Month: നവംബർ 2023

ദൈവത്തിൽ ആശ്രയിക്കുക

എനിക്ക് രണ്ട് മരുന്നുകൾ അടിയന്തിരമായി ആവശ്യമായിരുന്നു. ഒന്ന് എന്റെ അമ്മയുടെ അലർജിക്കും മറ്റൊന്ന് എന്റെ മരുമകളുടെ എക്‌സിമയ്ക്കും വേണ്ടിയായിരുന്നു. അവരുടെ അസ്വസ്ഥത കൂടുതൽ വഷളായിക്കൊണ്ടിരുന്നു, പക്ഷേ മരുന്നുകൾ ഫാർമസികളിൽ ലഭ്യമല്ല. നിരാശനും നിസ്സഹായനുമായ ഞാൻ ആവർത്തിച്ച് പ്രാർത്ഥിച്ചു, കർത്താവേ, അവരെ സഹായിക്കേണമേ.

ആഴ്ചകൾക്ക് ശേഷം, അവരുടെ അവസ്ഥകൾ എനിക്കു കൈകാര്യം ചെയ്യാവുന്ന നിലയിലെത്തി. ദൈവം ഇങ്ങനെ പറയുന്നതായി തോന്നി: ''രോഗശാന്തിക്കായി ഞാൻ മരുന്നുകൾ ഉപയോഗിക്കുന്ന സമയമാണിത്. എന്നാൽ മരുന്നുകൾ അന്തിമ വാക്ക് അല്ല; ഞാനാണ് അന്തിമ വാക്ക്. നിന്റെ വിശ്വാസം അവയിൽ അർപ്പിക്കരുത്, പകരം എന്നിലർപ്പിക്കുക.''

സങ്കീർത്തനം 20-ൽ ദാവീദ് രാജാവ് ദൈവത്തിന്റെ വിശ്വസ്തതയിൽ ആശ്വസിച്ചു. യിസ്രായേല്യർക്ക് ശക്തമായ ഒരു സൈന്യം ഉണ്ടായിരുന്നു, എന്നാൽ അവരുടെ ഏറ്റവും വലിയ ശക്തി “കർത്താവിന്റെ നാമത്തിൽ” നിന്നാണെന്ന് അവർക്ക് അറിയാമായിരുന്നു (വാ. 7). അവർ ദൈവനാമത്തിൽ-അവൻ ആരാണെന്നതിലും അവന്റെ മാറ്റമില്ലാത്ത സ്വഭാവത്തിലും പരാജയപ്പെടാത്ത വാഗ്ദാനങ്ങളിലും - ആശ്രയിച്ചു. എല്ലാ സാഹചര്യങ്ങളിലും പരമാധികാരിയും ശക്തനുമായവൻ അവരുടെ പ്രാർത്ഥന കേൾക്കുകയും ശത്രുക്കളിൽ നിന്ന് അവരെ വിടുവിക്കുകയും ചെയ്യുമെന്ന സത്യം അവർ മുറുകെപ്പിടിച്ചു (വാ. 6).

നമ്മെ സഹായിക്കാൻ ദൈവം ഈ ലോകത്തിലെ വിഭവങ്ങൾ ഉപയോഗിക്കുമെങ്കിലും, ആത്യന്തികമായി, നമ്മുടെ പ്രശ്‌നങ്ങൾക്കെതിരായ വിജയം അവനിൽ നിന്നാണ് വരുന്നത്. അവൻ നമുക്ക് ഒരു പരിഹാരമോ സഹിച്ചുനിൽക്കാനുള്ള കൃപയോ നൽകിയാലും, താൻ ആരാണെന്ന് അവൻ പറയുന്നാേ അതെല്ലാം അവൻ നമുക്ക് ആയിരിക്കുമെന്ന് നമുക്ക് വിശ്വസിക്കാം. നമ്മുടെ പ്രശ്‌നങ്ങളിൽ നാം തളർന്നുപോകേണ്ടതില്ല, പകരം അവന്റെ പ്രത്യാശയോടും സമാധാനത്തോടും കൂടി നമുക്ക് അവയെ നേരിടാൻ കഴിയും.

കേവലം ഒരു മന്ദസ്വരം

ന്യൂയോർക്ക് നഗരത്തിലെ ഗ്രാൻഡ് സെൻട്രൽ സ്റ്റേഷനിലെ വിസ്പറിംഗ് വാൾ പ്രദേശത്തിന്റെ ആരവങ്ങളിൽ നിന്നു രക്ഷപെടാനുള്ള ഒരു ശബ്ദ മരുപ്പച്ചയാണ്. മുപ്പതടി അകലത്തിൽ നിന്ന് ശാന്തമായ സന്ദേശങ്ങൾ ആശയവിനിമയം നടത്താൻ ഈ സവിശേഷ സ്ഥലം ആളുകളെ അനുവദിക്കുന്നു. ഒരു ഗ്രാനൈറ്റ് കമാനത്തിന്റെ ചുവട്ടിൽ ഒരാൾ നിൽക്കുകയും ചുവരിൽ മൃദുവായി സംസാരിക്കുകയും ചെയ്യുമ്പോൾ, ശബ്ദതരംഗങ്ങൾ മറുവശത്തുള്ള ശ്രോതാവിലേക്ക് വളഞ്ഞ കല്ലിന് മുകളിലൂടെ സഞ്ചരിക്കുന്നു.

തന്റെ ജീവിതം ഒച്ചപ്പാടും എല്ലാം നഷ്ടപ്പെട്ടതിന്റെ ദുരന്തവും കൊണ്ടു നിറഞ്ഞപ്പോൾ ഇയ്യോബ് ഒരു സന്ദേശത്തിന്റെ മന്ദസ്വരം കേട്ടു (ഇയ്യോബ് 1:13-19; 2:7). അവന്റെ സുഹൃത്തുക്കൾ അവരുടെ അഭിപ്രായങ്ങൾ പറഞ്ഞു, അവന്റെ സ്വന്തം ചിന്തകൾ അനന്തമായി ഇടമുറിഞ്ഞു, അവന്റെ അസ്തിത്വത്തിന്റെ എല്ലാ മേഖലകളിലും കുഴപ്പങ്ങൾ കടന്നുകയറി. എന്നിട്ടും, പ്രകൃതിയുടെ മഹത്വം അവനോട് ദൈവത്തിന്റെ ദിവ്യശക്തിയെക്കുറിച്ച് മൃദുവായി സംസാരിച്ചു.

ആകാശത്തിന്റെ തേജസ്സും, ശൂന്യതയിൽ തൂങ്ങിക്കിടക്കുന്ന ഭൂമിയുടെ നിഗൂഢതയും, ചക്രവാളത്തിന്റെ സ്ഥിരതയും, ലോകം ദൈവത്തിന്റെ കൈക്കുള്ളിലാണെന്ന് ഇയ്യോബിനെ ഓർമ്മിപ്പിച്ചു (26:7-11). കലങ്ങിമറിയുന്ന കടലും ഇരമ്പുന്ന അന്തരീക്ഷവും പോലും അവനെ ഇങ്ങനെ പറയാൻ പ്രേരിപ്പിച്ചു, ''ഇവ അവന്റെ [ദൈവത്തിന്റെ] വഴികളുടെ അറ്റങ്ങളത്രേ; നാം അവനെക്കുറിച്ചു ഒരു മന്ദസ്വരമേ കേട്ടിട്ടുള്ളു. അവന്റെ ബലത്തിന്റെ ഇടിമുഴക്കമോ ആർ ഗ്രഹിക്കും'' (വാ. 14).

ലോകാത്ഭുതങ്ങൾ ദൈവത്തിന്റെ കഴിവുകളുടെ ഒരു ഭാഗം മാത്രമാണ് പ്രതിനിധാനം ചെയ്യുന്നതെങ്കിൽ അത്, മനസ്സിലാക്കാനുള്ള നമ്മുടെ കഴിവിനേക്കാൾ അവന്റെ ശക്തി കൂടുതലാണെന്ന് വ്യക്തമാണ്. തകർച്ചയുടെ സമയങ്ങളിൽ, ഇത് നമുക്ക് പ്രതീക്ഷ നൽകുന്നു. കഷ്ടപ്പാടുകളിൽ ഇയ്യോബിനെ താങ്ങിനിർത്തിയതുൾപ്പെടെ ദൈവത്തിന് എന്തും ചെയ്യാൻ കഴിയും.

മനസ്സലിവിന്റെ വൈദഗ്ധ്യം

''നിങ്ങളുടെ കാലിൽ ഒരു മുള്ള് തറച്ചിരിക്കുന്നു-അതുകൊണ്ടാണ് നിങ്ങൾ രാത്രിയിൽ ചിലപ്പോൾ കരയുന്നത്,'' പതിനാലാം നൂറ്റാണ്ടിൽ സിയന്നയിലെ കാതറിൻ എഴുതി. അവൾ തുടർന്നു, ''ഇത് പുറത്തെടുക്കാൻ കഴിയുന്ന ചിലർ ഈ ലോകത്തിലുണ്ട്. അതിനുള്ള വൈദഗ്ധ്യം അവർ [ദൈവത്തിൽ] നിന്ന് പഠിച്ചതാണ്.'' ആ “വൈദഗ്ധ്യം’’  വളർത്തിയെടുക്കാൻ കാതറിൻ തന്റെ ജീവിതം സമർപ്പിച്ചു. മറ്റുള്ളവരുടെ വേദനയിൽ സഹാനുഭൂതിയും മനസ്സലിവും കാണിക്കാനുള്ള അവളുടെ ശ്രദ്ധേയമായ കഴിവിന്റെ പേരിൽ ഇന്നും അവൾ ഓർമ്മിക്കപ്പെടുന്നു.

നീക്കം ചെയ്യാൻ ആർദ്രതയും വൈദഗ്ധ്യവും ആവശ്യമായിരിക്കുന്ന ആഴത്തിൽ തറച്ച മുള്ളു പോലെയുള്ള വേദനയുടെ ആ ചിത്രം, നാം എത്രമാത്രം സങ്കീർണ്ണവും മുറിവേറ്റവരുമാണ് എന്നതിന്റെയും മറ്റുള്ളവരോടും നമ്മോടും യഥാർത്ഥ മനസ്സലിവു വളർത്തിയെടുക്കാൻ ആഴത്തിൽ കുഴിക്കേണ്ടതിന്റെ ആവശ്യകതയുടെയും ഉജ്ജ്വലമായ ഓർമ്മപ്പെടുത്തലാണ്.

അല്ലെങ്കിൽ, അപ്പൊസ്തലനായ പൗലൊസ് വിവരിക്കുന്നതുപോലെ, യേശുവിനെപ്പോലെ മറ്റുള്ളവരെ സ്‌നേഹിക്കുന്നതിന് നല്ല ഉദ്ദേശ്യങ്ങളും ആഗ്രഹങ്ങളും ആവശ്യമാണെന്ന് നമ്മെ ഓർമ്മിപ്പിക്കുന്ന ഒരു ചിത്രമാണിത് - അതിന് “അന്യോന്യം സമർപ്പിക്കണം’’ (റോമർ 12:10), “സന്തോഷിക്കണം’’ പ്രത്യാശിക്കണം, കഷ്ടതയിൽ സഹിഷ്ണുത കാണിക്കണം, പ്രാർത്ഥനയിൽ ഉറ്റിരിക്കണം'' (വാ. 12). “സന്തോഷിക്കുന്നവരോടുകൂടെ സന്തോഷിക്കുവാൻ' മാത്രമല്ല, 'കരയുന്നവരോടുകൂടെകരയുവാനും’’ (വാ. 15) സന്നദ്ധത ആവശ്യമാണ്. അതു നമ്മിൽനിന്നെല്ലാം ആവശ്യപ്പെടുന്നു. തകർന്ന ഒരു ലോകത്തിൽ, നാമാരും പരിക്കേൽക്കാതെ രക്ഷപ്പെടുന്നില്ല-നമ്മിൽ ഓരോരുത്തരിലും മുറിവുകളും പാടുകളും ആഴത്തിൽ പതിഞ്ഞിരിക്കുന്നു. എന്നാൽ ക്രിസ്തുവിൽ നാം കണ്ടെത്തുന്ന സ്‌നേഹം അതിലും ആഴമുള്ളതാണ്; കരുണയുടെ തൈലം ഉപയോഗിച്ച് ആ മുള്ളുകൾ പുറത്തെടുക്കാൻ തക്ക ആർദ്രമായ സ്‌നേഹം, സുഹൃത്തിനെയും ശത്രുവിനെയും ആലിംഗനം ചെയ്യാൻ തയ്യാറാണ് (വാ. 14). നാം ഒരുമിച്ച് രോഗശാന്തി കണ്ടെത്തുക.

ദൈവത്തിന് വേണ്ടി സേവിക്കുക

2022 സെപ്റ്റംബറിൽ ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞി അന്തരിച്ചപ്പോൾ, ശവസംസ്‌കാര ഘോഷയാത്രയിൽ മാർച്ച് ചെയ്യാൻ ആയിരക്കണക്കിന് സൈനികരെ വിന്യസിച്ചിരുന്നു. വലിയ ജനക്കൂട്ടത്തിൽ അവരുടെ വ്യക്തിഗത വേഷങ്ങൾ ഏറെക്കുറെ ശ്രദ്ധിക്കപ്പെടാത്തതായിരുന്നു, പക്ഷേ പലരും അതിനെ ഏറ്റവും വലിയ ബഹുമതിയായി കണ്ടു. “അവളുടെ ബഹുമാനത്തിനായി ഞങ്ങളുടെ അവസാന കടമ നിർവഹിക്കാനുള്ള അവസരമാണിതെന്ന്’’ ഒരു സൈനികൻ പറഞ്ഞു. അവനെ സംബന്ധിച്ചിടത്തോളം, അവൻ എന്തുചെയ്യുന്നു എന്നതല്ല, ആർക്കുവേണ്ടി അത് ചെയ്യുന്നു എന്നതാണ് അതിനെ ഒരു പ്രധാന ജോലിയാക്കി മാറ്റിയത്.

സമാഗമനകൂടാരത്തിലെ ഉപകരണങ്ങൾ പരിപാലിക്കാൻ നിയോഗിക്കപ്പെട്ട ലേവ്യർക്കും സമാനമായ ഒരു ലക്ഷ്യമുണ്ടായിരുന്നു. പുരോഹിതന്മാരിൽ നിന്ന് വ്യത്യസ്തമായി, ഗെർശോന്യർ, കൊഹാത്യർ, മെരാര്യർ എന്നിവർക്ക് ഭൗതികമെന്നു തോന്നുന്ന ജോലികൾ ഏൽപ്പിക്കപ്പെട്ടിരുന്നു: ഉപകരണങ്ങൾ, വിളക്കുകൾ, തിരശ്ശീലകൾ, തൂണുകൾ, കൂടാരക്കുറ്റികൾ, കയറുകൾ എന്നിവ വൃത്തിയാക്കൽ (സംഖ്യാ. 3:25-26, 28, 31, 36-37). എന്നിട്ടും അവരുടെ ജോലികളെ ദൈവം പ്രത്യേകമായി “കൂടാരത്തിന്റെ വേല’’ (വാ. 8) എന്നു നിർവചിച്ചു നൽകി.

എന്തൊരു പ്രോത്സാഹജനകമായ ചിന്ത! ഇന്ന്, ജോലിസ്ഥലത്തോ വീട്ടിലോ സഭയിലോ നമ്മളിൽ പലരും ചെയ്യുന്ന കാര്യങ്ങൾ പദവികൾക്കും ശമ്പളത്തിനും പ്രാധാന്യം നൽകുന്ന ഒരു ലോകത്തിന് നിസ്സാരമായി തോന്നിയേക്കാം. എന്നാൽ ദൈവം അതിനെ മറ്റൊരു തരത്തിൽ കാണുന്നു. നാം അവന്റെ നിമിത്തം പ്രവർത്തിക്കുകയും സേവിക്കുകയും ചെയ്യുന്നുവെങ്കിൽ - ശ്രേഷ്ഠത തേടുകയും അവന്റെ ബഹുമാനത്തിനായി അങ്ങനെ ചെയ്യുകയും ചെയ്യുന്നുവെങ്കിൽ, ഏറ്റവും ചെറിയ ജോലിയിൽ പോലും - നമ്മുടെ മഹത്തായ ദൈവത്തെ സേവിക്കുന്നതിനാൽ നമ്മുടെ ജോലി പ്രധാനമാണ്.

ഞാൻ ആരാണ്?

ഒരു ലോക്കൽ മിനിസ്ട്രിയുടെ നേതൃത്വ ടീമിലെ അംഗമെന്ന നിലയിൽ, ഗ്രൂപ്പ് ചർച്ചാ നേതാക്കളായി ഞങ്ങളോടൊപ്പം ചേരാൻ മറ്റുള്ളവരെ ക്ഷണിക്കുക എന്നതായിരുന്നു എന്റെ ജോലിയുടെ ഭാഗം. എന്റെ ക്ഷണങ്ങളിൽ, ആവശ്യമായ സമയ പാലനത്തെ വിവരിക്കുകയും മീറ്റിംഗുകളിലും പതിവ് ഫോൺ കോളുകൾക്കിടയിലും നേതാക്കൾ അവരുടെ ചെറിയ ഗ്രൂപ്പ് പങ്കാളികളുമായി ഇടപഴകേണ്ട വഴികൾ വിവരിക്കുകയും ചെയ്തു. എന്നാൽ അവ മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കാൻ ഞാൻ പലപ്പോഴും വിമുഖത കാണിച്ചിരുന്നു, ഒരു നേതാവാകാൻ അവർ ചെയ്യുന്ന ത്യാഗത്തെക്കുറിച്ച് ഞാൻ ബോധവാന്മാരായിരുന്നു. എന്നിട്ടും ചിലപ്പോൾ അവരുടെ മറുപടി എന്നെ പൂർണ്ണമായും കീഴടക്കും: “ഞാൻ ബഹുമാനിക്കപ്പെട്ടിരിക്കുന്നു.’’ നിരസിക്കാനുള്ള ന്യായമായ കാരണങ്ങൾ ഉദ്ധരിക്കുന്നതിനുപകരം, അവർ തങ്ങളുടെ ജീവിതത്തിൽ ദൈവം ചെയ്ത എല്ലാത്തിനും ദൈവത്തോടുള്ള നന്ദിയാൽ തിരികെ നൽകാൻ ഉത്സുകരായതിന്റെ കാരണമായി അവർ വിവരിച്ചു.

ദൈവത്തിന് ഒരു ആലയം പണിയാൻ വിഭവങ്ങൾ നൽകേണ്ട സമയം വന്നപ്പോൾ, ദാവീദിനും സമാനമായ ഒരു പ്രതികരണം ഉണ്ടായിരുന്നു: ''എന്നാൽ ഞങ്ങൾ ഇങ്ങനെ ഇത്ര മനഃപൂർവ്വമായി ദാനം ചെയ്യേണ്ടതിന്നു പ്രാപ്തരാകുവാൻ ഞാൻ ആർ? എന്റെ ജനവും എന്തുള്ളു?'' (1 ദിനവൃത്താന്തം 29:14) ദാവീദിന്റെ ഔദാര്യം തന്റെ ജീവിതത്തിലും യിസ്രായേൽ ജനത്തിന്റെ ജീവിതത്തിലും ദൈവത്തിന്റെ ഇടപെടലിനുള്ള നന്ദിയാൽ നയിക്കപ്പെട്ടതായിരുന്നു. അവന്റെ പ്രതികരണം അവന്റെ വിനയത്തെക്കുറിച്ചും “പരദേശികളോടും അപരിചിതരോടുമുള്ള’’ അവന്റെ നന്മയുടെ അംഗീകാരത്തെക്കുറിച്ചും സംസാരിക്കുന്നു (വാ. 15).

ദൈവത്തിന്റെ വേലയ്ക്കുള്ള നമ്മുടെ ദാനം-സമയമായാലും കഴിവോ പണമോ ആയാലും-നമുക്ക് അവ തന്നവനോടുള്ള നമ്മുടെ നന്ദിയെ പ്രതിഫലിപ്പിക്കുന്നു. നമുക്കുള്ളതെല്ലാം അവന്റെ കൈയിൽ നിന്നാണ് വരുന്നത് (വാ.14); പ്രതികരണമായി, നമുക്ക് അവനു നന്ദിപൂർവ്വം നൽകാം.