എന്റെ വീടിന്റെ പിൻമുറ്റത്തെ പ്ലാന്ററിൽ കുറച്ച് വിത്തുകൾ കുഴിച്ചിട്ട ശേഷം, ഫലം കാണാൻ ഞാൻ കാത്തിരുന്നു. പത്തോ പതിനാലോ ദിവസങ്ങൾക്കുള്ളിൽ വിത്ത് മുളയ്ക്കുമെന്ന് വായിച്ചിരുന്നതുകൊണ്ട്, ഞാൻ ഇടയ്ക്കിടെ പരിശോധിക്കുകയും മണ്ണു നനയ്ക്കുകയും ചെയ്തു. താമസിയാതെ കുറച്ച് പച്ച ഇലകൾ മണ്ണിനു പുറത്തേക്ക് വരുന്നത് ഞാൻ കണ്ടു. പക്ഷേ, അത് കളകളാണെന്ന് ഭർത്താവ് പറഞ്ഞപ്പോൾ എനിക്കു നിരാശ തോന്നി. ഞാൻ വളർത്താൻ ശ്രമിക്കുന്ന ചെടികളെ അവ ഞെരുക്കാതിരിക്കാൻ വേഗത്തിൽ അവയെ പറിച്ചുകളയാൻ അദ്ദേഹം എന്നെ പ്രോത്സാഹിപ്പിച്ചു.

നമ്മുടെ ആത്മീയ വളർച്ചയെ തടസ്സപ്പെടുത്തുന്ന നുഴഞ്ഞുകയറ്റക്കാരെ കൈകാര്യം ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് യേശു പറഞ്ഞു. അവൻ തന്റെ ഉപമയുടെ ഒരു ഭാഗം ഇങ്ങനെ വിശദീകരിച്ചു: ഒരു വിതക്കാരൻ തന്റെ വിത്ത് വിതച്ചപ്പോൾ ചിലത് ”മുള്ളിനിടയിൽ വീണു . . . മുള്ളു മുളച്ചു വളർന്ന് അതിനെ ഞെരുക്കിക്കളഞ്ഞു” (മത്തായി 13:7). മുള്ളുകൾ, അല്ലെങ്കിൽ കളകൾ, ചെടികളുടെ വളർച്ചയെ തടയും (വാ. 22). ആകുലചിന്ത തീർച്ചയായും നമ്മുടെ ആത്മീയ വളർച്ചയെ തടസ്സപ്പെടുത്തും. തിരുവചനം വായിക്കുന്നതും പ്രാർത്ഥിക്കുന്നതും നമ്മുടെ വിശ്വാസം വളർത്തിയെടുക്കുന്നതിനുള്ള മികച്ച വഴികളാണ്, എന്നാൽ ആകുലചിന്തയുടെ മുള്ളുകൾ വളരുന്നോ എന്നു ഞാൻ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ഞാൻ മനസ്സിലാക്കി. അവൻ എന്നിൽ നട്ട നല്ല വചനത്തെ അവ “ഞെരുക്കിക്കളയുകയും,’’ തെറ്റായ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ എന്നെ നയിക്കുകയും ചെയ്യും.

തിരുവെഴുത്തിൽ കാണുന്ന ആത്മാവിന്റെ ഫലത്തിൽ സ്‌നേഹം, സന്തോഷം, സമാധാനം തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുന്നു (ഗലാത്യർ 5:22). എന്നാൽ ആ ഫലം കായ്ക്കാൻ, ദൈവത്തിന്റെ ശക്തിയാൽ, നമ്മുടെ ശ്രദ്ധ തിരിക്കുന്നതിനും അവനെയല്ലാതെ മറ്റെന്തെങ്കിലും കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും ഇടയാക്കുന്ന സംശയത്തിന്റെയോ ആകുലചിന്തയുടെയോ കളകളെ നാം പിഴുതു മാറ്റേണ്ടതുണ്ട്.