Month: സെപ്റ്റംബർ 2023

ഒട്ടും സാധ്യതയില്ലാത്തത്

മിന്നുന്ന ആസ്റ്റൺ-മാർട്ടിൻസും മറ്റ് ആഡംബര സ്‌പോർട്‌സ് കാറുകളും ശരവേഗത്തിൽ പായിക്കുന്ന, സാധാരണ ജീവിതത്തിൽ കാണാത്ത ഡ്രൈവർമാരായ ചാരന്മാരെ ഹോളിവുഡ് നമുക്ക് നൽകുന്നു. എന്നാൽ മുൻ സിഐഎ മേധാവി ജോനാ മെൻഡസ് യഥാർത്ഥ കാര്യത്തിന്റെ വിപരീത ചിത്രമാണ് വരയ്ക്കുന്നത്. ഒരു ഏജന്റ് “ഒരു ചെറിയ നരച്ച മനുഷ്യൻ” ആയിരിക്കണം, അവൾ പറയുന്നു, മിന്നുന്നവനല്ല, പെട്ടെന്നു ശ്രദ്ധിക്കപ്പെടാത്തവൻ. “അവർ മറഞ്ഞിരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു.” ഏജന്റുമാരെപ്പോലെ പ്രത്യക്ഷപ്പെടാൻ ഒരു സാധ്യതയുമില്ലാത്തവരാണ് മികച്ച ഏജന്റുമാർ.

യിസ്രായേലിന്റെ രണ്ട് ചാരന്മാർ യെരീഹോയിലേക്ക് നുഴഞ്ഞുകയറിപ്പോൾ, അവരെ രാജാവിന്റെ പടയാളികളിൽ നിന്ന് മറച്ചത് രാഹാബ് ആയിരുന്നു (യോശുവ 2:4). ഒരു ചാരവനിതയായി ദൈവം നിയമിക്കാൻ സാധ്യതയില്ലാത്ത വ്യക്തിയായിരുന്നു അവൾ, കാരണം അവൾക്കെതിരെ മൂന്ന് തടസ്സങ്ങൾ ഉണ്ടായിരുന്നു: അവൾ ഒരു കനാന്യയും ഒരു സ്ത്രീയും ഒരു വേശ്യയും ആയിരുന്നു. എന്നിട്ടും രാഹാബ് യിസ്രായേല്യരുടെ ദൈവത്തിൽ വിശ്വസിക്കാൻ തുടങ്ങിയിരുന്നു: “നിങ്ങളുടെ ദൈവമായ യഹോവ തന്നേ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും ദൈവം ആകുന്നു” (വാ. 11). അവൾ ദൈവത്തിന്റെ ചാരന്മാരെ മേൽക്കൂരയിൽ ചണത്തണ്ടുകൾക്കിടയിൽ ഒളിപ്പിച്ചു, അവരെ രക്ഷപ്പെടാൻ സഹായിച്ചു. അവളുടെ വിശ്വാസത്തിന് ദൈവം പ്രതിഫലം നൽകി: “രാഹാബ് എന്ന വേശ്യ ഒളിപ്പിച്ചതുകൊണ്ടു യോശുവ അവളെയും അവളുടെ പിതൃഭവനത്തെയും അവൾക്കുള്ള സകലത്തെയും ജീവനോടെ രക്ഷിച്ചു” (6:25).

ചിലപ്പോൾ നമ്മൾ ദൈവത്താൽ ഉപയോഗിക്കപ്പെടാനുള്ള സാധ്യത കുറവാണ് എന്ന് തോന്നിയേക്കാം. ഒരുപക്ഷേ നമുക്ക് ശാരീരിക പരിമിതികളുണ്ടാകാം, നയിക്കാൻ വേണ്ടത്ര “തിളക്കം” ഇല്ലായിരിക്കാം. അല്ലെങ്കിൽ കളങ്കപ്പെട്ട ഭൂതകാലമുണ്ടായിരിക്കാം. എന്നാൽ ചരിത്രത്തിൽ നിറയുന്നത് ദൈവത്താൽ വീണ്ടെടുക്കപ്പെട്ട “പ്രത്യേകതകളില്ലാത്ത” വിശ്വാസികൾ, അവന്റെ രാജ്യത്തിനായി പ്രത്യേക ദൗത്യം ഏൽപ്പിക്കപ്പെട്ട രാഹാബിനെപ്പോലുള്ള ആളുകൾ ആണ്. ഉറപ്പുണ്ടായിരിക്കുക: നമ്മിൽ ഒട്ടും സാധ്യതയില്ലാത്തവരെക്കുറിച്ചുപോലും ദൈവിക ഉദ്ദേശ്യങ്ങൾ അവനുണ്ട്.

ഒരു ദാതാവിന്റെ ഹൃദയം

ഞങ്ങളുടെ പഴയവീട്ടിലെ അവസാന ദിവസം, യാത്ര പറയാനായി എന്റെ സുഹൃത്ത് അവളുടെ നാല് വയസ്സുള്ള മകൾ കിൻസ് ലിയെ കൊണ്ടുവന്നു. ''നിങ്ങൾ പോകണമെന്നു ഞാനാഗ്രഹിക്കുന്നില്ല,'' കിൻസ്ലി പറഞ്ഞു. ഞാൻ അവളെ ആലിംഗനം ചെയ്തശേഷം എന്റെ ശേഖരത്തിൽ നിന്ന് കൈകൊണ്ട് പെയിന്റു ചെയ്ത ഒരു വിശറി അവൾക്ക് നൽകി. “നിനക്ക് എന്നെ മിസ്സ് ചെയ്യുമ്പോൾ, ഈ വിശറി ഉപയോഗിക്കുക, ഞാൻ നിന്നെ സ്‌നേഹിക്കുന്നുവെന്ന് ഓർക്കുക.” അവൾക്ക് മറ്റൊരു ഉപഹാരം ലഭിക്കുമോ എന്നു കിൻസ് ലി ചോദിച്ചു- എന്റെ ബാഗിലിരിക്കുന്ന കടലാസ് വിശറി. “അത് തകർന്നതാണ്,” ഞാൻ പറഞ്ഞു. “നിനക്ക് എന്റെ ഏറ്റവും മികച്ച വിശറി ഉണ്ടായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.” എന്റെ പ്രിയപ്പെട്ട വിശറി കിൻസ്‌ലിക്ക് നൽകിയതിൽ ഞാൻ ഖേദിച്ചില്ല. അവളുടെ സന്തോഷം കണ്ടപ്പോൾ എനിക്ക് കൂടുതൽ സന്തോഷം തോന്നി. പിന്നീട്, തകർന്ന വിശറി ഞാൻ സൂക്ഷിച്ചതിൽ തനിക്ക് സങ്കടമുണ്ടെന്ന് കിൻസ് ലി അമ്മയോട് പറഞ്ഞു. അവർ എനിക്ക് ഒരു പുതിയ, ഫാൻസി പർപ്പിൾ വിശറി അയച്ചുതന്നു. എനിക്ക് ഉദാരമായി തന്നതിന് ശേഷം കിൻസ് ലിക്ക് വീണ്ടും സന്തോഷം തോന്നി. അതുപോലെ എനിക്കും.

ആത്മസംതൃപ്തിയും സ്വയരക്ഷയും പ്രോത്സാഹിപ്പിക്കുന്ന ഒരു ലോകത്ത്, ഹൃദയങ്ങൾ നൽകിക്കൊണ്ട് ജീവിക്കുന്നതിനുപകരം പൂഴ്ത്തിവെക്കാൻ നമുക്ക് പ്രലോഭനമുണ്ടാകും. എന്നിരുന്നാലും, ''ഒരുത്തൻ വാരിവിതറീട്ടും വർദ്ധിച്ചുവരുന്നു'' (സദൃശവാക്യങ്ങൾ 11:24). നമ്മുടെ സംസ്‌കാരം അഭിവൃദ്ധിയെ നിർവചിക്കുന്നത് കൂടുതൽ കൂടുതൽ ഉള്ളതായിട്ടാണ്, എന്നാൽ ബൈബിൾ പറയുന്നത് “ഔദാര്യമാനസൻ പുഷ്ടി പ്രാപിക്കും; തണുപ്പിക്കുന്നവന്നു തണുപ്പു കിട്ടും” (വാ. 25) എന്നാണ്. 

ദൈവത്തിന്റെ പരിമിതികളില്ലാത്തതും നിരുപാധികവുമായ സ്‌നേഹവും ഔദാര്യവും നമുക്കു നിരന്തരം നവചൈതന്യം പകരുന്നു. നമുക്ക് ഓരോരുത്തർക്കും ഒരു ദാതാവിന്റെ ഹൃദയം ഉണ്ടായിരിക്കാനും അനന്തമായ ദാനചക്രങ്ങൾ സൃഷ്ടിക്കാനും കഴിയും, കാരണം എല്ലാ നല്ല കാര്യങ്ങളുടെയും ദാതാവും സമൃദ്ധമായി നൽകുന്നതിൽ ഒരിക്കലും മടുക്കാത്തവനുമായ ദൈവത്തെ നമുക്കറിയാം.

നിങ്ങളുടെ തോട്ടത്തെ പരിപാലിക്കുക

ഞങ്ങളുടെ വീടിന്റെ പിൻഭാഗത്ത് പഴങ്ങളും പച്ചക്കറികളുമുള്ള തോട്ടം നട്ടുപിടിപ്പിക്കാൻ എനിക്കു വളരെ ആവേശമായിരുന്നു. അപ്പോൾ മണ്ണിൽ ചെറിയ ദ്വാരങ്ങൾ ഞാൻ ശ്രദ്ധിക്കാൻ തുടങ്ങി. കായ്കൾ പാകമാകുന്നതിന് മുമ്പ്, ഞങ്ങളുടെ ആദ്യത്തെ ഫലം ദുരൂഹമായി അപ്രത്യക്ഷമായി. ഒരു ദിവസം ഞങ്ങളുടെ ഏറ്റവും വലിയ സ്‌ട്രോബെറി ചെടിയുടെ ചുവടട്ടിലെ വേര്്, അതിനടിയിൽ മാളമുണ്ടാക്കിയ മുയൽ അറുത്തതും അതു വെയിലേറ്റ് കരിഞ്ഞുണങ്ങിയതും കണ്ട് ഞാൻ പരിഭ്രാന്തയായി. മുന്നറിയിപ്പ് അടയാളങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ ഞാൻ ആഗ്രഹിച്ചു!

ഉത്തമഗീതത്തിലെ മനോഹരമായ പ്രണയകാവ്യം ഒരു യുവാവും യുവതിയും തമ്മിലുള്ള സംഭാഷണം രേഖപ്പെടുത്തുന്നു. തന്റെ പ്രിയതമയെ വിളിക്കുമ്പോൾ, പ്രണേതാക്കളുടെ മുന്തിരിത്തോട്ടത്തെ നശിപ്പിക്കുന്ന കുറുക്കമാർക്കെതിരെ പുരുഷൻ കർശനമായ മുന്നറിയിപ്പ് നൽകി, അവരുടെ ബന്ധത്തിന്റെ രൂപകമാണിത്. “മുന്തിരിവള്ളി നശിപ്പിക്കുന്ന കുറുക്കന്മാരെ, ചെറുകുറക്കന്മാരെ തന്നേ, പിടിച്ചുതരുവിൻ” എന്ന് അവൻ പറഞ്ഞു (ഉത്തമഗീതം 2:15). അസൂയ, കോപം, വഞ്ചന, നിസ്സംഗത എന്നിവ പോലെ, അവരുടെ പ്രണയത്തെ നശിപ്പിക്കാൻ കഴിയുന്ന “കുറുക്കന്മാരുടെ” സൂചനകൾ അവൻ കണ്ടിരിക്കാം. അവൻ തന്റെ വധുവിന്റെ സൗന്ദര്യത്തിൽ ആഹ്ലാദിച്ചതിനാൽ (വാ. 14), അനാരോഗ്യകരമായ ഒന്നിന്റെ സാന്നിധ്യം അവൻ സഹിക്കില്ല. അവൾ അവന് “മുള്ളുകൾക്കിടയിലെ താമര” പോലെ വിലപ്പെട്ടവളായിരുന്നു (വാ. 2). അവരുടെ ബന്ധം കാത്തുസൂക്ഷിക്കാൻ അവൻ തയ്യാറായിരുന്നു.

കുടുംബവും സുഹൃത്തുക്കളുമാണ് ദൈവം നമുക്ക് നൽകിയ ഏറ്റവും വിലയേറിയ സമ്മാനങ്ങളിൽ ചിലത്, ആ ബന്ധങ്ങൾ എപ്പോഴും നിലനിർത്താൻ എളുപ്പമല്ലെങ്കിലും. ക്ഷമയും കരുതലും “ചെറിയ കുറുക്കന്മാരിൽ” നിന്നുള്ള സംരക്ഷണവും ഉണ്ടെങ്കിൽ, ദൈവം മനോഹരമായ ഫലം പുറപ്പെടുവിക്കുമെന്ന് നാം വിശ്വസിക്കുന്നു.

ദൈവം നിങ്ങളുടെ പേര് വിളിക്കുന്നു

വിദ്യാഭ്യാസം നേടാൻ സഹായിക്കാമെന്ന വാഗ്ദാനം സ്വീകരിച്ച് നതാലിയ മറ്റൊരു രാജ്യത്തേക്ക് പോയി. എന്നാൽ താമസിയാതെ അവളുടെ പുതിയ വീട്ടിലെ പിതാവ് അവളെ ശാരീരികമായും ലൈംഗികമായും പീഡിപ്പിക്കാൻ തുടങ്ങി. ശമ്പളമില്ലാതെ തന്റെ വീടിനെയും കുട്ടികളെയും പരിപാലിക്കാൻ അയാൾ അവളെ നിർബന്ധിച്ചു. പുറത്തുപോകാനോ ഫോൺ ഉപയോഗിക്കാനോ അവളെ അയാൾ സമ്മതിച്ചില്ല. അവൾ അയാളുടെ അടിമയായി മാറിയിരുന്നു.

അബ്രാമിന്റെയും സാറായിയുടെയും മിസ്രയീമ്യ അടിമയായിരുന്നു ഹാഗാർ. ആരും അവളുടെ പേര് ഉപയോഗിച്ചില്ല. അവർ അവളെ “എന്റെ അടിമ” അല്ലെങ്കിൽ “നിങ്ങളുടെ അടിമ” എന്ന് വിളിച്ചു (ഉൽപത്തി 16:2, 5-6). അവർക്ക് ഒരു അനന്തരാവകാശി ലഭിക്കാൻ അവളെ ഉപയോഗിക്കുകയായിരുന്നു അവരുടെ ലക്ഷ്യം.

ദൈവം എത്ര വ്യത്യസ്തനാണ്! മരുഭൂമിയിൽ, ഗർഭിണിയായ ഹാഗാറിനോട് സംസാരിക്കുമ്പോൾ കർത്താവിന്റെ ദൂതൻ തിരുവെഴുത്തുകളിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നു. ദൂതൻ ഒന്നുകിൽ ദൈവത്തിന്റെ ദൂതൻ അല്ലെങ്കിൽ ദൈവം തന്നെയാണ്. അവൻ ദൈവമാണെന്ന് ഹാഗാർ വിശ്വസിച്ചു, കാരണം അവൾ പറയുന്നു, “എന്നെ കാണുന്നവനെ ഞാൻ ഇവിടെയും കണ്ടു” (വാ. 13). ദൂതൻ ദൈവമാണെങ്കിൽ, അവൻ ഒരുപക്ഷേ പുത്രനാം ദൈവത്തിന്റെ - നമുക്ക് ദൈവത്തെ വെളിപ്പെടുത്തുന്നവൻ-അവതാരപൂർവ്വപ്രത്യക്ഷതയായിരിക്കും. അവൻ അവളുടെ പേര് വിളിച്ചു: “സാറായിയുടെ ദാസിയായ ഹാഗാരേ, നീ എവിടെ നിന്നു വരുന്നു? എങ്ങോട്ടു പോകുന്നു'' എന്നു ചോദിച്ചു (വാ. 8).

ദൈവം നതാലിയയെ കണ്ടു, അവളെ രക്ഷിക്കുന്നതിനായി കരുതലുള്ള ആളുകളെ അവളുടെ ജീവിതത്തിലേക്ക് കൊണ്ടുവന്നു. അവൾ ഇപ്പോൾ നേഴ്‌സാകാൻ പഠിക്കുകയാണ്. ദൈവം ഹാഗാറിനെ കണ്ടു അവളെ പേര് ചൊല്ലി വിളിച്ചു. ദൈവം നിങ്ങളെയും കാണുന്നു. നിങ്ങൾ അവഗണിക്കപ്പെടുകയോ അതിലും മോശമായി, ദുരുപയോഗം ചെയ്യപ്പെടുകയോ ചെയ്യാം. യേശു നിങ്ങളെ പേര് ചൊല്ലി വിളിക്കുന്നു. അവന്റെ അടുത്തേക്ക് ഓടിച്ചെല്ലുക.

ഒരു വേറിട്ട നിലവിളി

ഒരു കുഞ്ഞ് കരയുമ്പോൾ, അവൾ ക്ഷീണിതനാണെന്നോ അല്ലെങ്കിൽ അവൾക്കു വിശക്കുന്നു എന്നോ ഉള്ളതിന്റെ സൂചനയാണ്, അല്ലേ? ബ്രൗൺ യൂണിവേഴ്‌സിറ്റിയിലെ ഡോക്ടർമാരുടെ അഭിപ്രായത്തിൽ, നവജാത ശിശുവിന്റെ കരച്ചിലിലെ സൂക്ഷ്മമായ വ്യത്യാസങ്ങൾ മറ്റ് പ്രശ്‌നങ്ങൾക്കുള്ള സുപ്രധാന സൂചനകളും നൽകും. കുഞ്ഞിന്റെ കേന്ദ്ര നാഡീവ്യൂഹത്തിന് എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് നിർണ്ണയിക്കാൻ, കരച്ചിൽ ഘടകങ്ങൾ, ശബ്ദം, കരച്ചിൽ ശബ്ദം എത്ര വ്യക്തമാണ് എന്നിവ അളക്കുന്ന ഒരു കമ്പ്യൂട്ടർ പ്രോഗ്രാം ഡോക്ടർമാർ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

ദൈവം തന്റെ ജനത്തിന്റെ വ്യത്യസ്ത നിലവിളി കേൾക്കുമെന്നും അവരുടെ ഹൃദയത്തിന്റെ അവസ്ഥ നിർണ്ണയിക്കുമെന്നും കൃപയോടെ പ്രതികരിക്കുമെന്നും യെശയ്യാവ് പ്രവചിച്ചു. യെഹൂദാ, ദൈവത്തോട് ആലോചിക്കുന്നതിനുപകരം, അവന്റെ പ്രവാചകനെ അവഗണിക്കുകയും ഈജിപ്തുമായുള്ള സഖ്യത്തിൽ സഹായം തേടുകയും ചെയ്തു (യെശയ്യാവ് 30:1-7). അവർ തങ്ങളുടെ മത്സരത്തിൽ തുടരാൻ തീരുമാനിച്ചാൽ, അവൻ അവർക്ക് പരാജയവും അപമാനവും വരുത്തുമെന്ന് ദൈവം അവരോട് പറഞ്ഞു. എന്നിരുന്നാലും, “[അവരോട്] കൃപ കാണിക്കാനും  . . . കരുണ കാണിക്കാനും” അവൻ ആഗ്രഹിച്ചു (വാ. 18). അവൻ അവരെ രക്ഷിക്കും. പക്ഷേ അവരുടെ മാനസാന്തരത്തിന്റെയും വിശ്വാസത്തിന്റെയും നിലവിളിയിലൂടെ മാത്രമാണതു സംഭവിക്കുക. ദൈവജനം അവനോട് നിലവിളിച്ചാൽ, അവൻ അവരുടെ പാപങ്ങൾ ക്ഷമിക്കുകയും അവർക്ക് ആത്മീയ ശക്തിയും ചൈതന്യവും പുതുക്കിനൽകുകയും ചെയ്യും (വാ. 8-26).

യേശുവിൽ വിശ്വസിക്കുന്ന ഇന്നത്തെ വിശ്വാസികൾക്കും ഇത് ബാധകമാണ്. നമ്മുടെമാനസാന്തരത്തിന്റെയും വിശ്വാസത്തിന്റെയും വ്യതിരിക്തമായ നിലവിളികൾ നമ്മുടെ സ്വർഗീയ പിതാവിന്റെ ചെവികളിൽ എത്തുമ്പോൾ, അവൻ അത് കേൾക്കുകയും നമ്മോട് ക്ഷമിക്കുകയും അവനിലുള്ള നമ്മുടെ സന്തോഷവും പ്രത്യാശയും പുതുക്കുകയും ചെയ്യുന്നു.