യേശു നമ്മുടെ രക്ഷകൻ
പാക്കിസ്ഥാൻ താഴ്‌വരയിലൂടെയുള്ള ഒരു സാധാരണ കേബിൾ കാർ യാത്രയിൽ തുടങ്ങിയതു ഭയാനകമായ ഒരു പരീക്ഷണമായി അവസാനിച്ചു. സവാരി ആരംഭിച്ചു അല്പ സമയത്തിനുള്ളിൽതന്നെ ഉറപ്പിച്ചുകെട്ടിയിരുന്ന രണ്ടു കേബിളുകൾ പൊട്ടിപ്പോയി. സ്കൂൾ കുട്ടികളടക്കം എട്ടു യാത്രക്കാർ നൂറുകണക്കിന് അടി ഉയരെ വായുവിൽ പെട്ടുപോകാൻ ഇതു ഇടയാക്കി. പാക്കിസ്ഥാനി സൈന്യത്തിന്റെ പന്ത്രണ്ട് മണിക്കൂർ നീണ്ട ക്ലേശാവഹമായ രക്ഷാപ്രവർത്തനത്തിന് ഈ സാഹചര്യം കാരണമായി. യാത്രക്കാരെ രക്ഷിക്കാനായി അവർ സിപ്പ്‌ലൈനുകളും ഹെലികോപ്റ്ററുകളും മറ്റു നിരവധി സങ്കേതങ്ങളും ഉപയോഗിച്ചു.
മികച്ച പരിശീലനം ലഭിച്ച ആ രക്ഷാപ്രവർത്തകർ അഭിനന്ദനം അർഹിക്കുന്നു. എന്നാൽ, പാപത്തിൽ നിന്നും മരണത്തിൽ നിന്നും നമ്മെ രക്ഷിച്ചു വിടുവിക്കാനുള്ള ദൗത്യമായി വന്ന യേശുവിന്റെ നിത്യമായ പ്രവർത്തനത്തിനു മുമ്പിൽ അവരുടെ പ്രവർത്തനം ഒന്നുമല്ലാതാകുന്നു. ക്രിസ്തുവിന്റെ ജനനത്തിനുമുമ്പ്, മറിയയുടെ ഗർഭം “പരിശുദ്ധാത്മാവിൽ” നിന്നായതിനാൽ (മത്തായി 1:18, 20) അവളെ ഭവനത്തിലേക്കു ചേർത്തുകൊള്ളാൻ ഒരു ദൂതൻ ജോസഫിനോടു നിർദ്ദേശിച്ചു. അവൻ “തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു” (വാക്യം 21) യോസേഫിനോടും തന്റെ മകനു യേശു എന്നു പേരിടാൻ പറഞ്ഞു. ഒന്നാം നൂറ്റാണ്ടിൽ ഈ പേരു സാധാരണമായിരുന്നെങ്കിലും, രക്ഷകനാകാനുള്ള യോഗ്യത ഈ ശിശുവിനു മാത്രമായിരുന്നു (ലൂക്കൊസ് 2:30-32). അനുതപിക്കുകയും തന്നിൽ വിശ്വസിക്കുകയും ചെയ്യുന്ന എല്ലാവരുടെയും നിത്യരക്ഷ മുദ്രവെക്കാനും സുരക്ഷിതമാക്കാനുമായി യഥാസമയത്താണു ക്രിസ്തു വന്നത്.
ദൈവത്തിൽ നിന്നുള്ള ശാശ്വത വേർപാടിന്റെ താഴ്‌വരയിൽ മുകളിലായി പാപത്തിന്റെയും മരണത്തിന്റെയും കേബിൾ കാറിൽ കുടുങ്ങിക്കിടക്കുന്നവരാണ് നാമെല്ലാവരും. എന്നാൽ അവന്റെ സ്നേഹത്താലും കൃപയാലും, നമ്മെ രക്ഷിച്ചു നമ്മുടെ സ്വർഗ്ഗീയ പിതാവിന്റെ അടുക്കൽ സുരക്ഷിതമായി ഭവനത്തിലേക്കു കൂട്ടിക്കൊണ്ടു പോകാനായി യേശു വന്നു. അവനെ സ്തുതിപ്പിൻ!
ക്രിസ്തുവിൽ ശക്തമായ പിന്തുണ
ലണ്ടൻ മാരത്തണിലെ ഒരു ഓട്ടക്കാരൻ, ആ വലിയ ഓട്ടം ഒറ്റയ്ക്ക് ഓടാതിരിക്കേണ്ടത് എന്തുകൊണ്ടെന്നു അനുഭവിച്ചറിഞ്ഞു. മാസങ്ങളോളം നീണ്ട കഠിന തയ്യാറെടുപ്പിനുശേഷം, നന്നായി ഓട്ടം പൂർത്തിയാക്കാൻ ആ മനുഷ്യൻ ആഗ്രഹിച്ചു. പക്ഷേ, ഫിനിഷിംഗ് ലൈനിലേക്ക് ഇടറിനീങ്ങുമ്പോൾ, ക്ഷീണം കാരണം താൻ മുന്നോട്ടു ആയുന്നതായും തളരുന്നവീഴുന്നതിന്റെ വക്കിലാണെന്നും സ്വയം മനസ്സിലാക്കി. അവൻ നിലത്തു വീഴുന്നതിന് മുമ്പ്, രണ്ട് സഹ മാരത്തണ്‍ ഓട്ടക്കാർ അവന്റെ കൈകളിൽ പിടിച്ചു—ഒരാൾ ഇടതുവശത്തും മറ്റേയാൾ വലതുവശത്തും. ക്ഷീണിച്ച ആ ഓട്ടക്കാരനെ ഓട്ടം പൂർത്തിയാക്കാൻ അവർ സഹായിച്ചു.
ആ ഓട്ടക്കാരനെപ്പോലെ, മറ്റുള്ളവർ നമ്മോടൊപ്പം ജീവിത ഓട്ടം ഓടുന്നതിൽ നിന്ന് ലഭിക്കുന്ന നിരവധി സുപ്രധാന നേട്ടങ്ങളെക്കുറിച്ച് സഭാപ്രസംഗിയുടെ എഴുത്തുകാരൻ നമ്മെ ഓർമ്മിപ്പിക്കുന്നു. ശലോമോൻ “ഒരുവനെക്കാൾ ഇരുവർ ഏറെ നല്ലതു” (സഭാപ്രസംഗി 4:9) എന്ന തത്വം മുന്നോട്ടുവച്ചു. കൂട്ടായ പ്രയത്നത്തിന്റെയും പരസ്പര പരിശ്രമത്തിന്റെയും നേട്ടങ്ങളിലേക്ക് അവൻ ശ്രദ്ധ ക്ഷണിക്കുന്നു. പങ്കാളിത്തത്തോടെയുള്ള “തങ്ങളുടെ പ്രയത്നത്താൽ നല്ല പ്രതിഫലം കിട്ടുന്നു” (വാക്യം 9) എന്നും അവൻ എഴുതി. ക്ലേശകരമായ സമയങ്ങളിൽ, “വീണാൽ… എഴുന്നേല്പി”ക്കാനായി (വാ. 10) ഒരു കൂട്ടാളിയുണ്ട്. രാത്രികൾ ഇരുണ്ടതും തണുപ്പുള്ളതുമാകുമ്പോൾ, “കുളിർ” മാറാൻ സുഹൃത്തുക്കൾക്ക് ഒന്നിച്ചു കിടക്കാം (വാക്യം 11). കൂടാതെ, അപകടസമയത്ത്, രണ്ടുപേർക്ക് ഒരു അക്രമിക്കെതിരെ “എതിർത്തുനില്ക്കാം” (വാ. 12). ജീവിതം ഇഴചേർന്നു കിടക്കുന്നവരുടെ പക്കൽ വലിയ ശക്തിയുണ്ടായിരിക്കും.
നമ്മുടെ എല്ലാ ബലഹീനതകളും ദുർബ്ബലതകളും പരിഗണിക്കുമ്പോൾ, യേശുവിൽ വിശ്വസിക്കുന്ന ഒരു സമൂഹത്തിന്റെ ശക്തമായ പിന്തുണയും സുരക്ഷിതത്വവും നമുക്ക് ആവശ്യമാണ്. അവൻ നമ്മെ നയിക്കുമ്പോൾ നമുക്ക് ഒരുമിച്ച് മുന്നേറാം!
പരിശുദ്ധാത്മാവു സന്നിഹിതനാണ്
ആഭ്യന്തര വിമാനയാത്രയ്ക്കായി പ്രീഫ്ലൈറ്റ് പരിശോധന നടത്തവേ, ഒരു യാത്രക്കാരൻ പറക്കുന്നതിനെക്കുറിച്ച് ഉത്കണ്ഠയും ആശങ്കയും പ്രകടിപ്പിക്കുന്നത് ഒരു ഫ്ലൈറ്റ് അറ്റൻഡന്റ് ശ്രദ്ധിച്ചു. അവൻ ഇടനാഴിയിൽ ഇരുന്ന ശേഷം ആ യാത്രക്കാരിയുടെ കൈപിടിച്ചുകൊണ്ട്, യാത്രാ പ്രക്രിയയുടെ ഓരോ ഘട്ടവും വിശദീകരിച്ചു. യാതൊന്നും പേടിക്കേണ്ടതില്ല എന്ന് പറഞ്ഞ് അവൻ അവളെ ആശ്വസിപ്പിച്ചു. “നിങ്ങൾ ഒരു വിമാനത്തിൽ കയറുമ്പോൾ, ഞങ്ങൾക്കല്ല, നിങ്ങൾക്കാണ് പ്രാധാന്യം,” അവൻ പറഞ്ഞു. “നിങ്ങൾക്കു യാത്ര സുഖപ്രദമായി അനുഭവപ്പെടുന്നില്ലെങ്കിൽ, ‘ഹേയ്, എന്താണു താങ്കൾ നേരിടുന്ന പ്രശ്നം? എനിക്ക് എന്തെങ്കിലും ചെയ്തു തരാൻ കഴിയുമോ?’ എന്നു ചോദിച്ചുകൊണ്ടു ഞാൻ അവിടെ കാണും.” പരിശുദ്ധാത്മാവു തന്നിൽ വിശ്വാസിക്കുന്നവർക്കായി എന്തുചെയ്യുമെന്നു യേശു പറഞ്ഞതിന്റെ ഒരു ചിത്രമായിരിക്കാം അവന്റെ കരുതലുള്ള സാന്നിധ്യം.
ക്രിസ്തുവിന്റെ മരണവും പുനരുത്ഥാനവും സ്വർഗ്ഗാരോഹണവും വ്യക്തികളെ തങ്ങളുടെ പാപങ്ങളിൽ നിന്നു രക്ഷിക്കാൻ അനിവാര്യവും പ്രയോജനപ്രദവുമായിരുന്നു. എങ്കിലും, അതു ശിഷ്യന്മാരുടെ ഹൃദയങ്ങളിൽ വൈകാരിക പ്രക്ഷുബ്ധതയും അഗാധമായ ദുഃഖവും സൃഷ്ടിക്കാൻ ഇടയാക്കുമായിരുന്നു (യോഹന്നാൻ 14:1). അതിനാൽ ലോകത്തിൽ തന്റെ ദൗത്യം നിർവഹിക്കാൻ അവരെ ഒറ്റയ്ക്കു വിടില്ല എന്നു അവൻ അവരെ ആശ്വസിപ്പിച്ചു. അവരോടൊപ്പം ആയിരിക്കാൻ അവൻ പരിശുദ്ധാത്മാവിനെ അയയ്ക്കും - “കാര്യസ്ഥനെ എന്നേക്കും നിങ്ങളോടുകൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും” (വാ. 16). ആത്മാവു യേശുവിനെക്കുറിച്ചു സാക്ഷ്യം വഹിക്കുകയും ക്രിസ്തു ചെയ്തതും പറഞ്ഞതും എല്ലാം അവരെ ഓർമ്മിപ്പിക്കുകയും ചെയ്യും (വാ. 26). ക്ലേശകരമായ സമയങ്ങളിൽ അവർ അവനാൽ “ധൈര്യപ്പെടും” (പ്രവൃത്തികൾ 9:31).
ഈ ജീവിതത്തിൽ, എല്ലാവരും-ക്രിസ്തുവിൽ വിശ്വസിക്കുന്നവർ ഉൾപ്പെടെ-ആകുലത, ഭയം, വ്യസനം എന്നിവയുടെ പ്രക്ഷുബ്ധത അനുഭവിക്കും. എങ്കിലും, അവന്റെ അഭാവത്തിൽ നമ്മെ ആശ്വസിപ്പിക്കാൻ പരിശുദ്ധാത്മാവു സന്നിഹിതനായിരിക്കുമെന്ന് അവൻ വാഗ്ദത്തം ചെയ്തിട്ടുണ്ട്.
ആത്മീയ രാജപദവി
അമേരിക്കയിലെ ജെയ് സ്പെയിറ്റ്സ് ഡിഎൻഎ ടെസ്റ്റ് നടത്തിയപ്പോൾ, അയാൾ സ്വപ്നത്തിൽ കരുതാത്തതായിരുന്നു ലഭിച്ച ഫലം. അയാൾക്കു വലിയ ആശ്ചര്യം നൽകുന്ന ഒരു കാര്യം അതിൽ ഉൾക്കൊണ്ടിരുന്നു - അയാൾ പശ്ചിമാഫ്രിക്കൻ രാജ്യമായ ബെനിനിലെ ഒരു രാജകുമാരനായിരുന്നു! താമസിയാതെ അയാൾ വിമാനത്തിൽ കയറി ആ രാജ്യം സന്ദർശിച്ചു. അയാൾ എത്തിച്ചേർന്നപ്പോൾ, നൃത്തം, സംഗീതം, ഘോഷയാത്ര എന്നിവയൊടുകൂടി അയാളെ സ്വാഗതം ചെയ്തുകൊണ്ട് ആഘോഷപൂർണ്ണമായ വരവേല്പ് രാജകുടുംബം അവനു നൽകി.
ദൈവത്തിന്റെ സുവാർത്ത പ്രഖ്യാപനമായിട്ടാണു യേശു ഭൂമിയിൽ അവതരിച്ചത്. സുവാർത്ത അറിയിക്കാനും അന്ധകാരത്തിൽ നിന്നു രക്ഷനേടാനുള്ള മാർഗ്ഗം കാണിച്ചുകൊടുക്കാനുമായി അവൻ തന്റെ സ്വന്ത ജനമായ യിസ്രായേൽ ജനതയുടെ അടുത്തേക്കു ചെന്നു. “യഥാർത്ഥ വെളിച്ചം” (യോഹന്നാൻ 1:9) നിരസിച്ച്, അവനെ മിശിഹായായി അംഗീകരിക്കാൻ വിസമ്മതിച്ചുകൊണ്ടു അനേകർ നിസ്സംഗതയോടെ ആ സന്ദേശം കേട്ടു (വാക്യം 11). എന്നാൽ അവിശ്വാസവും നിസ്സംഗതയും സാർവത്രികമായിരുന്നില്ല. ചില വ്യക്തികൾ താഴ്മയോടെയും സന്തോഷത്തോടെയും ക്രിസ്തുവിന്റെ ക്ഷണം സ്വീകരിച്ചു. അവർ അവനെ പാപത്തിനായുള്ള ദൈവത്തിന്റെ അന്തിമ യാഗമായി സ്വീകരിച്ചുകൊണ്ട് അവന്റെ നാമത്തിൽ വിശ്വസിച്ചു. ഈ വിശ്വസ്ത ശേഷിപ്പിനെ കാത്ത് ഒരു അത്ഭുതമുണ്ടായിരുന്നു. “[അവർക്ക്] ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു” (വാക്യം 12) — ആത്മീയ പുനർജനനത്തിലൂടെ അവന്റെ രാജകീയ മക്കളാകാനുള്ള അധികാരം.
പാപത്തിൽ നിന്നും അന്ധകാരത്തിൽ നിന്നും തിരിഞ്ഞ് യേശുവിനെ സ്വീകരിച്ച് അവന്റെ നാമത്തിൽ നാം വിശ്വസിക്കുമ്പോൾ, ദൈവത്തിന്റെ കുടുംബത്തിലേക്ക് രാജകീയമായി ദത്തെടുക്കപ്പെട്ട തന്റെ മക്കളാണു നാമെന്ന് നാം മനസ്സിലാക്കുന്നു. രാജാവിന്റെ മക്കളെന്ന നിലയിൽ ഉത്തരവാദിത്തങ്ങൾ നിറവേറ്റുമ്പോൾ നമുക്ക് അനുഗ്രഹങ്ങൾ ആസ്വദിക്കാൻ സാധിക്കുന്നു.
ക്രിസ്തുവിൽ സത്യം സംസാരിക്കുക
തനിക്കു ലഭിക്കുന്ന ഗതാഗത ലംഘന പിഴകൾ നുണ പറഞ്ഞു ഒഴിവാക്കുന്നതിൽ സമർത്ഥനായ ഒരു മനുഷ്യനുണ്ടായിരുന്നു. കോടതിയിൽ വിവിധ ന്യായാധിപന്മാർക്കു മുന്നിൽ ഹാജരായപ്പോഴെല്ലാം അവൻ ഒരേ കഥ തന്നെ പറയുമായിരുന്നു: “ഞാൻ എന്റെ സുഹൃത്തുമായി വഴക്കിട്ടതിനെ തുടർന്ന്, എന്റെ അറിവില്ലാതെ അവൾ എന്റെ കാർ എടുത്തുകൊണ്ടുപോയി.” കൂടാതെ, ജോലിക്കിടെ മോശമായി പെരുമാറുന്നതിന് പലതവണ ശകാരം ലഭിക്കുകയും ചെയ്തിട്ടുണ്ട്. ന്യായാധിപന്മാരോട് പ്രതിജ്ഞാലംഘനം നടത്തിയതിനും സാങ്കൽപ്പിക പോലീസ് റിപ്പോർട്ടുകൾ നൽകിയതിനും പ്രോസിക്യൂട്ടർമാർ ഒടുവിൽ നാല് കള്ളസാക്ഷ്യം, അഞ്ച് വ്യാജരേഖകൾ എന്നിവ അയാൾക്കെതിരെ ചുമത്തി. ഈ മനുഷ്യനെ സംബന്ധിച്ചിടത്തോളം നുണ പറയുക എന്നത് ആജീവനാന്ത ശീലമായി മാറിയിരുന്നു.
നേരെമറിച്ച്, യേശുവിൽ വിശ്വസിക്കുന്നവർക്ക് ജീവിതത്തിൽ വേണ്ട ഒരു സുപ്രധാന ശീലമാണ് സത്യം പറയുക എന്നത് എന്ന് അപ്പൊസ്തലനായ പൗലൊസ് പറഞ്ഞിരിക്കുന്നു. ക്രിസ്തുവിന് തങ്ങളുടെ ജീവിതം സമർപ്പിക്കുന്നതിലൂടെ തങ്ങളുടെ പഴയ ജീവിതരീതി ഉപേക്ഷിക്കാൻ സാധിക്കുമെന്ന് അവൻ എഫെസ്യരെ ഓർമ്മിപ്പിച്ചു (എഫെസ്യർ 2:1-5). ഇപ്പോൾ, തങ്ങളുടെ ജീവിതത്തിൽ പ്രത്യേകമായ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട്, അവർ ആയിത്തീർന്ന പുതിയ വ്യക്തികളെപ്പോലെ അവർ ജീവിക്കേണ്ടിയിരിക്കുന്നു.
അവസാനിപ്പിക്കേണ്ട ഒന്നായ “ഭോഷ്കു” ആയിരുന്നു അത്തരത്തിലുള്ള ഒരു പ്രവൃത്തി. പരിശീലിക്കേണ്ട ഒന്നായ “കൂട്ടുകാരനോടു സത്യം സംസാരിപ്പിൻ” (4:25) എന്നതായിരുന്നു മറ്റൊരു പ്രവൃത്തി. അത് സഭയുടെ ഐക്യത്തെ സംരക്ഷിച്ചതിനാൽ, എഫെസ്യരെ സംബന്ധിച്ചിടത്തോളം തങ്ങളുടെ വാക്കുകളും പ്രവർത്തനങ്ങളും എപ്പോഴും “ആത്മികവർദ്ധനെക്കായി” ഉള്ളതായിരിക്കണമായിരുന്നു (വാക്യം 29).
പരിശുദ്ധാത്മാവു നമ്മെ സഹായിക്കുന്നതുപോലെ (വാ. 3-4), യേശുവിലുള്ള വിശ്വാസികൾക്കു തങ്ങളുടെ വാക്കുകളിലും പ്രവൃത്തികളിലും സത്യത്തിനായി പരിശ്രമിക്കാം. അപ്പോൾ സഭ ഏകീകരിക്കപ്പെടുകയും ദൈവം ആദരിക്കപ്പെടുകയും ചെയ്യും.
യേശുവിന്റെ ദൃശ്യമായ അടയാളങ്ങൾ
സെൽ ഫോൺ ഉപയോക്താക്കളുടെ വ്യക്തിഗത സ്വഭാവങ്ങളും ജീവിതശൈലി ശീലങ്ങളും തിരിച്ചറിയാൻ ഒരു സർവകലാശാലയിലെ ശാസ്ത്രജ്ഞർ പരീക്ഷണാത്മക മോളിക്യുലാർ സ്വാബ് ടെസ്റ്റുകൾ നടത്തുകയുണ്ടായി. മറ്റനവധി വസ്തുക്കളോടൊപ്പം ആ സെൽ ഫോൺ ഉപയോക്താക്കൾ ഉപയോഗിച്ചിരുന്ന സോപ്പുകൾ, ലോഷനുകൾ, ഷാംപൂകൾ, മേക്കപ്പ്; അവർ കഴിച്ചിരുന്ന ഭക്ഷണങ്ങൾ, പാനീയങ്ങൾ, മരുന്നുകൾ എന്നിവയുടെ തരം; അവർ ധരിച്ചിരുന്ന വസ്ത്രത്തിന്റെ തരം എന്നിവ അവർ കണ്ടെത്തി. ഓരോ വ്യക്തിയുടെയും ജീവിതശൈലിയുടെ ഒരു രൂപരേഖ തയ്യാറാക്കാൻ ആ പഠനം ഗവേഷകരെ സഹായിച്ചു.
പ്രവാചകനായ ദാനീയേലിന്റെ ജീവിതത്തിൽ ഏതെങ്കിലും തരത്തിലുള്ള നിഷേധാത്മക സ്വഭാവങ്ങളോ ജീവിത ശീലങ്ങളോ കണ്ടെത്താനായി, ആലങ്കാരികമായി അവന്റെ ജീവിതത്തിന്റെ“സ്വാബ്” എടുത്തു പരിശോധിക്കാൻ ബാബേലിലെ ഭരണാധികാരികൾ തുനിഞ്ഞു. എന്നാൽ എഴുപതു വർഷത്തോളം വിശ്വസ്തതയോടെ സാമ്രാജ്യത്തെ സേവിച്ച അവൻ “വിശ്വസ്തനായിരുന്നതുകൊണ്ടു ഒരു തെറ്റും കുറ്റവും അവനിൽ കണ്ടെത്തിയില്ല” (ദാനീയേൽ 6:4). വാസ്തവത്തിൽ, നിരവധി ദേശാധിപതികളുടെ മേൽ അധികാരമുള്ള “മൂന്നു അദ്ധ്യക്ഷന്മാരിൽ” ഒരാളായി പ്രവാചകനെ ദാര്യാവേശ് രാജാവു ഉയർത്തി (വാ. 1-2). ഒരുപക്ഷേ അസൂയ നിമിത്തം, അവനെ ഒഴിവാക്കാനായി മറ്റ് ഉദ്യോഗസ്ഥർ ദാനീയേലിൽ തെറ്റുകുറ്റങ്ങളുടെ സൂചനകൾ തേടുകയായിരുന്നു. എന്നിരുന്നാലും, അവൻ തന്റെ സത്യനിഷ്ഠ നിലനിർത്തിക്കൊണ്ടു, “മുമ്പെ ചെയ്തുവന്നതുപോലെ” (വാ. 28) ദൈവത്തെ ആരാധിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തുപോന്നു. അവസാനം, പ്രവാചകൻ തന്റെ കർത്തവ്യത്തിൽ അഭിവൃദ്ധി പ്രാപിച്ചു.
നാം ആരാണെന്നും ആരെ പ്രതിനിധീകരിക്കുന്നുവെന്നും സൂചിപ്പിക്കുന്ന ദൃശ്യമായ അടയാളങ്ങൾ നമ്മുടെ ജീവിതം അവശേഷിപ്പിക്കുന്നു. നമുക്കു പോരാട്ടങ്ങളുണ്ടെങ്കിലും, നാം പൂർണരല്ലെങ്കിലും, നമുക്കു ചുറ്റുമുള്ള ജനം നമ്മുടെ ജീവിതത്തെ “സ്വാബ്” ചെയ്യുമ്പോൾ, യേശു നമ്മെ നയിക്കുന്ന വിധത്തിലുള്ള സമഗ്രതയുടെയും ഭക്തിയുടെയും ദൃശ്യമായ അടയാളങ്ങൾ അവർ കണ്ടെത്താൻ ഇടയാകട്ടെ.
വെളിപ്പെടുത്തപ്പെട്ട പാപങ്ങൾ
ഒരു ഫോൺ നന്നാക്കുന്ന കടയിൽ കയറിയ ഒരു കവർച്ചക്കാരൻ, ഒരു ഡിസ്പ്ലേ കെയ്സിന്റെ ചില്ലുകൾ തകർത്തു, ഫോണുകളും മറ്റും കവർച്ച ചെയ്യാൻ തുടങ്ങി. കാർഡ്ബോർഡ് പെട്ടി കൊണ്ടു തന്റെ തല മറച്ചു നിരീക്ഷണ ക്യാമറയിൽ നിന്നു തന്റെ വ്യക്തിത്വം മറയ്ക്കാൻ അവൻ ശ്രമിച്ചു. എന്നാൽ കവർച്ചയ്ക്കിടെ, പെട്ടി അൽപ്പനേരം പൊങ്ങിപ്പോയിട്ട്, അവന്റെ മുഖം വെളിവായി. മിനിറ്റുകൾക്ക് ശേഷം, കടയുടമ കവർച്ചയുടെ വീഡിയോ ദൃശ്യങ്ങൾ കണ്ടിട്ടു, പോലീസിനെ വിളിക്കുകയും അവർ അടുത്തുള്ള കടയിൽ നിന്ന് കവർച്ചക്കാരനെ പിടികൂടുകയും ചെയ്തു. മറഞ്ഞിരിക്കുന്ന എല്ലാ പാപങ്ങളും ഒരുനാൾ മറനീക്കപ്പെടുമെന്ന് ഇയാളുടെ കഥ നമ്മെ ഓർമ്മിപ്പിക്കുന്നു.
നമ്മുടെ പാപങ്ങൾ മറയ്ക്കാൻ ശ്രമിക്കുന്നതു മനുഷ്യസഹജമാണ്. എന്നാൽ സഭാപ്രസംഗിയിൽ, നാം ദൈവത്തിന്റെ കൽപ്പനകൾ പാലിക്കണമെന്ന് നാം വായിക്കുന്നു. കാരണം, മറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും അവന്റെ നീതിപൂർവ്വമായ നോട്ടത്തിനും ന്യായമായ വിധിക്കും മുമ്പിൽ കൊണ്ടുവരപ്പെടും (12:14). “ദൈവത്തെ ഭയപ്പെട്ടു അവന്റെ കല്പനകളെ പ്രമാണിച്ചുകൊൾക; അതു ആകുന്നു സകല മനുഷ്യർക്കും വേണ്ടുന്നതു” (വാക്യം 13) എന്നു എഴുത്തുകാരൻ എഴുതുന്നു. പത്ത് കൽപ്പനകൾ കുറ്റംവിധിക്കുന്ന (ലേവ്യപുസ്തകം 4:13) മറഞ്ഞിരിക്കുന്ന കാര്യങ്ങൾ പോലും അവന്റെ വിലയിരുത്തലിൽ നിന്ന് രക്ഷപ്പെടില്ല. നല്ലതോ ചീത്തയോ ആയ എല്ലാ പ്രവൃത്തികളെയും അവന്റെ ന്യായവിധിക്കായി കൊണ്ടുവരും. എന്നാൽ, അവന്റെ കൃപ നിമിത്തം, യേശുവിലും നമുക്കുവേണ്ടിയുള്ള അവന്റെ യാഗത്തിലും നമ്മുടെ പാപമോചനം കണ്ടെത്താനാകും (എഫെസ്യർ 2:4-5).
നാം അവന്റെ കൽപ്പനകളെക്കുറിച്ച് ബോധവാന്മാരായിരിക്കുകയും അവ ആന്തരികവൽക്കരിക്കുകയും ചെയ്യുമ്പോൾ, അത് അവനോടുള്ള ഭയഭക്തിയിലേക്കും അതുമായി പൊരുത്തപ്പെടുന്ന ഒരു ജീവിതരീതിയിലേക്കും നയിക്കും. നമുക്ക് നമ്മുടെ പാപങ്ങൾ അവിടുത്തെ സന്നിധിയിൽ കൊണ്ടുവരാം. സ്നേഹനിർഭരവും ക്ഷമിക്കുന്നതുമായ അവിടുത്തെ ഹൃദയം വീണ്ടും അനുഭവിക്കാം.
യേശുവിൽ വിശ്രമം കണ്ടെത്തുക
അസ്വസ്ഥമായ ആത്മാവിന് സമ്പത്തിലും വിജയത്തിലും സംതൃപ്തി ഒരിക്കലും ലഭിക്കുകയില്ല. മരിച്ചുപോയ ഒരു കൺട്രി മ്യൂസിക് താരം ഈ സത്യത്തിന് സാക്ഷ്യം വഹിക്കുന്നു. അദ്ദേഹത്തിന്റെ നാൽപ്പതോളം ആൽബങ്ങൾ ആഴ്ചതോറും ഉള്ള മികച്ച പത്ത് പാട്ടുകളിൽ ഇടംനേടി. എന്നാൽ അദ്ദേഹം ഒന്നിലധികം വിവാഹം ചെയ്യുകയും, ജയിലിൽ കഴിയുകയും ചെയ്തു. ഇത്രയധികം നേട്ടങ്ങളുടെ മധ്യത്തിലും അദ്ദേഹം ഒരിക്കൽ വിലപിച്ചു: "ഞാൻ ഒരിക്കലും കീഴടക്കിയിട്ടില്ലാത്ത ഒരു അസ്വസ്ഥത എന്റെ ആത്മാവിലുണ്ട്, അത് ഇപ്പോഴും ഒരു പരിധിവരെ ഉണ്ട്, അത് സംഗീതമോ, വിവാഹമോ, അർത്ഥമോ അല്ല, . . . . അത് ഞാൻ മരിക്കുന്ന ദിവസം വരെ തുടരും. " ഖേദകരമെന്നു പറയട്ടെ, തന്റെ ജീവിതം അവസാനിക്കുന്നതിനുമുമ്പ് അദ്ദേഹത്തിന് തന്റെ ആത്മാവിന് വിശ്രമം കണ്ടെത്താമായിരുന്നു.
ഈ സംഗീതജ്ഞനെപ്പോലെ, പാപത്തിലും അതിന്റെ അനന്തരഫലങ്ങളിലും വലഞ്ഞ എല്ലാവരെയും വ്യക്തിപരമായി തന്റെ അടുക്കൽ വരാൻ യേശു ക്ഷണിക്കുന്നു: “എന്റെ അടുക്കൽ വരുവിൻ;” അവൻ പറയുന്നു (മത്തായി 11:28). നാം യേശുവിൽ രക്ഷ പ്രാപിക്കുമ്പോൾ, അവൻ നമ്മിൽ നിന്ന് ഭാരങ്ങൾ എടുത്ത്, "[നമ്മെ] ആശ്വസിപ്പിക്കും." അവനിൽ വിശ്വസിക്കുകയും അവനിൽ നിന്ന് പഠിക്കുകയും ചെയ്യുക എന്നതാണ് നാം ചെയ്യേണ്ടത് (യോഹന്നാൻ 10:10). ക്രിസ്തുവിന്റെ ശിഷ്യത്വത്തിന്റെ നുകം ഏറ്റെടുക്കുന്നത് "[നമ്മുടെ] ആത്മാക്കൾക്കു ആശ്വാസം" കണ്ടെത്തുവാൻ ഇടയാക്കുന്നു (മത്തായി 11:29).
നാം യേശുവിന്റെ അടുക്കൽ വരുമ്പോൾ, ദൈവത്തോടുള്ള നമ്മുടെ ഉത്തരവാദിത്തങ്ങൾ കുറയുന്നില്ല. അവനിൽ ജീവിക്കാൻ പുതിയതും, എളുപ്പമുള്ളതുമായ ഒരു മാർഗം നൽകിക്കൊണ്ട് അവൻ നമ്മുടെ അസ്വസ്ഥമായ ആത്മാക്കൾക്ക് സമാധാനം നൽകുന്നു. അവൻ നമുക്ക് യഥാർത്ഥ വിശ്രമം നൽകുന്നു.
ദൈവത്തിന്റെ ഏറ്റവും ഉൽകൃഷ്ടമായ സൃഷ്ടി
മസ്തിഷ്കം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസ്സിലാക്കുന്നതിൽ ന്യൂറോ സയൻസ് വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും, തങ്ങൾ ഇപ്പോഴും അത് മനസ്സിലാക്കുന്നതിന്റെ പ്രാരംഭ ഘട്ടത്തിലാണെന്ന് ശാസ്ത്രജ്ഞർ സമ്മതിക്കുന്നു. മസ്തിഷ്ക രൂപകല്പന, അതിന്റെ പ്രവർത്തനത്തിന്റെ ചില വശങ്ങൾ, പരിസ്ഥിതിയോട് പ്രതികരിക്കുന്ന, നമ്മുടെ ഇന്ദ്രിയങ്ങളെ സജീവമാക്കുന്ന, ചലനങ്ങൾ സൃഷ്ടിക്കുന്ന, വികാരങ്ങൾ ഉൾക്കൊള്ളുന്ന പ്രദേശങ്ങൾ എന്നിവ അവർ മനസ്സിലാക്കുന്നു. എന്നാൽ ഈ ഇടപെടലുകളെല്ലാം പെരുമാറ്റം,സംവേദനം, ഓർമ്മ എന്നിവയെ എങ്ങനെ ഉളവാക്കുന്നുവെന്ന് അവർക്ക് ഇപ്പോഴും കണ്ടെത്താൻ കഴിയുന്നില്ല. ദൈവത്തിന്റെ അവിശ്വസനീയവും, സങ്കീർണ്ണവും, ഏറ്റവും ഉൽകൃഷ്ടവുമായ സൃഷ്ടി—മനുഷ്യൻ—ഇപ്പോഴും ഒരു സമസ്യയാണ്.
മനുഷ്യശരീരത്തിലെ അത്ഭുതങ്ങളെ ദാവീദ് ഊന്നിപ്പറയുന്നു. ആലങ്കാരിക ഭാഷ ഉപയോഗിച്ച്, അവൻ ദൈവത്തിന്റെ ശക്തിയെ പ്രകീർത്തിച്ചു, “എന്റെ അമ്മയുടെ ഉദരത്തിൽ നീ എന്നെ മെടഞ്ഞു” (സങ്കീർത്തനം 139:13). അവൻ എഴുതി, “ഭയങ്കരവും അതിശയവുമായി എന്നെ സൃഷ്ടിച്ചിരിക്കയാൽ ... നിന്റെ പ്രവൃത്തികൾ അത്ഭുതകരമാകുന്നു;” (വാക്യം 14). മാതാവിന്റെ ഗർഭപാത്രത്തിനുള്ളിൽ ഒരു കുഞ്ഞ് വളരുന്നത് വിശദീകരിക്കാനാവാത്ത കാര്യമായിട്ടാണ് പഴമക്കാർ വീക്ഷിച്ചിരുന്നത് (സഭാപ്രസംഗി 11:5 കാണുക). മനുഷ്യശരീരത്തിന്റെ അത്ഭുതകരമായ സങ്കീർണ്ണതകളെക്കുറിച്ചുള്ള പരിമിതമായ അറിവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും, ദാവീദ് അപ്പോഴും ദൈവത്തിന്റെ വിസ്മയകരമായ പ്രവൃത്തിയുടെയും സാന്നിധ്യത്തിൻ്റെയും മുമ്പിൽ ഭയഭക്തിയോടെയും, അത്ഭുതത്തോടെയും നിന്നു.
മനുഷ്യശരീരത്തിന്റെ അത്ഭുതകരവും വിസ്മയകരവുമായ സങ്കീർണ്ണത നമ്മുടെ വലിയവനായ ദൈവത്തിന്റെ ശക്തിയെയും പരമാധികാരത്തെയും പ്രതിഫലിപ്പിക്കുന്നു. സ്തുതിയും, ഭയഭക്തിയും, ആശ്ചര്യവും മാത്രമായിരിക്കും ഇതിനോടുള്ള നമ്മുടെ പ്രതികരണങ്ങൾ!
വാക്കുകൾ നമ്മുടെ ഹൃദയത്തെ പ്രതിഫലിപ്പിക്കുന്നു
മോശം ഭാഷ എങ്ങനെ ഇല്ലാതാക്കാം? ഒരു ഹൈസ്‌കൂൾ “മോശം ഭാഷ പാടില്ല’’ എന്ന വാഗ്ദാനം നടപ്പാക്കാൻ തീരുമാനിച്ചു. വിദ്യാർത്ഥികൾ പ്രതിജ്ഞയെടുത്തു: “[ഞങ്ങളുടെ സ്‌കൂളിന്റെ] കോമ്പൗണ്ടിനുള്ളിൽ ഒരു തരത്തിലുമുള്ള അശ്ലീല ഭാഷകൾ ഉപയോഗിക്കില്ലെന്ന് ഞാൻ ആത്മാർത്ഥമായി പ്രതിജ്ഞ ചെയ്യുന്നു.’’ ഇതൊരു മഹത്തായ ശ്രമമായിരുന്നു, പക്ഷേ, യേശുവിന്റെ അഭിപ്രായത്തിൽ, ബാഹ്യമായ ഒരു നിയമത്തിനും പ്രതിജ്ഞയ്ക്കും ഒരിക്കലും മോശമായ സംസാരത്തിന്റെ ഗന്ധം മറയ്ക്കാൻ കഴികയില്ല.
നല്ല ഫലം കായ്ക്കുന്ന വൃക്ഷത്തെ ആളുകൾ തിരിച്ചറിയുന്നതുപോലെ, നമ്മുടെ വായിൽ നിന്ന് വരുന്ന വാക്കുകളുടെ ദുർഗന്ധം അകറ്റുന്നത് നമ്മുടെ ഹൃദയത്തെ നവീകരിക്കുന്നതിലൂടെയാണ് ആരംഭിക്കുന്നത് (ലൂക്കൊസ് 6:43-44), നമ്മുടെ ഹൃദയം അവനോടും അവന്റെ വഴികളോടും യോജിക്കുന്നുണ്ടോ ഇല്ലയോ എന്നതിന്റെ ബോധ്യപ്പെടുത്തുന്ന സൂചകമാണ് നമ്മുടെ സംസാരം എന്ന് യേശു പറഞ്ഞു. അധരഫലം ഒരു വ്യക്തിയുടെ സംസാരത്തെ സൂചിപ്പിക്കുന്നു, “ഹൃദയത്തിൽ നിറഞ്ഞു കവിയുന്നതല്ലോ വായി പ്രസ്താവിക്കുന്നത്’’ (വാക്യം 45). നമ്മുടെ വായിൽ നിന്ന് വരുന്ന കാര്യങ്ങൾ മാറ്റണമെങ്കിൽ, അവൻ നമ്മെ സഹായിക്കുന്നതുപോലെ, നമ്മുടെ ഹൃദയങ്ങളെ മാറ്റുന്നതിലാണ് ആദ്യം നാം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് ക്രിസ്തു ചൂണ്ടിക്കാണിച്ചു.
രൂപാന്തരപ്പെടാത്ത ഹൃദയത്തിൽ നിന്ന് പുറപ്പെടുന്ന അസഭ്യമായ ഭാഷയെ നിയന്ത്രിക്കാൻ ബാഹ്യ പ്രതിജ്ഞകൾ ഉപയോഗശൂന്യമാണ്. ആദ്യം യേശുവിൽ വിശ്വസിക്കുകയും (1 കൊരിന്ത്യർ 12:3) എന്നിട്ട് നമ്മെ നിറയ്ക്കാൻ പരിശുദ്ധാത്മാവിനെ ക്ഷണിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ നമുക്ക് അസഭ്യമായ സംസാരം ഇല്ലാതാക്കാൻ കഴിയൂ (എഫെസ്യർ 5:18). ദൈവത്തിന് തുടർച്ചയായി നന്ദി അർപ്പിക്കാൻ നമ്മെ പ്രചോദിപ്പിക്കാനും സഹായിക്കാനും അവൻ നമ്മുടെ ഉള്ളിൽ പ്രവർത്തിക്കുന്നു (വാക്യം 20). അപ്പോൾ നാം മറ്റുള്ളവരോട് പ്രോത്സാഹജനകവും ഉത്സാഹിപ്പിക്കുന്നതുമായ വാക്കുകൾ സംസാരിക്കാൻ തുടങ്ങും (4:15, 29; കൊലൊസ്യർ 4:6).