എന്റെ ഭർത്തൃ-മാതാവിന്റെ ജന്മദിനത്തിന് അനുയോജ്യമായ സമ്മാനം കണ്ടെത്തിയതിൽ ഞാൻ ആഹ്ലാദിച്ചു: ബ്രേസ് ലെറ്റിൽ അവളുടെ ജന്മദിനക്കല്ല് പോലും ഉണ്ടായിരുന്നു! മറ്റൊരാൾക്ക് അനുയോജ്യമായ ആ സമ്മാനം കണ്ടെത്തുന്നത് എല്ലായ്‌പ്പോഴും സന്തോഷകരമാണ്. എന്നാൽ വ്യക്തിക്ക് ആവശ്യമുള്ള സമ്മാനം നൽകുന്നത് നമ്മുടെ കഴിവിന് അതീതമായാലോ? ഒരാൾക്ക് മനസ്സമാധാനം, വിശ്രമം, അല്ലെങ്കിൽ ക്ഷമ എന്നിവ നൽകണമെന്ന് നമ്മളിൽ പലരും ആഗ്രഹിക്കുന്നു. അവ വാങ്ങുവാനും സമ്മാനമായി പൊതിയുവാനും കഴിഞ്ഞിരുന്നെങ്കിൽ!

ഇത്തരത്തിലുള്ള സമ്മാനങ്ങൾ ഒരാൾ മറ്റൊരാൾക്ക് നൽകുന്നത് അസാധ്യമാണ്. എന്നിട്ടും യേശു-മനുഷ്യശരീരത്തിലുള്ള ദൈവം- തന്നിൽ വിശ്വസിക്കുന്നവർക്ക് അത്തരമൊരു “അസാധ്യമായ” സമ്മാനം നൽകുന്നു: സമാധാനത്തിന്റെ സമ്മാനം. ശിഷ്യന്മാരെ വിട്ട് സ്വർഗ്ഗാരോഹണം ചെയ്യുന്നതിനുമുമ്പ്, പരിശുദ്ധാത്മാവിന്റെ വാഗ്ദാനത്താൽ യേശു അവരെ ആശ്വസിപ്പിച്ചു: “അവൻ നിങ്ങൾക്കു സകലവും ഉപദേശിച്ചുതരികയും ഞാൻ നിങ്ങളോടു പറഞ്ഞതു ഒക്കെയും നിങ്ങളെ ഓർമ്മപ്പെടുത്തുകയും ചെയ്യും’’ (യോഹന്നാൻ 14:26). അവരുടെ ഹൃദയങ്ങൾ അസ്വസ്ഥമാകുമ്പോഴോ ഭയം അനുഭവിക്കുമ്പോഴോ ശാശ്വതവും അചഞ്ചലവുമായ ഒരു സമ്മാനമായി അവൻ അവർക്ക് സമാധാനം-തന്റെ സമാധാനം -വാഗ്ദാനം ചെയ്തു. അവൻ, അവൻ തന്നെ, ദൈവത്തോടും മറ്റുള്ളവരോടും നമ്മോടുതന്നേയും ഉള്ള നമ്മുടെ സമാധാനമാണ്.

നമ്മുടെ പ്രിയപ്പെട്ടവർക്ക് അധിക ക്ഷമയോ അവർ ആഗ്രഹിക്കുന്ന മെച്ചപ്പെട്ട ആരോഗ്യമോ നൽകാനുള്ള കഴിവ് നമുക്കുണ്ടായേക്കില്ല. ജീവിതസമരങ്ങൾക്കിടയിൽ നമുക്കെല്ലാവർക്കും സഹിച്ചുനില്ക്കാൻ ആവശ്യമായ സമാധാനം അവർക്ക് നൽകാനും നമ്മുടെ ശക്തിയാൽ കഴിയുന്നതല്ല. എന്നാൽ സത്യവും ശാശ്വതവുമായ സമാധാനത്തിന്റെ ദാതാവും മൂർത്തരൂപവുമായ യേശുവിനെക്കുറിച്ച് അവരോട് സംസാരിക്കാൻ ആത്മാവിനാൽ നയിക്കപ്പെടാൻ നമുക്കു കഴിയും.