ദൈവ കേന്ദ്രീകൃതം
വിവാഹ മോതിരങ്ങൾക്കായി ഞാൻ ഷോപ്പിംഗ് നടത്തുമ്പോൾ, കൃത്യമായ ഡയമണ്ട് ലഭിക്കുന്നതിനായി ഞാൻ മണിക്കൂറുകളോളം ചെലവഴിച്ചു. ഏറ്റവും മികച്ചത് നഷ്ടപ്പെട്ടാൽ എന്ത് ചെയ്യും എന്ന ചിന്ത എന്നെ അലട്ടി.
സാമ്പത്തിക മനശാസ്തജ്ഞൻ ബാരി ഷ്വാർട്സിന്റെ ഭാഷയിൽ പറഞ്ഞാൽ, എന്റെ വിട്ടുമാറാത്ത തീരുമാനമില്ലായ്മ സൂചിപ്പിക്കുന്നത്, ഒരു "തൃപ്തൻ" ആയിരിക്കേണ്ടതിന് പകരം ഞാനൊരു "അതൃപ്തൻ" ആണെന്നാണ്. തൃപ്തിയുള്ളവൻ തന്റെ തീരുമാനങ്ങൾ, ആവശ്യങ്ങൾക്ക് അനുസരണമായിട്ടാണ് എടുക്കുക. എന്നാൽ അതൃപ്തനോ? താൻ എപ്പോഴും ഏറ്റവും നല്ല തിരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട് എന്ന് ചീന്തിക്കുന്നു. തിരഞ്ഞെടുപ്പുക്കുവാൻ നിരവധി ഉള്ളപ്പോഴും തീരുമാനം എടുക്കുവാൻ ആവാത്തതിന്റെ ഫലം ഉത്കണ്ഠ, വിഷാദം, പിന്നെ അതൃപ്തി എന്നിവയായിരിക്കും. സാമൂഹ്യശാസ്ത്രജ്ഞർ ഈ പ്രതിഭാസത്തിന് ഒരു പേര് നൽകിയിട്ടുണ്ട്: നഷ്ടപ്പെടുമോ എന്ന ഭയം.
ദൈവവചനത്തിൽ "തൃപ്തൻ" എന്നോ "അതൃപ്തൻ" എന്നോ ഉള്ള വാക്കുകൾ നാം കാണുകയില്ലായിരിക്കാം. എന്നാൽ നാം ഇതിനു സമാനമായ ഒരു ആശയം കാണുന്നു. തിമൊഥെയൊസിനെഴുതിയ ഒന്നാം ലേഖനത്തിൽ, ഈ ലോകത്തിലെ വസ്തുക്കൾക്കുപരിയായി ദൈവത്തിൽ മൂല്യം കണ്ടെത്തുവാൻ പൗലോസ് തിമൊഥെയൊസിനോട് ആഹ്വാനം ചെയ്യുന്നു. ലോകത്തിന്റെ വാഗ്ദാനങ്ങൾ പൂർണ്ണമായും പൂർത്തീകരിക്കാറില്ല. പകരം ദൈവത്തിൽ തന്റെ അസ്തിത്വം കണ്ടെത്തുവാൻ പൗലോസ് തിമോഥെയോസിനോട് പറയുന്നു: "അലംഭാവത്തോടുകൂടിയ ദൈവഭക്തി വലുതായ ആദായം ആകുന്നുതാനും" (1 തിമൊഥെയൊസ് 6:6). "ഉണ്മാനും ഉടുപ്പാനും ഉണ്ടെങ്കിൽ മതി എന്നു നാം വിചാരിക്ക" (വാ.8) എന്ന വാക്യത്തിൽ പൗലോസ് ഒരു തൃപ്തനായ വ്യക്തിയെപ്പോലെ സംസാരിക്കുന്നു.
ഈ ലോകം വാഗ്ദാനം ചെയ്യുന്ന അസംഖ്യം വഴികളിൽ ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, ഞാൻ വിശ്രമമില്ലാത്തവനും അതൃപ്തനുമായി മാറുന്നു. എന്നാൽ ദൈവത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും അതൃപ്തതിയുടെ അവസ്ഥയെ ഉപേക്ഷിക്കുകയും ചെയ്യുമ്പോൾ, എന്റെ ആത്മാവ് യഥാർത്ഥ തൃപ്തിയും വിശ്രമവും അറിയുന്നു.
നമുക്കായി ഒരു സ്ഥലം ഒരുക്കുന്നു
ഞങ്ങളുടെ കുടുംബം ഒരു നായക്കുട്ടിയെ കൊണ്ടുവരാൻ പദ്ധതിയിടുകയായിരുന്നു, അതിനാൽ എന്റെ പതിനൊന്നു വയസ്സുള്ള മകൾ മാസങ്ങളോളം ഗവേഷണം നടത്തി. നായ എന്താണ് കഴിക്കേണ്ടതെന്നും അതിനെ ഞങ്ങളുടെ പുതിയ വീട്ടിൽ എങ്ങനെ അവതരിപ്പിക്കണമെന്നും അവൾക്ക് അറിയാമായിരുന്നു. മിച്ചമുള്ള ഒരു കിടപ്പുമുറി അതിനായിഅവൾ ശ്രദ്ധാപൂർവ്വം തയ്യാറാക്കി. എന്റെ മകളുടെ ആനന്ദം നിറഞ്ഞ തയ്യാറെടുപ്പ് വളരെ വിപുലമായിരുന്നു.
ഒരു നായക്കുട്ടിക്കു വേണ്ടിയുള്ള തന്റെ ആകാംക്ഷനിറഞ്ഞ ചിന്തകൾ, സ്നേഹം നിറഞ്ഞ ഒരുക്കത്തിലേക്ക് എന്റെ മകളെ നയിച്ച വിധം, തന്റെ ജനവുമായി ജീവിതം പങ്കിടാനുള്ള ക്രിസ്തുവിന്റെ ആഗ്രഹവും അവർക്കായി ഒരു വീട് ഒരുക്കുമെന്ന തന്റെ വാഗ്ദാനവും എന്നെ ഓർമിപ്പിച്ചു. തന്റെ ഭൂമിയിലെ ശുശ്രൂഷയുടെ അന്ത്യത്തോടടുത്ത് യേശു തന്റെ ശിഷ്യൻമാരോട് "ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ" (യോഹന്നാൻ 14:1) എന്നു പറഞ്ഞ് അവരെ പ്രചോദിപ്പിക്കുന്നുണ്ട്. എന്നിട്ട് (താൻ) ഇരിക്കുന്ന ഇടത്തു (അവരും) ഇരിക്കേണ്ടതിന് (അവർക്കു) സ്ഥലം ഒരുക്കുവാൻ പോകുന്നു (വാ.3) എന്നു വാഗ്ദത്തം ചെയ്തു.
ശിഷ്യൻമാർ താമസിയാതെ കഷ്ടതകൾ നേരിടും. എന്നാൽ അവരെതന്റെ ഭവനത്തിലേക്ക് കൊണ്ടുപോകുവാൻ താൻ പ്രവർത്തിക്കുകയാണെന്ന് അവർ അറിയണമെന്ന് യേശു ആഗ്രഹിച്ചു.
ഞങ്ങളുടെ പുതിയ നായക്കുട്ടിക്കായി ഭവനം ഒരുക്കുന്ന എന്റെ മകളുടെ ശ്രദ്ധാപൂർവവും മനഃപൂർവവുമായ ശ്രമത്തിൽ എനിക്ക് സന്തോഷിക്കാതിരിക്കുവാൻ കഴിഞ്ഞില്ല. തന്റെ ജനത്തിലെ ഓരോരുത്തരുമായി നിത്യജീവൻ പങ്കിടാൻവേണ്ടി, നമ്മുടെ രക്ഷകൻ,തന്റെ വിശദമായ ഒരുക്കത്തിൽ എത്രമാത്രം ആനന്ദിക്കുന്നുവെന്ന് എനിക്ക് സങ്കൽപിക്കാവുന്നതേയുള്ളൂ (വാ.2).
രക്ഷാമാർഗ്ഗമോ അതോ, സമാധാനമോ?
“രക്ഷപെടൂ” ഹോട് ടബ് കടയുടെ പരസ്യബോഡ് തിളങ്ങി. അത് എന്റെ ശ്രദ്ധ പിടിച്ചുപറ്റി—എന്നെ ചിന്തിപ്പിക്കാൻ തുടങ്ങി. ഞാനും എന്റെ ഭാര്യയും എന്നെങ്കിലും ഒരു ഹോട് ടബ് വാങ്ങുന്നതിനേക്കുറിച്ച് സംസാരിച്ചിരുന്നു. അത് പ്രതീക്ഷ വച്ചിരുന്ന രക്ഷാമാർഗ്ഗം പെട്ടെന്ന്.... അതിൽ നിന്ന് ഞാൻ രക്ഷപെടേണ്ട ഒന്നായി മാറും.
എന്നിരുന്നാലും ആ വാക്ക് വളരെ മോഹിപ്പിക്കുന്നതാണ്, കാരണം നാം ആഗ്രഹിക്കുന്ന എന്തോ ഒന്ന് അത് വാഗ്ദാനം ചെയ്യുന്നു: സമാധാനം. ആശ്വാസം. സുരക്ഷിതത്വം. രക്ഷ. പലവിധത്തിലും നമ്മെ ഈ സമൂഹം പ്രലോഭിപ്പിക്കുന്ന ഒന്നാണിത്. വിശ്രമിക്കുന്നതിലോ മനോഹരമായ എങ്ങോട്ടെങ്കിലും യാത്രപോകുന്നതോ തെറ്റാണെന്നല്ല. പക്ഷേ ജീവിതത്തിന്റെ കഷ്ടപ്പാടുകളിൽ നിന്നും രക്ഷപെടുന്നതും അതുമായി ദൈവത്തിൽ ആശ്രയിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്.
യോഹന്നാൻ 16ൽ, ജീവിതത്തിന്റെ അടുത്ത അധ്യായം അവരുടെ വിശ്വാസത്തെ ചോദ്യം ചെയ്യുമെന്ന് യേശു ശിഷ്യന്മാരോട് പറഞ്ഞു. “ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ട്” എന്ന് ഒടുവിൽ അവൻ ചുരുക്കി പറയുന്നു. അതിനു ശേഷം ഈ വാഗ്ദത്തവും നൽകുന്നു, “ധൈര്യപ്പെടുവിൻ; ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു” (വാ. 33). യേശു തന്റെ ശിഷ്യന്മാർ നിരാശയിൽ അടിപ്പെട്ടു പോകുവാൻ ഇച്ഛിച്ചില്ല. പകരം അവൻ നൽകുന്ന വിശ്രമം അറിയുവാൻ, അവനിൽ ആശ്രയിക്കാനായി അവരെ ക്ഷണിച്ചു. “നിങ്ങൾക്ക് എന്നിൽ സമാധാനം ഉണ്ടാകേണ്ടതിന് ഇത് നിങ്ങളോടു സംസാരിച്ചിരിക്കുന്നു” എന്ന് അവിടുന്ന് പറഞ്ഞു (വാ. 33).
യേശു നമുക്ക് ഒരു വേദനരഹിതമായ ജീവിതം വാഗ്ദാനം ചെയ്തില്ല. പക്ഷേ നാം അവനിൽ വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യുമ്പോൾ ലോകം നമുക്ക് വിൽക്കാൻ ശ്രമിക്കുന്ന ഏത് ആശ്വാസത്തെക്കാളും ആഴവും സംതൃപ്തിയും നൽകുന്ന സമാധാനം നമുക്ക് ആസ്വദിക്കാമെന്ന് അവൻ വാഗ്ദത്തം ചെയ്യുന്നു.
ക്രിസ്തുമസ്സിന് ഒരു ദിവസം കൂടി അരികിൽ
“ക്രിസ്തുമസ്സ് കഴിഞ്ഞുവെന്ന് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല” എന്ന് എന്റെ ദുഃഖിതയായ മകൾ പറഞ്ഞു.
അവൾക്ക് എന്താണ് തോന്നുന്നത് എന്ന് എനിക്കറിയാം. ക്രിസ്തുമസ്സിന്റെ അനന്തരഫലങ്ങൾ വേദന ഉണ്ടാക്കുന്നതാണ്. സമ്മാനങ്ങൾ എല്ലാം തുറന്നു. ക്രിസ്തുമസ്സ് ട്രീയും ലൈറ്റുകളും മാറ്റി വെക്കണം. ഉന്മേഷമില്ലാത്ത ജനുവരിയാണ് മുമ്പിൽ - ചിലർക്കെങ്കിലും, ഒഴിവു കാലത്ത് കൂടിപ്പോയ ശരീരഭാരം കുറക്കേണ്ട ആവശ്യകത ഉണ്ടാകും! ക്രിസ്തുമസ്സ് : അതു പ്രദാനം ചെയ്യുന്ന ശ്വാസം മുട്ടിക്കുന്ന പ്രതീക്ഷ .. പെട്ടെന്ന് അതൊക്കെ ഗതകാലമായ പോലെ.
കുറച്ച് വർഷങ്ങൾക്ക് മുമ്പ്, ഒരു ക്രിസ്മസിന് ശേഷം സാധനങ്ങൾ എല്ലാം എടുത്തു വെക്കുമ്പോൾ, എനിക്ക് ബോധ്യമായി: കലണ്ടർ എന്ത് പറഞ്ഞാലും, നമ്മൾ എപ്പോഴും അടുത്ത ക്രിസ്തുമസ്സിനോടു ഓരോ ദിവസവും അടുത്തു കൊണ്ടിരിക്കുകയാണ് എന്ന്. ഇത് ഞാൻ ഇടക്കിടെ പറയുന്ന ഒരു കാര്യമായി മാറി.
പക്ഷെ ക്രിസ്തുമസ്സിന്റെ താൽക്കാലിക ആഘോഷങ്ങളെക്കാൾ വളരെ പ്രധാനപ്പെട്ടതാണ് അതിനു പുറകിലെ ആത്മീയ സത്യം : യേശു ലോകത്തിനു നൽകുന്ന രക്ഷയും യേശു വീണ്ടും വരും എന്നുള്ള നമ്മുടെ പ്രത്യാശയും. ക്രിസ്തുവിന്റെ രണ്ടാമത്തെ വരവിനായി നോക്കിക്കൊണ്ട് ആശയോടെ കാത്തിരിക്കുന്നതിനെക്കുറിച്ച് തിരുവെഴുത്ത് ആവർത്തിച്ച് പ്രതിപാദിക്കുന്നുണ്ട്. പൗലോസ്, ഫിലിപ്പിയർ 3:5-21 ൽ എഴുതിയിട്ടുള്ളത് എനിക്ക് ഇഷ്ടപ്പെട്ടു. ലോകപരമായ ജീവിതവും- " അവർ ഭൂമിയിലുളളത് ചിന്തിക്കുന്നു. "(വാ.19)- യേശുവിന്റെ രണ്ടാം വരവിന്റെ പ്രത്യാശയിൽ രൂപപ്പെടുത്തിയ ജീവിത ശൈലിയും തമ്മിൽ താരതമ്യം ചെയ്യുന്നുണ്ട്:” നമ്മുടെ പൗരത്വമോ സ്വർഗത്തിലാകുന്നു; അവിടെ നിന്നു കർത്താവായ യേശുക്രിസ്തു രക്ഷിതാവയി വരും എന്നു നാം കാത്തിരിക്കുന്നു”(വാ.20).
നമ്മുടെ “പൗരത്വം സ്വർഗ്ഗത്തിൽ ആകുന്നു” എന്ന യാഥാർത്ഥ്യം എല്ലാം മാറ്റി മറിക്കുന്നു. നാം എന്ത് ആശിക്കുന്നു എന്നതും നാം എങ്ങിനെ ജീവിക്കുന്നു എന്നുള്ളതും ഇതിൽ പെടുന്നു. ആ പ്രത്യാശ ബലപ്പെടുത്തുന്നത് കടന്നു പോകുന്ന ഓരോ ദിവസവും, നമ്മൾ തീർച്ചയായും യേശുവിന്റെ രണ്ടാം വരവിനോട് അടുത്തു കൊണ്ടിരിക്കുകയാണെന്ന ബോധ്യമാണ്.
ക്ഷയിച്ചുപോകൽ
എന്റെ തൊണ്ടയിൽ ഒരു ഇക്കിളായാണ് അത് ആരംഭിച്ചത്. ആ ഇക്കിളി ഒരു ജലദോഷമായി മാറി. ശ്വാസകോശ സംബന്ധമായ രോഗത്തിന്റെ ആരംഭമായിരുന്നു അത്. ജലദോഷം രൂപമാറ്റം വന്ന് ഒരു വില്ലൻ ചുമയായും- അത് പിന്നീട് ന്യൂമോണിയയായും മാറി.
എട്ട് ആഴ്ചത്തെ പുറം പൊളിയുന്ന ചുമ (വില്ലൻചുമ എന്ന് അതിനെ വെറുതെ വിളിക്കുന്നതല്ല) എന്നെ വിനയമുള്ളവനാക്കി. എന്നെ ഞാനൊരു വൃദ്ധനായി കരുതുന്നില്ല. എന്നാൽ അത്തരത്തിലുള്ള ചിന്ത ആരംഭിക്കുവാനുള്ള പ്രായം എനിക്കായി. നമുക്ക് പ്രായമാകുന്നതിനനുസരിച്ച് ഉണ്ടാകുന്ന രോഗങ്ങൾക്ക് എന്റെ സഭയിലെ ചെറിയ ഗ്രൂപ്പിലെ ഒരംഗം സരസമായി വിളിക്കുന്ന പേരാണ്: "ക്ഷയിച്ചുപോകൽ". എന്നാൽ "പ്രാവർത്തികമായി" നോക്കുമ്പോൾ ക്ഷയിച്ചുപോകൽ അത്ര തമാശയല്ലതാനും.
2 കൊരിന്ത്യർ 4- ൽ അപ്പോസ്തലനായ പൗലോസ് ഇത്തരം ചുരുങ്ങലുകളെപ്പറ്റി തന്റേതായ ഭാഷയിൽ എഴുതിയിട്ടുണ്ട്. ആ അധ്യായം തനിക്കും കൂട്ടാളികൾക്കുമുണ്ടായ പീഡനങ്ങൾ ക്രമത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. തന്റെ ലക്ഷ്യങ്ങൾ പൂർത്തിയാക്കുവാൻ അദ്ദേഹത്തിന് കനത്ത ദുരിതങ്ങൾ ഏൽക്കേണ്ടി വന്നു. "ഞങ്ങളുടെ പുറമെയുള്ള മനുഷ്യൻ ക്ഷയിച്ചുപോകുന്നു" എന്ന് താൻ സമ്മതിക്കുന്നു. എന്നാൽ പ്രായത്താലും, പീഡനങ്ങളാലും കഠിനമായ അവസ്ഥകളാലും പ്രയാസപ്പെടുമ്പോഴും തന്റെ പ്രത്യാശ അദ്ദേഹം മുറുകെപ്പിടിച്ചു: "ഞങ്ങളുടെ അകമേയുള്ളവൻ നാൾക്കുനാൾ പുതുക്കം പ്രാപിക്കുന്നു."(വാ.16) "നൊടിനേരത്തേക്കുള്ള ഞങ്ങളുടെ ലഘുവായ കഷ്ടത്തെ" "അത്യന്തം അനവധിയായ തേജസ്സിന്റെ നിത്യഘനവുമായി" താരതമ്യപ്പെടുത്തുവാൻ കഴിയുകയില്ല( വാ.17).
ഇന്ന് രാത്രിയിൽ ഞാനിത് എഴുതുമ്പോൾ തന്നെ "ക്ഷയിച്ചുപോകൽ" എന്റെ നെഞ്ച് ഞെരുക്കുന്നു. എന്നാൽ ക്രിസ്തുവിനോട് പറ്റിച്ചേർന്നിരിക്കുന്ന എന്റെയോ മറ്റൊരാളുടെയോ ജീവിതത്തിൽ ഇവയ്ക്ക് യാതൊരു സ്വാധീനവുമില്ല എന്ന് മനസിലാക്കുന്നു.
ആശ്ലേഷിക്കുക
'ഡാഡീ, എനിക്കു വായിച്ചുതരുമോ?' എന്റെ മകള്‍ ചോദിച്ചു. ഒരു കുഞ്ഞ് മാതാപിതാക്കളോട് ഇത്തരം ചേദ്യം ചോദിക്കുന്നത് അസാധാരണമല്ല. പക്ഷേ, എന്റെ മകള്‍ക്ക് ഇപ്പോള്‍ പതിനൊന്നു വയസ്സുണ്ട്. ഈ ദിവസങ്ങളില്‍, അത്തരം അഭ്യര്‍ത്ഥനകള്‍ അവള് ചെറുപ്പമായിരുന്നതിനെക്കാള്‍ കുറവാണ്. 'തരാം,' ഞാന്‍ സന്തോഷത്തോടെ പറഞ്ഞു, അവള് കട്ടിലില്‍ എന്റെ അരികില്‍ ചുരുണ്ടുകൂടിയിരുന്നു.
ഞാന്‍ അവള്‍ക്കു വായിച്ചു കൊടുക്കുമ്പോള്‍, അവള് എന്നിലേക്കു ചേര്‍ന്നിരുന്നു. ഒരു പിതാവ് എന്ന നിലയിലുള്ള മഹത്വകരമായ നിമിഷങ്ങളിലൊന്നാണത്്. ഒരുപക്ഷേ, നമ്മുടെ പിതാവിനു നമ്മോടുള്ള തികഞ്ഞ സ്നേഹത്തിന്റെയും, അവിടുത്തെ സാന്നിധ്യത്തോടും നമ്മോടുള്ള അവിടുത്തെ സ്നേഹത്തോടും നാം പറ്റിച്ചേര്‍ന്നിരിക്കണമെന്ന അവിടുത്തെ അഗാധമായ ആഗ്രഹത്തിന്റെ ഒരു സൂചനയും ആയിരുന്നു അത്.
ഞാന്‍ എന്റെ പതിനൊന്നുകാരി മകളെപ്പോലെയാണെന്ന് ആ നിമിഷം ഞാന്‍ മനസ്സിലാക്കി. മിക്കപ്പോഴും, ഞാന്‍ സ്വതന്ത്രനായിരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. നമ്മോടുള്ള ദൈവസ്നേഹവുമായുള്ള ബന്ധം നഷ്ടപ്പെടുന്നത് വളരെ എളുപ്പമാണ് - ആര്‍ദ്രവും സംരക്ഷണപരവുമായ സ്നേഹം എന്നു 116-ാം സങ്കീര്‍ത്തനം വിവരിക്കുന്നതുപോലെ 'കൃപയും നീതിയും ഉള്ളവന്; നമ്മുടെ ദൈവം കരുണയുള്ളവന്‍ തന്നേ' (വാ. 5). എന്റെ മകളെപ്പോലെ, ദൈവത്തിന്റെ മടിയിലിരുന്ന്, എന്നെപ്രതിയുള്ള അവിടുത്തെ സന്തോഷത്തില്‍ മതിമറിന്നിരിക്കുന്ന സ്നേഹമാണത്.
സങ്കീര്‍ത്തനം 116:7 സൂചിപ്പിക്കുന്നത്, ദൈവത്തിന്റെ നല്ല സ്നേഹത്തെക്കുറിച്ചു നാം പതിവായി നമ്മെത്തന്നെ ഓര്‍മ്മിപ്പിക്കണമെന്നാണ്്. തുടര്‍ന്ന് നമുക്കായി വിരിച്ചിരിക്കുന്ന അവിടുത്തെ കരങ്ങളിലേക്ക് ഒതുങ്ങിയിരിക്കുക: 'എന്‍ മനമേ, നീ വീണ്ടും സ്വസ്ഥമായിരിക്ക; യഹോവ നിനക്ക് ഉപകാരം ചെയ്തിരിക്കുന്നു.'' അതേ തീര്‍ച്ചയായും, അവിടുന്നതു ചെയ്തിരിക്കുന്നു.
ഭയത്തിന്റെ കൊടുങ്കാറ്റുകള്‍
അടുത്തിടെ ഞാന്‍ കണ്ട ഒരു ടിവി പരസ്യത്തില്‍, ഒരു സ്ത്രീ ടിവി കണ്ടുകൊണ്ടിരുന്ന ഒരു സംഘത്തിലെ ഒരാളോടു ചോദിക്കുന്നു, 'മാര്‍ക്ക്, താങ്കള്‍ എന്താണ് അന്വേഷിക്കുന്നത്?'' 'ഭയത്തെ അടിസ്ഥാനമാക്കി തീരുമാനങ്ങള്‍ എടുക്കാത്ത എന്റെ ഒരു പതിപ്പ്,'' അദ്ദേഹം ശാന്തമായി പ്രതികരിക്കുന്നു - ടിവിയില്‍ കാണാന്‍ ഇഷ്ടപ്പെടുന്നതെന്താണെന്നാണ് അവള് ചോദിക്കുന്നതെന്ന് അയാള്‍ മനസ്സിലാക്കുന്നില്ല!
വോ, ഞാന്‍ ചിന്തിച്ചു. ഒരു ടിവി പരസ്യം എന്നെ ഇത്രയധികം ബാധിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല! പക്ഷെ എനിക്കു പാവം മാര്‍ക്കുമായി ബന്ധമുള്ളതായി തോന്നി: ഭയം ചിലപ്പോള്‍ എന്റെ ജീവിതത്തെ നയിക്കുന്നതായി തോന്നുന്നതില്‍ എനിക്ക് ലജ്ജ തോന്നുന്നു.
യേശുവിന്റെ ശിഷ്യന്മാരും ഭയത്തിന്റെ അഗാധമായ ശക്തി അനുഭവിച്ചു. ഒരിക്കല്‍, അവര്‍ ഗലീലക്കടലിനു കുറുകെ പോകുമ്പോള്‍ (മര്‍ക്കൊസ് 4:35) 'വലിയ ചുഴലിക്കാറ്റ് ഉണ്ടായി'' (വാ. 37). ഭയം അവരെ പിടികൂടി, യേശുവിന് (ഉറങ്ങുകയായിരുന്നു) തങ്ങളെക്കുറിച്ചു വിചാരമില്ലെന്ന് അവര്‍ ചിന്തിച്ചു: ''ഗുരോ, ഞങ്ങള്‍ നശിച്ചുപോകുന്നതില്‍ നിനക്കു വിചാരമില്ലയോ?'' (വാ. 38).
ഭയം, ശിഷ്യന്മാരുടെ ദര്‍ശനത്തെ വികലമാക്കി. അവരെക്കുറിച്ചുള്ള യേശുവിന്റെ നല്ല ഉദ്ദേശ്യങ്ങള്‍ കാണാത്ത നിലയില്‍ അവരുടെ കണ്ണുകളെ അന്ധമാക്കി. കാറ്റിനെയും തിരമാലയെയും ശാസിച്ചശേഷം (വാ. 39), തുളച്ചുകയറുന്ന രണ്ടു ചോദ്യങ്ങളുമായി അഭിമുഖീകരിച്ചു: 'നിങ്ങള്‍ ഇങ്ങനെ ഭീരുക്കള്‍ ആകുവാന്‍ എന്ത്? നിങ്ങള്‍ക്ക് ഇപ്പോഴും വിശ്വാസം ഇല്ലയോ?'' (വാ. 40).
നമ്മുടെ ജീവിതത്തിലും കൊടുങ്കാറ്റുകള്‍ ആഞ്ഞടിക്കാം, ശരിയല്ലേ? എന്നാല്‍ യേശുവിന്റെ ചോദ്യങ്ങള്‍ നമ്മുടെ ഭയത്തെ ശരിയായ വീക്ഷണകോണില്‍ നിര്‍ത്താന്‍ സഹായിക്കും. യേശുവിന്റെ ആദ്യചോദ്യം നമ്മുടെ ഭയത്തിനു പേരിടാന്‍ നമ്മോടാവശ്യപ്പെടുന്നു. രണ്ടാമത്തേത്, വികലമായ ആ വികാരങ്ങളെ അവനെ ഭരമേല്പിക്കാന് നമ്മെ ക്ഷണിക്കുന്നു - ഒപ്പം ജീവിതത്തിലെ ഏറ്റവും രൂക്ഷമായ കൊടുങ്കാറ്റുകളിലൂടെപ്പോലും അവിടുന്ന് നമ്മെ എങ്ങനെ നയിക്കുന്നുവെന്ന് കാണാനുള്ള കണ്ണുകള്‍ നല്കാന് കര്‍ത്താവിനോട് ആവശ്യപ്പെടുന്നതിനും.
തഴെച്ചുവളരുവാനായി ചെത്തുക
ഒരു പൂച്ചെടിയില്‍ ഒരു വലിയ തേനീച്ച വന്നിരിക്കുന്നത് നോക്കിക്കൊണ്ടിരിക്കുമ്പോള്‍, ചെടിയുടെ സമൃദ്ധമായ ശാഖകള്‍ വര്‍ണ്ണാഭമായിരിക്കുന്നത് എന്നെ അത്ഭുതപ്പെടുത്തി. അതിന്റെ തിളങ്ങുന്ന നീല പൂക്കള്‍ എന്റെ കണ്ണുകളെയും തേനീച്ചയെയും ഒരുപോലെ ആകര്‍ഷിച്ചു. എങ്കിലും കഴിഞ്ഞ ശരത്കാലത്ത്, ഇത് എപ്പോഴെങ്കിലും പൂക്കുമോ എന്ന് ഞാന്‍ ചിന്തിച്ചിരുന്നു. എന്റെ ഭാര്യയുടെ മാതാപിതാക്കള്‍ ആ പെരിവിങ്കിള്‍ ചെടിയുടെ ശാഖകള്‍ വെട്ടിക്കളയുമ്പോള്‍, അവര്‍ അതിനെ നശിപ്പിച്ചുകളയാന്‍ തീരുമാനിച്ചു എന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍, എനിക്ക് ക്രൂരമായി തോന്നിയ ചെത്തിവെടിപ്പാക്കലിന്റെ പ്രസന്നമായ ഫലത്തിനു ഞാന്‍ ഇപ്പോള്‍ സാക്ഷിയായിരിക്കുന്നു.
കഠിനമായ മുറിവുകളുടെ ഫലമായുണ്ടാകുന്ന അതിശയിപ്പിക്കുന്ന സൗന്ദര്യമായിരിക്കാം, വിശ്വാസികള്‍ക്കിടയിലെ ദൈവത്തിന്റെ പ്രവര്‍ത്തനത്തെ വിവരിക്കാനായി ചെത്തിവെടിപ്പാക്കലിന്റെ ചിത്രത്തെ യേശു തിരഞ്ഞെടുത്തതിന്റെ ഒരു കാരണം. യോഹന്നാന് 15ല്‍, 'ഞാന്‍ സാക്ഷാല്‍ മുന്തിരിവള്ളിയും എന്റെ പിതാവ് തോട്ടക്കാരനും ആകുന്നു. ... കായ്ക്കുന്നത് ഒക്കെയും അധികം ഫലം കായ്ക്കേണ്ടതിനു ചെത്തി വെടിപ്പാക്കുന്നു' (വാ. 1-2) എന്നു കാണുന്നു.
നല്ല സമയത്തും മോശം സമയങ്ങളിലും ആത്മീയ പുതുക്കലിനും ഫലപ്രാപ്തിക്കുമായി ദൈവം എപ്പോഴും നമ്മില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് യേശുവിന്റെ വാക്കുകള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു (വാ. 5). കഷ്ടതയുടെയോ വൈകാരികമായ ഫലശൂന്യതയുടെയോ 'ചെത്തിവെടിപ്പാക്കല്‍' സമയങ്ങളില്‍ ഇനി എന്നെങ്കിലും വീണ്ടും തളിര്‍ക്കുമോ എന്ന് നാം അത്ഭുതപ്പെട്ടേക്കാം. എന്നാല്‍ തന്നോട് ചേര്ന്നുനില്ക്കാന് ക്രിസ്തു നമ്മെ പ്രോത്സാഹിപ്പിക്കുന്നു: 'കൊമ്പിനു മുന്തിരിവള്ളിയില്‍ വസിച്ചിട്ടല്ലാതെ സ്വയമായി കായ്പ്പാന്‍ കഴിയാത്തതുപോലെ എന്നില്‍ വസിച്ചിട്ടല്ലാതെ നിങ്ങള്‍ക്കും കഴികയില്ല' (വാ. 4).
നാം നിരന്തരം യേശുവില്‍ നിന്ന് ആത്മീയ പോഷണം സ്വീകരിക്കുമ്പോള്‍, തത്ഫലമായി നമ്മുടെ ജീവിതത്തിലുണ്ടാകുന്ന സൗന്ദര്യവും ഫലവും (വാ. 8) ദൈവത്തിന്റെ നന്മയെ ലോകത്തിനു കാണിച്ചുകൊടുക്കും.
യേശുവിന്റെ വേഗതയില്‍ നീങ്ങുക
അടുത്തയിടെ, എന്റെ കാറിന് റിപ്പയറിംഗ് ആവശ്യമായി വന്നു. വര്‍ക്ക്ഷോപ്പ് വളരെ അടുത്തായിരുന്നു, വീട്ടില്‍ നിന്ന് കഷ്ടിച്ച് ഒരു മൈല്‍ അകലെ. അതിനാല്‍ ഞാന്‍ വീട്ടിലേക്ക് നടക്കാന്‍ തീരുമാനിച്ചു. തിരക്കേറിയ റോഡരികിലൂടെ നടക്കുമ്പോള്‍, ഒരു കാര്യം ഞാന്‍ ശ്രദ്ധിച്ചു: എല്ലാവരും വളരെ വേഗത്തില്‍ നീങ്ങുന്നു.
ഇത് റോക്കറ്റ് ശാസ്ത്രമല്ല. കാല്‍നടയാത്രക്കാരേക്കാള്‍ വേഗത്തില്‍ കാറുകള്‍ പോകുന്നു. സിപ്പ്, സിപ്പ്, സിപ്പ്! ഞാന്‍ വീട്ടിലേക്ക് നടക്കുമ്പോള്‍, എനിക്ക് ഒരു തിരിച്ചറിവ് ഉണ്ടായി: അതിവേഗം സഞ്ചരിക്കുന്നതിനോടു നാം പൊരുത്തപ്പെട്ടിരിക്കുന്നു. എല്ലായ്പ്പോഴും. അപ്പോള്‍ മറ്റൊരു തിരിച്ചറിവ് ഉണ്ടായി: ദൈവവും വേഗത്തില്‍ നീങ്ങണമെന്ന് ഞാന്‍ പലപ്പോഴും പ്രതീക്ഷിക്കുന്നു. അവന്റെ പദ്ധതികള്‍ എന്റെ വേഗത്തിലുള്ള ടൈംടേബിളിന് അനുയോജ്യമാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
യേശു ഭൂമിയില്‍ ജീവിച്ചിരുന്നപ്പോള്‍, അവന്റെ മന്ദഗതിയിലുള്ള ചലനം ചിലപ്പോള്‍ അവന്റെ സുഹൃത്തുക്കളെ നിരാശപ്പെടുത്തി. യോഹന്നാന് 11-ല്‍, മറിയയും മാര്‍ത്തയും അവരുടെ സഹോദരന് ലാസര്‍ രോഗിയാണെന്ന വിവരം യേശുവിനെ അറിയിച്ചു. യേശുവിന് സഹായിക്കാന്‍ കഴിയുമെന്ന് അവര്‍ക്കറിയാമായിരുന്നു (വാ. 1-3). എന്നാല്‍ ലാസര്‍ മരിച്ച് നാലുദിവസത്തിനുശേഷമാണ് അവന് വന്നത് (വാ. 17). മാര്‍ത്ത യേശുവിനോട്: 'കര്‍ത്താവേ, നീ ഇവിടെ ഉണ്ടായിരുന്നു എങ്കില്‍ എന്റെ സഹോദരന് മരിക്കുകയില്ലായിരുന്നു'' എന്നു പറഞ്ഞു (വാ. 21). തര്‍ജ്ജം: യേശു വേണ്ടത്ര വേഗത്തില്‍ നീങ്ങിയില്ല. എന്നാല്‍ ലാസറിനെ മരിച്ചവരില്‍ നിന്ന് ഉയിര്‍പ്പിക്കുക എന്ന വലിയ പദ്ധതി അവനുണ്ടായിരുന്നു (വാ. 38-44).
മാര്‍ത്തയുടെ നിരാശയുമായി നിങ്ങള്‍ക്ക് ബന്ധമുള്ളതായി തോന്നുന്നോ? എനിക്ക് തോന്നുന്നു. ചില സമയങ്ങളില്‍, ഒരു പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്കാന് യേശു കൂടുതല്‍ വേഗത്തില്‍ നീങ്ങണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ചിലപ്പോള്‍, അവന് വൈകിപ്പോയെന്ന് തോന്നുന്നു. എന്നാല്‍ യേശുവിന്റെ പരമാധികാര പ്രവര്‍ത്തന പട്ടിക നമ്മുടേതില്‍ നിന്ന് വ്യത്യസ്തമാണ്. തന്റെ ടൈംടേബിളിന് പ്രകാരമാണ് അവന് തന്റെ രക്ഷിപ്പിന് വേല നിര്‍വഹിക്കുന്നത്, നമ്മുടെ ടൈംടേബിള്‍ അനുസരിച്ചല്ല. ആത്യന്തിക ഫലം അവിടുത്തെ മഹത്വവും നമ്മുടെ പദ്ധതികളേക്കാള്‍ എത്രയോ വലുതായിട്ടുള്ള വിധത്തില്‍ നന്മയും വെളിപ്പെടുത്തുന്നതായിരിക്കും.
ടര്‍ക്കികള്‍ പഠിപ്പിച്ചത്
ഒരു കൂട്ടം ടര്‍ക്കികളെ എന്താണ് വിളിക്കുന്നതെന്ന് നിങ്ങള്‍ക്കറിയാമോ? അതിനെ റാഫ്റ്റര്‍ എന്നാണ് വിളിക്കുന്നത്. ഞാന്‍ എന്തിനാണ് ടര്‍ക്കികളെക്കുറിച്ച് എഴുതുന്നത്? കാരണം ഞാന്‍ ഒരു പര്‍വ്വത ക്യാബിനില്‍ ഒരു വാരാന്ത്യം ചിലവഴിച്ചതിനുശേഷം തിരിച്ചെത്തിയതേയുള്ളു. ഓരോ ദിവസവും, ടര്‍ക്കികളുടെ ഒരു നിര ഞങ്ങളുടെ പൂമുഖത്തുകൂടെ പരേഡു നടത്തുന്നതു ഞാന്‍ കണ്ടിരുന്നു.
ഞാന്‍ മുമ്പ് ടര്‍ക്കിയെ നിരീക്ഷിച്ചിട്ടില്ല. ശ്രദ്ധേയമായ പാദങ്ങള്‍ ഉപയോഗിച്ച് അവ ശക്തിയായി മാന്തുമായിരുന്നു. എന്നിട്ട് അവര്‍ വേട്ടയാടുകയും നിലത്തുകൊത്തുകയും ചെയ്തു. ഭക്ഷിക്കാനാണെന്നു ഞാന്‍ കരുതുന്നു (ഇത് എന്റെ ആദ്യത്തെ ടര്‍ക്കി നിരീക്ഷണമായതിനാല്‍, എനിക്കു 100 ശതമാനം ഉറപ്പില്ലായിരുന്നു). വരണ്ട ആ പ്രദേശം കണ്ടിട്ട് അവയ്ക്കൊന്നും അധികകാലം നിലനില്ക്കാന് കഴിയില്ലെന്നു തോന്നി. പക്ഷേ ഒരു ഡസനോളം വരുന്ന ഈ ടര്‍ക്കികള്‍ തടിച്ചുകൊഴുത്ത് ആരോഗ്യമുള്ളവയായി കാണപ്പെട്ടു.
നന്നായി പോഷിപ്പിക്കപ്പെട്ട ആ ടര്‍ക്കികളെ നിരീക്ഷിക്കുന്നത് മത്തായി 6:26-ലെ യേശുവിന്റെ വാക്കുകള്‍ ഓര്‍മ്മയില്‍ കൊണ്ടുവന്നു: ''ആകാശത്തിലെ പറവകളെ നോക്കുവിന്‍; അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല; കളപ്പുരയില്‍ കൂട്ടിവയ്ക്കുന്നതുമില്ല; എങ്കിലും സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് അവയെ പുലര്‍ത്തുന്നു. അവയെക്കാള്‍ നിങ്ങള്‍ ഏറ്റവും വിശേഷതയുള്ളവരല്ലയോ?' നമ്മോടുള്ള കരുതലിനെക്കുറിച്ച് ഓര്‍മ്മപ്പെടുത്തുന്നതിനായി, വിലയില്ലാത്തതായി കാണപ്പെടുന്ന പക്ഷികള്‍ക്കുവേണ്ടിയുള്ള ദൈവത്തിന്റെ കരുതലിനെ യേശു ഉപയോഗിക്കുന്നു. ഒരു പക്ഷിയുടെ ജീവിതം പ്രാധാന്യമര്‍ഹിക്കുന്നുവെങ്കില്‍, നമ്മുടേത് എത്രയധികം? നമ്മുടെ ദൈനംദിന ആവശ്യങ്ങളെക്കുറിച്ചു ആകുലപ്പെടുന്ന ജീവിതവും 'മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിക്കുന്ന,' അവിടുന്ന് നമ്മുടെ ആവശ്യങ്ങളെ സമൃദ്ധമായി കരുതുമെന്ന് ആത്മവിശ്വാസമുള്ള ജീവിതവും തമ്മിലുള്ള അന്തരം യേശു മനസ്സിലാക്കി തരുന്നു. കാരണം, കാട്ടു ടര്‍ക്കികളുടെ കൂട്ടത്തെ പരിപാലിക്കാന്‍ ദൈവത്തിന് കഴിയുമെങ്കില്‍, തീര്‍ച്ചയായും നിങ്ങളെയും എന്നെയും പരിപാലിക്കാന്‍ അവനു കഴിയും.