാണെങ്കിൽ തീർച്ചയായും കയ്‌പേറിയതും തൃപ്തികരമല്ലാത്തതുമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും!

സദൃശവാക്യങ്ങൾ ഈ തത്വത്തെ സ്ഥിരീകരിക്കുന്നു: “വ്യാജത്താൽ നേടിയ ആഹാരം മനുഷ്യന്നു മധുരം; പിന്നത്തേതിലോ അവന്റെ വായിൽ ചരൽ നിറയും’’ (20:17). വഞ്ചനാപരമായോ തെറ്റായോ നാം നേടിയെടുക്കുന്ന കാര്യങ്ങൾ ആദ്യം മധുരമുള്ളതായി തോന്നിയേക്കാം - ആവേശകരവും താൽക്കാലികമായി ആസ്വാദ്യവും. എന്നാൽ സ്വാദ് ഒടുവിൽ ഇല്ലാതാകുകയും നമ്മുടെ വഞ്ചന നമ്മെ നാം ആഗ്രഹിക്കാത്ത കുഴപ്പത്തിലാക്കുകയും ചെയ്യും. കുറ്റബോധം, ഭയം, പാപം എന്നിവയുടെ കയ്‌പേറിയ അനന്തരഫലങ്ങൾ നമ്മുടെ ജീവിതത്തെയും പ്രശസ്തിയെയും നശിപ്പിക്കും. “ബാല്യത്തിലെ ക്രിയകളാൽ തന്നേ ഒരുത്തന്റെ പ്രവൃത്തി വെടിപ്പും നേരുമുള്ളതാകുമോ എന്നു അറിയാം’’ (വാക്യം 11). നമ്മുടെ വാക്കുകളും പ്രവൃത്തികളും ദൈവത്തിനായുള്ള ശുദ്ധമായ ഹൃദയത്തെ - സ്വാർത്ഥ മോഹങ്ങളുടെ കയ്പല്ല - വെളിപ്പെടുത്തട്ടെ.

നാം പ്രലോഭിപ്പിക്കപ്പെടുമ്പോൾ, നമ്മെ ശക്തിപ്പെടുത്താനും അവനോട് വിശ്വസ്തരായിരിക്കുന്നതിനു നമ്മെ സഹായിക്കാനും നമുക്ക് ദൈവത്തോട് അപേക്ഷിക്കാം. പ്രലോഭനങ്ങൾക്ക് വഴങ്ങുന്നതിന്റെ ഹ്രസ്വകാല ''മധുര''ത്തിന്റെ അപ്പുറത്തേക്ക് നോക്കാനും നമ്മുടെ തിരഞ്ഞെടുപ്പുകളുടെ ദീർഘകാല ഭവിഷ്യത്തുകൾ ശ്രദ്ധാപൂർവ്വം പരിഗണിക്കാനും നമ്മെ സഹായിക്കാൻ അവനു കഴിയും.

കുടുംബകാര്യങ്ങൾ

ഞാനും എന്റെ സഹോദരിയും സഹോദരനും ഞങ്ങൾ പാർക്കുന്ന സംസ്ഥാനങ്ങളിൽ നിന്ന് ഞങ്ങളുടെ അങ്കിളിന്റെ ശവസംസ്‌കാരത്തിൽ പങ്കെടുക്കുന്നതിനായി യാത്രയായി, തൊണ്ണൂറു വയസ്സുള്ള ഞങ്ങളുടെ മുത്തശ്ശിയെ കാണാൻ ഇടയ്ക്കു ഞങ്ങൾ ഇറങ്ങി. മുത്തശ്ശി പക്ഷാഘാതം മൂലം തളർന്ന് കിടക്കയിലായിരുന്നു. സംസാരശേഷി നഷ്ടപ്പെട്ടു, വലതുകൈക്കു മാത്രമേ സ്വാധീനം ഉണ്ടായിരുന്നുള്ളൂ. ഞങ്ങൾ മുത്തശ്ശിയുടെ കട്ടിലിനു ചുറ്റും നിൽക്കുമ്പോൾ, അവൾ ആ വലതു കൈ നീട്ടി ഞങ്ങളുടെ ഓരോരുത്തരുടെയും കൈകൾ പിടിച്ചു, ഒന്നിന് മുകളിൽ മറ്റൊന്നായി ഞങ്ങളുടെ കൈകൾ അവളുടെ ഹൃദയത്തിന് മുകളിൽ വെച്ച് അവയെ തലോടി. വാക്കുകളില്ലാതെ ഈ ആംഗ്യത്തിലൂടെ, ഞങ്ങളുടെ തകർന്നതും അകന്നുപോയതുമായ സഹോദര ബന്ധത്തെക്കുറിച്ച് – “കുടുംബകാര്യങ്ങൾ’’ - എന്റെ മുത്തശ്ശി സംസാരിച്ചു. 

ദൈവത്തിന്റെ കുടുംബമായ സഭയിലും, നമുക്കു കൂടുതൽ വേറിട്ടുപോകാൻ കഴിയും. നമ്മെ പരസ്പരം വേർപെടുത്താൻ കയ്പ്പിനെ നാം അനുവദിച്ചേക്കാം. ഏശാവിനെ അവന്റെ സഹോദരനിൽ നിന്ന് വേർപെടുത്തിയ കയ്പിനെക്കുറിച്ച് എബ്രായ ലേഖനകാരൻ പരാമർശിക്കുന്നു (എബ്രായർ 12:16). അതോടൊപ്പം ദൈവത്തിന്റെ കുടുംബത്തിൽ സഹോദരീ സഹോദരന്മാർ എന്ന നിലയിൽ പരസ്പരം മുറുകെ പിടിക്കാൻ അവൻ നമ്മെ ആഹ്വാനം ചെയ്യുന്നു. “എല്ലാവരോടും സമാധാനം ആചരിപ്പാൻ ... ഉത്സാഹിപ്പിൻ” (വാക്യം 14). ഉത്സാഹിക്കുക എന്ന വാക്ക്, ദൈവകുടുംബത്തിലെ നമ്മുടെ സഹോദരീസഹോദരന്മാരുമായി സമാധാനം സ്ഥാപിക്കുന്നതിനുള്ള മനപ്പൂർവവും തീരുമാനത്തോടെയുമുള്ള പ്രവൃത്തിയെയാണ് സൂചിപ്പിക്കുന്നത്. അത്തരം എല്ലാ ശ്രമങ്ങളും ഓരോരുത്തനും - ഓരോ. ഒരുത്തൻ - ബാധകമാണ്. 

കുടുംബകാര്യങ്ങൾ. നമ്മുടെ ഭൗമിക കുടുംബങ്ങളും വിശ്വാസികൾ ചേരുന്ന ദൈവകുടുംബവും. പരസ്പരം മുറുകെ പിടിക്കാൻ ആവശ്യമായ ശ്രമങ്ങൾ നാമെല്ലാവരും നടത്തേണ്ടതല്ലേ?

സ്തുതിയുടെ താഴ്‌വര

കവി വില്യം കൗപ്പർ തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും വിഷാദരോഗിയായാണ് ജീവിച്ചത്. ഒരിക്കൽ അദ്ദേഹം ആത്മഹത്യയ്ക്കു ശ്രമിച്ചതോടെ അദ്ദേഹത്തെ ഒരു അഭയകേന്ദ്രത്തിലേക്ക് മാറ്റി. എന്നാൽ അവിടെവെച്ച് ഒരു ക്രിസ്തീയ ഡോക്ടറുടെ പരിചരണത്തിലൂടെ കൗപ്പർ യേശുവിൽ ഊഷ്മളവും സുപ്രധാനവുമായ വിശ്വാസം കൈവരിച്ചു. താമസിയാതെ, കൗപ്പർ പാസ്റ്ററും ഗാനരചയിതാവുമായ ജോൺ ന്യൂട്ടനുമായി പരിചയപ്പെട്ടു. അവരുടെ സഭയ്ക്കുവേണ്ടി ഒരു ആരാധനാഗീതം എഴുതുന്നതിൽ സഹകരിക്കാൻ ന്യൂട്ടൺ അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചു. കൗപ്പർ എഴുതിയ സ്തുതിഗീതങ്ങളിൽ ഒന്നായിരുന്നു “ദൈവം നിഗൂഢമായ വഴിയിൽ നീങ്ങുന്നു’’ (God Moves in a Mysterious Way) എന്ന ഗാനം. തന്റെ തീവ്രാനുഭവത്തിൽ നിന്ന് ഉരുത്തിരിഞ്ഞ വാക്കുകൾ ആയിരുന്നു അവ: “ഭയചകിതരായ വിശുദ്ധന്മാരേ, ധൈര്യം ഏറ്റെടുക്കൂ; നിങ്ങൾ വളരെയധികം ഭയപ്പെടുന്ന മേഘങ്ങൾ കരുണയാൽ വിജൃംഭിതമാണ്, അവ നിങ്ങളുടെ ശരിസ്സിൽ അനുഗ്രഹ മാരി ചൊരിയും.''

കൗപ്പറിനെപ്പോലെ, യെഹൂദയിലെ ജനങ്ങളും ദൈവത്തിന്റെ ദയ അപ്രതീക്ഷിതമായി അനുഭവിച്ചു. ശത്രുക്കളുടെ സഖ്യസൈന്യം അവരുടെ രാജ്യത്തെ ആക്രമിച്ചപ്പോൾ, യെഹോശാഫാത്ത് രാജാവ് ജനങ്ങളെ പ്രാർത്ഥനയ്ക്കായി വിളിച്ചുകൂട്ടി. യെഹൂദയുടെ സൈന്യം യുദ്ധത്തിനു പുറപ്പെട്ടപ്പോൾ, മുൻനിരയിലുള്ള ആളുകൾ ദൈവത്തെ സ്തുതിക്കാനാരംഭിച്ചു (2 ദിനവൃത്താന്തം 20:21). ആക്രമിക്കാനെത്തിയ സൈന്യങ്ങൾ പരസ്പരം ആക്രമിച്ചു, ''ഒരുത്തനും ചാടിപ്പോയിരുന്നില്ല. ... കൊള്ള അധികമുണ്ടായിരുന്നതുകൊണ്ടു അവർ മൂന്നു ദിവസം കൊള്ളയിട്ടുകൊണ്ടിരുന്നു'' (വാ. 24-25).

നാലാം ദിവസം, ദൈവജനത്തിനെതിരെ ശത്രുശക്തികൾ ഒരുമിച്ചു കൂടിവന്ന സ്ഥലം ബെരാഖാ താഴ്‌വര (വാക്യം 26) എന്ന് വിളിക്കപ്പെട്ടു-അതിനർത്ഥം ''സ്തുതിയുടെ താഴ്‌വര'' അല്ലെങ്കിൽ ''അനുഗ്രഹത്തിന്റെ താഴ്‌വര'' എന്നാണ്. എന്തൊരു മാറ്റമാണത്! നമ്മുടെ ഏറ്റവും ദുഷ്‌കരമായ താഴ്‌വരകളെപ്പോലും നാം അവനു നൽകുമ്പോൾ സ്തുതിയുടെ സ്ഥലങ്ങളാക്കി മാറ്റാൻ ദൈവത്തിന്റെ കരുണയ്ക്കു കഴിയും.

ദൈവത്തിന്റെ ആർദ്രസ്‌നേഹം

രണ്ടു മാസം പ്രായമുള്ള കുഞ്ഞിന് പതിവ് വാക്‌സിനേഷൻ എടുക്കുമ്പോൾ അവന്റെ ഡാഡി അവനെ ആശ്വസിപ്പിക്കുന്നതിന്റെ 2017-ൽ ഇറങ്ങിയ വീഡിയോ, അന്താരാഷ്ട്ര ശ്രദ്ധ നേടി. തന്റെ കുഞ്ഞിനോടുള്ള പിതാവിന്റെ സ്‌നേഹം അനേകരുടെ ശ്രദ്ധ പിടിച്ചുപറ്റി. നഴ്‌സ് വാക്‌സിനേഷൻ നൽകിക്കഴിഞ്ഞപ്പോൾ, ഡാഡി മകനെ ആർദ്രമായി കവിളിനോട് ചേർത്തുപിടിച്ചു, നിമിഷങ്ങൾക്കകം കുട്ടി കരച്ചിൽ നിർത്തി. സ്‌നേഹനിധിയായ മാതാപിതാക്കളുടെ ആർദ്രമായ പരിചരണത്തേക്കാൾ കൂടുതൽ ആശ്വാസം നൽകുന്ന മറ്റൊന്നില്ല.

തിരുവെഴുത്തിൽ, സ്‌നേഹസമ്പന്നനായ ഒരു പിതാവ് എന്ന നിലയിൽ, തന്റെ മക്കളോടുള്ള ദൈവത്തിന്റെ അഗാധമായ സ്‌നേഹത്തെ വിളിച്ചോതുന്ന നിരവധി മനോഹരമായ വിവരണങ്ങൾ ഉണ്ട്. വിഭജിത രാജ്യത്തിന്റെ കാലത്ത് വടക്കെ രാജ്യത്ത് താമസിച്ചിരുന്ന യിസ്രായേല്യർക്ക് കൈമാറാനുള്ള സന്ദേശം പഴയനിയമ പ്രവാചകനായ ഹോശേയായ്ക്ക് നൽകപ്പെട്ടു. ദൈവവുമായുള്ള ബന്ധത്തിലേക്ക് മടങ്ങാൻ അവൻ അവരെ ആഹ്വാനം ചെയ്തു. ദൈവത്തെ സൗമ്യനായ പിതാവായി ചിത്രീകരിച്ചുകൊണ്ട് യിസ്രായേല്യരോടുള്ള ദൈവസ്‌നേഹത്തെ ഹോശേയാ ഓർമ്മിപ്പിച്ചു: ''യിസ്രായേൽ ബാലനായിരുന്നപ്പോൾ ഞാൻ അവനെ സ്‌നേഹിച്ചു'' (ഹോശേയ 11:1) കൂടാതെ ''ഞാൻ അവർക്ക് ഒരു കൊച്ചുകുഞ്ഞിനെ കവിളിലേക്ക് ചേർക്കുന്നവനെപ്പോലെയായിരുന്നു'' (വാക്യം 4, NIV).

ദൈവത്തിന്റെ സ്‌നേഹമസൃണമായ കരുതലിന്റെ അതേ ഉറപ്പുനൽകുന്ന വാഗ്ദത്തം നമ്മെ സംബന്ധിച്ചും സത്യമാണ്. അത്, അവന്റെ സ്‌നേഹം നിരസിച്ച ഒരു കാലഘട്ടത്തിനു ശേഷം നാം അവന്റെ ആർദ്രമായ കരുതൽ തേടുന്നതാകാം അല്ലെങ്കിൽ നമ്മുടെ ജീവിതത്തിലെ വേദനയും കഷ്ടപ്പാടുകളും കാരണം, അവൻ നമ്മെ അവന്റെ മക്കൾ എന്ന് വിളിക്കുകയോ (1 യോഹന്നാൻ 3:1) അവന്റെ ആശ്വാസകരമായ കരങ്ങൾ നമ്മെ സ്വീകരിക്കാൻ തുറന്നിരിക്കുകയോ ആകാം (2 കൊരിന്ത്യർ 1:3-4).

തിരഞ്ഞെടുപ്പുകൾ പ്രാധാന്യമുള്ളതാണ്

പാസ്റ്റർ ഡാമിയന്റെ ദിനചര്യകളിൽ ഒന്ന്, രണ്ട് വ്യത്യസ്ത ജീവിത പാതകൾ തിരഞ്ഞെടുത്തവരും മരണത്തോട് അടുക്കുന്നവരുമായ രണ്ട് വ്യക്തികളെ ആശുപത്രിയിൽ സന്ദർശിക്കുന്നതായിരുന്നു. ഒരു ആശുപത്രിയിൽ അവളുടെ വീട്ടുകാർക്ക് പ്രിയപ്പെട്ടവളായ ഒരു സ്ത്രീയായിരുന്നു ഉണ്ടായിരുന്നത്. അവളുടെ നിസ്വാർത്ഥമായ പൊതുസേവനം അവളെ പലർക്കും പ്രിയങ്കരിയാക്കി. യേശുവിലുള്ള മറ്റു വിശ്വാസികൾ അവളെ സന്ദർശിക്കുമായിരുന്നു. ആരാധനയും പ്രാർത്ഥനയും പ്രത്യാശയും കൊണ്ടു മുറി നിറഞ്ഞു. മറ്റൊരു ആശുപത്രിയിൽ, പാസ്റ്റർ ഡാമിയന്റെ പള്ളിയിലെ അംഗത്തിന്റെ ബന്ധുവും മരണത്തോടടുക്കുകയായിരുന്നു. അയാളുടെ കഠിനമായ ഹൃദയം ജീവിതത്തെ കൂടുതൽ കഠിനമാക്കി. അയാളുടെ മോശം തീരുമാനങ്ങളുടെയും ദുഷ്പ്രവൃത്തികളുടെയും ഫലമായി അയാളുടെ കുടുംബം ശിഥിലമായി. രണ്ട് അന്തരീക്ഷത്തിലെ വ്യത്യാസങ്ങൾ ഓരോരുത്തരും എങ്ങനെ ജീവിച്ചു എന്നതിലെ വൈരുദ്ധ്യങ്ങളെ പ്രതിഫലിപ്പിക്കുന്നതായിരുന്നു.

ജീവിതത്തിൽ തങ്ങൾ എവിടേക്കാണ് പോകുന്നതെന്ന് ചിന്തിക്കുന്നതിൽ പരാജയപ്പെടുന്നവർ പലപ്പോഴും അസുഖകരവും അഭികാമ്യമല്ലാത്തതുമായ ഏകാന്തമായ സ്ഥലങ്ങളിൽ ചെന്നെത്തും. സദൃശവാക്യങ്ങൾ 14:12 സൂചിപ്പിക്കുന്നത് “ചിലപ്പോൾ ഒരു വഴി മനുഷ്യന്നു ചൊവ്വായി തോന്നും; അതിന്റെ അവസാനമോ മരണവഴികൾ അത്രേ’’ എന്നാണ്. നാം യുവാവോ വൃദ്ധനോ, രോഗിയോ ആരോഗ്യവാനോ, ധനികനോ ദരിദ്രനോ ആരായിരുന്നാലും നമ്മുടെ പാത പുനഃപരിശോധിക്കാൻ ഇനിയും വൈകിയിട്ടില്ല. ആ പാത നമ്മെ എങ്ങോട്ടാണ് നയിക്കുന്നത്? അത് ദൈവത്തെ ബഹുമാനിക്കുന്നതാണോ? അത് മറ്റുള്ളവരെ സഹായിക്കുകയാണോ തടസ്സപ്പെടുത്തുകയാണോ ചെയ്യുന്നത്? യേശുവിൽ വിശ്വസിക്കുന്ന ഒരാളെ സംബന്ധിച്ച് ഇത് ഏറ്റവും നല്ല പാതയാണോ?

തിരഞ്ഞെടുപ്പുകൾ പ്രാധാന്യമുള്ളതാണ്. “എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും’’ (മത്തായി 11:28) എന്നരുളിച്ചെയ്ത ദൈവപുത്രനായ യേശുവിലൂടെ നാം സ്വർഗ്ഗത്തിലെ ദൈവത്തിങ്കലേക്കു തിരിയുമ്പോൾ മികച്ച തിരഞ്ഞെടുപ്പുകൾ നടത്താൻ അവൻ നമ്മെ സഹായിക്കും.

ദൈവത്തിനുവേണ്ടി പോകാൻ തയ്യാറാണ്

ഹിഡൻ ഫിഗേഴ്‌സ് എന്ന പുസ്തകം ജോൺ ഗ്ലെൻ ബഹിരാകാശത്തേക്ക് പറക്കാൻ നടത്തിയ തയ്യാറെടുപ്പുകൾ വിവരിക്കുന്നു. 1962-ൽ കംപ്യൂട്ടറുകൾ പുതിയ കണ്ടുപിടുത്തമായിരുന്നു, അവ തകരാറുകൾക്ക് വിധേയവുമായിരുന്നു. ഗ്ലെൻ അവയെ വിശ്വസിച്ചില്ല, വിക്ഷേപണത്തിനായി അവ നടത്തുന്ന കണക്കുകൂട്ടലുകളെക്കുറിച്ച് ഗ്ലെൻ ആശങ്കപ്പെട്ടു. പിന്നിലെ മുറിയിലുള്ള തലച്ചോറുള്ള ഒരു സ്ത്രീക്ക് നമ്പറുകൾ പ്രവർത്തിപ്പിക്കാൻ കഴിയുമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. അദ്ദേഹം അവളെ വിശ്വസിച്ചു. “നമ്പറുകൾ നല്ലതാണെന്ന് അവൾ പറഞ്ഞാൽ ഞാൻ പോകാൻ തയ്യാറാണ്’’ എന്നു ഗ്ലെൻ പറഞ്ഞു.

കാതറിൻ ജോൺസൺ അദ്ധ്യാപികയും മൂന്നു കുട്ടികളുടെ അമ്മയുമായിരുന്നു. അവൾ യേശുവിനെ സ്‌നേഹിക്കുകയും തന്റെ സഭയിൽ ശുശ്രൂഷിക്കുകയും ചെയ്തിരുന്നു. കൂർമ്മ ബുദ്ധി നൽകി ദൈവം കാതറിനെ അനുഗ്രഹിച്ചിരുന്നതിനാൽ, 1950-കളുടെ അവസാനത്തിൽ ബഹിരാകാശ പദ്ധതിയിൽ സഹായിക്കാൻ നാസ അവളെ സമീപിച്ചു. അക്കാലത്ത് നാസ വാടകയ്‌ക്കെടുത്ത “മനുഷ്യ കമ്പ്യൂട്ടറുകളിൽ’’ ഒരുവളായിരുന്നു കാതറിൻ. അവളെയാണ് ഗ്ലെൻ “തലച്ചോറുള്ള സ്ത്രീ’’ എന്നു വിളിച്ചത്.

മിടുക്കരായ ഗണിതശാസ്ത്രജ്ഞരാകാൻ നാം വിളിക്കപ്പെട്ടിട്ടില്ലായിരിക്കാം, എന്നാൽ ദൈവം നമ്മെ മറ്റു കാര്യങ്ങൾക്കായി വിളിക്കുന്നു: “എന്നാൽ നമ്മിൽ ഓരോരുത്തന്നു ക്രിസ്തുവിന്റെ ദാനത്തിന്റെ അളവിന്നു ഒത്തവണ്ണം കൃപ ലഭിച്ചിരിക്കുന്നു’’ (എഫെസ്യർ 4:7). നമുക്ക് ലഭിച്ച “വിളിക്ക് യോഗ്യമായി’’ നാം ജീവിക്കണം (വാക്യം 1). നമ്മൾ ഒരു ശരീരത്തിന്റെ ഭാഗമാണ്, അതിൽ “ഓരോ അവയവവും അതതിന്റെ പ്രവൃത്തി ചെയ്യുന്നു’’ (വാക്യം 16).

കാതറിൻ ജോൺസന്റെ കണക്കുകൂട്ടലുകൾ സഞ്ചാരപഥം സ്ഥിരീകരിച്ചു. ഭ്രമണപഥത്തിലേക്കുള്ള ഗ്ലെന്നിന്റെ വിക്ഷേപണം “ഒരു പോയിന്റിൽ കൃത്യതയോടെ അമ്പെയ്യുന്നതുപോലെ’’ ആയിരുന്നു. എന്നാൽ ഇത് കാതറിന്റെ വിളിയിൽ ഒന്നു മാത്രമായിരുന്നു. ഓർക്കുക, അമ്മയും അദ്ധ്യാപികയും സഭാ പ്രവർത്തകയും ആകാനും കൂടിയാണ് അവളെ വിളിച്ചത്. ചെറുതായാലും വലുതായാലും ദൈവം നമ്മെ എന്തിനായിട്ടാണ് വിളിച്ചിരിക്കുന്നതെന്ന് നമുക്ക് സ്വയം ചോദിക്കാം. നാം “പോകാൻ തയ്യാറാണോ?’’ അവൻ നൽകിയ കൃപവരങ്ങൾ നാം വിനിയോഗിക്കുകയും “[നമ്മുടെ] വിളിക്ക് യോഗ്യമായ ഒരു ജീവിതം’’ (വാക്യം 1) നയിക്കുകയും ചെയ്യുന്നുണ്ടോ?

യേശുവിൽ ഞാൻ സ്വഭവനത്തിലാണ്

“വീടുപോലെ മറ്റൊരു സ്ഥലമില്ല’’ റൂബി ചെരുപ്പിന്റെ ഹീൽ തറയിൽ ഉരസിക്കൊണ്ട് ഡോറോത്തി പറഞ്ഞു. ദി വിസാർഡ് ഓഫ് ഓസിൽ, ഡൊറോത്തിയെയും ടോറ്റോയെയും ഓസിൽനിന്ന് മാന്ത്രികമായി കൻസാസിലെ വീട്ടിലെത്തിക്കാൻ അതുമാത്രം മതിയായിരുന്നു.

നിർഭാഗ്യവശാൽ എല്ലാവർക്കും ആവശ്യമായ റൂബി ചെരുപ്പുകൾ ഇല്ലായിരുന്നു. വീടിനുവേണ്ടിയുള്ള ഡോറോത്തിയുടെ വാഞ്ഛ അനേകർ പങ്കുവയ്ക്കുമെങ്കിലും അത്തരത്തിലുള്ള ഒരു വീട് - സ്വന്തമായ ഒരിടം - കണ്ടെത്തുക എന്നത് പറയുന്നത്ര എളുപ്പമല്ല.

ഉയർന്ന നിലയിൽ ചലനാത്മകവും ക്ഷണികവുമായ ലോകത്തിൽ ജീവിക്കുന്നതിന്റെ ഭവിഷ്യത്തുകളിലൊന്ന് ഒന്നിനോടും ആഭിമുഖ്യം ഇല്ലായ്മയാണ് - ഞാൻ അവിടത്തുകാരനാണ് എന്നു പറയാൻ നമുക്കു കഴിയുന്ന ഒരിടം എന്നെങ്കിലും നമുക്കു കണ്ടെത്താൻ കഴിയുമോ? ഈ വികാരം, സി. എസ്. ലൂയിസ് വെളിപ്പെടുത്തുന്ന, ആഴമായ ഒരു യാഥാർത്ഥ്യത്തെ പ്രതിഫലിപ്പിക്കുന്നു: “ഈ ലോകത്തിലെ ഒരനുഭവത്തിനും തൃപ്തിപ്പെടുത്താൻ കഴിയാത്ത ഒരു ആഗ്രഹം എന്നിൽ ഞാൻ കണ്ടെത്തുന്നുവെങ്കിൽ, അതിനുള്ള സാധ്യമായ ഏക വിശദീകരണം ഞാൻ മറ്റൊരു ലോകത്തിനുവേണ്ടി സൃഷ്ടിക്കപ്പെട്ടവനാണ് എന്നതാണ്.’’

ക്രൂശിലേക്കു പോകുന്നതിന്റെ തലേ രാത്രി, ആ ഭവനത്തെപ്പറ്റി യേശു തന്റെ സ്‌നേഹിതർക്ക് ഉറപ്പു നൽകി: “എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു’’ (യോഹന്നാൻ 14:2). നാം സ്വാഗതം ചെയ്യപ്പെടുകയും സ്‌നേഹിക്കപ്പെടുകയും ചെയ്യുന്ന ഒരു ഭവനം. എങ്കിലും നമുക്ക് ഇവിടെവെച്ചും ഭവനത്തിലായിരിക്കാൻ കഴിയും. നാം ഒരു കുടുംബത്തിന്റെ ഭാഗമാണ്-ദൈവസഭ, ക്രിസ്തുവിലുള്ള നമ്മുടെ സഹോദരീ സഹോദരന്മാരുൾപ്പെട്ട ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. നാം വാഞ്ഛിക്കുന്ന ഭവനത്തിലേക്കു യേശു നമ്മെ ചേർക്കുന്നതുവരെ അവന്റെ സമാധാനത്തിലും സന്തോഷത്തിലും ജീവിക്കാൻ നമുക്കു കഴിയും. നാം എല്ലായ്‌പ്പോഴും അവനോടൊപ്പം ഭവനത്തിലാണ്.

ദൈവം നമ്മുടെ ആവശ്യങ്ങൾ അറിയുന്നു

മനിലയിലെ ഒരു ജീപ്‌നി (ഫിലിപ്പീൻസിലെ ഒരു പൊതുഗതാഗത മാർഗ്ഗം) ഡ്രൈവറായ ലാൻഡോ, റോഡരികിലെ ഒരു കടയിൽ നിന്ന് കാപ്പി കുടിച്ചു. പ്രതിദിന സർവീസ് കോവിഡ്-19 നു ശേഷം സാധാരണ നിലയിൽ എത്തിയതേയുള്ളു. ഇന്നത്തെ കായിക മത്സരം കാരണം കൂടുതൽ യാത്രക്കാർ കാണും, അയാൾ ചിന്തിച്ചു. എനിക്ക് നഷ്ടപ്പെട്ട വരുമാനം തിരിച്ചുപിടിക്കണം. ഒടുവിൽ എനിക്ക് ഉൽക്കണ്ഠ ഇല്ലാതെ കഴിയാം. വാഹനം സ്റ്റാർട്ട് ആക്കാൻ തുടങ്ങിയപ്പോഴാണ് സമീപത്തുള്ള ഒരു ബെഞ്ചിൽ ഇരിക്കുന്ന റോണിയെ ലാൻഡോ കണ്ടത്. റോഡ്് തൂപ്പുകാരനായ അയാൾ ആകെ അസ്വസ്ഥനായിരുന്നു. ആരോടെങ്കിലും സംസാരിക്കണം എന്ന് അയാളുടെ മുഖഭാവം തെളിയിച്ചു. ഓരോ മിനിറ്റും വിലപ്പെട്ടതാണ്, ലാൻഡോ ചിന്തിച്ചു. കൂടുതൽ യാത്രക്കാരെ കിട്ടിയാൽ കൂടുതൽ വരുമാനം കിട്ടും. എനിക്ക് താമസിക്കാൻ ആവില്ല. എന്നാൽ റോണിയുടെ അടുത്തേക്ക് പോകാൻ ദൈവം തന്നോട് പറയുന്നതായി അവനു മനസ്സിലായി, അവൻ അതു ചെയ്തു. 

ആകുലപ്പെടാതിരിക്കുന്നത് എത്ര പ്രയാസകരമാണെന്ന് യേശുവിന് അറിയാമായിരുന്നു (മത്തായി 6:25-27). അതിനാൽ നമ്മുടെ സ്വർഗ്ഗീയ പിതാവ് നമുക്ക് എന്താണ് ആവശ്യം എന്ന് അറിയുന്നു എന്ന് അവൻ ഉറപ്പുനൽകി (വാ. 32). ഉൽക്കണ്ഠപ്പെടാതെ അവനിൽ ആശ്രയിക്കാനും നാം ചെയ്യാൻ അവൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ചെയ്യുന്നതിന് നമ്മെത്തന്നെ സമർപ്പിക്കുവാനും (വാ. 31-33) യേശു നമ്മെ ഓർപ്പിക്കുന്നു. നാം അവന്റെ ഉദ്ദേശ്യങ്ങളെ അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യുമ്പോൾ “ഇന്നുള്ളതും നാളെ അടുപ്പിൽ ഇടുന്നതുമായ വയലിലെ പുല്ലിനെ ഇങ്ങനെ ചമയിക്കുന്ന’’ നമ്മുടെ പിതാവ് തന്റെ ഹിതപ്രകാരം നമ്മുടെ ആവശ്യങ്ങൾ നടത്തിത്തരും എന്നുള്ള - സകല സൃഷ്ടികളെയും അവൻ പുലർത്തുന്നതുപോലെ - ഉറപ്പ് പ്രാപിക്കാൻ നമുക്ക് കഴിയും.

ലാൻഡോ റോണിയോട് സംസാരിച്ചതിന്റെ ഫലമായി തൂപ്പുകാരൻ പ്രാർത്ഥിക്കുകയും ഒരു ക്രിസ്തു വിശ്വാസി ആയിത്തീരുകയും ചെയ്തു. “അന്ന് ദൈവം എനിക്ക് ആവശ്യത്തിന് യാത്രക്കാരെ നൽകി,'' ലാൻഡോ പറഞ്ഞു. “എന്റെ ആവശ്യങ്ങൾ അവന്റെ ഉത്തരവാദിത്വമാണെന്നും അവനെ അനുഗമിക്കുകയാണ് ഞാൻ ചെയ്യേണ്ടതെന്നും അവൻ എന്നെ ഓർമ്മിപ്പിച്ചു.’’

ക്രമത്തിന്റെ ദൈവം

അലമാരയിൽ കണ്ട മുഴുവൻ മരുന്നുകളും സുരേഷ് എടുത്തു. തകർച്ചയും ക്രമക്കേടും കൊണ്ട് നിറഞ്ഞ ഒരു കുടുംബത്തിൽ വളർന്ന അവന്റെ ജീവിതം ആകെ താറുമാറായിരുന്നു. അവന്റെ ഡാഡി മമ്മിയെ നിരന്തരം പീഡിപ്പിക്കുമായിരുന്നു. ഒടുവിൽ ഡാഡി ആത്മഹത്യ ചെയ്തു. തന്റെ ജീവിതം “അവസാനിപ്പിക്കണം’’ എന്ന് സുരേഷ് ആഗ്രഹിച്ചു. എന്നാൽ ഒരു ചിന്ത അവന്റെ മനസ്സിലേക്ക് ഓടിയെത്തി, ഞാൻ മരിച്ചാൽ എവിടെപ്പോകും? സുരേഷ് മരിച്ചില്ല. പിന്നീട് ഒരു സ്‌നേഹിതനോടൊപ്പം ബൈബിൾ പഠിച്ചതിനെ തുടർന്ന് അവൻ യേശുവിനെ രക്ഷകനായി സ്വീകരിച്ചു. സുരേഷിനെ ദൈവത്തിങ്കലേക്ക് അടുപ്പിച്ച സംഗതികളിൽ ഒന്ന്, സൃഷ്ടിയിലെ സൗന്ദര്യവും ക്രമവും ദർശിച്ചതായിരുന്നു. “മനോഹരമായ കാര്യങ്ങളെ ഞാൻ കാണുന്നു. ഒരുവൻ അവയെ എല്ലാം സൃഷ്ടിച്ചു...’’ സുരേഷ് പറഞ്ഞു.

ഉല്പത്തി 1 ൽ, ദൈവം സകലത്തെയും സൃഷ്ടിച്ചു എന്നു നാം കാണുന്നു. ഭൂമി പാഴും ശൂന്യവും ആയിരുന്നെങ്കിലും അവൻ ക്രമരാഹിത്യത്തിൽ നിന്ന് ക്രമം കൊണ്ടുവന്നു. അവൻ “ഇരുളും വെളിച്ചവും തമ്മിൽ’’ വേർതിരിച്ചു (വാ. 4), സമുദ്രത്തിനു നടുവിൽ കരയെ നിർമ്മിച്ചു (വാ. 10), “അതതുതരം’’ സസ്യങ്ങളെയും ജീവജാലങ്ങളെയും നിർമ്മിച്ചു (വാ. 11-12, 21, 24-25).

“ആകാശത്തെ സൃഷ്ടിച്ചു ... ഭൂമിയെ നിർമ്മിച്ചുണ്ടാക്കി; ... അതിനെ ഉറപ്പിച്ച’’ (യെശയ്യാവ് 45:18) യഹോവ, സുരേഷ് കണ്ടെത്തിയതുപോലെ ക്രിസ്തുവിനു സമർപ്പിച്ച ജീവിതങ്ങളിൽ സമാധാനവും ക്രമവും നൽകിക്കൊണ്ട് തന്റെ പ്രവൃത്തി തുടരുന്നു. 

ജീവിതം ക്രമരഹിതവും വെല്ലുവിളി നിറഞ്ഞതും ആയിരിക്കാം. ദൈവം “കലക്കത്തിന്റെ ദൈവമല്ല, സമാധാനത്തിന്റെ ദൈവമാണ്’’ എന്നതിൽ അവനെ സ്തുതിക്കാം (1 കൊരിന്ത്യർ 14:33). ഇന്നു നമുക്ക് അവനെ വിളിച്ചപേക്ഷിക്കുകയും അവനു മാത്രം നൽകാൻ കഴിയുന്ന സൗന്ദര്യവും ക്രമവും കണ്ടെത്തുന്നതിനു സഹായിക്കാൻ അപേക്ഷിക്കുകയും ചെയ്യാം.

ദൈവത്തിന്റെ സമാധാന ദൂതന്മാർ

നീതി നടപ്പാകണം എന്ന ശക്തമായ ആഗ്രഹം നിമിത്തം നോറ സമാധാനപരമായ പ്രതിഷേധത്തിൽ പങ്കെടുക്കാൻ പോയി. പ്ലാൻ ചെയ്തു പോലെ പ്രകടനം നിശബ്ദമായിരുന്നു. പ്രതിഷേധക്കാർ ഡൗൺടൗൺ പ്രദേശത്തുകൂടി ശക്തമായ മൗന ജാഥ നടത്തി. അപ്പോഴാണ് രണ്ടു ബസ്സുകൾ അവിടേക്കു വന്നത്. ബസിൽ നഗരത്തിനു പുറത്തു നിന്ന് അക്രമകാരികൾ വന്നു. താമസിയാതെ ഒരു കലാപം പൊട്ടിപ്പുറപ്പെട്ടു. ഹൃദയം തകർന്ന നോറ അവിടെ നിന്നു മടങ്ങിപ്പോയി. തങ്ങളുടെ സദുദ്ദേശ്യം ഫലശൂന്യമായതായി അവൾക്കു തോന്നി.

പൗലൊസ് യെരുശലേം ദേവാലയം സന്ദർശിച്ചപ്പോൾ, പൗലൊസിനെ എതിർത്തിരുന്ന ആളുകൾ അവനെ കണ്ടു. അവർ “ആസ്യ (പ്രവിശ്യ) യിൽ നിന്നുള്ളവരും’’ (പ്രവൃത്തികൾ 21:27) യേശുവിനെ തങ്ങളുടെ മാർഗ്ഗത്തിന് ഭീഷണിയായി കണ്ടവരും ആയിരുന്നു. പൗലൊസിനെക്കുറിച്ച് നുണയും കിംവദന്തികളും വിളിച്ചു പറഞ്ഞുകൊണ്ട് അവർ പെട്ടെന്നുതന്നെ കലഹത്തിന് തീകൊളുത്തി (വാ. 28-29). ജനക്കൂട്ടം പൗലൊസിനെ ദേവാലയത്തിൽ നിന്ന് പുറത്തേക്കു വലിച്ചിഴച്ച് അവനെ അടിച്ചു. വിവരമറിഞ്ഞ് പടയാളികൾ അവിടേക്ക് പാഞ്ഞുവന്നു.

അവനെ അറസ്റ്റ് ചെയ്യുമ്പോൾ തനിക്ക് ജനത്തോട് സംസാരിക്കാമോ എന്ന് പൗലോസ് റോമൻ കമാൻഡറോടു ചോദിച്ചു. അനുവാദം ലഭിച്ചപ്പോൾ പൗലൊസ് ജനക്കൂട്ടത്തോട് അവരുടെ ഭാഷയിൽ സംസാരിച്ചു. അത്ഭുതപ്പെട്ടുപോയ ജനം അവന്റെ വാക്കുകൾക്കു ശ്രദ്ധ കൊടുത്തു (വാ. 40). അങ്ങനെ പൗലൊസ് ഒരു കലഹത്തെ, നിർജ്ജീവ മതത്തിൽ നിന്നുള്ള തന്റെ രക്ഷയുടെ അനുഭവസാക്ഷ്യം പങ്കുവയ്ക്കുന്നതിനുള്ള അവസരം ആക്കി മാറ്റി (22:2-21).

ചില ആളുകൾ അക്രമത്തെയും ഭിന്നതയെയും ഇഷ്ടപ്പെടുന്നു. അവർ വിജയിക്കുകയില്ല. പരിതാപകരമായ അവസ്ഥയിലുള്ള നമ്മുടെ ലോകത്തോട് തന്റെ പ്രകാശവും സമാധാനവും പങ്കുവയ്ക്കുവാൻ ധൈര്യമുള്ള വിശ്വാസികളെ ദൈവം അന്വേഷിച്ചുകൊണ്ടിരിക്കുന്നു. പ്രതിസന്ധി എന്ന് നിങ്ങൾക്ക് തോന്നുന്നത്, ഒരുവനോട് ദൈവസ്‌നേഹം പങ്കുവയ്ക്കുന്നതിനുള്ള നിങ്ങളുടെ അവസരമായി തീർന്നേക്കാം.