ഏകാന്ത മനുഷ്യൻ
1969 ജൂലൈ 20 ന്, നീൽ ആംസ്ട്രോങ്ങും ബ്യൂസ് ആൽഡ്രിനും അവരുടെ ചാന്ദ്ര ലാൻഡിംഗ് മൊഡ്യൂളിൽ നിന്ന് പുറത്തുകടന്ന് ചന്ദ്രന്റെ ഉപരിതലത്തിൽ നടന്ന ആദ്യത്തെ മനുഷ്യരായി. എന്നാൽ അപ്പോളോ 11-ന്റെ കമാൻഡ് മോഡ്യൂൾ പറത്തുന്ന അവരുടെ ടീമിലെ മൂന്നാമത്തെ വ്യക്തിയായ മൈക്കൽ കോളിൻസിനെ കുറിച്ച് നമ്മൾ പലപ്പോഴും ചിന്തിക്കാറില്ല.
ചന്ദ്രോപരിതലം പരിശോധിക്കുന്നതിനായി ടീമംഗങ്ങൾ ഗോവണിയിലൂടെ ഇറങ്ങിയ ശേഷം, കോളിൻസ് ചന്ദ്രന്റെ അങ്ങേയറ്റത്ത് ഒറ്റയ്ക്ക് കാത്തുനിന്നു. നീൽ, ബ്യൂസ് എന്നിവരുമായി മാത്രമല്ല, ഭൂമിയിലെ എല്ലാവരുമായും അവന്റെ ബന്ധം വിച്ഛേദിക്കപ്പെട്ടു. നാസയുടെ മിഷൻ കൺട്രോൾ അഭിപ്രായപ്പെട്ടു, “ആദാമിന് ശേഷം, മൈക്ക് കോളിൻസിനെപ്പോലെ ഒരു മനുഷ്യനും ഏകാന്തത ഉണ്ടായിട്ടില്ല.”
നമ്മൾ പൂർണ്ണമായും ഒറ്റയ്ക്കാണെന്ന് തോന്നുന്ന സമയങ്ങളുണ്ട്. ഉദാഹരണത്തിന്, യാക്കോബിന്റെ മകനായ ജോസഫിനെ തന്റെ സഹോദരന്മാർ വിറ്റശേഷം ഇസ്രായേലിൽ നിന്ന് ഈജിപ്തിലേക്ക് കൊണ്ടുപോകുമ്പോൾ അവന് എങ്ങനെ തോന്നി എന്ന് സങ്കൽപ്പിക്കുക (ഉല്പത്തി 37:23-28). വ്യാജകുറ്റാരോപണം നടത്തി അവനെ കാരാഗൃഹത്തിൽ അടയ്ക്കുക വഴി അവൻ കൂടുതൽ ഒറ്റപ്പെടലിലേക്ക് തള്ളപ്പെട്ടു (39:19-20).
അടുത്തെങ്ങും കുടുംബമില്ലാത്ത ഒരു വിദേശനാട്ടിലെ ജയിലിൽ ജോസഫ് അത് എങ്ങനെ അതിജീവിച്ചു? ഇത് ശ്രദ്ധിക്കുക: "എന്നാൽ യഹോവ യോസേഫിനോടുകൂടെ ഇരുന്നു" (വാ. 21). ഉല്പത്തി 39-ലെ ആശ്വാസദായകമായ ഈ സത്യം നാല് തവണ നമ്മെ ഓർമ്മിപ്പിക്കുന്നു.
നിങ്ങൾ ഒറ്റയ്ക്കാണോ, അതോ മറ്റുള്ളവരിൽ നിന്ന് ഒറ്റപ്പെട്ടതായി തോന്നുന്നുണ്ടോ? "ഞാനോ ലോകാവസാനത്തോളം എല്ലാ നാളും നിങ്ങളോടുകൂടെ ഉണ്ട്" (മത്തായി 28:20). നിങ്ങളുടെ രക്ഷകനായ യേശുവിനൊപ്പം, നിങ്ങൾ ഒരിക്കലും തനിച്ചല്ല.
ഭീകരതയുടെ ഏഴ് മിനിറ്റുകൾ
2021 ഫെബ്രുവരി 18-ന് ചൊവ്വാ പര്യവേഷണ വാഹനം പെർസിവേറെൻസ് ആ ചുമന്ന ഗ്രഹത്തിൽ ഇറങ്ങിയപ്പോൾ, അതിന്റെ വരവ് നിരീക്ഷിച്ചുകൊണ്ടിരുന്നവർ "ഭീകരതയുടെ ഏഴ് മിനിറ്റുകൾ" അനുഭവിച്ചു. പേടകം അതിന്റെ 292 ദശലക്ഷം മൈൽ യാത്ര അവസാനിപ്പിച്ചപ്പോൾ, അത് സ്വന്തമായി ചെയ്യേണ്ട സങ്കീർണ്ണമായ ലാൻഡിംഗ് നടപടിക്രമത്തിലൂടെ കടന്നുപോയി. ചൊവ്വയിൽ നിന്ന് ഭൂമിയിലേക്കുള്ള സിഗ്നലുകൾക്ക് കുറച്ച് മിനിറ്റുകൾ എടുക്കും, അതിനാൽ ലാൻഡിംഗ് സമയത്ത് നാസയ്ക്ക് പെർസിവേറെൻസിൽ നിന്ന് കേൾക്കാൻ കഴിഞ്ഞില്ല. ദൗത്യത്തിനായി വളരെയധികം പരിശ്രമവും വിലയും ചെലവഴിച്ച ടീമിന് ബന്ധംസ്ഥാപിക്കാൻ കഴിയാത്തതു ഭയപ്പെടുത്തുന്നതായിരുന്നു.
നമ്മൾ ദൈവത്തിൽ നിന്ന് കേൾക്കുന്നില്ലെന്ന് തോന്നുമ്പോൾ ചിലപ്പോൾ നാം ഭയം അനുഭവിച്ചേക്കാം - നമ്മൾ പ്രാർത്ഥിക്കുന്നു, പക്ഷേ നമുക്ക് ഉത്തരം ലഭിക്കുന്നില്ല. തിരുവെഴുത്തുകളിൽ, പ്രാർത്ഥനയ്ക്ക് വേഗം മറുപടി ലഭിക്കുന്നവരെയും (ദാനിയേൽ 9:20-23 കാണുക) ദീർഘ കാലമായി ഉത്തരം ലഭിക്കാത്തവരെയും നമ്മൾ കണ്ടുമുട്ടുന്നു (1 സാമുവൽ 1:10-20 ലെ ഹന്നയുടെ കഥ കാണുക). മറിയയുടെയും മാർത്തയുടെയും ഹൃദയങ്ങളിൽ തീർച്ചയായും സങ്കടം ഉളവാക്കിയ, വൈകിയ ഉത്തരത്തിന്റെ ഏറ്റവും തീവ്രമായ ഉദാഹരണം, രോഗിയായ സഹോദരനായ ലാസറിനെ സഹായിക്കാൻ അവർ യേശുവിനോട് ആവശ്യപ്പെട്ടതാണ് (യോഹന്നാൻ 11:3). യേശു വരാൻ വൈകി, അവരുടെ സഹോദരൻ മരിച്ചു (വാ. 6-7, 14-15). എന്നാൽ നാല് ദിവസത്തിന് ശേഷം, ലാസറിനെ ഉയിർപ്പിച്ച് ക്രിസ്തു ഉത്തരം നൽകി (വാ. 43-44).
നമ്മുടെ പ്രാർത്ഥനകൾക്കുള്ള ഉത്തരത്തിനായി കാത്തിരിക്കുന്നത് ബുദ്ധിമുട്ടായിരിക്കും. എന്നാൽ നാം “[അവന്റെ] കൃപയുടെ സിംഹാസനത്തെ ആത്മവിശ്വാസത്തോടെ സമീപിക്കുമ്പോൾ ദൈവത്തിന് ആശ്വസിപ്പിക്കാനും സഹായിക്കാനും കഴിയും. . . [അതുകൊണ്ടു] കരുണ ലഭിപ്പാനും തത്സമയത്തു സഹായത്തിനുള്ള കൃപ പ്രാപിപ്പാനുമായി നാം ധൈര്യത്തോടെ കൃപാസനത്തിന് അടുത്തു ചെല്ലുക" (എബ്രായർ 4:16).
നമ്മുടെ ഷെൽട്ടറിലേക്ക് ഓടുക
പെറുവിലേക്കുള്ള ഒരു ഹ്രസ്വകാല മിഷൻ യാത്രയ്ക്കിടെ ഞാൻ ഒരു ഔട്ട്റീച്ചിൽ ആയിരിക്കുമ്പോൾ, ഒരു യുവാവ് എന്നോടു കുറച്ചു പണം ചോദിച്ചു. സുരക്ഷാ കാരണങ്ങളാൽ പണം നൽകരുതെന്ന് എന്റെ സംഘത്തിനു നിർദ്ദേശം ലഭിച്ചിരുന്നു. ആ സാഹചര്യത്തിൽ എനിക്ക് അവനെ എപ്രകാരം സഹായിക്കാനാകും? അപ്പോൾ പ്രവൃത്തികൾ 3-ലെ മുടന്തനോട് അപ്പൊസ്തലന്മാരായ പത്രൊസിന്റെയും യോഹന്നാന്റെയും പ്രതികരണം ഞാൻ അനുസ്മരിച്ചു. എനിക്ക് പണം നൽകാൻ കഴിയില്ലെന്നും, പക്ഷേ ദൈവസ്നേഹത്തിന്റെ സുവാർത്ത പങ്കിടാൻ കഴിയുമെന്നും ഞാൻ അവനോടു വിശദീകരിച്ചു. താൻ അനാഥനാണെന്ന് അവൻ പറഞ്ഞപ്പോൾ, അവന്റെ പിതാവാകാൻ ദൈവം ആഗ്രഹിക്കുന്നുവെന്നു ഞാൻ അവനോടു പറഞ്ഞു. അത് അവന്റെ കണ്ണുകളെ ഈറനണിയിച്ചു. തുടർനടപടികൾക്കായി ഞാൻ അവനെ ഞങ്ങളുടെ ആതിഥേയ സഭയിലെ ഒരു അംഗവുമായി ബന്ധപ്പെടുത്തി.
ചിലപ്പോഴൊക്കെ നമ്മുടെ വാക്കുകൾ അപര്യാപ്തമാണെന്നു അനുഭവപ്പെടാം. എന്നാൽ, യേശുവിനെ മറ്റുള്ളവരുമായി നാം പങ്കുവെക്കുമ്പോൾ പരിശുദ്ധാത്മാവു നമ്മെ ശക്തിപ്പെടുത്തും.
പത്രൊസും യോഹന്നാനും ദേവാലയങ്കണത്തിൽ ആ മനുഷ്യനെ കണ്ടുമുട്ടിയപ്പോൾ, ക്രിസ്തുവിനെ പങ്കുവയ്ക്കുന്നതു എന്നേക്കും മികച്ച ദാനമാണെന്ന് അവർ മനസ്സിലാക്കി. “അപ്പോൾ പത്രൊസ്: വെള്ളിയും പൊന്നും എനിക്കില്ല; എനിക്കുള്ളതു നിനക്കു തരുന്നു: നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ നടക്ക എന്നു പറഞ്ഞു” (വാ. 6). അന്ന് ആ മനുഷ്യനു രക്ഷയും സൗഖ്യവും ലഭിച്ചു. നഷ്ടപ്പെട്ടവരെ തന്നിലേക്ക് ആകർഷിക്കാൻ ദൈവം നമ്മെ ഉപയോഗിക്കുന്നതു തുടരുന്നു.
ഈ ക്രിസ്തുമസിനു നൽകാൻ അനുയോജ്യമായ ഉപഹാരങ്ങൾക്കായി തിരയുമ്പോൾ, യഥാർത്ഥ ഉപഹാരം യേശുവിനെ അറിയുന്നതും അവൻ വാഗ്ദാനം ചെയ്യുന്ന നിത്യരക്ഷയുടെ ദാനവുമാണെന്ന് ഓർക്കുക. വ്യക്തികളെ രക്ഷകനിലേക്കു നയിക്കാൻ ദൈവത്താൽ ഉപയോഗിക്കപ്പെടാൻ നമുക്കു തുടർന്നും പരിശ്രമിക്കാം.
യേശുവിനെക്കുറിച്ച് ജനത്തോടു സംസാരിക്കുക
യെഹൂദരുടെ ശുദ്ധീകരണ ചടങ്ങിനായി പൗലൊസ് ദേവാലയത്തിൽ പോയിരുന്നു (പ്രവൃത്തികൾ 21:26). എന്നാൽ, അവൻ ന്യായപ്രമണത്തിനെതിരെ പഠിപ്പിക്കുകയാണെന്നു കരുതിയ ചില പ്രക്ഷോഭകാരികൾ അവന്റെ ജീവനെടുക്കാൻ ശ്രമിച്ചു (വാ. 31). റോമൻ പടയാളികൾ പെട്ടെന്നുതന്നെ ഇടപെട്ടു പൗലൊസിനെ പിടികൂടി കെട്ടിയിട്ടു. “അവനെ കൊന്നുകളക” (വി. 35) എന്നു ആക്രോശിക്കുന്ന ജനക്കൂട്ടത്തിന്റെ ഇടയിലൂടെ ദേവാലയപ്രദേശത്തുനിന്നു അവനെ കൊണ്ടുപോയി.
ഈ ഭീഷണിയോട് അപ്പൊസ്തലൻ എങ്ങനെയാണ് പ്രതികരിച്ചത്? “ജനത്തോടു സംസാരിപ്പാൻ അനുവദിക്കേണം എന്നു അപേക്ഷിക്കുന്നു” (വ. 39) എന്ന് അവൻ സഹസ്രാധിപനോടു പറഞ്ഞു. റോമൻ നേതാവ് അനുവാദം നൽകിയപ്പോൾ, രക്തമൊലിച്ചും ചതവോടും കൂടിയ പൗലൊസ്, കോപാകുലരായ ജനക്കൂട്ടത്തിന്റെ നേരെ തിരിഞ്ഞ് യേശുവിലുള്ള തന്റെ വിശ്വാസം പങ്കുവെച്ചു (22:1-16).
രണ്ടായിരത്തിലധികം വർഷങ്ങൾക്ക് മുമ്പായിരുന്നു അത് സംഭവിച്ചത്—നമ്മുടെ സാഹചര്യങ്ങളുമായി ബന്ധപ്പെടുത്താൻ പ്രയാസമുള്ള ഒരു പഴയ വേദപുസ്തക കഥ. അടുത്തിടെ, വിശ്വാസികൾ നിരന്തരം പീഡിപ്പിക്കപ്പെടുന്ന ഒരു രാജ്യത്ത്, ജയിലിൽ കഴിയുന്ന ക്രിസ്തു വിശ്വാസിയായ ഒരു സുഹൃത്തിനെ സന്ദർശിക്കുന്നതിനിടെ, പീറ്റർ എന്നു പേരുള്ള ഒരാൾ അറസ്റ്റിലായി. പീറ്ററിനെ ഒരു ഇരുണ്ട ജയിൽമുറിയിലേക്കു വലിച്ചെറിയുകയും ചോദ്യം ചെയ്യലിനിടെ കണ്ണുകൾ മൂടിക്കെട്ടുകയും ചെയ്തു. കണ്ണിന്റെ കെട്ടഴിച്ചപ്പോൾ, തനിക്കു നേരെ ചൂണ്ടിയ തോക്കുകളുമായി നാല് സൈനികരെ അദ്ദേഹം കണ്ടു. പീറ്ററിന്റെ പ്രതികരണം? “തന്റെ വിശ്വാസം പങ്കുവയ്ക്കാനുള്ള ഒരു തികഞ്ഞ... അവസരം” ആയി അദ്ദേഹം അതിനെ കണ്ടു.
കഠിനവും സുപ്രധാനവുമായ ഒരു സത്യം പൗലൊസും ഈ ആധുനിക പീറ്ററും ചൂണ്ടിക്കാണിക്കുന്നു. ക്ലേശകരമായ സമയങ്ങൾ അനുഭവിക്കാൻ ദൈവം നമ്മെ അനുവദിച്ചാലും—പീഡനം പോലും—നമ്മുടെ ദൗത്യത്തിനു മാറ്റമില്ല: “സുവിശേഷം പ്രസംഗിപ്പിൻ” (മർക്കൊസ് 16:15). അവൻ നമ്മോടുകൂടെയിരുന്നു നമ്മുടെ വിശ്വാസം പങ്കുവയ്ക്കാനുള്ള ജ്ഞാനവും ശക്തിയും നമുക്കു നൽകും.
യേശുവിനായി ഓടുക
100 മീറ്റർ ഓട്ടത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ, നിലവിലെ ലോക റെക്കോർഡ് ഉടമയായ ഉസൈൻ ബോൾട്ടാണ് ആളുകളുടെ ഓർമ്മയിൽ വരുന്നത്. എന്നാൽ ജൂലിയ “ഹറികേൻ” ഹോക്കിൻസിനെ നമുക്കു മറക്കാൻ കഴിയില്ല. 2021-ൽ, ലൂസിയാന സീനിയർ ഗെയിംസിലെ 100 മീറ്റർ ഓട്ടത്തിൽ ജൂലിയ മറ്റെല്ലാ ഓട്ടക്കാരെയും പിന്നിലാക്കിക്കൊണ്ടു ഫിനിഷിങ് ലൈൻ കടന്നു. അവരുടെ സമയം ബോൾട്ടിന്റെ 9.58 സെക്കൻഡിനേക്കാൾ അൽപ്പം കൂടുതലായിരുന്നു-60 സെക്കൻഡിൽ അല്പം മാത്രം കൂടുതൽ. എന്നാൽ അവർക്കു 105 വയസ്സുണ്ടായിരുന്നു!
അവരുടെ പ്രായത്തിലും ഓട്ട മത്സരത്തിൽ പങ്കെടുക്കുന്ന ഒരു സ്ത്രീയെക്കുറിച്ച് ഇഷ്ടപ്പെടാൻ ധാരാളം കാര്യങ്ങളുണ്ട്. യേശുവിനെ ലക്ഷ്യമാക്കി ഓടുന്ന ഓട്ടം ഒരിക്കലും നിർത്താത്ത, യേശുവിൽ വിശ്വസിക്കുന്നവരെ ഇഷ്ടപ്പെടാനും ഒരുപാടു കാര്യങ്ങളുണ്ട് (എബ്രായർ 12:1-2). ജീവിതത്തിന്റെ അവസാന ഘട്ടങ്ങളിലെ വിശ്വസ്തരെക്കുറിച്ചു സങ്കീർത്തനക്കാരൻ ഇപ്രകാരം പറയുന്നു: “നീതിമാൻ പനപോലെ തഴെക്കും… വാർദ്ധക്യത്തിലും അവർ ഫലം കായിച്ചുകൊണ്ടിരിക്കും” (92:12-14).
ഇത്തരത്തിലുള്ള നിലവാരം പിന്തുടരുന്ന പഴയ വിശ്വാസികൾക്ക് അപ്പൊസ്തലനായ പൗലൊസ് തീത്തൊസിന് എഴുതിയ ലേഖനത്തിൽ കൂടുതൽ നിർദ്ദേശങ്ങൾ കണ്ടെത്താനാകും. പരിചയസമ്പന്നരായ പുരുഷന്മാർ “വിശ്വാസത്തിലും സ്നേഹത്തിലും സഹിഷ്ണതയിലും ആരോഗ്യമുള്ളവരും” (തീത്തൊസ് 2:2), പ്രായം ചെന്ന സ്ത്രീകൾ “നന്മ ഉപദേശിക്കുന്നവരും” (വാക്യം 3) ആയിരിക്കേണം.
പ്രായമായ വിശ്വാസികളോട് ഓട്ടം നിർത്താനുള്ള ആഹ്വാനമുണ്ടായിട്ടില്ല. ഒരുപക്ഷേ ട്രാക്കിൽ ജൂലിയ ഓടിയ രീതിയിലല്ല, മറിച്ച് അവർക്കാവശ്യമായ ശക്തി നൽകുന്ന ദൈവത്തിന് ആദരവു വരുത്തുന്ന വഴികളിലൂടെ. അവനെയും മറ്റുള്ളവരെയും നന്നായി ശുശ്രൂഷിക്കാനുള്ള ഓട്ടം നമുക്കെല്ലാവർക്കും ഓടാം.
ദൈവദത്ത സംരക്ഷണം
ഞങ്ങളുടെ വീടിനു ചുറ്റുമുള്ള പാതകളിലൂടെ സഞ്ചരിച്ചുകൊണ്ടു ഞാനും എന്റെ ഭാര്യയും ഓരോ വർഷവും നൂറുകണക്കിനു മൈലുകൾ സൈക്കിളിൽ യാത്രചെയ്യുന്നു. ആ അനുഭവം മെച്ചപ്പെടുത്തുന്നതിനായി ഞങ്ങളുടെ സൈക്കിളുകളിൽ ഘടിപ്പിച്ചിരിക്കുന്ന ചില ഉപകരണങ്ങൾ ഞങ്ങളുടെ പക്കലുണ്ട്. മുന്നിലുള്ള ലൈറ്റ്, പിന്നിലുള്ള ലൈറ്റ്, ഓഡോമീറ്റർ, സൈക്കിൾ പൂട്ട് എന്നിവ എന്റെ ഭാര്യ സ്യൂവിന്റെ സൈക്കിളിലുണ്ട്. എന്റെ സൈക്കിളിൽ ഒരു വെള്ളക്കുപ്പി സൂക്ഷിക്കാനുള്ള ഇടവുമുണ്ട്. വാസ്തവത്തിൽ, യാതൊന്നും അധികമായി കൈവശം കരുതാതെ തന്നെ എല്ലാ ദിവസവും ഞങ്ങളുടെ സ്ഥിരം പാതയിൽ വിജയകരമായി ഓടിച്ചുകൊണ്ട് ആ മൈലുകളെല്ലാം കീഴടക്കാൻ ഞങ്ങൾക്കു കഴിയും. അവ സഹായകരമാണെങ്കിലും നിർബന്ധമായും ആവശ്യമുള്ളവയല്ല.
എഫെസ്യർക്ക് എഴുതിയ ലേഖനത്തിൽ, അപ്പൊസ്തലനായ പൗലൊസ് മറ്റൊരു കൂട്ടം ഉപകരണങ്ങളെക്കുറിച്ച് എഴുതുന്നുണ്ട്-എന്നാൽ ഇവ ഐച്ഛികമല്ല. യേശുവിലുള്ള നമ്മുടെ വിശ്വാസത്തോടെ ജീവിക്കുന്നതിൽ വിജയിക്കുന്നതിനു നാം ഇവ “ധരിക്കണമെന്ന്” അവൻ പറയുന്നു. നമ്മുടെ ജീവിതം അത്ര എളുപ്പമുള്ളവയല്ല. “പിശാചിന്റെ തന്ത്രങ്ങളോടു എതിർത്തുനില്പാൻ” (6:11) തയ്യാറാകേണ്ട ഒരു യുദ്ധത്തിലാണു നാം. അതിനാൽ നാം സുസജ്ജരായിരിക്കണം.
തിരുവെഴുത്തിന്റെ ജ്ഞാനം പക്കലില്ലെങ്കിൽ, തെറ്റ് അംഗീകരിക്കാൻ നാം പ്രേരിപ്പിക്കപ്പെടും. തന്റെ “സത്യത്തിൽ” ജീവിക്കാൻ യേശു നമ്മെ സഹായിക്കുന്നില്ലെങ്കിൽ, നാം അസത്യങ്ങൾക്കു വഴങ്ങിപ്പോകും (വാ. 14). “സുവിശേഷം” കൂടാതെ നമുക്കു “സമാധാനം” ഇല്ല (വാ. 15). “വിശ്വാസം” നമുക്കു പരിച പിടിക്കുന്നില്ലെങ്കിൽ, നാം സംശയത്തിനു കീഴടങ്ങിപ്പോകും (വാ. 16). നമ്മുടെ “രക്ഷയും” പരിശുദ്ധാത്മാവും ദൈവത്തിനായി നന്നായി ജീവിക്കാനായി നമ്മെ നങ്കൂരമിട്ടു നിർത്തുന്നു (വാ. 17). ഇതാണു നമ്മുടെ സർവ്വായുധവർഗ്ഗം.
യഥാർത്ഥ അപകടങ്ങളിൽ നിന്നു സംരക്ഷിക്കപ്പെട്ടുകൊണ്ടു ജീവിതത്തിന്റെ പാതകളിലൂടെ നാം സഞ്ചരിക്കേണ്ടത് എത്രമാത്രം പ്രധാനമാണ്. ദൈവം പ്രദാനം ചെയ്യുന്ന സർവ്വായുധവർഗ്ഗം “ധരിച്ചുകൊണ്ട്” യാത്രയിലെ വെല്ലുവിളികളെ നേരിടാൻ ക്രിസ്തു നമ്മെ സജ്ജരാക്കുമ്പോൾ ആ അപകടങ്ങളിൽ നിന്നു നാം സംരക്ഷിക്കപ്പെടുന്നു.
—ഡേവ് ബ്രാനോൺ
ദൈവത്തിന്റെ സർവ്വായുധവർഗ്ഗം “ധരിക്കുക” എന്നത് നിങ്ങളെ സംബന്ധിച്ച് എന്താണ് അർത്ഥമാക്കുന്നത്? അവന്റെ സർവ്വായുധവർഗ്ഗം ഏറ്റവും ആവശ്യമുള്ള ഏതു സാഹചര്യങ്ങളാണു നിങ്ങൾ അഭിമുഖീകരിക്കുന്നത്?
പ്രിയ പിതാവേ, സാത്താന്റെ ആക്രമണങ്ങൾക്കെതിരെ എനിക്ക് എങ്ങനെ നിലകൊള്ളാമെന്നു തിരുവെഴുത്തുകളിൽകൂടി എന്നെ ഓർമ്മപ്പെടുത്തിയതിനു നന്ദി.
മേലാൽ അന്യരല്ല
“നിന്നെയിവിടെ ആർക്കും വേണ്ട.” ആ വാക്കുകൾ ആ എട്ടുവയസ്സുകാരിയുടെ ഹൃദയത്തെ തകർത്തു. അതിന്റെ വേദന അവളുടെ മനസ്സിൽ തങ്ങിനിന്നു. യുദ്ധത്തിൽ തകർന്ന ഒരു രാജ്യത്തെ അഭയാർത്ഥി ക്യാമ്പിൽ നിന്ന് ഒരു പുതിയ രാജ്യത്തേക്കു കുടിയേറിയതായിരുന്നു അവളുടെ കുടുംബം. അവളുടെ കുടിയേറ്റ കാർഡിൽ വിദേശി എന്ന് മുദ്രകുത്തിയിരുന്നു. അത് താൻ അവിടത്തുകാരിയല്ലെന്ന തോന്നൽ അവളിലുളവാക്കി.
പ്രായപൂർത്തിയായപ്പോൾ, അവൾ യേശുവിൽ തന്റെ വിശ്വാസം അർപ്പിച്ചെങ്കിലും, അവൾക്ക് അപ്പോഴും അന്യതാബോധം തോന്നിയിരുന്നു - സ്വാഗതാർഹയല്ലാത്ത ഒരു അന്യയെന്ന തോന്നൽ. വേദപുസ്തകം വായിക്കുമ്പോൾ എഫെസ്യർ 2-ലെ വാഗ്ദാനങ്ങൾ അവൾ കാണാനിടയായി. 12-ാം വാക്യത്തിൽ, ആ പഴയ, വിഷമിപ്പിക്കുന്ന പദം അവൾ കണ്ടു - അന്യർ. “അക്കാലത്തു നിങ്ങൾ ക്രിസ്തുവിനെ കൂടാതെയുള്ളവരും യിസ്രായേൽപൗരതയോടു സംബന്ധമില്ലാത്തവരും വാഗ്ദത്തത്തിന്റെ നിയമങ്ങൾക്കു അന്യരും പ്രത്യാശയില്ലാത്തവരും ലോകത്തിൽ ദൈവമില്ലാത്തവരും ആയിരുന്നു എന്നു ഓർത്തുകൊൾവിൻ.” എന്നാൽ മുന്നോട്ടു വായിച്ചപ്പോൾ, ക്രിസ്തുവിന്റെ ത്യാഗം അവളുടെ അവസ്ഥയെ എങ്ങനെ മാറ്റിമറിച്ചുവെന്ന് അവൾ കണ്ടു. “നിങ്ങൾ ഇനി” അന്യന്മാരും പരദേശികളും “അല്ല” എന്നു
19-ാം വാക്യം അവളോട് പറഞ്ഞു. അവൾ ദൈവജനത്തോടൊപ്പം ഒരു “സഹപൗര” ആയിരിക്കുന്നു. താൻ സ്വർഗ്ഗത്തിലെ പൗരയാണെന്നു മനസ്സിലാക്കിയ അവൾ സന്തോഷിച്ചു. ഇനിയൊരിക്കലും അവൾ അന്യയല്ല. ദൈവം അവളെ സ്വീകരിച്ച് അംഗീകരിച്ചിരിക്കുന്നു.
നമ്മുടെ പാപം നിമിത്തം നാം ദൈവത്തിൽ നിന്ന് അകന്നുപോയിരിക്കുന്നു. എന്നാൽ നാമങ്ങനെ തുടരേണ്ടതില്ല. തന്നിൽ വിശ്വസിക്കുന്ന ഏവരെയും തന്റെ നിത്യരാജ്യത്തിന്റെ സഹപൗരന്മാരാക്കി, ക്രിസ്തുവിന്റെ ശരീരമായി ഏകീകരിച്ചുകൊണ്ടു “ദൂരത്തായിരുന്ന” ഏവർക്കും യേശു സമാധാനം നൽകി (വാക്യം 17).
ഒരു പൈതലിന്റെ പ്രത്യാശ
എന്റെ കൊച്ചുമകൾ എലിയാനയ്ക്ക് ഏഴു വയസ്സുള്ളപ്പോൾ, ഗ്വാട്ടിമാലയിലെ ഒരു അനാഥാലയത്തെക്കുറിച്ചുള്ള ഒരു വീഡിയോ അവളുടെ സ്കൂളിൽവച്ചു അവൾ കണ്ടു. അവൾ അമ്മയോടു പറഞ്ഞു, “അവരെ സഹായിക്കാൻ നമ്മൾ അവിടെ പോകണം.” അവൾക്കു പ്രായമാകുമ്പോൾ അതിനെക്കുറിച്ചു ചിന്തിക്കാമെന്ന് അവളുടെ അമ്മ മറുപടി നൽകി.
എലിയാന ഒരിക്കലും അതു മറന്നില്ല. അവൾക്കു പത്തു വയസ്സായപ്പോൾ അവളുടെ കുടുംബം ആ അനാഥാലയത്തിൽ സഹായിക്കാനായി പോയി. രണ്ടു വർഷത്തിനു ശേഷം, അവർ അവിടേക്കു തിരികെപ്പോയി. ഇത്തവണ എലിയാനയുടെ സ്കൂളിൽ നിന്നു മറ്റു രണ്ടു കുടുംബങ്ങളെയും അവരോടൊപ്പം കൂട്ടി. എലിയാനയ്ക്കു പതിനഞ്ചു വയസ്സുള്ളപ്പോൾ, അവളും അവളുടെ പിതാവും വീണ്ടും ഗ്വാട്ടിമാലയിലേക്കു പോവുകയുണ്ടായി.
കൊച്ചുകുട്ടികളുടെ ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും മുതിർന്നവരുടെ പ്രതീക്ഷകളുടെ അത്രയും വില കൊടുക്കേണ്ടതില്ലെന്നു നാം ചിലപ്പോഴൊക്കെ കരുതാറുണ്ട്. എന്നാൽ തിരുവെഴുത്ത് അപ്രകാരമൊയൊരു വേർതിരിവു കാണിക്കുന്നില്ല. ശമൂവേലിന്റെ കാര്യത്തിലെന്നപോലെ ദൈവം കുട്ടികളെ വിളിക്കുന്നു (1 ശമൂവേൽ 3:4). പൈതങ്ങളുടെ വിശ്വാസത്തെ യേശു ആദരിക്കുന്നു (ലൂക്കൊസ് 18:16). “യൗവനം” എന്ന കാരണത്താൽ ചെറുപ്പക്കാരായ വിശ്വാസികളെ വിലകുറച്ചു കാണിക്കാൻ അനുവദിക്കരുതെന്നു പൗലൊസ് പറഞ്ഞു (1 തിമൊഥെയൊസ് 4:12).
അവരുടെ വിശ്വാസം നമുക്കെല്ലാവർക്കും ഒരു മാതൃകയാണെന്നു തിരിച്ചറിയുകയും (മത്തായി 18:3) അവരെ തടസ്സപ്പെടുത്തുന്നതു ക്രിസ്തു മുന്നറിയിപ്പു നൽകിയ ഒന്നാണെന്നു മനസ്സിലാക്കുകയും (ലൂക്കൊസ് 18:15) ചെയ്തുകൊണ്ട്, നമ്മുടെ മക്കളെ വഴി നയിക്കാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു (ആവർത്തനപുസ്തകം 6:6-7; സദൃശവാക്യങ്ങൾ 22:6).
കുട്ടികളിൽ പ്രത്യാശയുടെ അഗ്നിസ്ഫുലിംഗം കാണുമ്പോൾ, മുതിർന്നവരെന്ന നിലയിൽ അതു ജ്വലിപ്പിക്കാൻ സഹായിക്കുകയാണ് നമ്മുടെ കർത്തവ്യം. ദൈവം നമ്മെ വഴികാട്ടുമ്പോൾ, യേശുവിൽ ആശ്രയിക്കുന്ന, അവനുവേണ്ടി ശുശ്രൂഷ ചെയ്യാനായി സമർപ്പിക്കപ്പെട്ട ഒരു ജീവിതം നയിക്കാനായി അവരെ പ്രോത്സാഹിപ്പിക്കുക.
കോമളത്വമുള്ളവൻ
130 വർഷത്തിലേറെയായി, വാസ്തുവിദ്യാ വൈഭവത്തിന്റെയും സൗന്ദര്യത്തിന്റെയും പ്രതീകമായി ഈഫൽ ടവർ പാരീസ് നഗരത്തിനു മുകളിൽ ഗംഭീരമായി നിലകൊള്ളുന്നു. നഗരം അതിന്റെ മഹത്വത്തിന്റെ ഒരു പ്രധാന ഘടകമായി ടവറിനെ അഭിമാനത്തോടെ മുന്നോട്ടുവയ്ക്കുന്നു.
എന്നിരുന്നാലും, ഇത് നിർമ്മിക്കപ്പെടുന്ന സമയത്ത് പലരും അതിനെക്കുറിച്ച് അത്ര ചിന്തിച്ചിരുന്നില്ല. ഉദാഹരണത്തിന്, “ഒരു ഫാക്ടറി ചിമ്മിനി പോലെ പരിഹാസ്യമായ നേർത്ത ആകൃതിയാണ് ” ടവറിനുള്ളതെന്നു പ്രശസ്ത ഫ്രഞ്ച് എഴുത്തുകാരൻ ഗീ ഡി മ്യുപാസോ പറഞ്ഞു. അദ്ദേഹത്തിന് അതിന്റെ ഭംഗി കാണാൻ കഴിഞ്ഞില്ല.
യേശുവിനെ സ്നേഹിക്കുകയും ഹൃദയങ്ങളെ തങ്ങളുടെ രക്ഷകനായി അവനിൽ ഭരമേൽപ്പിക്കുകയും ചെയ്യുന്ന നമ്മെ സംബന്ധിച്ച്, അവൻ ആരാണെന്നും അവൻ നമുക്കുവേണ്ടി ചെയ്തിരിക്കുന്നതും കാരണം അവനെ മനോഹരരൂപിയായി കാണാൻ കഴിയും. എന്നിട്ടും പ്രവാചകനായ യെശയ്യാവ് ഈ വാക്കുകൾ എഴുതി: “അവന്നു രൂപഗുണം ഇല്ല, കോമളത്വം ഇല്ല; കണ്ടാൽ ആഗ്രഹിക്കത്തക്ക സൗന്ദര്യവുമില്ല” (53:2).
എന്നാൽ അവൻ നമുക്കുവേണ്ടി ചെയ്തതിന്റെ പരമമായ മഹത്വം മനുഷ്യർക്ക് അറിയാവുന്നതും അനുഭവിക്കാവുന്നതുമായ രൂപഗുണത്തിന്റെ ഏറ്റവും യഥാർത്ഥവും ശുദ്ധവുമായ രൂപമാണ്. “നമ്മുടെ രോഗങ്ങളെ അവൻ വഹിച്ചു; നമ്മുടെ വേദനകളെ അവൻ ചുമന്നു” (വാ. 4). അവൻ “നമ്മുടെ അതിക്രമങ്ങൾനിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങൾനിമിത്തം തകർന്നും ഇരിക്കുന്നു” (വാ. 5).
നമ്മുടെ പാപങ്ങളുടെ പറഞ്ഞറിയിക്കാനാവാത്ത ശിക്ഷ സ്വയം ഏറ്റുവാങ്ങി ക്രൂശിൽ നമുക്കുവേണ്ടി കഷ്ടം സഹിച്ച ഒരുവനെപ്പോലെ രൂപഗുണമുള്ള – കോമളത്വമുള്ള - ആരെയും നാം ഒരിക്കലും അറിയുകയില്ല.
അതാണ് യേശു. കോമളത്വമുള്ളവൻ. നമുക്ക് അവനെ നോക്കി ജീവിക്കാം.
വലിയ മനസ്സുള്ള ദാനം
എന്റെ ഭാര്യ സ്യൂ സ്‌കൂളിലെ ബൈബിൾ ക്ലബ്ബിൽ ആഴ്‌ചയിലൊരിക്കൽ സേവനം ചെയ്യുന്നുണ്ട്. യുദ്ധത്തിൽ തകർന്ന രാജ്യമായ യുക്രെയിനിലെ കുട്ടികളെ സഹായിക്കാൻ പണം സംഭാവന ചെയ്യാൻ കുട്ടികളോട് അവിടെ ആവശ്യപ്പെട്ടു. ഞങ്ങളുടെ പതിനൊന്ന് വയസ്സുള്ള കൊച്ചുമകൾ മാഗിയോട് ഈ പ്രോജക്റ്റിനെക്കുറിച്ച് സ്യൂ എപ്പോഴോ പറഞ്ഞിരുന്നു. ഏകദേശം ഒരാഴ്ച കഴിഞ്ഞപ്പോൾ, ഞങ്ങൾക്ക് തപാൽ മാർഗ്ഗം മാഗിയുടെ ഒരു കവർ ലഭിച്ചു. അതിൽ 3.45 ഡോളറും (ഏകദേശം 250 രൂപ) ഒരു കുറിപ്പും ഉണ്ടായിരുന്നു: “ഉക്രെയ്നിലെ കുട്ടികൾക്കായി എനിക്ക് ആകെയുള്ളത് ഇതാണ്. ഞാൻ പിന്നീട് കൂടുതൽ അയയ്ക്കാം. ”
സഹായിക്കണമെന്ന് സ്യൂ മാഗിയോട് നിർദ്ദേശിച്ചിരുന്നില്ല, പക്ഷേ പരിശുദ്ധാത്മാവ് അവളെ പ്രേരിപ്പിച്ചിരിക്കാം. യേശുവിനെ സ്നേഹിക്കുകയും അവനുവേണ്ടി ജീവിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന മാഗി, ദാനം ചെയ്യാൻ തയ്യാറായി.
ഒരു വലിയ ഹൃദയത്തിൽ നിന്നുള്ള ഈ ചെറിയ സമ്മാനത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ നമുക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിയും. 2 കൊരിന്ത്യർ 9-ൽ പൗലോസ് നൽകുന്ന ചില നിർദ്ദേശങ്ങൾ ഇത് പ്രതിഫലിപ്പിക്കുന്നു. ആദ്യം, നാം "ധാരാളമായി" വിതയ്ക്കണമെന്ന് അപ്പോസ്തലൻ നിർദ്ദേശിച്ചു (വാ. 6). "എനിക്ക് ആകെയുള്ളത്" നല്കുന്നത് തീർച്ചയായും ഉദാരമായ ഒന്നാണ്. നമ്മുടെ സമ്മാനങ്ങൾ ദൈവം നയിക്കുന്നതുപോലെയും നമുക്ക് കഴിയുന്നതുപോലെയും സന്തോഷത്തോടെ നൽകണമെന്ന് പൗലോസ് എഴുതി, "നിർബ്ബന്ധത്താലുമരുതു" (വാക്യം 7). കൂടാതെ, സങ്കീർത്തനം 112:9 ഉദ്ധരിച്ചുകൊണ്ട് അവൻ " ദരിദ്രന്മാർക്കു കൊടുക്കുന്നതിന്റെ" (വാക്യം 9) മാഹാത്മ്യം എടുത്തുപറഞ്ഞു.
ദാനങ്ങൾ നൽകാനുള്ള അവസരം വരുമ്പോൾ, നാം എങ്ങനെ പ്രതികരിക്കണമെന്നാണ് ദൈവം ആഗ്രഹിക്കുന്നതെന്ന് നമുക്ക് ചോദിക്കാം. ദൈവം പ്രേരിപ്പിക്കുന്നതനുസരിച്ച് നമ്മുടെ ദാനങ്ങൾ ആവശ്യമുള്ളവർക്ക് ഔദാര്യപൂർവ്വവും സന്തോഷത്തോടെയും നല്കുമ്പോൾ അത് "ദൈവത്തിന്നു സ്തോത്രം വരുവാൻ കാരണമായിരിക്കുന്ന" വിധത്തിലുള്ള കൊടുക്കൽ ആണ് (2 കൊരിന്ത്യർ 9:11). അത് വലിയ മനസ്സുള്ള ദാനമാണ്.