അവധിക്കാലത്ത് ഞാനും ഭാര്യയും അതിരാവിലെയുള്ള ബൈക്ക് യാത്ര ആസ്വദിച്ചു. ദശലക്ഷക്കണക്കിന് ഡോളർ വിലമതിക്കുന്ന വീടുകളുടെ അയൽപക്കത്തിലൂടെയാണ് ഞങ്ങൾ സഞ്ചരിച്ചത്. പലതരം ആളുകളെ ഞങ്ങൾ കണ്ടു-താമസക്കാർ, അവരുടെ നായ്ക്കൾ, സഹ ബൈക്ക് യാത്രക്കാർ, പുതിയ വീടുകൾ പണിയുന്നവരോ നന്നാക്കുന്നവരോ ആയ നിരവധി തൊഴിലാളികൾ, പ്രകൃതിദൃശ്യങ്ങൾ. ജീവിതത്തിന്റെ നാനാതുറകളിലുള്ള ആളുകളുടെ മിശ്രിതമായിരുന്നു അത്. അതു കണ്ടപ്പോൾ വിലപ്പെട്ട ഒരു യാഥാർത്ഥ്യത്തെക്കുറിച്ച് അതെന്നെ ഓർമ്മിപ്പിച്ചു. ഞങ്ങൾക്കിടയിൽ ധനികനോ ദരിദ്രനോ, സമ്പന്നനോ തൊഴിലാളിയോ. അറിയപ്പെടുന്നവരോ അറിയപ്പെടാത്തവരോ എന്ന യഥാർത്ഥ വേർതിരിവ് ഇല്ലായിരുന്നു. അന്ന് രാവിലെ ആ തെരുവിൽ ഞങ്ങളെല്ലാം ഒരുപോലെയായിരുന്നു. “ധനവാനും ദരിദ്രനും തമ്മിൽ കാണുന്നു; അവരെ ഒക്കെയും ഉണ്ടാക്കിയവൻ യഹോവ തന്നേ’’ (സദൃശവാക്യങ്ങൾ 22:2). വ്യത്യാസമില്ലാതെ, നാമെല്ലാവരും ദൈവത്തിന്റെ സ്വരൂപത്തിൽ സൃഷ്ടിക്കപ്പെട്ടവരാണ് (ഉല്പത്തി 1:27).

എന്നാൽ അതിലധികം ഉണ്ട്. ദൈവമുമ്പാകെ തുല്യരായിരിക്കുക എന്നതിനർത്ഥം നമ്മുടെ സാമ്പത്തികമോ സാമൂഹികമോ വംശീയമോ ആയ സാഹചര്യം എന്തുതന്നെയായാലും, നാമെല്ലാവരും ദൈവമുമ്പാകെ പാപികളാണ് എന്നതാണ്: “എല്ലാവരും പാപം ചെയ്ത് ദൈവതേജസ്സ് ഇല്ലാത്തവരായിത്തീർന്നു’’ (റോമർ 3:23). നാമെല്ലാവരും അവന്റെ മുമ്പാകെ അനുസരണമില്ലാത്തവരും തുല്യ കുറ്റക്കാരുമാണ്, നമുക്ക് യേശുവിനെ ആവശ്യമാണ്.

പല കാരണങ്ങളാൽ നമ്മൾ പലപ്പോഴും ആളുകളെ ഗ്രൂപ്പുകളായി വിഭജിക്കുന്നു. പക്ഷേ, വാസ്തവത്തിൽ, നാമെല്ലാവരും മനുഷ്യരാശിയുടെ ഭാഗമാണ്. നാമെല്ലാവരും ഒരേ അവസ്ഥയിലാണെങ്കിലും-ഒരു രക്ഷകനെ ആവശ്യമുള്ള പാപികൾ-അവന്റെ കൃപയാൽ നമുക്ക് “സൗജന്യമായി നീതീകരിക്കപ്പെടാൻ’’ (ദൈവത്തോടു നിരപ്പാകാൻ) കഴിയും (വാ. 24).