വിദ്യാഭ്യാസം നേടാൻ സഹായിക്കാമെന്ന വാഗ്ദാനം സ്വീകരിച്ച് നതാലിയ മറ്റൊരു രാജ്യത്തേക്ക് പോയി. എന്നാൽ താമസിയാതെ അവളുടെ പുതിയ വീട്ടിലെ പിതാവ് അവളെ ശാരീരികമായും ലൈംഗികമായും പീഡിപ്പിക്കാൻ തുടങ്ങി. ശമ്പളമില്ലാതെ തന്റെ വീടിനെയും കുട്ടികളെയും പരിപാലിക്കാൻ അയാൾ അവളെ നിർബന്ധിച്ചു. പുറത്തുപോകാനോ ഫോൺ ഉപയോഗിക്കാനോ അവളെ അയാൾ സമ്മതിച്ചില്ല. അവൾ അയാളുടെ അടിമയായി മാറിയിരുന്നു.

അബ്രാമിന്റെയും സാറായിയുടെയും മിസ്രയീമ്യ അടിമയായിരുന്നു ഹാഗാർ. ആരും അവളുടെ പേര് ഉപയോഗിച്ചില്ല. അവർ അവളെ “എന്റെ അടിമ” അല്ലെങ്കിൽ “നിങ്ങളുടെ അടിമ” എന്ന് വിളിച്ചു (ഉൽപത്തി 16:2, 5-6). അവർക്ക് ഒരു അനന്തരാവകാശി ലഭിക്കാൻ അവളെ ഉപയോഗിക്കുകയായിരുന്നു അവരുടെ ലക്ഷ്യം.

ദൈവം എത്ര വ്യത്യസ്തനാണ്! മരുഭൂമിയിൽ, ഗർഭിണിയായ ഹാഗാറിനോട് സംസാരിക്കുമ്പോൾ കർത്താവിന്റെ ദൂതൻ തിരുവെഴുത്തുകളിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നു. ദൂതൻ ഒന്നുകിൽ ദൈവത്തിന്റെ ദൂതൻ അല്ലെങ്കിൽ ദൈവം തന്നെയാണ്. അവൻ ദൈവമാണെന്ന് ഹാഗാർ വിശ്വസിച്ചു, കാരണം അവൾ പറയുന്നു, “എന്നെ കാണുന്നവനെ ഞാൻ ഇവിടെയും കണ്ടു” (വാ. 13). ദൂതൻ ദൈവമാണെങ്കിൽ, അവൻ ഒരുപക്ഷേ പുത്രനാം ദൈവത്തിന്റെ – നമുക്ക് ദൈവത്തെ വെളിപ്പെടുത്തുന്നവൻ-അവതാരപൂർവ്വപ്രത്യക്ഷതയായിരിക്കും. അവൻ അവളുടെ പേര് വിളിച്ചു: “സാറായിയുടെ ദാസിയായ ഹാഗാരേ, നീ എവിടെ നിന്നു വരുന്നു? എങ്ങോട്ടു പോകുന്നു” എന്നു ചോദിച്ചു (വാ. 8).

ദൈവം നതാലിയയെ കണ്ടു, അവളെ രക്ഷിക്കുന്നതിനായി കരുതലുള്ള ആളുകളെ അവളുടെ ജീവിതത്തിലേക്ക് കൊണ്ടുവന്നു. അവൾ ഇപ്പോൾ നേഴ്‌സാകാൻ പഠിക്കുകയാണ്. ദൈവം ഹാഗാറിനെ കണ്ടു അവളെ പേര് ചൊല്ലി വിളിച്ചു. ദൈവം നിങ്ങളെയും കാണുന്നു. നിങ്ങൾ അവഗണിക്കപ്പെടുകയോ അതിലും മോശമായി, ദുരുപയോഗം ചെയ്യപ്പെടുകയോ ചെയ്യാം. യേശു നിങ്ങളെ പേര് ചൊല്ലി വിളിക്കുന്നു. അവന്റെ അടുത്തേക്ക് ഓടിച്ചെല്ലുക.