വായനാഭാഗം : റോമർ 14:1-23

ആകയാൽ നാം സമാധാനത്തിനും അന്യോന്യം ആത്മീകവർദ്ധനക്കും ഉള്ളതിന് ശ്രമിച്ചു കൊള്ളുക. ( വാ . 19 )

ബ്രയാൻ ജാക്സന്റേത് ഒരു സാഹസിക ജീവിതമാണ്. ഈ ഗ്രഹത്തിന്റെ ദുഷ്കരമായ നിരവധി ചുറ്റുപാടുകളിലേക്ക് അദ്ദേഹം പര്യവേഷണം നയിച്ചിട്ടുണ്ട്. ആയിരക്കണക്കിന് മൈലുകൾ ഭൂഖണ്ഡാന്തര യാത്രകൾ നടത്തിയിട്ടുള്ള അദ്ദേഹത്തിന്റെ ഏറ്റവും പ്രിയങ്കരമായ കാര്യം നാളിതുവരെ ആരും കാലുകുത്തിയിട്ടില്ലാത്ത ഇടങ്ങളിൽ എത്തിച്ചേരുക എന്നതാണ്. 2014 ൽ ഹിമാലയത്തിലെ , ഇതുവരെ ആരും കാലുകുത്താത്ത , ഒരു കൊടുമുടിയിൽ അദ്ദേഹത്തിന്റെ സംഘം എത്തിചേർന്നു.

ദൈവത്തെ കൂടാതെ ആർക്കും എത്തിപ്പിടിക്കാനാകാത്ത ഒരു അപൂർവ കാര്യമായിട്ടാണ് സമാധാനത്തെ തിരുവെഴുത്ത് വിവരിക്കുന്നത് (റോമർ 3:12). അനേകരും സമാധാനം കണ്ടെത്താനായി വല്ലാതെ പരിശ്രമിക്കാറുണ്ട്; എന്നാൽ സമാധാന പ്രഭുവായ ( യെശ. 9:6) യേശുവിലൂടെയല്ലാതെ യഥാർത്ഥ സമ്പൂർണ്ണ സമാധാനം അനുഭവിക്കാൻ കഴിയുകയില്ല (യോഹ.14:27). അവനിലും അവനിലൂടെയും നമുക്ക് ദൈവത്തോട് നിരപ്പ് വരികയും മറ്റുള്ളവരോട് സമാധാനത്തിൽ ജീവിക്കാൻ കഴിയുകയും ചെയ്യുന്നു ( റോമർ 5:1; എബ്രായർ 12:14).

ക്രിസ്തുവിലുള്ള ബന്ധം വഴി, വിശ്വാസികളായ നമുക്ക് നമ്മുടെ സ്രഷ്ടാവിന്റെ സന്നിധിയിൽ ധൈര്യത്തോടെ വരാനാകും (എബ്രായർ 4:14 – 16 ). നമുക്ക് മറ്റുള്ളവരെ വിധിക്കാതെയും കുറ്റപ്പെടുത്താതെയും സമാധാനം ആചരിക്കാൻ കഴിയും (റോമർ 14:1-9) .” എന്നാൽ നീ സഹോദരനെ വിധിക്കുന്നത് എന്ത്? അല്ല, നീ സഹോദരനെ ധിക്കരിക്കുന്നത് എന്ത്? നാം എല്ലാവരും ദൈവത്തിന്റെ ന്യായാസനത്തിന് മുമ്പാകെ നിൽക്കേണ്ടിവരും” (വാ.10) എന്നാണ് പൗലോസ് ഓർമ്മിപ്പിക്കുന്നത്.

യഥാർത്ഥ സമാധാന മാർഗം നമ്മെ പരവിമർശനത്തിലേക്കല്ല നയിക്കുക; മറിച്ച്, ” സഹോദരന് ഇടർച്ചയോ തടങ്ങലോ വെക്കാത്ത “( വാ. 13 ) ഒരു ജീവിതത്തിലേക്കാണ്. കാരണം ദൈവരാജ്യം ” നീതിയും സമാധാനവും പരിശുദ്ധാത്മാവിൽ സന്തോഷവുമുള്ള ” ( വാ.17 ) ജീവിതമാണ്; വിശ്വാസികൾ ” സമാധാനത്തിനും അന്യോന്യം ആത്മീക വർദ്ധനക്കും ഉള്ള” (വാ.19) കാര്യങ്ങൾ താല്പര്യപ്പെടുന്ന ജീവിതമാണ്.

യഥാർത്ഥ സമാധാനത്തിന്റെ പാത അധികമാളുകൾ സഞ്ചരിക്കാത്തതാണ്. എന്നാൽ റോബർട്ട് ഫ്രോസ്റ്റിന്റെ ” ആരും സഞ്ചരിക്കാത്ത വഴി” എന്ന കവിതയിൽ പറയുന്നതുപോലെ, ഈ മാർഗം ” തികച്ചും വ്യത്യാസം വരുത്തുന്നതാണ്” – ഇപ്പോൾ മാത്രമല്ല, നിത്യതയോളവും.

രൂത്ത് ഓ’ റെയ് ലി – സ്മിത്ത്

ചെയ്യാം

മത്തായി 7:13-14 വായിച്ചിട്ട് , ദൈവരാജ്യത്തിന്റെ വാതിൽ ഇടുങ്ങിയതും വഴി ദുഷ്കരവും ആയിരിക്കുന്നത് എന്തു കൊണ്ട് എന്ന് ചിന്തിക്കുക

ചിന്തിക്കാം

യഥാർത്ഥ സമാധാന മാർഗം എങ്ങനെ പിന്തുടരാം? ദൈവം തന്റെ സമാധാനം എങ്ങനെയാണ് നിങ്ങൾക്ക് വെളിപ്പെടുത്തിയിരിക്കുന്നത്?