Category  |  odb

പരീശോധനകളിലൂടെ ശക്തരാകുക

ഞാൻ ചില പഴയ കവറുകൾ തപ്പുമ്പോൾ ''എനിക്ക് ഒരു നേത്ര പരിശോധന നടത്തി'' എന്നെഴുതിയ ഒരു സ്റ്റിക്കർ കണ്ടപ്പോൾ ഓർമ്മകൾ എന്നിലേക്ക് ഇരമ്പിയെത്തി. തുള്ളിമരുന്നുകൾ കണ്ണിലുണ്ടാക്കുന്ന എരിച്ചിൽ സഹിച്ച് നാല് വയസ്സുള്ള മകൻ അഭിമാനത്തോടെ ഈ സ്റ്റിക്കർ ഷർട്ടിൽ പതിച്ചു നടക്കുന്നത് ഞാൻ എന്റെ മനസ്സിൽ കണ്ടു. ഒരു കണ്ണിന്റെ ദുർബലമായ പേശികൾ കാരണം, അവന് ദിവസവും മണിക്കൂറുകളോളം തന്റെ ആരോഗ്യമുള്ള കണ്ണിനു മുകളിൽ ഒരു പാച്ച് ധരിക്കേണ്ടി വന്നു-ദുർബലമായ കണ്ണ് ശക്തിപ്പെടുന്നതിനുവേണ്ടിയായിരുന്നു അങ്ങനെ ചെയ്തിരുന്നത്. അവന് ശസ്ത്രക്രിയയും ആവശ്യമായി വന്നു. അവൻ ഈ വെല്ലുവിളികളെ ഒന്നൊന്നായി നേരിട്ടു, ആശ്വാസത്തിനായി അവന്റെ മാതാപിതാക്കളെന്ന നിലയിൽ ഞങ്ങളെ നോക്കുകയും ശിശുസമാന വിശ്വാസത്തോടെ ദൈവത്തിൽ ആശ്രയിക്കുകയും ചെയ്തു. ഈ വെല്ലുവിളികളിലൂടെ അവൻ പ്രതിരോധശേഷി വികസിപ്പിച്ചെടുത്തു.

പരിശോധനകളും കഷ്ടതകളും സഹിക്കുന്ന ആളുകൾ പലപ്പോഴും ആ അനുഭവങ്ങളാൽ രൂപാന്തരപ്പെടുന്നു. എന്നാൽ അപ്പൊസ്തലനായ പൗലൊസ് കൂടുതൽ മുന്നോട്ട് പോയി ''നാം കഷ്ടങ്ങളിലും പ്രശംസിക്കുന്നു'' എന്നു പ്രഖ്യാപിച്ചു. കാരണം അവയിലൂടെ നാം സ്ഥിരോത്സാഹം വളർത്തിയെടുക്കുന്നു. സ്ഥിരോത്സാഹത്തോടൊപ്പം സ്വഭാവം വരുന്നു; സ്വഭാവം പ്രത്യാശയെ ഉളവാക്കുന്നു (റോമർ 5:3-4). പൗലൊസിന് തീർച്ചയായും പരിശോധനകൾ അറിയാമായിരുന്നു - കപ്പൽച്ചേതം മാത്രമല്ല, വിശ്വാസത്തിനുവേണ്ടിയുള്ള തടവും അവൻ അനുഭവിച്ചു. എന്നിട്ടും അവൻ റോമിലെ വിശ്വാസികൾക്ക് എഴുതി, “പ്രത്യാശെക്കോ ഭംഗം വരുന്നില്ല; ദൈവത്തിന്റെ സ്‌നേഹം നമുക്കു നല്കപ്പെട്ട പരിശുദ്ധാത്മാവിനാൽ നമ്മുടെ ഹൃദയങ്ങളിൽ പകർന്നിരിക്കുന്നുവല്ലോ” (വാ. 5). നാം യേശുവിൽ ആശ്രയിക്കുമ്പോൾ ദൈവാത്മാവ് നമ്മുടെ പ്രത്യാശയെ നിലനിർത്തുന്നുവെന്ന് അപ്പൊസ്തലൻ തിരിച്ചറിഞ്ഞു.

നിങ്ങൾക്ക് എന്ത് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നാലും, ദൈവം തന്റെ കൃപയും കരുണയും നിങ്ങളുടെ മേൽ ചൊരിയുമെന്ന് അറിയുക. അവൻ നിന്നെ സ്‌നേഹിക്കുന്നു.

സ്‌നേഹപൂർവമായ ഒരു മുന്നറിയിപ്പ്

2010 ൽ ഇന്തോനേഷ്യൻ ദ്വീപായ സുമാത്രയിൽ ഉണ്ടായ സുനാമിയിൽ നാനൂറിലധികം പേർ കൊല്ലപ്പെട്ടിരുന്നു. എന്നാൽ സുനാമി മുന്നറിയിപ്പ് സംവിധാനം ശരിയായി പ്രവർത്തിച്ചിരുന്നെങ്കിൽ മരണങ്ങൾ തടയാനോ കുറയ്ക്കാനോ കഴിയുമായിരുന്നു. സുനാമി കണ്ടെത്തൽ ശൃംഖലകൾ (ബോയ്കൾ) വേർപെർട്ട് അകന്നുപോയിരുന്നു.

അനുതപിക്കാത്ത പാപം ഉൾപ്പെടെ, ആത്മീയമായി ഹാനികരമാകുന്ന കാര്യങ്ങളെക്കുറിച്ച് സഹ ശിഷ്യന്മാർക്ക് മുന്നറിയിപ്പ് നൽകാനുള്ള ഉത്തരവാദിത്തം തന്റെ ശിഷ്യന്മാർക്കുണ്ടെന്ന് യേശു പറഞ്ഞു. മറ്റൊരാൾ ചെയ്ത കുറ്റത്തിനിരയായഒരു വിശ്വാസിക്ക് വിനയത്തോടെ, സ്വകാര്യമായി, പ്രാർത്ഥനാപൂർവ്വം കുറ്റം ചെയ്യുന്ന വിശ്വാസിയെ പാപം “ചൂണ്ടിക്കാണിക്കാൻ” കഴിയുന്ന ഒരു പ്രക്രിയ അവൻ വിശദീകരിച്ചു (മത്തായി 18:15). വ്യക്തി പശ്ചാത്തപിച്ചാൽ, സംഘർഷം പരിഹരിക്കാനും ബന്ധം പുനഃസ്ഥാപിക്കാനും കഴിയും. വിശ്വാസി മാനസാന്തരപ്പെടാൻ വിസമ്മതിച്ചാൽ, “ഒന്നോ രണ്ടോ പേർ” ചേർന്ന് പ്രശ്‌നം പരിഹരിക്കാൻ സഹായിക്കണം (വാ. 16). പാപം ചെയ്യുന്ന വ്യക്തി എന്നിട്ടും അനുതപിക്കുന്നില്ലെങ്കിൽ, വിഷയം “സഭ”യുടെ മുമ്പാകെ കൊണ്ടുവരണം (വാ. 17). കുറ്റവാളി അപ്പോഴും പശ്ചാത്തപിക്കുന്നില്ലെങ്കിൽ, ആ വ്യക്തിയെ കൂട്ടായ്മയിൽ നിന്ന് നീക്കം ചെയ്യണം, എന്നാൽ അവനുവേണ്ടി അല്ലെങ്കിൽ അവൾക്കുവേണ്ടി തീർച്ചയായും പ്രാർത്ഥിക്കാനും ക്രിസ്തുവിന്റെ സ്‌നേഹം പ്രകടിപ്പിക്കാനും കഴിയണം.

യേശുവിൽ വിശ്വസിക്കുന്നവരെന്ന നിലയിൽ, അനുതപിക്കാത്ത പാപത്തിന്റെ അപകടങ്ങളെക്കുറിച്ചും നമ്മുടെ സ്വർഗീയ പിതാവിനോടും മറ്റ് വിശ്വാസികളോടും ഉള്ള പുനഃസ്ഥാപനത്തിന്റെ സന്തോഷത്തെക്കുറിച്ചും സ്‌നേഹപൂർവം പരസ്പരം മുന്നറിയിപ്പ് നൽകുന്നതിന് ആവശ്യമായ ജ്ഞാനത്തിനും ധൈര്യത്തിനും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. നാം അങ്ങനെ ചെയ്യുമ്പോൾ യേശു ''അവരുടെ നടുവിൽ ഉണ്ട് “ (വാ. 20).

ഹൃദയത്തിന്റെ സ്ഥലങ്ങൾ

ചില അവധിക്കാല നുറുങ്ങുകൾ ഇതാ: നിങ്ങൾ അടുത്ത തവണ യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ വിസ്‌കോൺസിനിലുള്ള മിഡിൽടണിലൂടെ യാത്ര ചെയ്യുമ്പോൾ, നിങ്ങൾക്ക് ദേശീയ കടുക് മ്യൂസിയം സന്ദർശിക്കാൻ താൽപ്പര്യമുണ്ടാകാം. ഒരു കടുക് തന്നെ ധാരാളമാണെന്ന് കരുതുന്ന നമ്മെ സംബന്ധിച്ചിടത്തോളം, ലോകമെമ്പാടുമുള്ള 6,090 വ്യത്യസ്ത കടുകുകൾ ചെടികൾ ഉൾപ്പെടുന്ന ഈ സ്ഥലം അതിശയിപ്പിക്കുന്നതാണ്. ടെക്‌സാസിലെ മക്ലീനിൽ, കമ്പിവേലി മ്യൂസിയത്തിലൂടെ കടന്നുപോകുമ്പോൾ നിങ്ങൾ ആശ്ചര്യപ്പെട്ടേക്കാം-അല്ലെങ്കിൽ വേലിയോടുള്ള അഭിനിവേശം കാരണം നിങ്ങൾ കൂടുതൽ ആശ്ചര്യപ്പെട്ടേക്കാം.

ഏത് തരത്തിലുള്ള കാര്യങ്ങളെയാണ് പ്രാധാന്യമുള്ളതാക്കാൻ നാം തിരഞ്ഞെടുക്കുന്നതെന്ന് ഇത് പറയുന്നു. വാഴപ്പഴ മ്യൂസിയത്തിൽ ഒരു ഉച്ചതിരിഞ്ഞ സമയം ചെലവഴിക്കുന്നതിനേക്കാൾ മോശമായ കാര്യങ്ങൾ നിങ്ങൾക്ക് ചെയ്യാനാകുമെന്ന് ഒരു എഴുത്തുകാരൻ പറയുന്നു (വ്യത്യസ്തമായി ചിന്തിക്കുന്നവരുമുണ്ട്).

തമാശ കേട്ടു നാം ചിരിക്കുമെങ്കിലും നാം സ്വന്തം മ്യൂസിയങ്ങൾ പരിപാലിക്കുന്നു എന്നു സമ്മതിച്ചേ മതിയാകൂ-നാം തന്നെ നിർമ്മിച്ച ചില വിഗ്രഹങ്ങളെ ആഘോഷിക്കുന്ന ഹൃദയത്തിന്റെ സ്ഥലങ്ങൾ നാം പരിപാലിക്കുന്നു. “ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുത്’’ (പുറപ്പാട് 20:3), “അവയെ നമസ്‌കരിക്കയോ സേവിക്കയോ ചെയ്യരുതു” (വാ. 5) എന്നിങ്ങനെ ദൈവം നമ്മോട് നിർദ്ദേശിക്കുന്നു. എന്നിരുന്നാലും, നാം നമ്മുടെ സ്വന്തം ദൈവങ്ങളെ സൃഷ്ടിക്കുന്നു - ഒരുപക്ഷേ സമ്പത്തിന്റെയോ കാമത്തിന്റെയോ വിജയത്തിന്റെയോ അല്ലെങ്കിൽ നാം രഹസ്യമായി ആരാധിക്കുന്ന വിവിധ “നിധി”യുടെയോ.

ഈ ഭാഗം വായിക്കുകയും പ്രാധാന്യം ഗ്രഹിക്കാതിരിക്കുകയും ചെയ്യുക എളുപ്പമാണ്. അതേ, നാം സൃഷ്ടിക്കുന്ന പാപത്തിന്റെ മ്യൂസിയങ്ങൾക്കു നാം ദൈവത്തോടു കണക്കു പറയേണ്ടിവരും. എന്നാൽ “[അവനെ] സ്‌നേഹിക്കുന്നവരുടെ ആയിരം തലമുറകളോട് ദയ കാണിക്കുന്നതിനെക്കുറിച്ചും” അവൻ പറയുന്നു (വാ. 6). നമ്മുടെ “മ്യൂസിയങ്ങൾ” എത്ര നിസ്സാരമാണെന്ന് അവനറിയാം. അവനോടുള്ള നമ്മുടെ സ്‌നേഹത്തിൽ മാത്രമാണ് നമ്മുടെ യഥാർത്ഥ സംതൃപ്തി ഉള്ളതെന്ന് അവനറിയാം.

ഋതുക്കൾ

ഈയിടെ ഞാൻ സഹായകരമായ ഒരു വാക്ക് കണ്ടു: ശിശിരനിദ്ര. പ്രകൃതിയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ശീതകാലം മന്ദഗതിയിലായിരിക്കുന്നതുപോലെ, ജീവിതത്തിന്റെ ''തണുത്ത'' സീസണുകളിൽ വിശ്രമിക്കാനും സുഖം പ്രാപിക്കാനുമുള്ള നമ്മുടെ ആവശ്യത്തെ വിവരിക്കാൻ എഴുത്തുകാരനായ കാതറിൻ മേ ഈ വാക്ക് ഉപയോഗിക്കുന്നു. ക്യാൻസർ ബാധിച്ച് എന്റെ പിതാവ് കടന്നുപോയതിനുശേഷം - മാസങ്ങളോളം അദ്ദഹത്തെ ശുശ്രൂഷിച്ചതിലൂടെ എന്നിലെ ഊർജം നഷ്ടപ്പെട്ടിരുന്നു - ഈ സാദൃശ്യം സഹായകരമായി. ഈ നിർബന്ധിത വേഗത കുറയ്ക്കുന്നതിൽ നീരസപ്പെട്ടുകൊണ്ടും, വേനൽക്കാല ജീവിതം വേഗത്തിൽ തിരികെ വരട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ടും ഞാൻ എന്റെ ശിശിരകാലത്തിനെതിരെ പോരാടി. പക്ഷേ എനിക്ക് ഒരുപാട് പഠിക്കാനുണ്ടായിരുന്നു.

''ആകാശത്തിൻ കീഴുള്ള സകലകാര്യത്തിന്നും ഒരു കാലം ഉണ്ട്'' എന്ന് സഭാപ്രസംഗിയുടെ പ്രസിദ്ധമായ വാക്കുകൾ പറയുന്നു - നടാനും കൊയ്യാനും കരയാനും ചിരിക്കാനും വിലപിക്കാനും നൃത്തം ചെയ്യാനും ഒരു സമയം ഉണ്ട് (3:1-4). വർഷങ്ങളായി ഞാൻ ഈ വാക്കുകൾ വായിച്ചിരുന്നു, പക്ഷേ എന്റെ ശൈത്യകാലത്ത് മാത്രമാണ് ഞാൻ അവ മനസ്സിലാക്കാൻ തുടങ്ങിയത്. നമുക്ക് അവയുടെ മേൽ നിയന്ത്രണമില്ലെങ്കിലും, ഓരോ സീസണും പരിധിയുള്ളതാണ്, അതിന്റെ ജോലി പൂർത്തിയാകുമ്പോൾ അത് കടന്നുപോകും. അവ എന്താണെന്ന് നമുക്ക് എല്ലായ്‌പ്പോഴും മനസ്സിലാക്കാൻ കഴിയില്ലെങ്കിലും, അവയിലൂടെ ദൈവം നമ്മിൽ പ്രധാനപ്പെട്ട എന്തെങ്കിലും ചെയ്യുന്നുണ്ട് (വാ. 11). എന്റെ വിലാപകാലം അവസാനിച്ചിട്ടില്ല. അത് കഴിയുമ്പോൾ നൃത്തം തിരിച്ചുവരും. സസ്യങ്ങളും മൃഗങ്ങളും ശൈത്യകാലത്തോട് പോരാടാത്തതുപോലെ, ഞാനും സ്വസ്ഥമായിരിക്കുകയും അത് അതിന്റെ നവീകരണ പ്രവർത്തനങ്ങൾ ചെയ്യാൻ അനുവദിക്കുകയും വേണം.

''കർത്താവേ,'' ഒരു സുഹൃത്ത് പ്രാർത്ഥിച്ചു, “ഈ ദുഷ്‌കരമായ സമയത്ത് അങ്ങ് ഷെരിദാനിൽ അങ്ങയുടെ നല്ല പ്രവൃത്തി ചെയ്യുമോ?'' എന്റേതിനേക്കാൾ നല്ല പ്രാർത്ഥനയായിരുന്നു അത്. കാരണം, ദൈവത്തിന്റെ കൈകളിൽ ഋതുക്കൾ ലക്ഷ്യബോധമുള്ള കാര്യങ്ങളാണ്. ഓരോന്നിലും അവന്റെ നവീകരണ പ്രവർത്തനത്തിന് നമുക്കു കീഴടങ്ങാം.

യേശുവിനുവേണ്ടി നിലകൊള്ളാനുള്ള ധൈര്യം

155 - ൽ, ആദിമ സഭാ പിതാവായ പോളികാർപ്പിനെ ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരിൽ അഗ്നിക്കിരയാക്കുമെന്ന് ഭീഷണിപ്പെടുത്തി. അദ്ദേഹത്തിന്റെ മറുപടി പറഞ്ഞു, ''എൺപത്തിയാറു വർഷമായി ഞാൻ അവന്റെ ദാസനായിരിക്കുന്നു, അവൻ എനിക്ക് ഒരു ദോഷവും ചെയ്തിട്ടില്ല. പിന്നെ എന്നെ രക്ഷിച്ച എന്റെ രാജാവിനെ ഞാൻ എങ്ങനെ നിന്ദിച്ചു തള്ളിപ്പറയും?'' എന്നായിരുന്നു. നമ്മുടെ രാജാവായ യേശുവിലുള്ള വിശ്വാസം നിമിത്തം കഠിനമായ പരിശോധനകൾ നേരിടേണ്ടിവരുമ്പോൾ പോളികാർപ്പിന്റെ പ്രതികരണം നമുക്ക് പ്രചോദനമാകും.

യേശുവിന്റെ മരണത്തിന് മണിക്കൂറുകൾക്ക് മുമ്പ്, പത്രൊസ് ധൈര്യത്തോടെ ക്രിസ്തുവിനോട് കൂറ് പ്രഖ്യാപിച്ചു: “ഞാൻ എന്റെ ജീവനെ നിനക്കു വേണ്ടി വെച്ചുകളയും” (യോഹന്നാൻ 13:37). പത്രൊസിനെക്കാൾ നന്നായി അവനെ അറിയാമായിരുന്ന യേശു മറുപടി പറഞ്ഞു: ''ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: നീ മൂന്നു പ്രവശ്യം എന്നെ തള്ളിപ്പറയുവോളം കോഴി കുകുകയില്ല!'' (വാ. 38). എന്നിരുന്നാലും, യേശുവിന്റെ പുനരുത്ഥാനത്തിനുശേഷം, അവനെ തള്ളിപ്പറഞ്ഞ അതേയാൾ തന്നെ ധൈര്യത്തോടെ അവനെ സേവിക്കാൻ തുടങ്ങി, ഒടുവിൽ സ്വന്തം മരണത്തിലൂടെ അവനെ മഹത്വപ്പെടുത്തുകയും ചെയ്തു (കാണുക 21:16-19).

നിങ്ങൾ ഒരു പോളികാർപ്പാണോ അതോ പത്രൊസാണോ? നമ്മളിൽ ഭൂരിഭാഗവും, സത്യസന്ധമായിപ്പറഞ്ഞാൽ, ഒരു വിശ്വാസി എന്ന നിലയിൽ സത്യസന്ധമായി സംസാരിക്കാനോ പ്രവർത്തിക്കാനോ പരാജയപ്പെടുന്നവരാണ്. അത്തരം സന്ദർഭങ്ങൾ-ഒരു ക്ലാസ് റൂമിലോ, ബോർഡ് റൂമിലോ, ബ്രേക്ക് റൂമിലോ ആകട്ടെ -അല്ല നാം ആരാണെന്നു നിർവചിക്കുന്നത്. ആ പരാജയങ്ങൾ സംഭവിക്കുമ്പോൾ, നാം പ്രാർത്ഥനാപൂർവ്വം നമ്മെത്തന്നെ പൊടിതട്ടിയെടുത്ത് നമുക്കുവേണ്ടി മരിക്കുകയും നമുക്കുവേണ്ടി ജീവിക്കുകയും ചെയ്ത യേശുവിലേക്ക് തിരിയണം. അവനോട് വിശ്വസ്തരായിരിക്കാനും ദുഷ്‌കരമായ സ്ഥലങ്ങളിൽ ദിവസവും അവനുവേണ്ടി ധൈര്യത്തോടെ ജീവിക്കാനും അവൻ നമ്മെ സഹായിക്കും.

ദൈവത്തിന്റെ കൈയെത്തും ദൂരത്ത്

ഒരു ഉദ്യോഗസ്ഥൻ എന്നെ പരിശോധിച്ചനന്തരം, ഞാൻ കൗണ്ടി ജയിലിൽ കയറി സന്ദർശക രേഖയിൽ ഒപ്പിട്ടു, തിരക്കേറിയ ലോബിയിൽ കാത്തിരുന്നു. കൊച്ചുകുട്ടികൾ കാത്തിരിപ്പിനെക്കുറിച്ച് പരാതി പറയുകയും മുതിർന്നവർ വിറകൊള്ളുകയും നെടുവീർപ്പിടുകയും ചെയ്യുന്നതും നോക്കി ഞാൻ നിശബ്ദമായി പ്രാർത്ഥിച്ചു. ഒരു മണിക്കൂറിനു ശേഷം, ഒരു സായുധ ഗാർഡ് എന്റേതുൾപ്പെടെ പേരുകൾ വിളിച്ചു. അദ്ദേഹം എന്റെ സംഘത്തെ ഒരു മുറിയിലേക്ക് കൊണ്ടുപോയി, ഞങ്ങൾക്ക് നിശ്ചയിച്ചിരുന്ന കസേരകൾക്കുനേരെ ആംഗ്യം കാണിച്ചു. കട്ടികൂടിയ ചില്ലു ജനലിന്റെ മറുവശത്തെ കസേരയിലിരുന്ന് എന്റെ ഭർത്താവിന്റെ മുൻ ഭാര്യയിലെ മകൻ ടെലിഫോൺ റിസീവർ എടുത്തപ്പോൾ എന്റെ നിസ്സഹായതയുടെ ആഴം എന്നെ കീഴടക്കി. എന്നാൽ ഞാൻ കരയുമ്പോൾ, എന്റെ മകൻ ഇപ്പോഴും തന്റെ കൈയെത്തും ദൂരത്ത് തന്നെയുണ്ടെന്ന് ദൈവം എനിക്ക് ഉറപ്പുനൽകി.

139-ാം സങ്കീർത്തനത്തിൽ, ദാവീദ് ദൈവത്തോട് പറയുന്നു: “നീ എന്നെ ശോധന ചെയ്തു അറിഞ്ഞിരിക്കുന്നു; ... എന്റെ വഴികളൊക്കെയും നിനക്കു മനസ്സിലായിരിക്കുന്നു'' (വാ. 1-3). സർവ്വജ്ഞാനിയായ ദൈവത്തെക്കുറിച്ചുള്ള അവന്റെ പ്രഖ്യാപനം അവന്റെ അടുപ്പവും സംരക്ഷണവും ആഘോഷിക്കുന്നതിലേക്ക് നമ്മെ നയിക്കുന്നു (വാ. 5). ദൈവത്തിന്റെ അറിവിന്റെ വിശാലതയിലും അവന്റെ വ്യക്തിപരമായ സ്പർശനത്തിന്റെ ആഴത്തിലും മതിമറന്ന ദാവീദ് ആലങ്കാരിക ഭാഷയിൽ രണ്ട് ചോദ്യങ്ങൾ ചോദിക്കുന്നു: ''നിന്റെ ആത്മാവിനെ ഒളിച്ചു ഞാൻ എവിടേക്കു പോകും? തിരുസന്നിധി വിട്ടു ഞാൻ എവിടേക്കു ഓടും?'' (വാ. 7).

നാമോ നമ്മുടെ പ്രിയപ്പെട്ടവരോ, നമ്മെ നിരാശരും നിസ്സഹായരുമാക്കുന്ന സാഹചര്യങ്ങളിൽ അകപ്പെടുമ്പോൾ, ദൈവത്തിന്റെ കരം ശക്തവും സുസ്ഥിരവുമായി നിലകൊള്ളുന്നു. അവന്റെ സ്‌നേഹപൂർവ്വമായ വീണ്ടെടുപ്പിനായി നാം വളരെ ദൂരം സഞ്ചരിച്ചുവെന്ന് നാം ചിന്തിക്കുമ്പോഴും, നാം എപ്പോഴും അവന്റെ കൈയെത്തും ദൂരത്തു തന്നെയാണ്.