കൂടുകൂട്ടാൻ ഒരിടം
മീവൽപ്പക്ഷി —സ്വാളോ വിഭാഗത്തിൽപെട്ട ചെറിയ പക്ഷികൾ—അവരുടെ കൂടുകൾ നദീതീരങ്ങളിലാണ് കൂട്ടുന്നത് .സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലെ ഭൂവികസനം അവരുടെ വാസസ്ഥലം കുറച്ചു, ഓരോ വർഷവും ശീതകാല ദേശാടനത്തിൽ നിന്ന് മടങ്ങിവരുമ്പോൾ പക്ഷികൾക്ക് കൂടുകെട്ടാനുള്ള സ്ഥലങ്ങൾ കുറവായിരുന്നു. പ്രാദേശിക സംരക്ഷകർ അതിനായി പ്രവർത്തനമാരംഭിക്കുകയും അവയെ പാർപ്പിക്കാൻ ഒരു വലിയ കൃത്രിമ മണൽത്തീരം നിർമ്മിക്കുകയും ചെയ്തു. ഒരു മണൽ ശിൽപനിർമ്മാണ സ്ഥാപനത്തിന്റെ സഹായത്തോടെ അവർ മണൽ വാർത്തുണ്ടാക്കി, പക്ഷികൾക്ക് വരും വർഷങ്ങളിൽ താമസിക്കാൻ ഇടം ഉണ്ടാക്കി.
അനുകമ്പയുടെ ഈ കൃപയുള്ള പ്രവൃത്തി തന്റെ ശിഷ്യന്മാരെ ആശ്വസിപ്പിക്കാൻ യേശു ഉപയോഗിച്ച വാക്കുകൾ വ്യക്തമായി ചിത്രീകരിക്കുന്നു. അവൻ പോകുമെന്നും കുറച്ചു കഴിയുന്നതുവരെ അവർക്ക് അവനോടൊപ്പം പോകാൻ കഴിയില്ലെന്നും പറഞ്ഞ ശേഷം (യോഹന്നാൻ 13:36), സ്വർഗ്ഗത്തിൽ "[അവർക്ക്] ഒരു സ്ഥലം ഒരുക്കുമെന്ന്" അവൻ അവർക്ക് ഉറപ്പ് നൽകി(14:2). താൻ ഉടൻ തന്നെ തങ്ങളെ വിട്ടുപോകുമെന്നും അവർക്ക് തന്നെ അനുഗമിക്കാൻ കഴിയില്ലെന്നും യേശു പറഞ്ഞതിൽ അവർ ദുഃഖിതരാണെങ്കിലും, അവരെയും നമ്മളെയും സ്വീകരിക്കാനുള്ള അവന്റെ ഒരുക്കത്തിന്റെ ഭാഗമായി ഈ വിശുദ്ധ ദൗത്യം നോക്കി കാണാൻ അവൻ അവരെ പ്രോത്സാഹിപ്പിച്ചു.
കുരിശിലെ യേശുവിന്റെ ത്യാഗപരമായ പ്രവൃത്തി കൂടാതെ, പിതാവിന്റെ ഭവനത്തിലെ "അനേകം മുറികൾക്ക്" നമ്മെ സ്വീകരിക്കാൻ കഴിയുകയില്ല (വാക്യം 2). തയ്യാറെടുപ്പിനായി നമുക്കു മുമ്പേ പോയശേഷം, താൻ മടങ്ങിവരുമെന്നും തന്റെ ത്യാഗത്തിൽ വിശ്വസിക്കുന്നവരെ തന്നോടൊപ്പം കൊണ്ടുപോകുമെന്നും ക്രിസ്തു നമുക്ക് ഉറപ്പുനൽകുന്നു. അവിടെ നാം അവനോടൊപ്പം സന്തോഷകരമായ നിത്യതയിൽ താമസിക്കും.
ക്രിസ്തുവിന്റെ വെളിച്ചം
ഞങ്ങളുടെ സഭയിലെ ക്രിസ്തുമസിന്റെ തലേന്നത്തെ ശുശ്രൂഷയിൽ പങ്കെടുക്കുന്നതു ഞാനും എന്റെ ഭർത്താവും എപ്പോഴും ആസ്വദിച്ചിരുന്നു. ഞങ്ങളുടെ വിവാഹത്തിന്റെ ആദ്യ വർഷങ്ങളിൽ, ശുശ്രൂഷയ്ക്കു ശേഷം, ചൂടു വസ്ത്രങ്ങളും ധരിച്ച് അടുത്തുള്ള ഒരു കുന്നിൻ മുകളിലേക്കു കാൽനടയായി പോകുന്ന ഒരു പ്രത്യേക ചടങ്ങു ഞങ്ങൾക്കുണ്ടായിരുന്നു. ആ കുന്നിൻ മുകളിലുള്ള ഉയർന്ന ഒരു വിളക്കുകാലിൽ നക്ഷത്രത്തിന്റെ ആകൃതിയിൽ 350 തിളങ്ങുന്ന വിളക്കുകൾ തൂക്കിയിരുന്നു. അവിടെ—പലപ്പോഴും മഞ്ഞുവീഴ്ചയിൽ—ഞങ്ങൾ നഗരത്തിലേക്കു നോക്കിക്കൊണ്ടു യേശുവിന്റെ അത്ഭുതകരമായ ജനനത്തെക്കുറിച്ചുള്ള ഞങ്ങളുടെ ചിന്തകൾ പരസ്പരം മന്ത്രിക്കുമായിരുന്നു. ആ സമയം നഗരത്തിലെ പലരും താഴ്‌വരയിൽ നിന്നു തിളങ്ങുന്ന, തൂക്കിയിട്ടിരിക്കുന്ന ആ നക്ഷത്രത്തിലേക്കു നോക്കുന്നുണ്ടായിരിക്കും.
ആ നക്ഷത്രം നമ്മുടെ രക്ഷകന്റെ ജനനത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണ്. “യെഹൂദന്മാരുടെ രാജാവായി പിറന്നവനെ” തേടി യെരൂശലേമിൽ എത്തിയ “കിഴക്കുനിന്നുള്ള” വിദ്വാന്മാരെക്കുറിച്ച് വേദപുസ്തകം പറയുന്നു (മത്തായി 2:1-2). അവർ ആകാശം നിരീക്ഷിക്കുകയും നക്ഷത്രം കാണുകയും ചെയ്തു (വാ. 2). അവരുടെ യാത്ര അവരെ യെരൂശലേമിൽ നിന്നു ബേത്ത്ലേഹെമിലേക്കു കൊണ്ടുവന്നു. “നക്ഷത്രം ശിശു ഇരിക്കുന്ന സ്ഥലത്തിന്നു മീതെ വന്നുനില്ക്കുവോളം അവർക്കു മുമ്പായി പൊയ്ക്കൊണ്ടിരുന്നു” (വാ. 9). അവനെ കണ്ടപ്പോൾ അവർ “വീണു അവനെ നമസ്കരിച്ചു” (വാ. 11).
ആലങ്കാരികമായും (നമ്മെ നയിക്കുന്നവനായി) ആകാശത്തുള്ള സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും സൃഷ്ടിച്ചവനായി അക്ഷരാർത്ഥത്തിലും നമ്മുടെ ജീവിതത്തിൽ പ്രകാശത്തിന്റെ ഉറവിടമാണ് ക്രിസ്തു (കൊലൊസ്സ്യർ 1:15-16). അവന്റെ നക്ഷത്രം കണ്ട് “അത്യന്തം സന്തോഷിച്ച” (മത്തായി 2:10) വിദ്വാന്മാരെപ്പോലെ, നമ്മുടെ ഇടയിൽ വസിക്കാനായി സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങിവന്ന രക്ഷകനായി അവനെ അറിയുന്നതിലാണു നമ്മുടെ മഹാസന്തോഷം. “ഞങ്ങൾ അവന്റെ തേജസ്സ്… കണ്ടു” (യോഹന്നാൻ 1:14)!
ക്രിസ്തുവിലുള്ള പ്രോത്സാഹനം
സഹപാഠികൾക്കു പ്രോത്സാഹനത്തിന്റെയും പ്രചോദനത്തിന്റെയും കുറിപ്പുകൾ എഴുതാൻ ഒരു സ്കൂൾ അധ്യാപിക തന്റെ വിദ്യാർത്ഥികളോടു നിർദ്ദേശിച്ചു. ദിവസങ്ങൾക്കുശേഷം, രാജ്യത്തിന്റെ മറ്റൊരു ഭാഗത്തുള്ള ഒരു സ്‌കൂളിൽ ഒരു ദുരന്തം നടന്നപ്പോൾ, തങ്ങൾക്കും എന്തെങ്കിലും സംഭവിക്കുമോ എന്ന ഭയവും വേദനയും അവർ അനുഭവിച്ചുകണ്ടിരുന്ന വേളയിൽ തങ്ങളുടെ കുറിപ്പുകൾ സഹപാഠികൾക്കു ധൈര്യം പകർന്നു.
തെസ്സലൊനീക്യയിലെ വിശ്വാസികൾക്ക് എഴുതുമ്പോൾ, പ്രോത്സാഹനവും പരസ്പരമുള്ള കരുതലും പൗലൊസിന്റെ മനസ്സിലുണ്ടായിരുന്നു. അവർക്കു സുഹൃത്തുക്കളെ നഷ്ടപ്പെട്ടിരുന്നു. തങ്ങളുടെ പ്രിയപ്പെട്ടവർക്കു വീണ്ടും ജീവൻ നൽകുന്ന യേശുവിന്റെ വാഗ്ദത്ത തിരിച്ചുവരവിൽ പ്രത്യാശിക്കാൻ പൗലൊസ് അവരെ ഉപദേശിച്ചു (1 തെസ്സലൊനീക്യർ 4:14). അത് എപ്പോൾ സംഭവിക്കുമെന്ന് അവർക്കറിയില്ലെങ്കിലും, വിശ്വാസികൾ എന്ന നിലയിൽ അവൻ മടങ്ങിവരുമ്പോൾ ദൈവത്തിന്റെ ന്യായവിധിയെ ഭയന്നു കാത്തിരിക്കേണ്ടതില്ലെന്ന് അവൻ അവരെ ഓർമ്മിപ്പിച്ചു (5:9). പകരം, അവനോടൊപ്പമുള്ള ഭാവി ജീവിതത്തെ അവർക്ക് ആത്മവിശ്വാസത്തോടെ കാത്തിരിക്കാനും അതിനിടയിൽ “അന്യോന്യം പ്രബോധിപ്പിച്ചും തമ്മിൽ ആത്മിക വർദ്ധനവരുത്തിയും പോരുവിൻ” (വാ. 11) എന്നും അവൻ അവരെ ഓർമ്മിപ്പിച്ചു.
വേദനാജനകമായ നഷ്ടങ്ങളോ അർത്ഥശൂന്യമായ ദുരന്തങ്ങളോ നാം അനുഭവിക്കുമ്പോൾ, ഭയവും സങ്കടവും നമ്മെ കീഴടക്കുക എളുപ്പമാണ്. എങ്കിലും പൗലൊസിന്റെ വാക്കുകൾ അത് എഴുതപ്പെട്ട കാലത്തെപ്പോലെ ഇന്നും നമുക്കു സഹായകമാണ്. ക്രിസ്തു എല്ലാം പുനഃസ്ഥാപിക്കുമെന്ന പ്രതീക്ഷയോടെ നമുക്കു കാത്തിരിക്കാം. അതിനിടയിൽ, കുറിപ്പുകൾ എഴുതിയോ സംസാരത്തിലൂടെയോ ശുശ്രൂഷ പ്രവർത്തനങ്ങളിലൂടെയോ വെറുമൊരു ആലിംഗനത്തിലൂടെയോ നമുക്കു പരസ്പരം പ്രോത്സാഹിപ്പിക്കാം.
സഹായം എത്തിക്കുക
ഹീതർ തന്റെ ജോലിയുടെ ഭാഗമായി ടിമ്മിന്റെ വീട്ടിൽ ഭക്ഷണം കൊടുക്കാൻ ചെന്നപ്പോൾ, ഭക്ഷണ സഞ്ചിയുടെ കെട്ടഴിക്കാൻ സഹായിക്കാൻ അവൻ അവളോട് ആവശ്യപ്പെട്ടു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ടിമ്മിന് മസ്തിഷ്കാഘാതം സംഭവിച്ചിരുന്നു. അതിനാൽ അവനു സ്വയം കെട്ടഴിക്കാൻ കഴിയില്ലായിരുന്നു. ഹീതർ സന്തോഷത്തോടെ അതു ചെയ്തുകൊടുത്തു. അന്നത്തെ ദിവസം മുഴുവൻ, ഹീതറിന്റെ ചിന്തകൾ ടിമ്മിലേക്ക് ഇടയ്ക്കിടെ മടങ്ങിപ്പോയി. അവനുവേണ്ടി ഒരു കെയർ പാക്കേജ് ഒരുക്കാൻ അത് അവളെ പ്രചോദിപ്പിച്ചു. അവൾ വച്ചിട്ടുപോയ ധൈര്യപ്പെടുത്തുന്ന ഒരു കുറിപ്പിനോടൊപ്പമുള്ള ചൂടുകാപ്പിയും ചുവന്ന കമ്പിളിയും തന്റെ വാതിൽപ്പടിയിൽ കണ്ടപ്പോൾ, അവന്റെ കണ്ണുകൾ ഈറനണിഞ്ഞു.
ഹീതർ എത്തിച്ചുകൊടുത്ത വസ്തുക്കൾക്ക് അവൾ ആദ്യം പ്രതീക്ഷിച്ചതിലും വളരെയധികം പ്രാധാന്യം ടിമ്മിന്റെ ജീവിതത്തിൽ ഉണ്ടായിരുന്നു. യിസ്രായേല്യരെ “ഫെലിസ്ത്യരോടു പടെക്കു അണിനിരത്തി”യപ്പോൾ (1 ശമൂവേൽ 17:2), സഹോദരന്മാർക്കുള്ള ഭക്ഷണവുമായി യിശ്ശായി തന്റെ ഇളയ മകനായ ദാവിദിനെ അയച്ചപ്പോഴും ഇതുതന്നെയായിരുന്നു സംഭവിച്ചത്. അപ്പവും മലരുമായി ദാവിദ് എത്തിയപ്പോൾ, ദിവസേനയുള്ള തന്റെ പരിഹാസത്തിലൂടെ ഗൊല്യാത്ത് ദൈവജനത്തിൽ ഭയം ഉളവാക്കുന്നതായി അവൻ മനസ്സിലാക്കി (വാ. 8-10, 16, 24). “ജീവനുള്ള ദൈവത്തിന്റെ സേനകളെ” (വാ. 26) ഗൊല്യാത്ത് നിന്ദിച്ചത് ദാവീദിനെ പ്രകോപിപ്പിച്ചു. “ഇവന്റെ നിമിത്തം ആരും അധൈര്യപ്പെടേണ്ടാ; അടിയൻ ചെന്നു ഈ ഫെലിസ്ത്യനോടു അങ്കം പൊരുതും” (വാ. 32) എന്ന് ശൗൽ രാജാവിനോടു പറയാൻ ആ നിന്ദ അവനെ പ്രേരിപ്പിച്ചു.
ചിലപ്പോഴൊക്കെ, നമ്മെ ഉപയോഗിക്കാൻ ദൈവം ആഗ്രഹിക്കുന്ന ഇടങ്ങളിൽ നമ്മെ എത്തിക്കാൻ നമ്മുടെ ദൈനംദിന ജീവിതസാഹചര്യങ്ങൾ അവൻ ഉപയോഗിക്കുന്നു. നാം ആരെയെങ്കിലും എവിടെ, എങ്ങനെ ശുശ്രൂഷിക്കണമെന്ന് അവൻ ആഗ്രഹിച്ചേക്കാമെന്ന് കാണാൻ നമുക്ക് നമ്മുടെ കണ്ണുകളും (ഹൃദയങ്ങളും!) തുറന്നുവയ്ക്കാം.
സ്നേഹത്തോടെ ശുശ്രൂഷിക്കുക
ക്രിസ്റ്റൽ ആദ്യമായി യുഎസിലെ വിർജീനിയയിലുള്ള ഒരു കോഫി ഷോപ്പിൽ ജോലി തുടങ്ങിയപ്പോൾ, അവൾ ഇബി എന്ന ഒരു വ്യക്തിക്കു സേവനം നൽകുകയുണ്ടായി. ഇബിക്ക് കേൾവിക്കുറവുള്ളതിനാൽ, തന്റെ ഫോണിൽ ടൈപ്പ് ചെയ്ത ഒരു കുറിപ്പ് ഉപയോഗിച്ചാണ് അവൻ ഓർഡർ നൽകിയിരുന്നത്. ഇബി ഷോപ്പിൽ ഒരു പതിവുകാരനാണെന്ന് മനസ്സിലാക്കിയ ശേഷം, അവന് വേണ്ടത് എഴുതിക്കാണിക്കാതെ തന്നെ ഓർഡർ നൽകാൻ ആവശ്യമായ അമേരിക്കൻ ആംഗ്യഭാഷ പഠിക്കാനും അങ്ങനെ അവനെ നന്നായി സേവിക്കാനും ക്രിസ്റ്റൽ തീരുമാനിച്ചു.
ഇപ്രകാരം ഒരു ചെറിയ രീതിയിൽ, നാം ഏവരും പരസ്പരം നൽകണമെന്നു പത്രൊസ് പ്രേരിപ്പിച്ച സ്നേഹവും സേവനവും ക്രിസ്റ്റൽ ഇബിയോട് കാണിച്ചു. ചിതറിപ്പോയവരും പ്രവാസികളുമായ, ക്രിസ്തീയ വിശ്വാസികൾക്ക്‌എഴുതിയ ലേഖനത്തിൽ, അവർ “തമ്മിൽ ഉറ്റസ്നേഹം ഉള്ളവരായിരിപ്പിൻ” എന്നും തങ്ങളുടെ വരങ്ങൾ ഉപയോഗിച്ചു “അന്യോന്യം ശുശ്രൂഷിപ്പിൻ” എന്നും അപ്പൊസ്തലൻ സൂചിപ്പിക്കുന്നു (1 പത്രൊസ് 4:8, 10). അവൻ നമ്മിൽ സജ്ജീകരിച്ചിരിക്കുന്ന ഏത് കഴിവുകളും ശേഷികളും മറ്റുള്ളവരുടെ പ്രയോജനത്തിനായി നമുക്ക് ഉപയോഗിക്കാവുന്ന വരങ്ങളാണ്. അപ്രകാരം നാം ചെയ്യുന്നതിലൂടെ, നമ്മുടെ വാക്കുകളും പ്രവൃത്തികളും ദൈവത്തിനു മഹത്വം വരുത്തും.
താൻ ആർക്ക് എഴുതിയോ അവരെ സംബന്ധിച്ചു പത്രൊസിന്റെ വാക്കുകൾ വളരെ പ്രാധാന്യമുള്ളതായിരുന്നു, കാരണം അവർ വേദനയുടെയും ഒറ്റപ്പെടലിന്റെയും ഒരു കാലഘട്ടത്തിലൂടെ കടന്നു പോയ്ക്കൊണ്ടിരിക്കുകയായിരുന്നു. തങ്ങളുടെ പരീക്ഷകളിൽ പിടിച്ചുനിൽക്കാൻ അവരെ സഹായിക്കാനായി വൈഷമ്യത്തിന്റെ കാലത്തു പരസ്പരം ശുശ്രൂഷിക്കാൻ അവൻ അവരെ പ്രോത്സാഹിപ്പിച്ചു. മറ്റൊരാൾ അനുഭവിക്കുന്ന പ്രത്യേകമായ വേദന നമുക്കറിയില്ലെങ്കിലും, നമ്മുടെ വാക്കുകൾ, വിഭവങ്ങൾ, കഴിവുകൾ എന്നിവ ഉപയോഗിച്ച് സഹാനുഭൂതി പ്രകടിപ്പിക്കാനും കൃപയോടെയും സന്തോഷത്തോടെയും പരസ്പരം ശുശ്രൂഷിക്കാനും ദൈവത്തിനു നമ്മെ സഹായിക്കാനാകും. അവന്റെ സ്നേഹത്തിന്റെ പ്രതിഫലനമായി മറ്റുള്ളവരെ ശുശ്രൂഷിക്കാൻ ദൈവം നമ്മെ സഹായിക്കട്ടെ.
ദൈവത്തിൽ നിന്ന് ഓടുന്നവർ
കൂനൻ തിമിംഗിലത്തെ തിരഞ്ഞുകൊണ്ടു കാലിഫോർണിയ കടൽതീരത്തു കയാക്കിംങ് നടത്തുകയായിരുന്നു ജൂലിയും ലിസും. അനായാസമായി കണ്ടെത്താൻ കഴിയുംവിധം ജലോപരിതലത്തിനു സമീപം സജീവമായി കാണപ്പെടുന്നതിനു പേരുകേട്ടതാണ് കൂനൻ തിമിംഗിലങ്ങൾ. തങ്ങൾക്കു നേരെ താഴെയായി ഒരു തിമിഗംലം ഉയർന്നു വന്നപ്പോൾ ആ രണ്ടു സ്ത്രീകളും അത്ഭുതപരതന്ത്രരായി. ഒരു കാഴ്ചക്കാരൻ പിടിച്ച ആ കണ്ടുമുട്ടലിന്റെ ദൃശ്യങ്ങളിൽ, തിമിംഗലത്തിന്റെ വലിയ വായ്ക്കു മുമ്പിൽ ആ സ്ത്രീകളും അവരുടെ കയാക്കുകളും നിസാരമായി കാണപ്പെടുന്നതായി കാണിക്കുന്നു. കുറച്ചുനേരം വെള്ളത്തിനടിയിൽ പോയെങ്കിലും സ്ത്രീകൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
യോനാ പ്രവാചകനെ ഒരു “വലിയ മത്സ്യം” (യോനാ 1:17) വിഴുങ്ങിയതിന്റെ വേദപുസ്തകം വിവരണത്തിലേക്ക് അവരുടെ അനുഭവം ഒരു വീക്ഷണം നൽകുന്നു. നീനെവേക്കാരോടു പ്രസംഗിക്കാൻ ദൈവം അവനോടു നിർദ്ദേശിച്ചിരുന്നു. പക്ഷേ അവർ ദൈവത്തെ നിരസിച്ചതിനാൽ, അവർ അവന്റെ പാപമോചനത്തിനു യോഗ്യരാണെന്നു യോനായ്ക്കു തോന്നിയില്ല. അനുസരിക്കുന്നതിനുപകരം അവൻ ഓടിപ്പോകാൻ ശ്രമിച്ചുകൊണ്ട് ഒരു കപ്പലിൽ യാത്ര പുറപ്പെട്ടു. ദൈവം ഒരു അപകടകരമായ കൊടുങ്കാറ്റ് അയച്ചു, അവനെ കടലിലേക്ക് എറിഞ്ഞുകളയാൻ ഇടയാക്കി.
അവന്റെ പ്രവൃത്തികളുടെ ഏറ്റവും മോശമായ അനന്തരഫലങ്ങളിൽനിന്ന് അവനെ ഒഴിവാക്കിക്കൊണ്ടു മരണത്തിൽ നിന്നു യോനായെ സംരക്ഷിക്കാൻ ദൈവം ഒരു വഴി നിശ്ചയിച്ചിരുന്നു. യോനാ “യഹോവയോടു നിലവിളിച്ചു” (2:2), ദൈവം കേട്ടു. യോനാ തന്റെ തെറ്റ് ഏറ്റുപറഞ്ഞ്, ദൈവത്തിന്റെ നന്മയെ സ്തുതിക്കുകയും അംഗീകരിക്കുകയും ചെയ്തതിനുശേഷം, ദൈവകൽപ്പനപ്രകാരം അവനെ മത്സ്യം “കരെക്കു ഛർദ്ദിച്ചുകളഞ്ഞു” (വാ. 10).
ദൈവകൃപയാൽ, നമ്മുടെ തെറ്റുകൾ ഏറ്റുപറഞ്ഞുകൊണ്ടു യേശുവിന്റെ യാഗത്തിൽ വിശ്വാസം പ്രകടിപ്പിക്കുമ്പോൾ, നാം അർഹിക്കുന്ന ആത്മീയ മരണത്തിൽ നിന്നു രക്ഷപ്പെട്ട്, അവനിലൂടെ പുതിയ ജീവിതം അനുഭവിക്കുന്നു.
പ്രത്യാശയുടെ വർണ്ണങ്ങൾ
2023 സെപ്റ്റംബർ 11-ന് - അമേരിക്കയ്ക്കെതിരായ ആക്രമണത്തിന്റെ ഇരുപത്തിരണ്ടാം വാർഷികത്തിന്റെ അന്ന് - ന്യൂയോർക്ക് നഗരത്തിനു മീതേ ആകാശം ഗംഭീരമായ ഇരട്ട മഴവില്ലുകളാൽ അലങ്കരിക്കപ്പെട്ടു. മുൻപ് ഇരട്ട ഗോപുരങ്ങളുടെ ആസ്ഥാനമായിരുന്ന ഈ നഗരമാണ് ആക്രമണങ്ങളിൽ ഏറ്റവും വലിയ നഷ്ടം നേരിട്ടത്. രണ്ടു പതിറ്റാണ്ടുകൾക്കുശേഷം, ഇരട്ട മഴവില്ലു കാണാൻ ഇടയായ അവിടെയുണ്ടായിരുന്നവർക്ക് ഒരു പ്രത്യാശയും ശാന്തിയും അതു നൽകി. ആ സമത്ത് പകർത്തിയ ഒരു വീഡിയോ ക്ലിപ്പ്, ആ മഴവില്ലുകൾ വേൾഡ് ട്രേഡ് സെന്റെർ നിലനിന്നിരുന്ന ഇടത്തു നിന്നു തന്നെ ഉയർന്നുവരുന്നതുപോലെയുള്ള തോന്നലുളവാക്കി.
നോഹയുടെ കാലം മുതൽ ആകാശത്തിലെ മഴവില്ലുകൾ ദൈവത്തിന്റെ വിശ്വസ്തതയുടെ ഒരു ഉറപ്പു സുദൃഢമാക്കുന്നു. സങ്കൽപ്പിക്കാനാവാത്ത നാശത്തിൽ കലാശിച്ച പാപത്തെ സംബന്ധിച്ചുള്ള ദൈവന്യായവിധിയുടെ പശ്ചാത്തലത്തിൽ, “ദൈവവും ഭൂമിയിലെ സർവ്വജഡവുമായ സകലജീവികളും തമ്മിൽ എന്നേക്കുമുള്ള നിയമത്തിന്റെ” (ഉല്പത്തി 9:16) ദൃഷ്ടിഗോചരമായ ഓർമ്മപ്പെടുത്തലായി വർണ്ണാഭമായ പ്രതിഭാസം അവൻ സ്ഥാപിച്ചു. മഴ പെയ്തുകൊണ്ടിരുന്ന നാൽപ്പത് ഇരുണ്ട ദിവസങ്ങൾക്കും മാസങ്ങൾ നീണ്ട വെള്ളപ്പൊക്കത്തിനും ശേഷം (7:17-24), നോഹയേയും കുടുംബത്തേയും സംബന്ധിച്ചിടത്തോളം മഴവില്ല് - “ഉടമ്പടിയുടെ അടയാളം” - എത്രമാത്രം ആശ്വാസദായകമായിരിക്കാമെന്ന് ഊഹിക്കാവുന്നതേയുള്ളൂ (9:12-13) . “ഭൂമിയെ നശിപ്പിപ്പാൻ ഇനി ജലപ്രളയം ഉണ്ടാകയുമില്ല” (വാക്യം 11) എന്ന ദൈവത്തിന്റെ വിശ്വസ്തതയുടെ ഓർമ്മപ്പെടുത്തലായിരുന്നു അത്.
പ്രകൃതിദുരന്തമോ ശാരീരികമോ വൈകാരികമോ ആയ പീഡയോ രോഗത്തിന്റെ ദുരവസ്ഥയോ കാരണം നാം ഇരുണ്ട ദിനങ്ങളും ദാരുണമായ നഷ്ടങ്ങളും അഭിമുഖീകരിക്കുമ്പോൾ, അവയുടെ നടുവിൽ പ്രത്യാശക്കായി ദൈവത്തിലേക്ക് നമുക്കു നോക്കാം. ആ നിമിഷങ്ങളിൽ അവന്റെ മഴവില്ലിന്റെ ഒരു മിന്നൊളി നമുക്ക് ലഭിച്ചില്ലെങ്കിലും, തന്റെ വാഗ്ദാനങ്ങളോടുള്ള അവന്റെ വിശ്വസ്തതയെക്കുറിച്ചു നമുക്ക് ഉറപ്പുണ്ടായിരിക്കേണ്ടതാണ്.
ക്രിസ്തുവിൽ പൂർത്തീകരിക്കുന്നരാകുക
തന്റെ കൊച്ചുമകനായ ഏഥനു വേണ്ടി നെയ്തുകൊണ്ടിരുന്ന കമ്പിളിക്കുപ്പായം പൂർത്തിയാക്കുന്നതിനു മുമ്പു ബാർബറ മരിച്ചുപോയി. തങ്ങൾ ചെയ്തുകൊണ്ടിരുന്ന പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിനു മുമ്പു ഈ ജീവിതം ഉപേക്ഷിച്ചു പോകേണ്ടിവന്നവരുടെ പ്രിയപ്പെട്ടവരെ സന്നദ്ധ പ്രവർത്തകരായ കരകൗശല വിദഗ്ദ്ധരുമായി - “പൂർത്തികരിക്കുന്നവരുമായി” - ബന്ധിപ്പിക്കുന്ന ഒരു സംഘടന മുഖാന്തരം ആ കമ്പിളിക്കുപ്പായം പൂർത്തികരിക്കുവാൻ ഉത്സുകനായ മറ്റൊരു നെയ്ത്തുകാരന്റെ പക്കൽ ഏല്പിക്കപ്പെട്ടു. ദുഃഖിക്കുന്നവർക്കു സാന്ത്വനമേകിക്കൊണ്ട്, ബാക്കിവച്ചു പോയ ആ ഒരു ജോലി പരിസമാപ്തിയിൽ എത്തിക്കാൻ “പൂർത്തീകരിക്കുന്നവർ” തങ്ങളുടെ സമയവും വൈദഗ്ധ്യവും സ്നേഹപൂർവ്വം നിക്ഷേപിക്കുന്നു.
ഏലീയാവിന്റെ വേലയ്ക്കും ദൈവം ഒരു “പൂർത്തികരിക്കുന്നവനെ” നിയമിച്ചു. ഏകാന്തതയാൽ വലഞ്ഞിരുന്ന പ്രവാചകൻ, യിസ്രായേൽമക്കൾ ദൈവത്തിന്റെ ഉടമ്പടി നിരസിക്കുന്നതിൽ നിരുത്സാഹപ്പെടുകയും ചെയ്തിരുന്നു. മറുപടിയായി, ദൈവം ഏലീയാവിനോടു “എലീശയെ നിനക്കു പകരം പ്രവാചകനായിട്ടു അഭിഷേകം ചെയ്കയും വേണം” (1 രാജാക്കന്മാർ 19:16) എന്നു നിർദ്ദേശിച്ചു. ദൈവത്തിന്റെ സത്യം പ്രഘോഷിക്കുന്ന വേല ഏലീയാവിന്റെ മരണ ശേഷവും തുടരുമെന്ന് ഇത് ഉറപ്പാക്കി.
ഏലിയാവിന്റെ പിൻഗാമിയായ ദൈവത്തിന്റെ പ്രവാചകനായി ദൈവം തന്നെ വിളിച്ചിരിക്കുന്നതായി എലീശക്കു കാണിച്ചുകൊടുക്കാൻ, ഏലീയാവു “തന്റെ പുതപ്പു അവന്റെ മേൽ ഇട്ടു” (വാ. 19). ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധി എന്ന നിലയിൽ ഒരാളുടെ അധികാരത്തെ സൂചിപ്പിക്കാൻ പ്രവാചകന്റെ പുതപ്പ് ഉപയോഗിച്ചിരുന്നതിനാൽ (2 രാജാക്കന്മാർ 2:8 കാണുക), ഈ പ്രവൃത്തി എലീശായുടെ പ്രവാചക വിളിയെ വ്യക്തമാക്കി.
യേശുവിൽ വിശ്വസിക്കുന്നവരെന്ന നിലയിൽ, ദൈവസ്നേഹം മറ്റുള്ളവരുമായി പങ്കുവയ്ക്കാനും “[അവന്റെ] സൽഗുണങ്ങളെ ഘോഷിപ്പാനും” (1 പത്രൊസ് 2:9) നാം വിളിക്കപ്പെട്ടിരിക്കുന്നു. ഈ ദൗത്യം നമുക്കു ശേഷവും തുടരേണ്ടതാകയാൽ, അവൻ ആ കർത്തവ്യത്തെ നിലനിർത്തുമെന്നും അതിനായി “പൂർത്തീകരിക്കുന്നവരെ” വിളിക്കുന്നതു തുടരുമെന്നും നമുക്ക് ഉറപ്പോടെ വിശ്വാസിക്കാൻ സാധിക്കും.
ചോക്ലേറ്റിൽ കുടുങ്ങുക
പെൻസിൽവാനിയയിലെ മാർസ് മിഠായി ഫാക്ടറിയിലെ രണ്ട് തൊഴിലാളികൾ ചോക്ലേറ്റിന്റെ വലിയൊരു വീപ്പയിൽ വീണുപോയി. ഇത് ഒരു തമാശയുടെ തുടക്കമായി തോന്നിയേക്കാം - ചോക്കലേറ്റു പ്രേമികളെ സംബന്ധിച്ച് ഒരുപക്ഷേ മനോഹരമായ ഒരു പ്രതിസന്ധിയും! പരിക്കേറ്റില്ലെങ്കിലും, സ്വന്തമായി പുറത്തിറങ്ങാൻ കഴിയാതെ അരയോളം ഉയരത്തിൽ മിഠായിയിൽ ആ മനുഷ്യർ കുടുങ്ങിക്കിടന്നു. ഒടുവിൽ അവരെ സുരക്ഷിതമായി പുറത്തെത്തിക്കാനായി അഗ്നിശമന സേനാംഗങ്ങൾക്കു വീപ്പയുടെ വശത്ത് വലിയൊരു ദ്വാരമുണ്ടാക്കേണ്ടി വന്നു.
യിരെമ്യാ പ്രവാചകനെ ചെളി നിറഞ്ഞ ഒരു കുഴിയിൽ ഇട്ടുകളഞ്ഞ കഥ പക്ഷേ ഒട്ടും മധുരതരമായിരുന്നില്ല. “ഈ നഗരം നിശ്ചയമായി ബാബേൽരാജാവിന്റെ സൈന്യത്തിന്റെ കയ്യിൽ ഏല്പിക്കപ്പെടും” (യിരെമ്യാവ് 38:3) എന്നതുകൊണ്ട് അവർ നഗരം വിട്ടുപോകേണ്ടതായ അടിയന്തര സാഹചര്യമുണ്ടെന്നു യെരൂശലേമിലെ ദൈവജനത്തിനുള്ള സന്ദേശവാഹകനെന്ന നിലയിൽ അവൻ പ്രഖ്യാപിച്ചു. യിരെമ്യാവിന്റെ വാക്കുകൾ “പടയാളികൾക്കു ധൈര്യക്ഷയം വരുത്തുന്നു” എന്നു വാദിച്ചുകൊണ്ടു സിദെക്കീയാരാജാവിന്റെ ചില പ്രഭുക്കന്മാർ യിരെമ്യാവിനെ “കൊന്നുകളയേണമേ” എന്ന് ആവശ്യപ്പെട്ടു. രാജാവ് അനുമതി നൽകി. അവർ “യിരെമ്യാവെ… കുഴിയിൽ ഇറക്കി; കയറുകൊണ്ടായിരുന്നു അവർ യിരെമ്യാവെ ഇറക്കിയതു”. “യിരെമ്യാവു ചെളിയിൽ താണു” (വാക്യം 6).
രാജാവിന്റെ മറ്റൊരു പ്രഭു - ഒരു വിദേശിയായിരുന്നിട്ടുകൂടി - മറ്റുള്ളവർ “ചെയ്തതൊക്കെയും അന്യായമത്രേ” എന്നു പറഞ്ഞുകൊണ്ടു യിരെമ്യാവിന്റെ ക്ഷേമത്തിനായി വാദിച്ചപ്പോൾ, താൻ തെറ്റു ചെയ്തിരിക്കുന്നുവെന്നു സിദെക്കീയാവു മനസ്സിലാക്കി. യിരെമ്യാവിനെ “കുഴിയിൽനിന്നു” കയറ്റാൻ ഏബെദ്-മേലെക്കിനോട് രാജാവ് ആവശ്യപ്പെട്ടു (വാ. 9-10).
യിരെമ്യാവിനെപ്പോലെ നാമും ശരിയായ കാര്യം ചെയ്യുമ്പോൾ ചിലപ്പോഴൊക്കെ ചെളിയിൽ കുടുങ്ങിപ്പോയതായി തോന്നിയേക്കാം. നാം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ അവന്റെ സഹായത്തിനായി കാത്തിരിക്കുമ്പോൾ നമ്മുടെ ആത്മാവിനെ ഉയർത്താൻ ദൈവത്തോട് അപേക്ഷിക്കാം.
സൗഖ്യം ലഭിക്കുമെന്ന പ്രതീക്ഷ
സുഷുമ്‌നാ നാഡിക്ക് ക്ഷതം സംഭവിച്ച് തളർന്നുപോയ ആളുകൾക്ക് ശുഭപ്രതീക്ഷ നൽകിക്കൊണ്ട് ജർമ്മൻ ഗവേഷകർ പേശികൾക്കും തലച്ചോറിനുമിടയിലുള്ള നാഡീവ്യൂഹത്തെ വീണ്ടും ബന്ധിപ്പിക്കുന്നതിന് നാഡീ വളർച്ചയെ ഉത്തേജിപ്പിക്കുന്നതിനുള്ള ഒരു മാർഗം കണ്ടെത്തിയിരിക്കുന്നു. തളർവാതം ബാധിച്ച എലികൾക്ക് വീണ്ടും നടക്കാൻ ഈ ചികിത്സാരീതി സഹായിച്ചു. ഈ ചികിത്സ മനുഷ്യർക്ക് സുരക്ഷിതവും ഫലപ്രദവുമാണോ എന്ന് നിർണ്ണയിക്കാൻ പരിശോധന തുടരും.
പക്ഷാഘാതം ബാധിച്ചവർക്കു വേണ്ടി ശാസ്ത്രം ചെയ്യാൻ ശ്രമിക്കുന്ന കാര്യം, യേശു അത്ഭുതങ്ങളിലൂടെ ചെയ്തു. രോഗബാധിതർ പലരും സൗഖ്യം പ്രതീക്ഷിച്ച് കിടന്നിരുന്ന ബേഥെസ്ദായിലെ കുളം സന്ദർശിച്ചപ്പോൾ, "മുപ്പത്തെട്ടു വർഷമായി രോഗബാധിതനായിരുന്ന" (യോഹന്നാൻ 5:5) ഒരു മനുഷ്യനെ യേശു കണ്ടു. ആ മനുഷ്യൻ തീർച്ചയായും സുഖപ്പെടാൻ ആഗ്രഹിക്കുന്നുവെന്ന് ഉറപ്പാക്കിയ ശേഷം, എഴുന്നേറ്റു നടക്കാൻ ക്രിസ്തു അവനോട് പറഞ്ഞു. “ഉടനെ ആ മനുഷ്യൻ സൌഖ്യമായി കിടക്ക എടുത്തു നടന്നു” (വാക്യം 9).
നമ്മുടെ എല്ലാ ശാരീരിക രോഗങ്ങളും സുഖപ്പെടുത്തുമെന്ന് ദൈവം വാഗ്ദത്തം ചെയ്തിട്ടില്ല. അന്ന് യേശു സൗഖ്യമാക്കാത്ത മറ്റു ചിലരും കുളക്കരയിൽ ഉണ്ടായിരുന്നല്ലോ. എന്നാൽ അവനിൽ ആശ്രയിക്കുന്നവർക്ക് അവൻ നൽകുന്ന സൗഖ്യം അനുഭവിക്കാൻ കഴിയും—നിരാശയിൽ നിന്ന് പ്രത്യാശയിലേക്കും, കയ്പ്പിൽ നിന്ന് കൃപയിലേക്കും, വിദ്വേഷത്തിൽ നിന്ന് സ്നേഹത്തിലേക്കും, കുറ്റപ്പെടുത്തലിൽ നിന്ന് ക്ഷമിക്കാനുള്ള സന്നദ്ധതയിലേക്കും. ഒരു ശാസ്ത്രീയ കണ്ടുപിടുത്തത്തിനും (അല്ലെങ്കിൽ, കുളത്തിനും) നമുക്ക് അത്തരം രോഗശാന്തി നൽകാൻ കഴിയില്ല; അതു വിശ്വാസത്താൽ മാത്രം വരുന്നു.