നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് വിൻ കോല്ലിഎർ

ദൈവം നമ്മെ പിടിച്ചിരിക്കുന്നു

ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ഫ്രെഡി ബ്ലോം എന്ന ഒരു മനുഷ്യന് 2018-ല്‍ 114 വയസ്സു തികഞ്ഞു. അറിയപ്പെടുന്നതില്‍ ഏറ്റവും പ്രായമുള്ള മനുഷ്യനാണദ്ദേഹം. 1904 ല്‍ ജനിച്ച അദ്ദേഹം, രണ്ടു ലോക മഹായുദ്ധങ്ങള്‍, വര്‍ണ്ണവിവേചനം, മഹാ സാമ്പത്തിക മാന്ദ്യം എന്നിവയെയെല്ലാം അതിജീവിച്ചു. തന്റെ ദീര്‍ഘായുസ്സിന്റെ രഹസ്യം ചോദിച്ചപ്പോള്‍ അദ്ദേഹം ഉള്‍വലിഞ്ഞു. നമ്മില്‍ പലരേയും പോലെ, ആരോഗ്യദായക ഭക്ഷണങ്ങളും ജീവിതചര്യകളും അദ്ദേഹം എല്ലായ്‌പ്പോഴും തിരഞ്ഞെടുത്തിട്ടില്ല. എന്നിരുന്നാലും, അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ആരോഗ്യത്തിന് ഒരു കാരണം അദ്ദേഹം പറയുന്നു: ''ഒരേയൊരു കാര്യം മാത്രമേയുള്ളൂ, അത് [ദൈവം] ആണ്. അവനാണ് സര്‍വ്വശക്തന്‍. . . അവന്‍ എന്നെ പിടിച്ചിരിക്കുന്നു.'

ശത്രുക്കളുടെ കഠിനമായ അടിച്ചമര്‍ത്തലിനു കീഴില്‍ രാഷ്ട്രം ഞെരുങ്ങിയപ്പോള്‍ ദൈവം യിസ്രായേലിനോട് സംസാരിച്ചതിന് സമാനമായ വാക്കുകളാണ് ഈ മനുഷ്യന്റെ വാക്കുകളില്‍ പ്രതിധ്വനിക്കുന്നത്. ''ഞാന്‍ നിന്നെ ശക്തീകരിക്കും ഞാന്‍ നിന്നെ സഹായിക്കും'' എന്ന് ദൈവം വാഗ്ദാനം ചെയ്തു. ''എന്റെ നീതിയുള്ള വലങ്കൈകൊണ്ടു ഞാന്‍ നിങ്ങളെ താങ്ങും'' (യെശയ്യാവ് 41:10). അവരുടെ അവസ്ഥ എത്ര നിരാശാജനകമാണെങ്കിലും, അവര്‍ക്ക് ആശ്വാസം ലഭിക്കുക അസാധ്യമാണെങ്കിലും, ദൈവം തന്റെ ജനത്തെ തന്റെ ആര്‍ദ്രമായ കരുതലില്‍ സൂക്ഷിക്കുമെന്ന് ഉറപ്പുനല്‍കി. ''ഭയപ്പെടേണ്ട, ഞാന്‍ നിന്നോടുകൂടെയുണ്ട്,'' അവന്‍ ഉറപ്പുനല്‍കി. ''ഭ്രമിച്ചുനോക്കേണ്ട, ഞാന്‍ നിന്റെ ദൈവമാകുന്നു'' (വാ. 10).

നമുക്ക് എത്ര വര്‍ഷം നല്‍കപ്പെട്ടാലും, ജീവിതത്തിലെ ബുദ്ധിമുട്ടുകള്‍ നമ്മുടെ വാതിലില്‍ മുട്ടിക്കൊണ്ടിരിക്കും. തകര്‍ന്ന ദാമ്പത്യം. കുടുംബത്തെ ഉപേക്ഷിച്ചുപോയ ഒരു കുട്ടി. ഡോക്ടറില്‍ നിന്നു കേള്‍ക്കുന്ന ഭയപ്പെടുത്തുന്ന വാര്‍ത്ത. ചിലപ്പോള്‍ പീഡനം പോലും. എന്നിരുന്നാലും, നമ്മുടെ ദൈവം നമ്മുടെ അടുത്തെത്തുകയും നമ്മെ മുറുകെ പിടിക്കുകയും ചെയ്യുന്നു. അവന്‍ നമ്മെ ശേഖരിക്കുകയും തന്റെ ശക്തവും ആര്‍ദ്രവുമായ കൈയില്‍ പിടിക്കുകയും ചെയ്യുന്നു.

ഒരുമിച്ച് കഷ്ടപ്പെടുക

ബ്രിട്ടീഷ് റോയല്‍ മറൈനില്‍നിന്നു വിരമിച്ച എഴുപതുകാരനായ ജെയിംസ് മക്ക്‌കോണല്‍ 2013-ല്‍ മരിച്ചു. മക്ക്‌കോണലിനു കുടുംബം ഉണ്ടായിരുന്നില്ല. അതിനാല്‍ അദ്ദേഹത്തിന്റെ ശവസംസ്‌കാരത്തില്‍ ആരും പങ്കെടുക്കാന്‍ ഉണ്ടാവില്ലെന്ന് അദ്ദേഹം പാര്‍ത്തിരുന്ന വൃദ്ധസദനത്തിലെ ജോലിക്കാര്‍ ഭയപ്പെട്ടു. മക്കോണലിന്റെ അനുസ്മരണ ശുശ്രൂഷയ്ക്കു നേതൃത്വം കൊടുക്കാന്‍ നിശ്ചയിച്ചിരുന്ന ഒരാള്‍ ഇപ്രകാരം ഒരു ഫേസ്ബുക്ക് സന്ദേശം പോസ്റ്റുചെയ്തു: ''ഈ ദിനത്തിലും യുഗത്തിലും, അവരുടെ കടന്നുപോകലിനെക്കുറിച്ച് വിലപിക്കാന്‍ ആരുമില്ലാതെ ഒരാള്‍ ഈ ലോകം വിട്ടുപോകേണ്ടിവരുന്നത് ദുഃഖകരമാണ്. പക്ഷേ ഈ മനുഷ്യന്‍ ഒരു കുടുംബാംഗമായിരുന്നു. . . . ആ ബന്ധം ശവക്കുഴിയിലേക്ക് വരെ നീളുന്നതാണെങ്കില്‍. . . സായുധസേനയിലെ ഈ മുന്‍ സഹോദരന് ആദരാഞ്ജലി അര്‍പ്പിക്കാന്‍, ദയവായി അവിടെ ഉണ്ടായിരിക്കാന്‍ ശ്രമിക്കുക.' ഇരുനൂറ് റോയല്‍ മറൈനുകള്‍ ശുശ്രൂഷാ ചടങ്ങുകള്‍ക്കു സാക്ഷ്യം വഹിച്ചു!

ഈ ബ്രിട്ടീഷ് സ്വദേശികള്‍, തങ്ങള്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന ബൈബിള്‍ സത്യത്തെയാണ് പ്രദര്‍ശിപ്പിച്ചത്: ''ശരീരം ഒരു അവയവമല്ല പലതത്രേ'' പൗലൊസ് പറയുന്നു (1 കൊരിന്ത്യര്‍ 12:14). നാം ഒറ്റപ്പെട്ടവരല്ല. നേരെ മറിച്ചാണ്: നാം യേശുവില്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ജൈവികമായ പരസ്പര ബന്ധം വേദപുസ്തകം വെളിപ്പെടുത്തുന്നു: ''ഒരു അവയവം കഷ്ടം അനുഭവിക്കുന്നു എങ്കില്‍ അവയവങ്ങള്‍ ഒക്കെയുംകൂടെ കഷ്ടം അനുഭവിക്കുന്നു'' (വാ. 26). ദൈവത്തിന്റെ പുതിയ കുടുംബത്തിലെ അംഗങ്ങളായ യേശുവിലുള്ള വിശ്വാസികള്‍ എന്ന നിലയില്‍, നാം പരസ്പരം വേദനയിലേക്കും ദുഃഖത്തിലേക്കും ഒറ്റയ്ക്ക് പോകാന്‍ ഭയപ്പെടുന്ന ഇരുണ്ട സ്ഥലങ്ങളിലേക്കും ഒരുമിച്ചു നീങ്ങുന്നു. നാം ഒറ്റയ്ക്കു പോകേണ്ടതില്ല എന്നതിനു നന്ദി.

ഒരുപക്ഷേ കഷ്ടതയുടെ ഏറ്റവും മോശമായ ഭാഗം എന്നു പറയുന്നത്, ഇരുട്ടില്‍ നാം തനിയെ മുങ്ങുകയാണെന്ന് തോന്നുന്നതാണ്. എന്നിരുന്നാലും, ഒരുമിച്ചു സഹിക്കാന്‍ തയ്യാറുള്ള ഒരു പുതിയ സമൂഹത്തെ ദൈവം സൃഷ്ടിക്കുന്നു. ആരും ഇരുട്ടില്‍ ഉപേക്ഷിക്കപ്പെടാത്ത ഒരു പുതിയ സമൂഹം.

പോരാട്ടം അവസാനിച്ചു. യഥാര്‍ത്ഥമായും.

രണ്ടാം ലോകമഹായുദ്ധം അവസാനിച്ച് ഇരുപത്തിയൊമ്പത് വര്‍ഷം, തന്റെ രാജ്യം കീഴടങ്ങിയെന്ന് വിശ്വസിക്കാന്‍ വിസമ്മതിച്ച ഒരു ജാപ്പനീസ് പടയാളി ഹിറൂ ഒനോഡ കാട്ടില്‍ ഒളിച്ചു താമസിച്ചു. ഫിലിപ്പീന്‍സിനു കീഴിലുള്ള ഒരു വിദൂര ദ്വീപില്‍ അമേരിക്കയുടെയും ബ്രിട്ടന്റെയും സൈന്യത്തെ നിരീക്ഷിക്കുന്നതിനായി ജാപ്പനീസ് സൈനിക നേതാക്കള്‍ അയാളെ അയച്ചതായിരുന്നു. സമാധാന ഉടമ്പടി ഒപ്പുവയ്ക്കുകയും ശത്രുത അവസാനിപ്പിക്കുകയും ചെയ്തതിനുശേഷവും അയാള്‍ ആ വിജനഭൂമിയില്‍ തുടര്‍ന്നു. 1974-ല്‍, അയാളുടെ കമാന്‍ഡിംഗ് ഓഫീസര്‍ ആ ദ്വീപിലെത്തി അയാളെ കണ്ടെത്തി വസ്തുത ബോധ്യപ്പെടുത്തിയ ശേഷമാണ് അയാള്‍ വിശ്വസിക്കാന്‍ കൂട്ടാക്കിയത്.

മൂന്നു ദശാബ്ദത്തോളം ഈ മനുഷ്യന്‍ പരിമിതമായ സാഹചര്യത്തില്‍ ഒറ്റപ്പെട്ടാണ് ജീവിച്ചിരുന്നത്, കാരണം കീഴടങ്ങാന്‍ അയാള്‍ വിസമ്മതിച്ചു - അഥവാ സംഘര്‍ഷം അവസാനിച്ചതായി വിശ്വസിക്കാന്‍ വിസമ്മതിച്ചു. നമുക്കും സമാനമായ തെറ്റ് ചെയ്യാന്‍ കഴിയും. ''യേശുക്രിസ്തുവിനോടു ചേരുവാന്‍ സ്‌നാനം ഏറ്റവരായ നാം എല്ലാവരും അവന്റെ മരണത്തില്‍ പങ്കാളികളാകുവാന്‍ സ്‌നാനം ഏറ്റിരിക്കുന്നു'' എന്ന അതിശയകരമായ സത്യം പൗലൊസ് പ്രഖ്യാപിക്കുന്നു (റോമര്‍ 6:3). ക്രൂശില്‍, ശക്തവും മാര്‍മ്മികവുമായ രീതിയില്‍, യേശു സാത്താന്റെ ഭോഷ്‌കുകളെയും മരണത്തിന്റെ ഭീകരതയെയും പാപത്തിന്റെ ദൃഢമായ പിടിത്തത്തെയും വധിച്ചു. നാം 'പാപസംബന്ധമായി മരിച്ചു' 'ദൈവത്തിനു ജീവിക്കുന്നവര്‍' (വാ. 11) ആണെങ്കിലും, തിന്മയ്ക്കാണ് ഇപ്പോഴും ശക്തി എന്ന മട്ടിലാണ് നാം പലപ്പോഴും ജീവിക്കുന്നത്. നാം പ്രലോഭനത്തിന് വഴങ്ങുന്നു, പാപത്തിന്റെ വഞ്ചനയ്ക്കു കീഴടങ്ങുന്നു. യേശുവിനെ വിശ്വസിക്കാന്‍ തയ്യാറാകാതെ ഭോഷ്‌കില്‍ ശ്രദ്ധിക്കുന്നു. പക്ഷേ, നാം കീഴടങ്ങേണ്ടതില്ല. തെറ്റായ ആഖ്യാനത്തില്‍ നാം ജീവിക്കേണ്ടതില്ല. ദൈവകൃപയാല്‍ നമുക്ക് ക്രിസ്തുവിന്റെ വിജയത്തിന്റെ യഥാര്‍ത്ഥ കഥയെ ആശ്ലേഷിക്കാന്‍ കഴിയും.

നാം ഇപ്പോഴും പാപവുമായി മല്ലടിക്കുമ്പോള്‍, യേശു യുദ്ധം ജയിച്ചുകഴിഞ്ഞു എന്ന തിരിച്ചറിവിലൂടെയാണ് വിമോചനം ലഭിക്കുന്നത്. അവിടുത്തെ ശക്തിയില്‍ നമുക്ക് ആ സത്യത്തെ ജീവിച്ചു കാണിക്കാം.

ഒരു വിശാലമായ, സമ്പൂര്‍ണ്ണമായ കൃപ

ആമസോണിന്റെ ശബ്ദ-നിയന്ത്രിത ഉപകരണമായ അലക്സയ്ക്ക് രസകരമായ ഒരു സവിശേഷതയുണ്ട്: അതിന് നിങ്ങള്‍ പറയുന്നതെല്ലാം മായ്ക്കാനാകും. നിങ്ങള്‍ അലക്‌സയോട് ചെയ്യാന്‍ ആവശ്യപ്പെട്ടതെന്തും, വീണ്ടെടുക്കാന്‍ നിങ്ങള്‍ അലക്‌സയോട് ആവശ്യപ്പെട്ട ഏത് വിവരവും ഒരു ലളിതമായ വാചകത്തിലൂടെ (''ഇന്ന് ഞാന്‍ പറഞ്ഞതെല്ലാം മായിക്കുക'') മായിച്ചുകളയുന്നു - അത് ഒരിക്കലും സംഭവിച്ചിട്ടില്ലാത്തതു പോലെ. നമ്മുടെ ജീവിതത്തിന് ഈ കഴിവ് ഇല്ലാത്തത് വളരെ മോശമാണ്. തെറ്റായി സംസാരിക്കുന്ന ഓരോ വാക്കും, നിന്ദ്യമായ ഓരോ പ്രവൃത്തിയും, മായ്ക്കാന്‍ കഴിഞ്ഞെങ്കിലെന്ന് നമ്മള്‍ ആഗ്രഹിക്കുന്ന ഓരോ നിമിഷവും - നാം ഒരു കല്‍പ്പന കൊടുക്കുക മാത്രമേ വേണ്ടൂ, മുഴുവന്‍ കുഴപ്പങ്ങളും അപ്രത്യക്ഷമാകും.

എങ്കിലും ഒരു നല്ല വാര്‍ത്തയുണ്ട്. ദൈവം നമ്മില്‍ ഓരോരുത്തര്‍ക്കും സംശുദ്ധമായ തുടക്കം വാഗ്ദാനം ചെയ്യുന്നു. നമ്മുടെ തെറ്റുകള്‍ അല്ലെങ്കില്‍ മോശം പെരുമാറ്റം ഇല്ലാതാക്കുന്നതിനേക്കാള്‍ വളരെ ആഴത്തിലാണ് അവിടുന്ന് ചെയ്യുന്നത്. ദൈവം വീണ്ടെടുപ്പ് നല്‍കുന്നു, ആഴത്തിലുള്ള രോഗശാന്തി നമ്മെ രൂപാന്തരപ്പെടുത്തുകയും പുതിയവരാക്കുകയും ചെയ്യുന്നു. ''ഞാന്‍ നിങ്ങളെ വീണ്ടെടുത്തിരിക്കുന്നു'' (യെശയ്യാവ് 44:22) . യിസ്രായേല്‍ മത്സരിക്കുകയും അനുസരണക്കേട് കാണിക്കുകയും ചെയ്‌തെങ്കിലും, ദൈവം അവരെ വളരെ കരുണയോടെ സമീപിച്ചു. 'ഞാന്‍ കാര്‍മുകിലിനെപ്പോലെ നിന്റെ ലംഘനങ്ങളെയും മേഘത്തെപ്പോലെ നിന്റെ പാപങ്ങളെയും മായിച്ചുകളയുന്നു'' (വാ. 22). അവരുടെ ലജ്ജയും പരാജയങ്ങളും എല്ലാം അവന്‍ ശേഖരിക്കുകയും തന്റെ വിശാലമായ കൃപയാല്‍ അവരെ കഴുകുകയും ചെയ്തു.

നമ്മുടെ പാപവും ഭോഷത്തവും ദൈവം ഇതുപോലെ നീക്കിക്കളയും. അവന് പരിഹരിക്കാനാകാത്ത തെറ്റില്ല, അവനു സുഖപ്പെടുത്താനാകാത്ത മുറിവില്ല. ദൈവത്തിന്റെ കരുണ നമ്മുടെ ആത്മാവിലെ ഏറ്റവും വേദനാജനകമായ സ്ഥലങ്ങളെ സുഖപ്പെടുത്തുകയും വീണ്ടെടുക്കുകയും ചെയ്യുന്നു - ദീര്‍ഘകാലമായി നാം മറച്ചുവെച്ചിരിക്കുന്നവയെ പോലും. അവന്റെ കരുണ നമ്മുടെ കുറ്റബോധം ഇല്ലാതാക്കുന്നു, എല്ലാ ഖേദവും കഴുകിക്കളയുന്നു.

യഥാര്‍ത്ഥ താഴ്മയുള്ളവന്‍, യഥാര്‍ത്ഥ മഹത്വവാന്‍

ഇംഗ്ലണ്ട് കീഴടങ്ങാന്‍ സാധ്യതയില്ലാതെ അമേരിക്കന്‍ വിപ്ലവം അവസാനിക്കുന്ന ഘട്ടം വന്നപ്പോള്‍, അനേക രാഷ്ട്രീയക്കാരും സൈനിക നേതാക്കളും ജനറല്‍ ജോര്‍ജ്ജ് വാഷിംഗ്ടണിനെ ഒരു പുതിയ രാജാവാക്കാന്‍ ശ്രമിച്ചു. സമ്പൂര്‍ണ്ണ അധികാരം കൈപ്പിടിയിലാകുമ്പോള്‍ വാഷിംഗ്ടണ്‍ തന്റെ വിമോചനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ആദര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുമോ എന്ന് ലോകം ഉറ്റുനോക്കി ആശ്ചര്യപ്പെട്ടു. എന്നിരുന്നാലും ഇംഗ്ലണ്ടിലെ രാജാവ് ജോര്‍ജ്ജ് മൂന്നാമന്‍ മറ്റൊരു യാഥാര്‍ത്ഥ്യം കണ്ടു. വാഷിംഗ്ടണ്‍ അധികാരത്തിനുള്ള സമ്മര്‍ദ്ദത്തെ ചെറുക്കുകയും തന്റെ വിര്‍ജീനിയയിലെ തന്റെ ഫാമിലേക്ക് മടങ്ങുകയും ചെയ്താല്‍ അദ്ദേഹം ''ലോകത്തിലെ ഏറ്റവും വലിയ മനുഷ്യന്‍'' ആയിരിക്കുമെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടു. അധികാരത്തോടുള്ള മോഹത്തെ ചെറുക്കുന്നതില്‍ പ്രകടമാകുന്ന മഹത്വമാണ് യഥാര്‍ത്ഥ കുലീനതയുടെയും പ്രാധാന്യത്തിന്റെയും അടയാളമെന്ന് രാജാവിന് അറിയാമായിരുന്നു.

പൗലൊസ് ഇതേ സത്യം അറിയുകയും ക്രിസ്തുവിന്റെ താഴ്മയുടെ വഴി പിന്തുടരാന്‍ നമ്മെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. യേശു ''ദൈവരൂപത്തില്‍'' ആയിരുന്നിട്ടും, ''ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളണം എന്ന് വിചാരിച്ചില്ല'' (ഫിലിപ്പിയര്‍ 2:6). പകരം, അവന്‍ തന്റെ അധികാരം അടിയറവെച്ച് ഒരു 'ദാസനായി'', 'തന്നെത്താന്‍
താഴ്ത്തി മരണത്തോളം ... അനുസരണമുള്ളവനായിത്തീര്‍ന്നു'' (വാ. 7-8). എല്ലാ അധികാരവും വഹിച്ചവന്‍ സ്‌നേഹം നിമിത്തം അതിന്റെ ഓരോ ഭാഗവും അടിയറവെച്ചു.

എന്നിട്ടും, ആത്യന്തികമായി, ദൈവം ക്രിസ്തുവിനെ ഒരു കുറ്റവാളിയുടെ കുരിശില്‍ നിന്ന് ''ഏറ്റവും ഉയര്‍ത്തി'' (വാ. 9). നമ്മുടെ സ്തുതി ആവശ്യപ്പെടാനോ അനുസരണമുള്ളവരായിരിക്കാന്‍ നമ്മെ നിര്‍ബന്ധിക്കാനോ കഴിയുന്ന യേശു, നമ്മുടെ ആരാധനയും ഭക്തിയും നേടത്തക്കനിലയില്‍ അവിശ്വസനീയമായ ഒരു പ്രവൃത്തിയിലൂടെ തന്റെ അധികാരം സമര്‍പ്പിച്ചു. ആത്യന്തിക താഴ്മയിലൂടെ, ലോകത്തെ കീഴ്‌മേല്‍ മറിച്ചുകൊണ്ട് യേശു തന്റെ യഥാര്‍ത്ഥ മഹത്വം വെളിപ്പെടുത്തി.

അസാധ്യമായ ക്ഷമ

അമ്പതിനായിരത്തോളം സ്ത്രീകളെ നാസികള്‍ കൂട്ടക്കൊല ചെയ്ത റാവന്‍സ്ബ്രൂക്ക് തടങ്കല്‍പ്പാളയത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ചുരുട്ടിക്കൂട്ടിയ നിലയില്‍ താഴെപ്പറയുന്ന പ്രാര്‍ത്ഥന വിമോചനപ്പടയാളികള്‍ കണ്ടെത്തി: 'കര്‍ത്താവേ, സല്‍സ്വഭാവമുള്ള പുരുഷന്മാരെയും സ്ത്രീകളെയും മാത്രമല്ല, ദുഷ്ടന്മാരെയും ഓര്‍ക്കുക. എന്നാല്‍ അവര്‍ ഞങ്ങളില്‍ വരുത്തിയ കഷ്ടതകളെ ഓര്‍ക്കരുത്. ഈ കഷ്ടപ്പാടുകള്‍ വരുത്തിയ ഫലങ്ങള്‍ ഓര്‍ക്കുക - ഞങ്ങളുടെ സഖിത്വം, വിശ്വസ്തത, വിനയം, ധൈര്യം, ഔദാര്യം, ഹൃദയത്തിന്റെ മഹത്വം എന്നിവ ഇതില്‍ നിന്ന് വളര്‍ന്നു. അവര്‍ ന്യായവിധിയില്‍ വരുമ്പോള്‍, നാം പുറപ്പെടുവിച്ച ഫലങ്ങളെല്ലാം അവരുടെ പാപമോചനമായിരിക്കട്ടെ.'

ഈ പ്രാര്‍ത്ഥന എഴുതിയ ഭീതിതയായ സ്ത്രീ അനുഭവിച്ച ഭയവും വേദനയും എനിക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. ഈ വാക്കുകള്‍ എഴുതാന്‍ അവള്‍ക്ക് എന്ത് തരത്തിലുള്ള വിശദീകരിക്കാനാവാത്ത കൃപ ആവശ്യമാണെന്ന് എനിക്ക് ഊഹിക്കാനാവില്ല. അവള്‍ അചിന്തനീയമായത് ചെയ്തു: പീഡിപ്പിച്ചവര്‍ക്കുവേണ്ടി അവള്‍ ദൈവത്തിന്റെ പാപക്ഷമയ്ക്ക് അപേക്ഷിച്ചു.

ഈ പ്രാര്‍ത്ഥന ക്രിസ്തുവിന്റെ പ്രാര്‍ത്ഥനയെ പ്രതിധ്വനിക്കുന്നു. ജനങ്ങളുടെ മുമ്പാകെ തെറ്റായി ആരോപിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും അടിയേല്‍ക്കുകയും അപമാനിക്കപ്പെടുകയും ചെയ്തശേഷം യേശുവിനെ ''അവനെയും ദുഷ്പ്രവൃത്തിക്കാരെയും, ഒരുത്തനെ വലത്തും ഒരുത്തനെ ഇടത്തുമായി, ക്രൂശിച്ചു' (ലൂക്കൊസ് 23:33). പരുക്കന്‍ മരക്കുരിശില്‍ മുറിവേറ്റു വികൃതമായ ശരീരത്തോടെ ശ്വാസോച്ഛ്വാസത്തിനു ബുദ്ധിമുട്ടി തൂങ്ങിക്കിടക്കുന്ന യേശു തന്നെ പീഡിപ്പിക്കുന്നവരോട് ന്യായവിധി പ്രഖ്യാപിക്കുമെന്നും പ്രതികാരം അല്ലെങ്കില്‍ ദിവ്യനീതി തേടുമെന്നും ഞാന്‍ പ്രതീക്ഷിച്ചു. എന്നിരുന്നാലും, എല്ലാ മനുഷ്യരുടെയും പ്രേരണയ്ക്ക് വിരുദ്ധമായ ഒരു പ്രാര്‍ത്ഥന യേശു പറഞ്ഞു: ''പിതാവേ, ഇവര്‍ ചെയ്യുന്നത് ഇന്നത് എന്ന് അറിയായ്കകൊണ്ട് ഇവരോട് ക്ഷമിക്കണമേ'' (വാ. 34).

യേശു നല്‍കുന്ന പാപമോചനം അസാധ്യമാണെന്ന് തോന്നാം പക്ഷേ അവിടുന്ന് അത് നമുക്ക് വാഗ്ദാനം ചെയ്യുന്നു. അവന്റെ ദിവ്യകൃപയില്‍, അസാധ്യമായ പാപമോചനം സൗജന്യമായി ലഭിക്കുന്നു.

വെള്ളത്തിലൂടെ

ദി ഫ്രീ സ്റ്റേറ്റ് ഓഫ് ജോണ്‍സ് എന്ന സിനിമ, യുഎസ് ആഭ്യന്തര യുദ്ധകാലത്ത് ഐക്യ സൈന്യത്തെ സഹായിക്കുകയും യുദ്ധാനന്തരം അടിമകളെ സൂക്ഷിച്ചവരോട് എതിരിടുകയും ചെയ്ത ന്യൂട്ടണ്‍ നൈറ്റിന്റെയും സൈന്യത്തില്‍ നിന്ന് പലായനം ചെയ്ത ചിലരുടെയും കഥപറയുന്നു. പലരും നൈറ്റിനെ വീരനായകനായി പ്രഖ്യാപിച്ചു, എന്നാല്‍ രണ്ട് അടിമകളാണ് ആദ്യം തന്റെ ജീവന്‍ രക്ഷിച്ചത്. അവര്‍ അവനെ ആളൊഴിഞ്ഞ ചതുപ്പുനിലത്തേക്ക് കൊണ്ടുപോകുകയും കോണ്‍ഫെഡറേറ്റ് സേനയില്‍ നിന്ന് ഓടിപ്പോകുമ്പോള്‍ കാലിനേറ്റ പരിക്ക് വച്ചുകെട്ടുകയും ചെയ്തു. അവര്‍ അവനെ ഉപേക്ഷിച്ചിരുന്നുവെങ്കില്‍, അവന്‍ മരിക്കുമായിരുന്നു.
യെഹൂദയിലെ ജനങ്ങള്‍ മുറിവേറ്റവരും നിരാശരും ശത്രുക്കളെ അഭിമുഖീകരിച്ചവരും നിസ്സഹായരുമായിരുന്നു. യിസ്രായേലിനെ അശ്ശൂര്‍ കീഴടക്കി, ഒരു ദിവസം അവരെ (യെഹൂദയെ) ഒരു ശത്രു - ബാബിലോണ്‍- കീഴടക്കുമെന്ന് യെശയ്യാവ് പ്രവചിച്ചു. യെഹൂദയ്ക്ക് തങ്ങളെ സഹായിക്കുകയും ഉപേക്ഷിക്കാതെ രക്ഷിക്കുകയും ചെയ്യുന്ന ഒരു ദൈവത്തെ ആവശ്യമായിരുന്നു. അതിനാല്‍, ''ഭയപ്പെടേണ്ട, ഞാന്‍ നിങ്ങളോടുകൂടെയുണ്ട്'' (യെശയ്യാവു 43:5) എന്ന ദൈവത്തിന്റെ ഉറപ്പ് ആളുകള്‍ കേട്ടപ്പോള്‍ അവര്‍ക്കുണ്ടായ പ്രത്യാശയെക്കുറിച്ച് സങ്കല്‍പ്പിക്കുക. ഏത് വിപത്ത് അവര്‍ക്കു നേരിട്ടാലും കഷ്ടത അവര്‍ സഹിച്ചാലും അവന്‍ അവരോടൊപ്പം ഉണ്ടായിരിക്കും. അവന്‍ അവരോടൊപ്പം ''വെള്ളത്തിലൂടെ കടക്കും'', അവരെ സുരക്ഷിതത്വത്തിലേക്ക് നയിക്കും (വാ. 2). അവന്‍ അവരോടൊപ്പം ''തീയിലൂടെ നടക്കുകയും'' കത്തുന്ന അഗ്‌നിജ്വാലയില്‍ അവരെ സഹായിക്കുകയും ചെയ്യും (വാ. 2).
തിരുവെഴുത്തിലുടനീളം, ദൈവം തന്റെ ജനത്തോടൊപ്പമുണ്ടാകുമെന്നും, നമ്മെ പരിപാലിക്കുമെന്നും നയിക്കുമെന്നും, ജീവിതത്തിലായാലും മരണത്തിലായാലും ഒരിക്കലും നമ്മെ കൈവിടില്ലെന്നും വാഗ്ദാനം ചെയ്യുന്നു. നിങ്ങള്‍ പ്രയാസകരമായ സ്ഥലങ്ങളിലൂടെ കടന്നുപോകുമ്പോഴും ദൈവം നിങ്ങളോടൊപ്പമുണ്ട്. വെള്ളത്തിലൂടെ കടന്നുപോകാന്‍ അവന്‍ നിങ്ങളെ സഹായിക്കും.

നമ്മുടെ ആഴമായ ആഗ്രഹങ്ങള്‍

ഒരു ചെറുപ്പക്കാരനെന്ന നിലയില്‍, ആവശ്യത്തിന് പണമില്ലെന്ന് ഡാനിയേല്‍ ഭയപ്പെട്ടിരുന്നു, അതിനാല്‍ ഇരുപതുകളുടെ തുടക്കത്തില്‍ അദ്ദേഹം തന്റെ ഭാവി കെട്ടിപ്പടുക്കാന്‍ തുടങ്ങി. ഒരു പ്രശസ്ത കമ്പ്യൂട്ടര്‍ കമ്പനിയില്‍ പടിപടിയായി ഉയര്‍ന്ന ഡാനിയേല്‍ ധാരാളം സമ്പത്ത് നേടി. അവന് ഒരു വലിയ ബാങ്ക് അക്കൗണ്ട്, ഒരു ആഢംബര കാര്‍, കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ഒരു വീട് എന്നിവ ഉണ്ടായിരുന്നു. താന്‍ ആഗ്രഹിച്ചതെല്ലാം അവനു ലഭിച്ചു, എന്നിട്ടും അവന്‍ അടിസ്ഥാനപരമായി അസന്തുഷ്ടനായിരുന്നു. ''എനിക്ക് ഉത്കണ്ഠയും അസംതൃപ്തിയും തോന്നി,'' ഡാനിയേല്‍ പറഞ്ഞു. ''വാസ്തവത്തില്‍, സമ്പത്ത് യഥാര്‍ത്ഥത്തില്‍ ജീവിതത്തെ കൂടുതല്‍ വഷളാക്കും.'' പണത്തിന്റെ കൂമ്പാരം സൗഹൃദമോ സമൂഹത്തെയോ സന്തോഷമോ നല്‍കിയില്ല - മറിച്ച് പലപ്പോഴും അയാള്‍ക്ക് കൂടുതല്‍ ഹൃദയവേദനയുണ്ടാക്കുകയും ചെയ്തു.
ചില ആളുകള്‍ തങ്ങളുടെ ജീവിതം സുരക്ഷിതമാക്കാനായി സമ്പത്ത് സ്വരൂപിക്കുന്നതിന് വളരെയധികം ഊര്‍ജ്ജം ചെലവഴിക്കും. ഇതൊരു വിഡ്ഢിയുടെ കളിയാണ്. ''ദ്രവ്യപ്രിയന് ഒരുനാളും തൃപ്തി വരുന്നില്ല,'' എന്നു തിരുവെഴുത്ത് തറപ്പിച്ചു പറയുന്നു (സഭാപ്രസംഗി 5:10). ചിലര്‍ അസ്ഥി നുറുങ്ങും വരെ പ്രവര്‍ത്തിക്കും. അവര്‍ പരിശ്രമിക്കുകയും മുന്നോട്ടായുകയും ചെയ്യും, അവരുടെ സമ്പത്തിനെ മറ്റുള്ളവരുടേതുമായി താരതമ്യപ്പെടുത്തുകയും ചില സാമ്പത്തിക നിലവാരം കൈവരിക്കാന്‍ ശ്രമിക്കുകയും ചെയ്യും. അവര്‍ ആഗ്രഹിച്ച സാമ്പത്തിക സ്വാതന്ത്ര്യം നേടിയാലും, അവര്‍ ഇപ്പോഴും തൃപ്തരല്ല. അതു പോരാ. സഭാപ്രസംഗിയുടെ എഴുത്തുകാരന്‍ പറയുന്നതുപോലെ, ''അതു മായയത്രേ'' (വാക്യം 10).
ദൈവത്തെക്കൂടാതെ സാക്ഷാത്ക്കാരം കണ്ടെത്താന്‍ ശ്രമിക്കുന്നത് നിരര്‍ത്ഥകമാകുമെന്നതാണ് സത്യം. കഠിനാധ്വാനം ചെയ്യാനും നമ്മുടെ നന്മകള്‍ ലോകത്തിന്റെ നന്മയ്ക്കായി ഉപയോഗിക്കാനും തിരുവെഴുത്ത് നമ്മെ വിളിക്കുമ്പോള്‍, നമ്മുടെ ആഴമേറിയ ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്താന്‍ തക്കവിധം നമുക്ക് ഒരിക്കലും ശേഖരിക്കാനാവില്ല. യേശു മാത്രമാണ് യഥാര്‍ത്ഥവും സംതൃപ്തിദായകവുമായ ഒരു ജീവിതം വാഗ്ദാനം ചെയ്യുന്നത് (യോഹന്നാന്‍ 10:10) - ഒരു സ്നേഹസമ്പന്നമായ ബന്ധത്തെ അടിസ്ഥാനമാക്കിയുള്ള ഒന്ന്, അതു ധാരാളമാണ്!

രക്ഷ കാണുക

അമ്പത്തിമൂന്നാം വയസ്സില്‍, ബിസിനസും രാജ്യവും ഉപേക്ഷിച്ച് അഭയം തേടി ഒരു പുതിയ ദേശത്തേക്ക് യാത്ര ചെയ്യുന്ന ഒരു കൂട്ടം ആളുകളോടൊപ്പം ചേരുന്ന കാര്യം സോണിയ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അക്രമി സംഘം അവളുടെ അനന്തരവനെ കൊല്ലുകയും പതിനേഴു വയസ്സുള്ള മകനെ തങ്ങളുടെ സംഘത്തില്‍ ചേരാന്‍ നിര്‍ബന്ധിക്കയും ചെയ്തപ്പോള്‍ രക്ഷപ്പെടലാണ് തന്റെ ഏക പോംവഴിയെന്ന് സോണിയയ്ക്ക് തോന്നി. ''ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു. . . . ആവശ്യമായതെല്ലാം ഞാന്‍ ചെയ്യും,'' സോണിയ വിശദീകരിച്ചു. ''ഞാനും എന്റെ മകനും പട്ടിണി മൂലം മരിക്കാതിരിക്കാന്‍ ഞാന്‍ എന്തും ചെയ്യും. . . ഒരു ബാഗിലോ കനാലിലോ അവസാനിക്കുന്നതിനേക്കാള്‍ അവന്‍ ഇവിടെ കഷ്ടപ്പെടുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.'

സോണിയയോടും മകനോടും ബൈബിളിന് എന്തെങ്കിലും പറയാനുണ്ടോ - അനീതിയും നാശവും അനുഭവിച്ച അനേകരോട്? യോഹന്നാന്‍ സ്‌നാപകന്‍ യേശുവിന്റെ വരവ് പ്രഖ്യാപിച്ചപ്പോള്‍, അവന്‍ സോണിയയോട്, നമ്മോട്, ലോകത്തോട് ഒരു സന്തോഷവാര്‍ത്ത അറിയിച്ചു. ''കര്‍ത്താവിനുള്ള വഴി ഒരുക്കുക'' എന്ന് യോഹന്നാന്‍ പ്രഖ്യാപിച്ചു (ലൂക്കൊസ് 3:4). യേശു വരുമ്പോള്‍ ദൈവം ശക്തവും സമഗ്രവുമായ ഒരു രക്ഷാപ്രവര്‍ത്തനം നടത്തുമെന്ന് അവന്‍ ഊന്നിപ്പറഞ്ഞു. ഈ രക്ഷാപ്രവര്‍ത്തനത്തിനുള്ള വേദപുസ്തക വാക്ക് ആണ രക്ഷ

രക്ഷ നമ്മുടെ പാപപങ്കില ഹൃദയങ്ങളുടെ സൗഖ്യവും - ഒരു ദിവസം - ലോകത്തിലെ എല്ലാ തിന്മകളുടെയും സൗഖ്യവും ഉള്‍ക്കൊള്ളുന്നു. ദൈവത്തിന്റെ രൂപാന്തരീകരണ ജോലി എല്ലാ കഥകള്‍ക്കും ഓരോ മനുഷ്യവ്യവസ്ഥയ്ക്കും ഓരോ വ്യക്തിക്കും വേണ്ടിയുള്ളതാണ. ''സകല ജഡവും ദൈവത്തിന്റെ രക്ഷയെ കാണും,'' യോഹന്നാന്‍ പറഞ്ഞു (വാ. 6).

നാം എന്ത് തിന്മ നേരിട്ടാലും, നാം ദൈവത്തിന്റെ രക്ഷ കാണുമെന്ന് ക്രിസ്തുവിന്റെ ക്രൂശും പുനരുത്ഥാനവും നമുക്ക് ഉറപ്പുനല്‍കുന്നു. ഒരു ദിവസം നാം അവന്റെ അന്തിമ വിമോചനം അനുഭവിക്കും.

നമ്മുടെ കൂട്ടില്‍ നിന്നും മോചിക്കപ്പെടുക

പുറത്തു നടക്കാന്‍പോകുമ്പോള്‍, മിക്ക രാത്രിയിലും തന്റെ നാല് നായ്ക്കളുമായി നടക്കുന്ന ഒരാളെ ഞാന്‍ കണ്ടിട്ടുണ്ട്. നായ്ക്കളില്‍ മൂന്നെണ്ണം കുതിച്ചോടും, എന്നാല്‍ ഒന്ന് അതിന്റെ ഉടമസ്ഥന്റെ അടുത്തു തന്നെ വട്ടത്തില്‍ ഓടിക്കൊണ്ടിരിക്കും. ഒടുവില്‍ ഞാന്‍ അദ്ദേഹത്തെ സമീപിച്ച് ഈ വിചിത്രമായ പെരുമാറ്റത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ഒരു കൂട്ടില്‍ പൂട്ടിയിട്ടിരുന്ന ഈ നായയെക്കുറിച്ചു വിശദീകരിച്ചു. ഒരു ഇടുങ്ങിയ കൂട്ടില്‍ ആണ് താന്‍ ഇപ്പോഴും എന്നതുപോലെ നായ വട്ടത്തില്‍ ഓടുന്നത് തുടര്‍ന്നു.

ദൈവം നമ്മെ രക്ഷിക്കുന്നില്ലെങ്കില്‍ നാം കുടുങ്ങിക്കിടക്കുകയാണെന്നും പ്രതീക്ഷയറ്റവരാണെന്നും തിരുവെഴുത്തു വെളിപ്പെടുത്തുന്നു. സങ്കീര്‍ത്തനക്കാരന്‍ ഒരു ശത്രുവിനാല്‍ പീഡിപ്പിക്കപ്പെടുന്നതിനെക്കുറിച്ചും ''മരണത്തിന്റെ കെണിയില്‍'' ''മരണ പാശങ്ങളാല്‍'' വലയം ചെയ്യപ്പെടുന്നതിനെക്കുറിച്ചും സംസാരിച്ചു (സങ്കീ. 18:4-5). അടയ്ക്കപ്പെട്ട് ചങ്ങലയിലകപ്പെട്ട അവന്‍ സഹായത്തിനായി ദൈവത്തോട് നിലവിളിച്ചു (വാ. 6). ഇടിമുഴക്കത്തോടെ അവന്‍ ഇറങ്ങിവന്നു ''കൈനീട്ടി എന്നെ പിടിച്ചു' (വാ. 16).

നമുക്കുവേണ്ടിയും അങ്ങനെ ചെയ്യാന്‍ ദൈവത്തിന് കഴിയും. ചങ്ങലകള്‍ തകര്‍ക്കാനും നമ്മുടെ കൂടുകളില്‍ നിന്ന് നമ്മെ മോചിപ്പിക്കാനും അവനു കഴിയും. നമ്മെ സ്വതന്ത്രരാക്കാനും ''വിശാലമായ സ്ഥലത്തേക്ക്'' കൊണ്ടുപോകാനും അവനു കഴിയും (വാ. 19). അവന്‍ അങ്ങനെ ചെയ്തതിനുശേഷവും ഇപ്പോഴും നാം നമ്മുടെ പഴയ തടവറയില്‍ ആണെന്ന ചിന്തയില്‍ ചെറിയ വൃത്തങ്ങളില്‍ ഓടിക്കൊണ്ടിരിക്കുന്നത് എത്ര സങ്കടകരമാണ്. അവന്റെ ശക്തിയില്‍, നാം ഇനി ഭയം, ലജ്ജ, പീഡനം എന്നിവയാല്‍ ബന്ധിക്കപ്പെടരുത്. മരണത്തിന്റെ കൂടുകളില്‍ നിന്ന് ദൈവം നമ്മെ രക്ഷിച്ചു. നമുക്ക് സ്വതന്ത്രരായി ഓടാന്‍ കഴിയും.